Malayalam Poem : ഇനി പ്രണയത്തെക്കുറിച്ച് ചെടികള്‍ക്കു പറയാനുള്ളത് കേള്‍ക്കാം, ആരിഫ് തണലോട്ട് എഴുതിയ കവിത

Published : Mar 17, 2023, 02:19 PM ISTUpdated : Mar 17, 2023, 02:36 PM IST
Malayalam Poem : ഇനി പ്രണയത്തെക്കുറിച്ച് ചെടികള്‍ക്കു പറയാനുള്ളത് കേള്‍ക്കാം, ആരിഫ് തണലോട്ട് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ആരിഫ് തണലോട്ട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ആമുഖം

കനത്ത ഇരുട്ടുള്ള രാത്രിയില്‍
ഒരു മാന്‍പേട ഒറ്റപ്പെട്ടു പോയ കാട്ടിലേക്ക്
ആരൊക്കെയാവും
ഓടിയെത്താനുണ്ടാവുക?

പ്രണയ പാരവശ്യത്താല്‍
ഭൂമിയിലേക്ക്
അന്നേരം
ഒരു കുഞ്ഞു നക്ഷത്രം
അടര്‍ന്നു വീഴുമോ ?
ഇല്ലെന്നാണ് ഉത്തരമെങ്കില്‍,
ഇനി ചെടികള്‍ക്കു പറയാനുള്ളത്
കേള്‍ക്കാം.

 

 

ചെടികള്‍ പറയുന്നത്

ഒരുമിച്ചു നില്‍ക്കുക എന്നതാണ്
പ്രണയത്തിന്റെ തത്വശാസ്ത്രം
ഒറ്റമരം ഒരിക്കലും
ഒരു കാടിനെ അടയാളപ്പെടുത്തുന്നില്ല
ഒരില മാത്രമായി
മരത്തേയും! 

അപ്പോള്‍ ഇരയെന്ന്
വിളിക്കാവുന്നത്രമേല്‍
ഒറ്റപ്പെട്ടു പോവുന്ന
മാന്‍പേടക്ക്
ആ രാത്രിയുടെ ഇരുട്ടിനെ
കീറിമുറിക്കാന്‍
ഒരു നക്ഷത്രം കൂട്ടിനുണ്ടാവുക
അത്രമേല്‍ എളുപ്പമുള്ള ഒന്നല്ല.
എങ്കിലുമനുസ്യൂതമുള്ള
ഒരൊഴുക്കില്‍ നിന്നും
ഒരു തുള്ളി വേര്‍പെടുംപോലെ
വെളിച്ചത്തിന്റെ ഒരിറ്റ്
മാന്‍പേടയെ തൊടുന്നു.

(അകലെയാണെങ്കിലും
അതിലുമൊരു കടലിനെ
ഒളിപ്പിച്ചുവെക്കുന്നുണ്ടല്ലോ
നീല നിറത്തില്‍ ആകാശം)

തന്നെ തൊട്ടു പൊള്ളിച്ചാലോ
എന്ന ആത്മഗതത്തോടെ
ആ ചെടി
പ്രണയത്തിന്റെ ഇടയില്‍ നിന്നും
ഇറങ്ങിപ്പോവുന്നു.

പിന്നീട് സംഭവിച്ചേക്കാവുന്നത്

നിര്‍മ്മലമായ സ്‌നേഹത്തിന്റെ
പരിപ്രേക്ഷ്യത്തില്‍
രണ്ടു വല്ലരികള്‍ മാത്രം
പടര്‍ന്നു കയറുന്നു.
ഭയപ്പെട്ടു വിറച്ചുപോയ
രണ്ടിളം കണ്ണുകളില്‍
ആത്മധൈര്യത്തിന്റെ 
അസ്തമിക്കാത്ത നിഴലുകള്‍
പ്രേമോപാസങ്ങളുടെ
തൊടലുകളാല്‍
കാടാകെയും നക്ഷത്രങ്ങള്‍
അപ്പോള്‍ കാടിനും
ആകാശത്തിന്റെ നിറം
ചില്ലകള്‍ ഉലയ്ക്കുന്ന കാറ്റിന്
തിരമാലകളുടെ സ്വരം.

ഒറ്റയായിരുന്ന തോണിക്കാരനില്‍
ദിശാ സൂചികയാവുന്ന
ഒരു ചെറുതാരകം
പ്രണയമെന്ന പേര് സ്വീകരിക്കുന്നു.

ചെടികള്‍ പ്രണയത്തിനാല്‍ മാത്രം
പൂക്കുന്ന ആകാശമാവുന്നു.


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത