ചെന്നായ ആണെന്ന് പറഞ്ഞ് കൂട്ടിലിട്ടത് നായയെ; കാഴ്ചബംഗ്ലാവില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

By Web TeamFirst Published Mar 10, 2021, 3:47 PM IST
Highlights

കൊവിഡ് 19ന്റെ വരവോടെ കാഴ്ചബംഗ്ലാവില്‍ സന്ദര്‍ശകര്‍ വരാതാവുകയും ഇതിന്റെ നടത്തിപ്പ് അവതാളത്തിലാവുകയും ചെയ്തിരുന്നുവത്രേ. ഇനി ഇപ്പോഴുണ്ടായ വിവാദത്തിന്റെ പേരില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടായാല്‍ അതുകൂടി താങ്ങാനുള്ള കരുത്തില്ലെന്നാണ് നടത്തിപ്പുകാര്‍ അറിയിക്കുന്നത്

ചെന്നായ ആണെന്ന് പറഞ്ഞ് നായയെ കൂട്ടിലിട്ട് പ്രദര്‍ശനത്തിന് വച്ച് കാഴ്ചബംഗ്ലാവ്. ചൈനയിലാണ് സംഭവം. കാഴ്ചബംഗ്ലാവ് സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ ഇക്കാര്യം ശ്രദ്ധിക്കുകയും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

ചൈനയിലെ ഹുബേ പ്രവിശ്യയിലുള്ള 'ക്‌സിയാങ്വുഷാന്‍' എന്ന കാഴ്ചബംഗ്ലാവില്‍ നിന്നുള്ള വീഡിയോ ആണ് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്. റോട്ട്വീലര്‍ ഇനത്തില്‍ പെടുന്ന പ്രായമായ നായ ആണിതെന്നാണ് വീഡിയോ പകര്‍ത്തിയ വ്യക്തിയടക്കം വലിയൊരു വിഭാഗം അവകാശപ്പെടുന്നത്. 

പ്രായാധിക്യം മൂലം അവശതയിലായ നായയെ ചെന്നായ ആണെന്ന് കാണിച്ച് കൂട്ടിലിട്ട് കാഴ്ചക്കാര്‍ക്ക് വില്‍പന നടത്തുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം യഥാര്‍ത്ഥത്തില്‍ ഒരു ചെന്നായ തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ചത്തുപോയ വിടവില്‍ താല്‍ക്കാലികമായി നായയെ കൂട്ടില്‍ താമസിപ്പിക്കുകയായിരുന്നു എന്നുമാണ് കാഴ്ചബംഗ്ലാവിലെ ജീവനക്കാര്‍ പറയുന്നത്. 

കൊവിഡ് 19ന്റെ വരവോടെ കാഴ്ചബംഗ്ലാവില്‍ സന്ദര്‍ശകര്‍ വരാതാവുകയും ഇതിന്റെ നടത്തിപ്പ് അവതാളത്തിലാവുകയും ചെയ്തിരുന്നുവത്രേ. ഇനി ഇപ്പോഴുണ്ടായ വിവാദത്തിന്റെ പേരില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടായാല്‍ അതുകൂടി താങ്ങാനുള്ള കരുത്തില്ലെന്നാണ് നടത്തിപ്പുകാര്‍ അറിയിക്കുന്നത്. 

വൈറലായ വീഡിയോ കാണാം...

 

Also Read:- പിന്നാലെ തിമിംഗലം; ഒടുവിൽ ബോട്ടിലേയ്ക്ക് ചാടിക്കയറി പെൻഗ്വിൻ; വൈറലായി വീഡിയോ...

click me!