ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സുജേഷ് പി പി എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sujesh PP

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മഞ്ഞുകാലവും മൂന്ന് കവിതകളും

മഞ്ഞുകാലത്തില്‍
നിന്നെക്കുറിച്ച് എന്തിനോ
സന്ദേഹപ്പെടുന്നു ഞാന്‍

എന്റെ വരണ്ട ചുണ്ടുകള്‍ പൊട്ടുകയും
പ്രണയത്തിന്റെ ഭൂപടങ്ങളില്‍
നിന്റെ ചുണ്ടുകള്‍ക്ക് സാധ്യമായത്
ഓര്‍ത്ത് കിനിയുകയും ചെയ്യുന്നു

ഒരിക്കല്‍ രണ്ട് വെളിച്ചത്തിന്റെ
കൂട്ടിമുട്ടലുകളെ, ഒരൊറ്റ ചുംബനത്തെ
പാറയിടുക്കുകളിലെ ചുമര്‍ച്ചിത്രമായി
അടയാളപെടുത്തുകയും ചെയ്യുന്നു

രണ്ട്

നമ്മള്‍ ഇലകൊഴിഞ്ഞ മരം
ഒരു ഉമ്മയില്‍ ഹിമപാതം,
കാറ്റില്‍ കമ്പിളികള്‍ പേറി
ആട്ടിന്‍പറ്റങ്ങള്‍ തേടിവരുന്നുണ്ട്

നമുക്ക് തണുക്കുമ്പോള്‍
ഉടലഴിച്ച് ഭൂമി പുതപ്പിക്കുന്നു

നമുക്ക് വിശക്കുമ്പോള്‍
കടുംകാപ്പിയുടെ മണമാകുന്നു

നമ്മള്‍ രണ്ടു മനുഷ്യര്‍
ഓര്‍ത്തിരിക്കെ മരമാകാനും
പൂക്കളാകാനും എളുപ്പമാകുന്നവര്‍

നമ്മള്‍ രണ്ടിതള്‍ക്കീറ്
നിലാവിനെ കൈയ്യിലെടുത്ത്
തണുപ്പില്‍ നിന്നെക്കുറിച്ചൊരു കവിത
വരണ്ടചുണ്ടില്‍ വന്നെത്തി നോക്കി മടങ്ങുന്നു

മൂന്ന്

നമ്മള്‍ മഞ്ഞു കാലത്തെ കുതിരകള്‍
ഇത്തിരി മധുരത്തിന്റെ
നിലാവ് കുടിച്ചു വറ്റിക്കുന്നു

നമുക്കിടയില്‍ സമുദ്രം
രണ്ട് ദിശയുള്ള
പായ്ക്കപ്പലുകളെ അയക്കുന്നു

ഒന്നില്‍ തണുപ്പ് ദിശനോക്കി
കെട്ടഴിച്ച് വിട്ടിട്ടുണ്ട്
മറ്റൊന്നില്‍ നക്ഷത്രത്തെ
അഴിച്ചുവെച്ചിട്ടുണ്ട്

നമ്മള്‍ മഞ്ഞു കാലത്തെ കുതിരകള്‍

ചേര്‍ന്ന് നില്‍ക്കുമ്പോള്‍
വരണ്ട ചുണ്ടുകള്‍ പൊട്ടുന്നു

പൂക്കളില്‍, പോകേണ്ട ദൂരത്തെ
ആരുമറിയാതെ വരക്കുന്നു

നമ്മള്‍ മഞ്ഞു കാലത്തെ കുതിരകള്‍,
നമ്മള്‍ മഞ്ഞു കാലത്തെ കുതിരകള്‍ ,

ഒരിക്കല്‍ ഒരു മഞ്ഞുകാലത്ത്
വെളിച്ചം കൊണ്ടൊരു കുട്ടിയെ
ആള്‍ക്കൂട്ടമറിയാതെ
എത്രവേഗമാണ് മാറിപ്പാര്‍പ്പിച്ചത്

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...