നക്ഷത്രക്കല്ല്

By Chilla Lit SpaceFirst Published Sep 11, 2021, 7:19 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അമല്‍രാജ്‌ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


അമ്പിളിയമ്മാവനെ
കിട്ടില്ലെന്നറിഞ്ഞതില്‍ പിന്നെ
അവന്റെ കുഞ്ഞിക്കണ്ണുകളില്‍
നക്ഷത്രങ്ങള്‍ മിന്നി ചിരിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ
ഒരു ദിവസം
അവന്‍ ശാഠ്യം പിടിച്ചു.
'നിച്ചും വേണം തെങ്ങന കല്ല് '

'അതോങ്ങ് ദൂരേല്ലേ മോനേ
അമ്മയ്ക്കു കൈയ്യെത്തൂലല്ലോ.. '

'നിച്ച് താ..... '

അതൊരു പതിവായപ്പോള്‍
അമ്മ ഒരു സൂത്രം ഒപ്പിച്ചു.

'മോനേ തെങ്ങന കല്ലിന്റോട
ഇങ്ങോരാന്‍ അമ്മ പറഞ്ഞപ്പഴേ
അത് പറേണ് ഇങ്ങോന്നാ
അയിന്റ തെക്കം പോവോന്ന്.
പാവോല്ലേ മോനേ. അതോണ്ട്
അമ്മ പറഞ്ഞ് വരണ്ടാന്ന്.'

'നിച്ച് വേണം,
വരാമ്പറ,
നിച്ച് വേണം.. '

ഒടുക്കം
അമ്മ അവനൊരു
കല്ല് കൊടുത്തു.

'ന്നാ. മോന്‍ കരഞ്ഞോണ്ടാണ്
അതിങ്ങ് വന്നത്. കണ്ടാ
തെക്കം പോയത്.'

'മ്മാ, മോനിപ്പ കല്ലിന്റോട
കച്ചുമ്പത് തെങ്ങോല്ലോ..'

കളിച്ച് കളിച്ച്
സന്ധ്യയായി.
മേലേക്കെറിഞ്ഞു കളിച്ചപ്പോ
കല്ല് ഇരുട്ടത്തെവിടെയോ
ചെന്ന് വീണ്.

'മ്മാ, കല്ലോയി '

'എവിടപ്പോയി?'

'മേലോയ്, തെങ്ങാമ്പോയ്.'


രാത്രി 
അമ്മ ചോറും കൊണ്ട് വന്നപ്പോ
അവന്‍ ഒരു നക്ഷത്രത്തെ
ചൂണ്ടി പറഞ്ഞ്

'ദോ മ്മാ ന്റ കല്ല് തെങ്ങണ്.'

click me!