
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉത്തമ ഗീതം
ഒന്നും ഇല്ലാതാവുന്നില്ല.
നിന്നോര്‍മ്മയിലെന്‍റെ
ജീവന്‍ തളിര്‍ക്കുമ്പോള്‍
നീ ഉച്ചരിച്ച വാക്കുകള്‍
പുല്ലിലും പൂവിടുന്നു,
നിന്‍റെ നോട്ടങ്ങള്‍
നക്ഷത്രങ്ങളില്‍ ജ്വലിയ്ക്കുന്നു.
കെടാതെ എരിയുമൊരു കനല്‍,
നിന്നസാന്നിധ്യഭാഷയുടെ ശിഖരങ്ങളില്‍
പ്രണയത്തിന്‍റെ
വിപ്ലവനാമ്പുകള്‍ നീട്ടുന്നു.
എത്ര മണ്‍പാതകള്‍,
എത്ര സമുദ്രങ്ങള്‍;
നിന്നിലെത്തും വരെ ഞാന്‍
നീറിത്താണ്ടിയ ദൂരങ്ങള്‍.
പ്രിയനേ,
ഉത്തമ ഗീതത്തിന്‍റെ
മുന്തിരി വള്ളികള്‍
സൗരഭ്യം പരത്തുന്നുണ്ട്.
ഇന്നീ രാത്രിയില്‍
നമ്മെ ചേര്‍ത്തുകെട്ടുക,
ജന്മങ്ങളുടെ
നോവുകള്‍ മൂടിയ മിഴികളെ
നീ അമര്‍ത്തി ചുംബിക്കുക.
നീ പെയ്യുന്ന മഴയിലിതാ
ഞാനിങ്ങനെ,
തണുപ്പിന്‍റെ ചിരികള്‍
ഉടലാകെ വസന്തം വിരിയിക്കുന്നു.
എന്‍റെ പച്ചയില്‍
തീപടര്‍ന്നു കയറും പോലെ
സിയോണ്‍ താഴ്വരകളില്‍
ശലോമോന്‍റെ
പ്രേമഗീതങ്ങളുയരുന്നു.
നിന്‍റെ വരവേല്‍പിനായി
ഇലയുടപ്പുകള്‍ അഴിച്ചു വച്ച്
ഞാനെന്‍റെ
ഉടല്‍ വാതിലുകള്‍ തുറക്കുന്നു.
വരൂ നകുക്കൊരുമിച്ചൊരു
ചൂടുകാപ്പിയുടെ മധുരം നുണയാം.
ഒരിക്കലെങ്കിലും
പ്രണയമേ,
നിന്‍റെ കണ്ണുകളിലെ
കടലാഴങ്ങളില്‍
ഇറങ്ങാനെന്നെ അനുവദിക്കൂ.
നിന്നോടുള്ള മോഹത്താല്‍
എത്ര ആഴത്തില്‍ ഞാന്‍
മുറിവേറ്റിരിക്കുന്നു.
ജീവിതമാം തടവിലെങ്കിലും
നിലാവിറ്റുവീഴുമീ
രാവിലെന്നോട് ചേര്‍ന്നിരിക്കൂ.
വേദനയുടെ തേന്‍തുള്ളികള്‍
കിനിയുമധരങ്ങള്‍
അമര്‍ത്തി ചുംബിക്കൂ.
നിന്‍റെ വീഞ്ഞുകോപ്പയില്‍ നിന്ന്
പാനം ചെയ്യാനെന്നെ അനുവദിക്കൂ.
ഒരു ശലഭമെന്‍റെ ഉദരത്തില്‍
നിന്‍റെ ഉപ്പുരസമുള്ള
കവിതകളെഴുതുന്നു,
നീര്‍ച്ചാലുകളിലവ
വഴുതിപോകുന്നു.
തീയില്‍ പൊട്ടുന്ന
അസ്ഥികള്‍ക്ക്
പുതിയ ശാഖകള്‍
മുളയ്ക്കുന്നു, പൂക്കുന്നു.
ഹാ പ്രണയമേ,
നിന്‍റെ തണലും
വസന്തവും കൊണ്ട്
എന്‍റെ ശരത് കാലത്തെ
നിറയ്ക്കുക.
വര്‍ണ്ണാഭമീ ഋതുഭേദങ്ങളില്‍
നാളെയിനി
നാമെന്തെന്നുമേതെന്നും
ആര്‍ക്കറിയാം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...