ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by jayachandran NT

p>ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

''നീ വരും പാദെയ് നാളും പാര്‍ത്ത്
വിഴികള്‍ വാടും നീലംപൂത്ത്.. ''

പാട്ട് കേട്ടു ഞാന്‍, കാളിങ്ങ് ബെല്ലടിക്കാനുയര്‍ത്തിയ വിരല്‍ മടക്കി കാത്തു നിന്നു.

ഉള്ളിലാരോ നര്‍ത്തമാടുന്നുണ്ട്.

ആഹരിരാഗം. വിഷാദമാണ് ഭാവം.

അല്‍പ്പനേരം കാത്തു. പാട്ടു നിലച്ചു.

ബെല്ലടിച്ച് ഞാന്‍ കാത്തു നിന്നു.

ആരാണ് വാതില്‍ തുറക്കുന്നതെന്നറിയില്ല. കുറച്ച് ദിവസങ്ങളായിതാണ് ജോലി. SIR വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധനയും പുതുക്കലുമൊക്കെയാണ്.

പലര്‍ക്കും അറിയേണ്ടത് തുടര്‍ഭരണം ഉണ്ടാകുമോ എന്നായിരുന്നു. അതില്‍ കൗതുകപരമായ പലതുമുണ്ടായിരുന്നു. നൂറ് വയസ്സ് കഴിഞ്ഞ മുത്തശ്ശി മുത്തച്ഛന്‍മാര്‍ ചോദിക്കും, 'ഭരണം തുടരുമോ മോനെ

നായനാര്‍ മുഖ്യമന്ത്രിയാകുമോ?'

2025 -ലും അതാണ് അന്വേഷിക്കുന്നത്. കാലം മാറിയതൊന്നും അവരുടെ ഓര്‍മ്മയില്‍ പുതുക്കിയിട്ടില്ല.

'രാജീവ് ഗാന്ധിയെ കൊന്നവരെ പിടിച്ചോ? പിടിക്കോരിക്കും, എല്ലാത്തിനേം തൂക്കി കൊല്ലണം.' -നൂറ് വയസ്സ് കഴിഞ്ഞ മുത്തച്ഛന്റെ പിറുപിറുക്കലാണ്.

ചുമരില്‍ നെഹ്‌റുവിന്റെയും, ഇന്ദിരയുടെയും ചിത്രങ്ങള്‍. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന ഓര്‍മ്മയില്‍ ജീവിക്കുന്നവരാണ്. ഞാനത് തിരുത്താന്‍ പോയില്ല. അവരുടെ വിശ്വാസത്തിലഭിരമിച്ച് ജീവിച്ച് സന്തോഷം കണ്ടെത്തുകയാണ്. സത്യമതല്ലെന്ന് ബോധിപ്പിച്ച് അവരുടെ സന്തോഷം തല്ലിക്കെടുത്തേണ്ട കാര്യമില്ല.

ഓരോ വീടുകളിലും ഓരോരോ കാഴ്ചകളും വിവരങ്ങളുമായിരുന്നു. പലപ്പോഴും എനിക്കു തോന്നും ഞാന്‍ കാരൂര്‍ മാഷിന്റെ 'മരപ്പാവകള്‍' എന്ന ചെറുകഥയിലെ എന്യുമറേറ്ററാണെന്ന്. എന്നാലിതുവരെ കഥാനായികയെ പോലൊരു വീട്ടുകാരിയെ വിവരങ്ങള്‍ ശേഖരിക്കാനായി കിട്ടിയതുമില്ല.

ഇന്നത്തെ ദിവസം, അവസാനത്തെ വീടാണിത്. മേല്‍ക്കൂര ഓടുപാകിയ ഒറ്റനില വീട്, മുറ്റത്ത് മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു.

ചാറ്റലായി പെയ്തിറങ്ങുന്ന മഴ!

നനയാതിരിക്കാനായി പടിക്കെട്ടുകളിലേക്ക് കയറി നിന്നു, ഒന്നു കൂടെ ബെല്ലടിച്ചു. ചിലങ്കയുടെ ശബ്ദവും പാട്ടും നിലച്ചിട്ടുണ്ട്. ആരോ നടന്നടുക്കുന്നു.

വാതില്‍ തുറന്നു. മെലിഞ്ഞ് ഉയരമുള്ളൊരു സ്ത്രീ, സാരിയാണ് വേഷം, മുട്ടിന് താഴെയെത്തും വരെ നര്‍ത്തകികളെ പോലെയാണ് ചുറ്റിയിരിക്കുന്നത്.

ഹിമാലയന്‍ മഞ്ഞുമലകളെ ഓര്‍മ്മിപ്പിക്കുന്നത് പോലെ തലമുടി മുഴുവന്‍ നരവീണിരിക്കുന്നു. ഒരൊറ്റ കറുത്ത മുടി പോലും കാണാനില്ല. ജരാനരകള്‍ക്കുള്ളിലും ഐശ്വര്യമുള്ള മുഖം.

'ഇവര്‍ ആയിരുന്നോ നൃത്തം ചെയ്തിരുന്നത്!' സംശയം തോന്നി.

'ആരാണ്?' മധുരമായ ശബ്ദം.

'ഞാന്‍ രാമനാഥന്‍, SIR-മായി ബന്ധപ്പെട്ട് വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധനയ്ക്കായി വന്നതാണ്.'

അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. കൗതുകത്തോടെ നോക്കി നിന്നു. രാമനാഥന്‍ എന്ന പേരുകേട്ടിട്ടാണോ!

എനിക്ക് വീണ്ടും മരപ്പാവകള്‍ ഓര്‍മ്മ വന്നു. ഇനി ഒരുപക്ഷെ ഇവരും അത് വായിച്ചിട്ടുണ്ടാകുമോ! ആ ചിന്തയിലായിരിക്കുമോ എന്നൊക്കെ തോന്നി. ഞാനതിലെ എന്യൂമറേറ്ററെപ്പോലെ ചോദ്യങ്ങള്‍ ആരംഭിച്ചു.

'ഇവിടെ ആരൊക്കെയുണ്ട്.?'

'ഇപ്പൊഴോ അല്ലാത്തപ്പഴോ?'

'ഇപ്പോള്‍'

'ഇപ്പോള്‍ ഞാന്‍ മാത്രമാണുള്ളത്.'

കാറ്റ് വീശി മഴപ്പിശറുകള്‍ എന്നെ നനയ്ക്കുന്നുണ്ടായിരുന്നു.

വാതില്‍ മറഞ്ഞാണവരുടെ നില്‍പ്പ്. അകത്തേക്ക് കയറിയിരിക്കാന്‍ കഴിയില്ലെന്നുറപ്പായി. മതിലിനപ്പുറമുള്ള വീട്ടില്‍ നിന്നൊരു പുരുഷന്‍ ഇങ്ങോട്ട് നിരീക്ഷിക്കുന്നുണ്ട്. എന്റെ നോട്ടം കണ്ടിട്ടാകണം അവരും അയാളെ ശ്രദ്ധിച്ചു. ശേഷം വാതിലില്‍ നിന്ന് മാറി അകത്തേക്ക് കയറിയിരിക്കാന്‍ ക്ഷണിച്ചു.

ഞാന്‍ അകത്തു കയറിയതും വാതില്‍ അടച്ചു കുറ്റിയിട്ടു. എന്തിനാണ് വാതിലടച്ചതെന്ന് ചോദിക്കാതിരിക്കാനായില്ല.

'എന്താ ഭയമാണോ?'

ഇല്ല, ഞാനെന്തിന് ഭയക്കണമെന്ന് തോന്നി, പറഞ്ഞില്ല.

'ഇരിക്കൂ' അവര്‍ പറഞ്ഞു. ഞാനവിടുള്ള സോഫയിലിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിലുള്ള അവരുടെ പേരുവിവരങ്ങളെടുത്തു.

'ദേവകി അന്‍പത് വയസ്സ്?'

'അത് ഞാനാണ്.'

മഴ ശക്തമായി പെയ്തു തുടങ്ങിയിരുന്നു.

തണുത്ത പശ്ചാത്തലത്തിലും അവരുടെ നെറ്റിയിലും കവിളുകളിലും വിയര്‍പ്പുതുള്ളികള്‍ തിളങ്ങുന്നത് കണ്ടു.

നൃത്തം ചെയ്തത് ഇവര്‍ തന്നെയാകണം. അതോ മറ്റാരെങ്കിലും വീട്ടിനുള്ളിലുണ്ടോ

'നിങ്ങള്‍ മാത്രമാണോ ഇവിടെ താമസം?'

'അല്ല, ഭര്‍ത്താവും, മക്കളും കൊച്ചുമക്കളുമൊക്കെയുണ്ട്.'

'അവരൊക്കെ എവിടെ?'

'ഇപ്പോഴിവിടില്ല പുറത്ത് പോയിരിക്കുവാണ്.'

'നൃത്തം ചെയ്യുന്നതു പോലെ ചിലങ്കയുടെ ശബ്ദം കേട്ടല്ലോ!'

'ഞാന്‍ തന്നെയാണ്.'

'നിങ്ങളോ?' അതിശയം കലര്‍ന്ന ചോദ്യം പെട്ടെന്ന് ഉണ്ടാകുകയും പിന്നീടത് മോശമായിപ്പോയെന്നു തോന്നി.

'എന്താണ് അതിശയം? എനിക്ക് പറ്റില്ലെന്നുണ്ടോ?'

'ക്ഷമിക്കണം ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത്.'

'നൃത്തം ചെയ്യുന്നതും വോട്ടര്‍ പട്ടികയില്‍ എഴുതണമെന്നുണ്ടോ?'

അവരുടെ ചോദ്യം എന്നെ വീണ്ടും എന്യുമറേറ്ററാക്കി.

'ഭര്‍ത്താവ് എവിടെ പോയതാണ്?'

'പറഞ്ഞില്ലേ പുറത്ത് പോയതാണെന്ന്, ഇപ്പൊ വരും.'

'പേര്?'

'വസുദേവന്‍'

'ഉം, വോട്ടേഴ്‌സ് ലിസ്റ്റില്‍ മക്കളുടെയും കൊച്ചുമക്കളുടേയും പേരുകളൊന്നും കണ്ടില്ലല്ലോ'

'പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമക്കള്‍ക്കും നിങ്ങള്‍ വോട്ട് അനുവദിക്കുമോ?'

'ഓ സോറി, മക്കളുടെ പേരും ഇല്ലല്ലോ'

'അവരുടെ പേര് ചേര്‍ത്തിട്ടില്ല.'

'അതെന്താണ്?'

'അത് നിങ്ങളോട് പറയണമെന്നുണ്ടോ?'

'അതില്ല, എന്നാലും ആവശ്യമെങ്കില്‍ ഇപ്പോള്‍ പേര് ചേര്‍ക്കാം.'

'വേണ്ട, മനസ്സിലുള്ള ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടുണ്ട്. വേണമെങ്കില്‍ നിങ്ങളുമത് ചേര്‍ത്തുകൊള്ളു.'

തര്‍ക്കുത്തരം പോലുള്ള മറുപടികള്‍. എനിക്കും അതൊരു രസമായി മാറി. ഞാനറിയാതെ ഞാനൊരു എന്യുമറേറ്ററും അവര്‍ കഥാനായികയുമായി മാറി.

കറന്റ് വന്നപ്പോള്‍ ഫാന്‍ കറങ്ങി. അകത്തെ മുറിയില്‍ പാട്ടും കേട്ടു. ഇടിമിന്നലിലത് വീണ്ടും നിലച്ചു. ഹാളിനുള്ളില്‍ ആലസ്യത്തിന്റെ ഇരുട്ട് പരന്നു.

ചുവരുകളിലെല്ലാം പെന്‍സില്‍ കൊണ്ടും ചായങ്ങള്‍ കൊണ്ടും വരച്ച ചിത്രങ്ങള്‍! മുതിര്‍ന്നൊരു പുരുഷനും, സ്ത്രീയും അവരോട് ചേര്‍ന്ന് ആണും പെണ്ണുമായി രണ്ടു മക്കള്‍, അവരുടെ ചെറിയ കുട്ടികള്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച ചിത്രങ്ങള്‍.

സമുദ്രം, ചുവന്ന സൂര്യന്‍, അസ്തമയം പറന്നകലുന്ന പക്ഷികള്‍ അങ്ങനെ പലതരം കോറിവരച്ച ചിത്രങ്ങള്‍.

'കൊച്ചു മക്കള്‍! വികൃതിപ്പിള്ളേരുടെ പണികളാണ്.'

ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ട് അവര്‍ പറഞ്ഞു. ടീപ്പോയിലും സോഫാസെറ്റിയിലുമൊക്കെ അവിടവിടായി കുട്ടികളുടെ ചില പുസ്തകങ്ങളും കണ്ടു.

'ആരെയോ കാത്തിരിക്കുന്നത് പോലെ നൃത്തത്തിലെ ഗാനം വിഷാദമാണല്ലോ ഭാവം? ആഹരി രാഗമാണ്.' ഞാന്‍ ചോദിച്ചു.

'രാഗങ്ങളെ കുറിച്ചൊക്കെ അറിയുമോ?'

'ഇല്ല, ഇതുമാത്രമറിയാം.'

'വോട്ടേഴ്‌സ് ലിസ്റ്റില്‍ വോട്ടറുടെ ഭാവങ്ങളും പരിഗണിക്കുന്നുണ്ടോ?'

'ഇല്ല, വെറുതെ ചോദിച്ചതാണ്.'

അല്‍പ്പനേരം നിശബ്ദത കടന്നു വന്നു.

മഴയുടെ ഒച്ച. വാതിലടച്ച് ഒരു വീട്ടിനുള്ളില്‍ രണ്ടുപേര്‍ മാത്രം. ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. അവര്‍ക്കൊരു ഭയവും ഉള്ളതായി തോന്നിയില്ല.

ദേവകി! പേരിലൊരു വാര്‍ദ്ധക്യമുണ്ടെങ്കിലും രൂപത്തിലും ഭാവങ്ങളിലും അതില്ലായിരുന്നു.

ജരാനരകളുടെ സുരക്ഷിതത്ത്വത്തിന്റെ ധൈര്യമാണോ എന്നോര്‍ത്തു. ദേവകി, വസുദേവര്‍ എന്ന പേരുകള്‍!

ഭാവനകളാണോ? അവര്‍ നുണ പറയുന്നതല്ലേയെന്ന സംശയമുദിച്ചു. കംസന്റെ തടവറയില്‍ കിടന്ന് എട്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവര്‍. ഒന്നൊന്നൊയി എല്ലാം നഷ്ടപ്പെട്ടവര്‍. യശോദാമ്മയാല്‍ മറ്റൊരിടത്ത് വളര്‍ത്തപ്പെടുന്ന ഉണ്ണിക്കണ്ണന്‍ വളരുന്നുണ്ടെന്ന വിശ്വാസം. എന്നെങ്കിലും തേടിയെത്തുമെന്ന കാത്തിരിപ്പ്.

അവര്‍ സ്വയം കഥ മെനഞ്ഞഭിനയിക്കുകയല്ലേ!

പലതരം ചിന്തകള്‍.

'ഞാനല്‍പ്പം മധുരമെടുക്കാം, ഉണ്ണിയുടെ പിറന്നാളാണിന്ന്.'-അവര്‍ പറഞ്ഞു.

കഥയുടെ ഭ്രമത്തിനുള്ളില്‍ തന്നെയാണവര്‍. അല്ലെങ്കില്‍ എന്നെയിതെല്ലാം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

ചെറിയൊരു ഗ്ലാസ്സ് ടംബ്ലറില്‍ പാല്‍പ്പായസവുമായവര്‍ വന്നു. നീളമുള്ള കൈവിരലുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

നഖങ്ങളിലെല്ലാം മൈലാഞ്ചി ചുവപ്പ്.

മധുരം കഴിക്കണമോ എന്ന സംശയമുണ്ടായി. 'അപരിചിത, ഞാനെന്തിനിത് കഴിക്കണം.'

കൈനീട്ടിയതും വാങ്ങിയതും യാന്ത്രികമായിട്ടായിരുന്നു. നീണ്ട വിരലുകളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ വിരലുകളെ തഴുകിയത് പിന്‍വലിഞ്ഞു.

മഴയോടൊപ്പമെത്തിയ കാറ്റില്‍ ജനാലകള്‍ തുറന്നടഞ്ഞു.

'ശരി, അപ്പോള്‍ നിങ്ങള്‍ മാത്രമാണല്ലോ വോട്ടിടാനായുള്ളത്.'

ഞാന്‍ കഴിച്ചെഴുന്നേറ്റു. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല.

'പോകുവാണോ! ഞാനിനിയും പറഞ്ഞു കഴിഞ്ഞില്ലല്ലോ! എനിക്കിനിയും സംസാരിക്കാനുണ്ടല്ലോ' എന്ന ഭാവത്തില്‍ മൗനമായി നിന്നു. വാതില്‍ കുറ്റിയെടുത്ത് ഞാന്‍ പുറത്തിറങ്ങി. മഴ തോര്‍ന്നിട്ടില്ല. അപ്പുറത്തെ വീട്ടിലെ ജനാലയ്ക്കുള്ളില്‍ രണ്ടുതലകള്‍ ഇങ്ങോട്ട് ഉറ്റുനോക്കുന്നത് കണ്ടു. കണ്ണുകളിടഞ്ഞതും കര്‍ട്ടനു പുറകിലേക്കത് മറഞ്ഞു. കറണ്ട് വന്നെന്നു തോന്നി. വീടിനുള്ളില്‍ നിന്നു പാട്ട് കേള്‍ക്കാനാരംഭിച്ചു.

'വിരല്‍കള്‍ മീട്ട നീ ഇല്ലാത്
വാടിടും പൊന്‍ വീണൈ നാന്‍
മലര്‍കള്‍ സൂട നീ ഇല്ലാത്
മയങ്കിടും പെണ്‍ പാവൈ നാന്‍
ഒരുവന്‍ പോട്ട വലയില്‍ വിഴുന്ത്
ഉറവൈ തേടും പൂങ്കുയില്‍ നാന്‍'

വരികളോടൊപ്പം ആഹരിവിഷാദത്തോടെ കിലുങ്ങുന്ന ചിലങ്കമണികള്‍.

'ഒരു മുറൈ വന്ത് പാറായോ
വാസലൈ നാടി വാരായോ
ദറിസനം ഇന്റു താരായോ..'

വീടിന്റെ മുന്‍വാതില്‍ തുറന്നിരിക്കുകയാണ്.

എനിക്കവളെയും കുഞ്ഞുങ്ങളെയും ഓര്‍മ്മ വന്നു. മുറ്റത്തെ മഴയിലേക്കിറങ്ങി ഞാന്‍ നടന്നു.

എനിക്കുറപ്പായിരുന്നു. 'ആ വീട്ടില്‍ അവര്‍ മാത്രമാണുള്ളത്. സര്‍ക്കാര്‍ രേഖകളിലും ഒരു പേര് മാത്രമാണുള്ളത്.

പക്ഷെ അവരുടെ ഓര്‍മ്മകളില്‍ മക്കളും കൊച്ചുമക്കളും ഒക്കെയുണ്ട്. എന്തുകൊണ്ടോ എനിക്കത് തിരുത്താനും തോന്നിയില്ല. അങ്ങനെയവര്‍ വിശ്വസിക്കുന്നത് പോലെ വിശ്വസിക്കാനായിരുന്നു എനിക്കുമിഷ്ടം.

ഗേറ്റ് കടന്ന് പുറത്തിറങ്ങുമ്പോള്‍ ട്യൂഷനുള്ള കുട്ടികള്‍ കളിചിരികളുമായി വരുന്നുണ്ടായിരുന്നു.

ചുവര്‍ച്ചിത്രങ്ങള്‍ കോറിവരയ്ക്കുന്ന വികൃതി പിള്ളേരെ എനിക്കപ്പോള്‍ ഓര്‍മ്മ വന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...