രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ പന്തലിൽ വച്ച് വിവാഹം ചെയ്ത് യുവാവ്!

By Web TeamFirst Published Jan 8, 2021, 6:52 PM IST
Highlights

വ്യത്യസ്തമായ വിവാഹത്തിന്റെ ഫോട്ടോകളും വാര്‍ത്തകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു മതാചാര പ്രകാരം ഇത്തരത്തില്‍ വിവാഹം കഴിക്കാവുന്നതല്ല. എന്നാല്‍ ഇതുവരെയും സംഭവത്തിന്റെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമില്ല

ഒരാള്‍ക്ക് തന്നെ ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുമതിയുള്ള പല സമുദായങ്ങളും ഉണ്ട്. അത്തരത്തില്‍ ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന പുരുഷന്മാരെയും നമ്മള്‍ കണ്ടിരിക്കാം. 

എന്നാല്‍ ഇതല്‍പം വിചിത്രമായൊരു സംഭവമാണ്. രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ ദിവസം, ഒരേ പന്തലില്‍ വച്ച് വിവാഹം കഴിക്കുക. ഛത്തീസ്ഗഢിലെ ബസ്തറിലാണ് കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. 

ചന്തു മൗര്യ എന്ന യുവാവാണ് വരന്‍. ഹസിന, സുന്ദരി എന്നീ യുവതികളെയാണ് ചന്തു ഒരുമിച്ച് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് പേരെയും തനിക്കിഷ്ടമാണെന്നും അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെയാണെന്നും, അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നുമാണ് വിവാഹത്തെ കുറിച്ച് ചന്തുവിന് ആകെ പറയാനുള്ളത്. 

'രണ്ട് പേരെയും എനിക്ക് ഇഷ്ടമായിരുന്നു. അവര്‍ക്കും എന്നെ ഒരുപോലെ ഇഷ്ടമാണ്. അതുകൊണ്ട് ഗ്രാമത്തിലുള്ളവരുടെയെല്ലാം അനുവാദത്തോട് കൂടി അവരെ സാക്ഷ്യപ്പെടുത്തി തന്നെ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വധുവിന്റെ വീട്ടുകാര്‍ മാത്രം വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല...'- ചന്തു പറഞ്ഞു.

പത്തൊമ്പതുകാരിയായ ഹസിനയും ഇരുപത്തിയൊന്നുകാരിയായ സുന്ദരിയും പ്ലസ് ടു പരീക്ഷ വിജയിച്ചവരാണ്. ഇവരുവരുടെയും സമ്മതപ്രകാരമാണ് വിവാഹം നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തിലുള്ളവരും എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടില്ല. എന്നുമാത്രമല്ല, പ്രദേശത്തുള്ളവരുടെ പരിപൂര്‍ണ്ണ പിന്തുണയും വിവാഹത്തിനുണ്ടായിരുന്നു. 

വ്യത്യസ്തമായ വിവാഹത്തിന്റെ ഫോട്ടോകളും വാര്‍ത്തകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു മതാചാര പ്രകാരം ഇത്തരത്തില്‍ വിവാഹം കഴിക്കാവുന്നതല്ല. എന്നാല്‍ ഇതുവരെയും സംഭവത്തിന്റെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമില്ല.

Also Read:- 'എന്‍റെ ഈ തൊഴില്‍ അമ്മയ്ക്ക് നാണക്കേടാകുമോ?'; മകളുടെ ചോദ്യത്തിന് ഒരമ്മയുടെ മറുപടി ഇങ്ങനെ; കുറിപ്പ്...

click me!