'ബ്രേക്കപ്പ്'ന് ശേഷം കാമുകന് പണി കൊടുക്കാനിറങ്ങി 'പണി'യായി

Published : Jul 28, 2022, 11:51 PM ISTUpdated : Jul 28, 2022, 11:54 PM IST
'ബ്രേക്കപ്പ്'ന് ശേഷം കാമുകന് പണി കൊടുക്കാനിറങ്ങി 'പണി'യായി

Synopsis

പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം കാമുകനായിരുന്ന വ്യക്തിയോടുള്ള വൈരാഗ്യത്തിന് അദ്ദേഹത്തിന്‍റെ വീട് കത്തിക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു കാമുകി. ക്രിസ്റ്റീ ലൂയിസ് ജോണ്‍സ് എന്ന സ്ത്രീയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായിരിക്കുന്നത്. 

പ്രണയത്തകര്‍ച്ച വ്യക്തികളെ ( Break Up ) മാനസികമായി പല രീതിയില്‍ ബാധിക്കാറുണ്ട്. എങ്കിലും സ്വയം തോന്നുന്ന നിരാശയിലധികം മറ്റുള്ളവരെ ആക്രമിക്കാനോ, അവരുടെ ജീവനെടുക്കാനോ തോന്നിക്കുന്ന തരത്തിലുള്ള വൈരാഗ്യം ( Love Revenge ) തീര്‍ത്തും അനാരോഗ്യകരമായതും കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സകള്‍ ആവശ്യമായതുമായ അവസ്ഥയാണ്. 

ഇത്തരമൊരു വാര്‍ത്തയാണ് യുഎസിലെ നോര്‍ത്ത് കരോളിനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ( Break Up ) കാമുകനായിരുന്ന വ്യക്തിയോടുള്ള വൈരാഗ്യത്തിന് ( Love Revenge ) അദ്ദേഹത്തിന്‍റെ വീട് കത്തിക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു കാമുകി. 

ക്രിസ്റ്റീ ലൂയിസ് ജോണ്‍സ് എന്ന സ്ത്രീയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായിരിക്കുന്നത്. മുൻ കാമുകന്‍റെ വീട് കത്തിക്കാനെത്തിയ ക്രിസ്റ്റിക്ക് പക്ഷേ വീട് മാറിപ്പോയി എന്നതാണ് സത്യം. 

മുൻ കാമുകന്‍റെ വീടാണെന്ന് കരുതി, അദ്ദേഹം നേരത്തെ താമസിച്ച വീടിന്‍റെ തൊട്ടടുത്തുള്ള വീട്ടിലാണ് മണ്ണെണ്ണയും വിറകുമെല്ലാം കൊണ്ടുവന്ന്, തീയിടാൻ ശ്രമം നടത്തിയത്. ഇതിനിടെ അയല്‍പക്കത്തുള്ള ഒരാള്‍ സംഭവം കാണുകയും അയാള്‍ വീട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. 

അപ്പോഴേക്കും വീടിന്‍റെ കാര്‍പോര്‍ച്ചില്‍ തീ പടര്‍ന്നിരുന്നു. അപ്പോഴെങ്കിലും അറിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ വൻ ദുരന്തമാകുമായിരുന്ന സാഹചര്യം. എന്തായാലും വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ ബഹളമായി. ചെടി നനയ്ക്കാൻ പതിവായി ഉപയോഗിച്ചിരുന്ന ഹോസ് വച്ച് തീയണയ്ക്കാൻ ഗൃഹനാഥൻ നോക്കിയെങ്കിലും ആ ഹോസ് വരെ വൈരാഗ്യബോധത്താല്‍ അന്ധയായ സ്ത്രീ നശിപ്പിച്ചുവച്ചിരുന്നു. 

ഇതിന് പുറമെ വീട്ടിലെ വളര്‍ത്തുനായയെയും ഇവര്‍ പിടിച്ചുവച്ചു. ഒടുവില്‍ ഗൃഹനാഥൻ തന്‍റെ പക്കലുണ്ടായിരുന്ന തോക്ക് കാട്ടിയാണ് ഇവരെ വിരട്ടിയത്. അപ്പോഴേക്ക് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. നാടകീയ സംഭവങ്ങള്‍ക്കിടെ പൊലീസിന്‍റെ സൈറണ്‍ കേട്ടതോടെ ക്രിസ്റ്റി തന്‍റെ വാഹനവുമെടുത്ത് കടന്നുകളയുകയായിരുന്നത്രേ. 

എന്തായാലും പൊലീസ് ഇവരെ പിന്നീട് പിടികൂടുക തന്നെ ചെയ്തു. ഇവര്‍ക്ക് കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ നിയമനടപടികളും ഇവര്‍ നേരിടേണ്ടിവരും. 

Also Read:- കാമുകിയോട് വഴക്കിട്ട ദേഷ്യത്തില്‍ മ്യൂസിയത്തില്‍ കയറി 40 കോടിയുടെ മുതലുകള്‍ നശിപ്പിച്ച് യുവാവ്

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്