100 വര്‍ഷം മുമ്പ് മരിച്ച രണ്ടുവയസുകാരി; ഇനിയും നശിക്കാതെ മൃതശരീരം

By Web TeamFirst Published Aug 9, 2022, 8:58 PM IST
Highlights

വടക്കൻ സിസിലിയിലെ പലേര്‍മോയില്‍ ആയിരക്കണക്കിന് മമ്മികള്‍ സൂക്ഷിച്ചിട്ടുള്ള കപ്പൂച്ചിൻ കാറ്റക്കോമ്പിലാണ് റൊസാലിയുടെ മമ്മിയുമുള്ളത്. ഇവിടെ ഒരു ചില്ല് കൂട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന റൊസാലിയുടെ മൃതശരീരം ഇപ്പോഴും കാണുമ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും ശരീരം കേടാകാതിരിക്കുന്ന മമ്മികളെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ഈജിപ്തിലാണ് ഇത്തരമൊരു രീതി പിന്തുടര്‍ന്നിരുന്നത്. വിശ്വാസപ്രകാരമായിരുന്നു ഇവര്‍ മൃതശരീരങ്ങളെ മമ്മിയാക്കി സൂക്ഷിച്ചിരുന്നത്. 

ഇങ്ങനെ ആണ്ടുകളായി സൂക്ഷിച്ചുവച്ചിട്ടുള്ള മമ്മികള്‍ ആയിരക്കണക്കിനാണ് ഈജിപ്തിലുള്ളത്. ഇവ കാണാനും ഇവയെ കുറിച്ച് മനസിലാക്കാനുമായി ധാരാളം സന്ദര്‍ശകരും ഇവിടെയെത്താറുണ്ട്. 

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മിയെ കുറിച്ചാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. രണ്ടുവയസുകാരിയായ റൊസാലിയ ലംബാര്‍ഡോയുടേതാണ് ഈ മമ്മി. 100 വര്‍ഷങ്ങള്‍ക്ക് ശേഷവും ചര്‍മ്മവും മുടിയുമെല്ലാം കേടാകാതിരിക്കുന്നു എന്നതാണ് റൊസാലിയുടെ മമ്മിയുടെ പ്രത്യേകത. 

വടക്കൻ സിസിലിയിലെ പലേര്‍മോയില്‍ ആയിരക്കണക്കിന് മമ്മികള്‍ സൂക്ഷിച്ചിട്ടുള്ള കപ്പൂച്ചിൻ കാറ്റക്കോമ്പിലാണ് റൊസാലിയുടെ മമ്മിയുമുള്ളത്. ഇവിടെ ഒരു ചില്ല് കൂട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന റൊസാലിയുടെ മൃതശരീരം ഇപ്പോഴും കാണുമ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. സ്വര്‍ണനിറത്തിലുള്ള തലമുടിയും ഭംഗിയുള്ള ചര്‍മ്മവുമെല്ലാം റൊസാലിയുടെ മമ്മിയെ അത്ഭുതക്കാഴ്ചയാക്കുന്നു. 

സ്പാനിഷ് ഫ്ളൂവിന്‍റെ ഭാഗമായി പടര്‍ന്ന ന്യുമോണിയ ബാധിക്കപ്പെട്ട് 1920ലാണ് റൊസാലി മരിച്ചത്. മകളുടെ വേര്‍പാട് താങ്ങാനാകാതെ റൊസാലിയുടെ പിതാവാണ് മൃതശരീരം എംബാം ചെയ്ത് സൂക്ഷിക്കാൻ തീരുമാനിച്ചത്. അങ്ങനെ പ്രൊഫഷണല്‍ എംബാമറായ ആല്‍ഫ്രെഡോ സലാഫിയ ആണ് റൊസാലിയുടെ മൃതശരീരം എംബാം ചെയ്തത്. 

ചില്ലുകൂട്ടിനകത്ത് നൈട്രജൻ നിറച്ചാണ് റൊസാലിയുടെ മൃതശരീരം വച്ചിട്ടുള്ളത്. ചുറ്റുപാടുമായി ബന്ധപ്പെട്ട് മൃതദേഹം കേടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത്രയുമധികം വര്‍ഷം ഇത്ര ഭംഗിയായി മൃതദേഹം ഇരിക്കുന്നത് അപൂര്‍വം തന്നെയാണ്. അതുകൊണ്ട് തന്നെ റൊസാലിയുടെ മമ്മി സന്ദര്‍ശിക്കാൻ നിരവധി പേരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. 

റൊസാലിയുടെ ആന്തരീകാവയവങ്ങള്‍ക്കും എല്ലുകള്‍ക്കും വലിയ രീതിയിലുള്ള കോട്ടം സംഭവിച്ചിട്ടില്ലെന്ന് സ്കാനിലും എക്സ്റേയിലുമെല്ലാം നേരത്തെ തെളിഞ്ഞിട്ടുണ്ട്. തലച്ചോര്‍ മാത്രം അമ്പത് ശതമാനത്തോളം ചുരുങ്ങിപ്പോയിട്ടുണ്ടത്രേ. ഏതായാലും ശാസ്ത്രത്തിന്‍റെ പരിധികള്‍ക്ക് അപ്പുറത്തായാണ് റൊസാലിയുടെ മമ്മിയുടെ നിലനില്‍പെന്നത് നിസംശയം പറയാം. അതിനാല്‍ ലോകത്ത് പലയിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഇതെക്കുറിച്ച് പഠിച്ചുവരികയാണ്.

 

Also Read :- ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും ഉടമസ്ഥര്‍ സ്ത്രീകള്‍!

click me!