ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് കെ ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by KR Rahul
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

നായാട്ട്
ഓനച്ചന്‍ മരിച്ചു. സാധാരണഗതിയില്‍ 82 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ മരിക്കുന്നത് ഏതൊരു നാട്ടിലും വെറും വാര്‍ത്ത മാത്രമായിരിക്കും. എന്നാല്‍ അതുപോലെയല്ല തിരുമാമല നാട്ടുകാര്‍ക്ക്. അവരുടെ ചരിത്രത്തിലെ വാഴ്ത്തപ്പെട്ടതും വെറുക്കപ്പെട്ടതുമായ ഒരു കഥയുടെ ഭാഗമാണ് ഓനച്ചന്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഓനച്ചന്‍ ഉണ്ടാക്കിയ ഒരു ചരിത്രത്തിലാണ് ആ നാട് തന്നെ അറിയപ്പെടുന്നത്.
കുതിരാന്‍ മലയുടെ വടക്കുഭാഗത്ത് കാടാണ്. കാടരികായുള്ള നാടാണ് തിരുമാമല. സംഘകാല തമിഴ് കൃതികളുടെ ഏതോ സ്വാധീനത്തില്‍ 'മണിമേഖല ' എന്ന വാക്കില്‍ നിന്നാണ് തിരുമാമല ഉണ്ടായതെന്ന് പലരും പറയാറുണ്ട്. ചരിത്രപരമായ യാതൊരു അടിസ്ഥാനവും അതിനില്ലെങ്കില്‍പ്പോലും അത് വിശ്വസിക്കുന്നവര്‍ ഏറെയാണ്. വീണുകിട്ടിയ ചരിത്ര മഹിമയില്‍ അഭിരമിക്കുന്ന നിഷ്‌കളങ്കരായിരുന്നു ആ നാട്ടുകാരില്‍ ഏറെയും.
വൃശ്ചികം ആരംഭിക്കുന്നതോടുകൂടി കിഴക്കന്‍ മലയില്‍ നിന്നും അതിശക്തമായ കാറ്റ് കുതിരാനിലേക്ക് വീശും. കുതിരാന്റെ നാല് വശങ്ങളിലായി ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളില്‍ ഏറ്റവും ശക്തമായി ഈ കാറ്റ് വന്ന് വീശുക തിരുമാമലയിലാണ്. കാറ്റുകാലം എത്തുന്നത് ഒരു അടയാളമാണ്. തോടുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റും എന്നതിന്റെ. മുഖവും കാലുകളും വിണ്ടു പൊട്ടാന്‍ തുടങ്ങും എന്നതിന്റെ . കാട്ടുപന്നികളും കുരങ്ങും മലയണ്ണാനും ഏറ്റവും കൂടുതല്‍ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നത് ഈ കാലത്താണ്.
തെക്കുനിന്നും കുടിയേറി വന്ന് മണ്ണിനോടും കാട്ടുമൃഗങ്ങളോടും കാട്ടു പുല്ലിനോടും പടവെട്ടി പുതിയ ജീവിതം കെട്ടിപ്പടുത്ത സുറിയാനി ക്രിസ്ത്യാനികളുടെ താവഴിയില്‍ ഉള്ളതാണ് ഓനച്ചന്‍. ചെറുപ്പം മുതല്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ഇരട്ടക്കുഴല്‍ തോക്ക് അനായാസേന കൈകാര്യം ചെയ്യാന്‍ കഴിവുള്ള ആളും. ഓനച്ചന്റെ അപ്പന്‍ കൊച്ചുവറീതും മാമലക്കലെ ദേവസിയും ഒരുമിച്ചാണ് തെക്കുനിന്ന് ഇവിടെ എത്തിയത്. കൃഷി ചെയ്തും സ്വന്തമായി വാറ്റി കുടിച്ചും സകല മൃഗങ്ങളെയും വെടിവെച്ച് വീഴ്ത്തി ചുട്ടു തിന്നും ബാക്കി വന്നവ ഉണക്കിയും പുകച്ചും ചണച്ചാക്കുകളില്‍ കെട്ടി സൂക്ഷിച്ചും അവര്‍ ജീവിതത്തോട് പോരാടി.
കൊച്ചുവറീതിന്റെ ഇടത്തെ തുടയില്‍ നീളത്തില്‍ ഒരു പാടുണ്ട്. ആറര ഇഞ്ച് നീളമുണ്ടെന്നാണ് കൊച്ചുവറീത് തന്നെ പറയുക. പന്നിയുടെ തേറ്റ കൊണ്ടതാണ്. വാളുവച്ചപാറയില്‍ നിന്നും വിരട്ടിഓടിച്ച് കൊണ്ടുവന്ന പന്നിയെ കൊടിവെച്ചപാറയുടെ താഴെവച്ച് കൊച്ചുവറീത് പള്ളക്ക് ഉണ്ട കയറ്റിയതാണ്. പ്രാണനും കൊണ്ട് ഓടിയ പന്നിയെ തേടി കൊച്ചുവറീതും ദേവസിയും ഗുഹപ്പാറ വരെ നടന്നു കയറി. ഹെഡ് ലൈറ്റിന്റെയും നിലാവിന്റേയും പരിമിതവട്ടത്തില്‍ അവര്‍ ആ പരിസരമെങ്ങും തിരഞ്ഞു. ഉണക്ക പുല്ലിന്റെ മുകളില്‍ ചാണകം തെളിച്ചത് പോലെ ചോരപ്പാടുകള്‍ കണ്ടപ്പോള്‍ അവന്‍ ആ പ്രദേശത്തു തന്നെ ഉണ്ടെന്ന് മനസ്സിലാക്കി. നിശബ്ദമായ ഒരു സൂചന ദേവസിക്ക് നല്‍കി കൊച്ചുവറീത് ഇല്ലിക്കാട് വലം വെച്ച് വരാന്‍ തീരുമാനിച്ചു. തിരക്കുപിടിച്ച എന്തെങ്കിലും കാര്യം ചെയ്യുന്ന സമയത്ത് തൂറാന്‍ മുട്ടുക എന്നത് ദേവസിയുടെ ഒരു വിചിത്ര സ്വഭാവമാണ്. അന്നും അതുണ്ടായി.
കുറ്റിക്കാട്ടില്‍ കുന്തിച്ചിരുന്ന ദേവസി പുറകിലൂടെ പാഞ്ഞുവന്ന പന്നിയെ കണ്ടില്ല. എന്നാല്‍ ഇല്ലിക്കൂട്ടം വലം വച്ച് എത്തിയ കൊച്ചുവറീതിന്റെ കണ്ണില്‍ അത് പെട്ടു. ക്ഷണനേരം കൊണ്ട് പാഞ്ഞെത്തിയ കൊച്ചുവറീത് ദേവസിയെ തട്ടി മാറ്റിയെങ്കിലും കൊച്ചുവറീതിന്റെ ഇടത്തെ തുടയില്‍ വലിയൊരു കുത്തു നല്‍കി 150 ഗ്രാം ഇറച്ചിയും ചിതറിച്ചാണ് പന്നി ഓടിപ്പോയത് (നഷ്ടപ്പെട്ട ഇറച്ചിയുടെ കണക്കും കൊച്ചു വറീതിന്റെ തന്നെയാണ്) . ഉടുമുണ്ട് അടക്കം ചോരയില്‍ കുതിര്‍ന്ന് നിലവിളിച്ച കൊച്ചുവറീത് വലിയ വായില്‍ ദേവസിയെ തെറിവിളിച്ചു. തുട പന്നി കുത്തിപ്പൊളിച്ചതിലും കൊച്ചുവറീതിന്ന് ദണ്ണം തോന്നിയത് ദേവസിയുടെ തീട്ടം ചവിട്ടി പരത്തിയതില്‍ ആയിരുന്നു.
അന്ന് രണ്ട് ഇരട്ടക്കുഴല്‍ തോക്കുകളും ചുമലിലിട്ട് കുട്ടികള്‍ ചുമലില്‍ ഏറ്റിക്കളിക്കും പോലെ ചുമന്ന് 12 കിലോമീറ്റര്‍ നടന്നാണ് കൊച്ചുവറീതിനെ ദേവസി നാട്ടിലെത്തിച്ചത്. ഏതാണ്ട് എട്ടുമാസത്തിലേറെ നടത്തിയ ചികിത്സയ്ക്കുശേഷമാണ് കൊച്ചുവറീത് നടക്കാന്‍ തുടങ്ങിയത്. ചികിത്സയുടെ നാളുകളില്‍ കരടിനെയ്യ് കുപ്പിയിലാക്കിയതും കാട്ടുപന്നിയിറച്ചി ചുട്ടതും വരട്ടിയതും പൊരിച്ചതും ദേവസി എന്നും കൊച്ചുവറീതിന് കൊണ്ടു കൊടുത്തു. ചാക്കപ്പന്റെ ജീപ്പില്‍ എല്ലാമാസവും ആദ്യത്തെ ആഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊച്ചുവറീതിനെ കൊണ്ടുപോയതും മുറിവ് വച്ചുകെട്ടി തിരികെ കൊണ്ടുവന്നതും ദേവസിയാണ്. ആ പോക്കുവരവിലാണ് വ്യത്യസ്തതയ്ക്കു വേണ്ടി ബാറില്‍ കയറി കുടിക്കുക. റെയില്‍വേ സ്റ്റേഷന്റെ നേരെ മുമ്പിലുള്ള ബ്ലൂ ലഗൂണ്‍ ബാറാണ് പ്രധാന താവളം. ചാരായമാണേലും മദ്യമാണേലും വെള്ളമൊഴിക്കാതെ കുടിക്കുന്നതാണ് ദേവസിയുടെ ശീലം. മദ്യം ആണെങ്കില്‍ കൊച്ചുവറീതിന് ഗ്യാസ് കുറവുള്ള സോഡാ നിര്‍ബന്ധമാണ്. തൊള്ളയില്‍ വിരലിട്ടാല്‍ എത്തുന്ന അത്രയും കുടിച്ചാണ് തിരിച്ചുവരുക. കുന്നുകയറുമ്പോള്‍ ഉലയുന്ന ജീപ്പിനെക്കാളും ഉലഞ്ഞുകൊണ്ട് ഇരുവരും ജീപ്പിനുള്ളില്‍ ഇരിക്കും. തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ രാത്രി എട്ട് മണി എന്തായാലും കഴിഞ്ഞിട്ടുണ്ടാവും.
കൊച്ചുവറീതിന്റെ ഭാര്യ മേരിയും മൂത്തമകന്‍ ഓനച്ചനും ഇളയവന്‍ പ്രാഞ്ചിയും ദേവസിയുടെ ഭാര്യ സാറയും ഏക മകള്‍ ലിസിയും ഇരുവരുടെയും വരവും കാത്ത് മുറ്റത്തിരിക്കും. രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരിക്കും കുട്ടികള്‍.
ആറുമണി കഴിഞ്ഞാല്‍ കാട്ടില്‍ നിന്നും മൂപ്പിവണ്ടിന്റെ ശല്യമാണ്. കറുത്ത നിറത്തില്‍ പറന്നെത്തുന്ന ആ ജീവികളെ തൊട്ടാല്‍ തൊട്ടേടം നാറും. കൊന്നാല്‍ കൈയ്യില്‍ പൊള്ളല്‍ ഉണ്ടാവുകയും ചെയ്യും. ഒന്ന് രണ്ടെണ്ണം അല്ല വെളിച്ചം കാണുന്നിടത്തേക്ക് ആയിരക്കണക്കിന് വണ്ടുകളാണ് ഒരുമിച്ചു പറന്നെത്തുക. അതുകൊണ്ട് ആറു മണിയാകുമ്പോഴേക്കും ഭക്ഷണം കഴിച്ച് വിളക്കുകള്‍ എല്ലാം കെടുത്തും.
കാറ്റുകാലം തുടങ്ങിയാല്‍ തിരുമാമലയിലെ മുഴുവന്‍ വീടുകളില്‍ നിന്നും സ്ത്രീകളും പണിയില്ലാത്ത സമയങ്ങളില്‍ പുരുഷന്മാരും കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോകും. ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീഴുന്ന ഉണക്ക വിറകുകള്‍ വെട്ടിയെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് മഴക്കാലത്തേക്ക് സൂക്ഷിക്കുന്നതാണ് പതിവ്. അധികമുള്ളത് ചന്തയില്‍ കൊടുത്ത് കാശു വാങ്ങുന്ന ആളുകളും ഉണ്ട്. സാറ എല്ലാദിവസവും നായന്മാരുടെ വീട്ടില്‍ പുറം പണിക്ക് പോകും. വീട്ടില്‍ വെറുതെ ഇരിക്കുന്ന മേരി വിറക് ശേഖരിക്കാനും പോകും.
കാലിന് പരിക്കേറ്റ കൊച്ചുവറീത് പിച്ചവെച്ച് നടന്നു തുടങ്ങിയ സമയം. വേലിത്തലക്കല്‍ ഇരുന്ന് വരുന്നവരോടും പോകുന്നവരോടും വര്‍ത്താനം പറഞ്ഞ് നില്‍ക്കുമ്പോഴാണ് കാരമുള്ളിന്റെ നാക്കുള്ള മാണി തള്ള വിറകുകൊണ്ട് വരുന്നത്.
- നീ ഞൊണ്ടനായി ഇവിടെത്തന്നെ ഇരുന്നോ? നിന്റെ ഓള് കാട്ടില്‍ നല്ല വിറകുപെറുക്കലാണ്.
എന്നും പറഞ്ഞ് മുഖം വെട്ടിച്ച് ഒരു പോക്ക്
നല്ല വിറകുപെറുക്കല്‍ എന്ന വാക്കും തള്ളയുടെ മുഖഭാവവും കൊച്ചുവറീതിന്റെ ഉള്ളില്‍ കല്ലച്ചു കിടന്നു
ഏറെ നേരം കഴിഞ്ഞാണ് മേരി വന്നത്. അന്ന് കൊണ്ടുവന്നത് ഇഞ്ചയായിരുന്നു. ഉണങ്ങിയ ഇഞ്ച വെട്ടി കൈവള വള്ളി കൊണ്ട് കെട്ടി അടുക്കി ഒതുക്കി കൊണ്ടുവന്നിട്ടുണ്ട്.
- മരത്തില്‍ പടര്‍ന്നു കയറിയ ഇഞ്ച എങ്ങനെ വെട്ടിയെടീ മേരിയെ' എന്ന് കൊച്ചുവറീത് ചോദിച്ചു.
- വെട്ടാന്‍ ആയിട്ട് പോയാല്‍ വെട്ടിക്കൊണ്ടു വരണം. അതെങ്ങനെയാ ഇങ്ങനെയാ എന്നൊക്കെ ചോദിച്ചാല്‍ മനുഷ്യന്‍ എന്തു പറയാനാണ്' എന്നും പറഞ്ഞ് കെറുവിച്ച് മേരി കയറിപ്പോയി .
അന്ന് രാത്രി വാറ്റുചാരായവുമായി ദേവസി വീട്ടില്‍ വന്നു. വീടിന്റെ പുറകുഭാഗത്തുള്ള ആനയുടെ ആകൃതിയിലുള്ള പാറയില്‍ കയറി ഇരുവരും കുടി തുടങ്ങി. കുട്ടികള്‍ അതിനെ ആനപ്പാറ എന്നാണ് വിളിച്ചിരുന്നത്. അടുക്കള ഭാഗത്തുള്ള പാറയെ അടുക്കളപ്പാറ എന്നും കിണറിന്റെ വക്കത്തുള്ള പാറയെ പാതാളപ്പാറ എന്നും വിളിച്ചു.
അന്ന് പൗര്‍ണമി ആയിരുന്നു.
രാത്രി ഏറെ ചെന്നിട്ടും അവരുടെ കുടിയും തെറിപറച്ചിലും തമാശയും തീര്‍ന്നില്ല. ഒടുക്കം ദേവസി താന്‍ കൊണ്ടുവന്ന ഏലക്കായ ഇട്ടുവാറ്റിയ മൂന്നാമത്തെ കുപ്പിയിലെ അവസാന തുടം കൊച്ചുവറീതിന് കൊടുക്കാതെ തട്ടിപ്പറിച്ച് തിരിഞ്ഞിരുന്ന് കുടിച്ചു. പൂര്‍ണ്ണചന്ദ്രന്റെ നിലാവെളിച്ചത്തില്‍ ദേവസിയുടെ പുറത്ത് നീളത്തിലും കുറുകെയും ധാരാളം ചുവന്ന വരകള്‍ തെളിഞ്ഞു.
ഇഞ്ച കൊണ്ടു മുറിഞ്ഞ വരകള്‍!
ചോരപ്പാടുകള്‍ പൂര്‍ണ്ണമായും മാഞ്ഞു തുടങ്ങിയിട്ടില്ലാത്ത അവ പുതിയ രാജ്യത്തിലേക്കുള്ള വഴിപോലെ തെളിഞ്ഞു കണ്ടു. അന്ന് രാത്രി കൊച്ചുവറീതിന് ഉറക്കം വന്നില്ല . അനാവശ്യമായ എന്തോ ചിന്ത തലയില്‍ കിടന്ന് മുഴങ്ങുന്നത് പോലെ.
രാത്രി പലവട്ടം എഴുന്നേറ്റ് കൂജയില്‍ നിന്നും വെള്ളം കുടിച്ചു. ഒടുക്കം ഉറങ്ങിയത് പുലര്‍ച്ചെക്ക് എപ്പോഴോ ആണ്. ഉണര്‍ന്നതാകട്ടെ ഒരു ദു:സ്വപ്നം കണ്ടുകൊണ്ടും. ഒരു കാടിന്റെ ഇരുണ്ട ഭാഗത്ത് ഇരുകൈകളും ചില്ല പോലെ വിരിച്ച് മേരി നില്‍ക്കുന്നു. മേരിയുടെ പറക്കുന്ന മുടിയിഴകളില്‍ കിളികളും അണ്ണാനും കൂടുകൂട്ടിയിട്ടുണ്ട്. മേരിയുടെ ഉച്ചിയ്ക്ക് മുകളിലായി സൂര്യപ്രകാശം സ്വര്‍ണ്ണ നിറത്തില്‍ വന്നു പതിക്കുന്നു. നോക്കി നോക്കി നില്‍ക്കെ മേരിയുടെ ഉടലുകളില്‍ നിന്ന് ചില്ലകള്‍ മുളയ്ക്കുന്നു മേരി പതിയെ ഒരു കാടായി മാറുകയാണ്. പെട്ടെന്ന് കാല്‍പാദത്തില്‍ നിന്നും ഇരുണ്ട നിറത്തില്‍ ഇഞ്ച വള്ളി പോലെ ദേവസി! അവന്‍ കാലുകളിലൂടെ തുടകളിലൂടെ ഇടുപ്പിലൂടെ വയറിലൂടെ മാറിടത്തിലൂടെ മേരിയെ ചുറ്റി പിണഞ്ഞ് മുഖം വരെ എത്തി. ഓരോ തവണ അവന്റെ മുള്ള് കൊള്ളുമ്പോഴും മേരിയുടെ ശരീരത്തില്‍ നിന്നും ചോരച്ചാലുകള്‍ പുറപ്പെട്ടു. ഓരോ ചോരച്ചാലുകളെയും കൊതിയോടെ നോക്കിയ മേരി ആ ഇഞ്ചവള്ളിയെ തന്നോട് അടുപ്പിച്ചു പിടിച്ചു.
അടുക്കളയില്‍ ഒരു പാത്രം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ കൊച്ചുവറീത് ഞെട്ടി എഴുന്നേറ്റു.
'മാരണം പിടിച്ച പൂച്ച. പണ്ടാരക്കെട്ട് കെട്ടിക്കാന്‍'
മേരിയുടെ ശാപവാക്ക് കേട്ടാണ് ഉണര്‍ന്നത്. അന്നായിരുന്നു കൊച്ചുവറീത് അവസാനമായി ശാന്തമായി ഉറങ്ങിയത്. പിന്നീടുള്ള രാത്രികളിലെ ഉറക്കം പോകാന്‍ ആ സ്വപ്നം ധാരാളം മതിയായിരുന്നു.
ഒരിക്കല്‍പോലും മേരിയോട് വിറകിനു പോകരുത് എന്ന് ആജ്ഞാപിക്കുകയോ ദേവസിയോട് നീയും വിറകിനു പോകാറുണ്ടോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല കൊച്ചുവറീത് .
അക്കൊല്ലം മകരത്തിന് മഴപെയ്തു.
പുതുമണ്ണില്‍ മഴ വീണതിന്റെ ഗന്ധം എങ്ങും പരന്നു. കുട്ടികളെ ചോറു കൊടുത്തു ഉറക്കിയതിനുശേഷം മേരി കൊച്ചു വറീതിന്റെ അടുത്തെത്തി. ഉരമുള്ള ഓലപ്പായില്‍ കൊച്ചുവറീതിനോട് ചേര്‍ന്ന് കിടന്നു. ഏറെ നാളുകള്‍ക്ക് ശേഷം അന്ന് കൊച്ചുവറീതും മഴയായി പെയ്യുകയായിരുന്നു. ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഇരുവരും സുവര്‍ണ്ണ നാഗങ്ങളെ പോലെ പിണഞ്ഞുകിടന്നു. കാലദേശാന്തരങ്ങളെല്ലാം ഒരൊറ്റ നിമിഷത്തിലേക്ക് ചുരുങ്ങുന്നത് പോലെയായിരുന്നു അത്.
ആവേശത്തോടെ ആര്‍ത്തലച്ച് പെയ്യുന്നതിനിടയില്‍ മേരിയുടെ ശരീരത്തില്‍ നിന്നും വെളുത്തുള്ളിയുടെ മണം പോലൊരു മണം കൊച്ചുവറീതിന്റെ മൂക്കിലെത്തി. ആര്‍ത്തലച്ചു പെയ്ത മകരമഴ ഒറ്റ നിമിഷത്തില്‍ ശമിച്ചത് പോലെയായിരുന്നു അത്. ദേവസിയുടെ വിയര്‍പ്പിനും ഇതേ നാറ്റമാണെന്ന് കൊച്ചുവറീതിന്റെ ഉള്‍മനസ് തിരിച്ചറിഞ്ഞു. കൊച്ചുവറീതിന്റെ ഉള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാത്ത മേരി കൊച്ചുവറീതിനെ ചേര്‍ത്തുപിടിച്ചു. ഇഞ്ചവള്ളികള്‍ മരുത് മരത്തില്‍ പടരുന്നതുപോലെ. മേരിയുടെ കൈകള്‍ ശരീരത്തില്‍ നിന്നടര്‍ത്തി മാറ്റി കൊച്ചുവറീത് പായില്‍നിന്നും പൊളിഞ്ഞു തുടങ്ങിയ നിലത്തേക്ക് ഇറങ്ങിക്കിടന്നു. ശാപവാക്കോളം പോന്നൊരു പിറുപിറുക്കല്‍ തുപ്പി മേരി മുടി വാരിക്കെട്ടി എഴുന്നേറ്റ് പോയി.
നടക്കാന്‍ തുടങ്ങിയതിനുശേഷം ആദ്യ വേട്ടയ്ക്കായി കൊച്ചുവറീതും ദേവസിയും കാടുകയറിയത് കുംഭമാസത്തിലെ ആദ്യ ആഴ്ചയിലാണ്.
'നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?'
അന്ന് പലവട്ടം കൊച്ചുവറീത് ദേവസിയോട് ചോദിച്ചു.
'നീ രാവിലെ തന്നെ വല്ലതും വലിച്ചു കയറ്റിയോ?' -എന്നായിരുന്നു ദേവസിയുടെ മറുപടി.
സാധാരണ വേട്ടയ്ക്ക് സന്ധ്യക്ക് ശേഷമാണ് പോകാറുള്ളതെങ്കില്‍ ഇന്ന് പോയത് പുലര്‍ച്ചയ്ക്കാണ്.
മാനുകള്‍ നാലാംചാലില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന സമയമാണത്.
'ദേവസിയെ , ഒരു കൂടപ്പിറപ്പായിട്ടല്ലേടാ നിന്നെ ഞാന്‍ കണ്ടത്'-കൊച്ചുവറീത് ചോദിച്ചു
'ഇതിനിടയില്‍ നീ വീണ്ടും മോന്തിയോ കഴുവേറീ...'-ദേവസി ചൊടിച്ചൂ.
കൊച്ചുവറീത് മറുപടി പറഞ്ഞില്ല.
അന്നത്തെ വേട്ട പാതിവഴിയില്‍ നിര്‍ത്തി ദേവസി തിരിച്ചുപോരുമ്പോള്‍ ചുമലില്‍ കൊച്ചുവറീതിന്റെ ചലനമറ്റ ശരീരം ഉണ്ടായിരുന്നു.
പാറപ്പുറത്തിരുന്ന് തോക്കില്‍ തിര നിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് ദേവസ്യ പറഞ്ഞത്. മുറ്റത്ത് ഉണക്കാന്‍ ഇട്ട വാട്ടക്കപ്പ എല്ലാം വാരി ചാക്കില്‍കെട്ടി വിറകുപുരയില്‍ കൊണ്ടടുക്കി മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി. ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുന്നുംപുറം പള്ളിയില്‍ ശവമടക്കി. മൂന്നാംപക്കം വീട്ടുകാര്‍ തിരിച്ചുപോയി.
പോകുന്ന പോക്കില്‍ അവര്‍ കൈകളില്‍ ഒതുങ്ങാവുന്ന വാട്ടക്കപ്പയും ഉണക്ക ഇറച്ചിയും കാപ്പിയും ഏലവുമെല്ലാം തുണിസഞ്ചിയിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞെടുത്തു. ശേഷം വീട്ടില്‍ മേരിയും ഓനച്ചനും അനുജന്‍ പ്രാഞ്ചിയും മാത്രമായി.
ഓനച്ചന്റെ പിന്നീടുള്ള രക്ഷകര്‍ത്താവ് ദേവസിയായിരുന്നു. തോക്കു പിടിക്കാനും ഇരുട്ടത്ത് വെടി പൊട്ടിക്കാനും ചൂരും ചോടും നോക്കി മൃഗങ്ങളെ പിന്തുടരാനും പഠിപ്പിച്ചത് ദേവസിയാണ്. കപ്പ കുത്തിയിടാനും പന്നികളെ നേരിടാനും ഓനച്ചന്‍ പഠിച്ചു.
ഓനച്ചന് 14 വയസ്സുള്ളപ്പോഴാണ് ദേവസി അവസാനമായി കാടുകയറിയത്. അന്ന് ദേവസിക്കു മുന്നില്‍ വഴിയും വിളക്കുമായി നടന്നത് ഓനച്ചനായിരുന്നു. മരുതുംപാറയുടെ താഴെ രാത്രി കപ്പ പുഴുങ്ങി തിന്ന് കനലുകളില്‍ മണ്ണു കോരിയിട്ട് കെടുത്തി കിടക്കാന്‍ ഒരുങ്ങുമ്പോള്‍ ഓനച്ചന്‍ ചോദിച്ചു.
'ദേവസിപ്പാപ്പാ എന്റെ അപ്പന് എന്താ പറ്റിയത്'
ആ ഒരു ചോദ്യം ദേവസി പ്രതീക്ഷിച്ചിരുന്നില്ല.
'തോക്ക് തിരനിറയ്ക്കുമ്പോള്‍ കുഴല്‍ നമ്മുടെ നേര്‍ക്ക് പിടിക്കരുത് എന്നല്ലേ ദേവസിപ്പാപ്പ നായാട്ടിന്റെ ആദ്യ നിയമം?'
ദേവസി ഓനച്ചനെ നോക്കുക മാത്രം ചെയ്തു.
'എന്റെ അപ്പന്‍ നല്ല വെടിക്കാരനായിരുന്നോ പാപ്പാ?'
'ആയിരുന്നു. എന്നെക്കാളും, നിന്നേക്കാളും'- ദേവസി പറഞ്ഞു.
'എങ്കില്‍ പറ പാപ്പാ, അപ്പന് എന്താ പറ്റിയത്?'
'അത് തോക്ക് തിരനിറയ്ക്കുമ്പോള്‍...' ദേവസി വിക്കി.
'പാപ്പാ എനിക്ക് വേണ്ടത് കഥയല്ല. കാര്യമാണ്.'
14 വയസേ ഉള്ളെങ്കിലും അവന്റെ മുഖത്തുനോക്കാന്‍ ദേവസിക്കു കഴിഞ്ഞില്ല.
'മക്കളെ ചില മനുഷ്യര്‍ക്ക് ചിലപ്പോള്‍ സാത്താന്‍ കൂടും. പിന്നീട് അവര്‍ ചിന്തിക്കുന്നതും പറയുന്നതും എന്താണെന്ന് അവര്‍ക്ക് പോലും അറിയില്ല. വെടിയുണ്ടയെക്കാളും മാരകമായ വാക്കുകള്‍ ആയിരിക്കും അവരില്‍ നിന്നും വരുക. നിന്റെ അമ്മ മേരി തങ്കം പോലത്തെ ഒരു പെണ്ണാണ്. അവള്‍ എനിക്ക് പിറക്കാതെ പോയ പെങ്ങളുമാണ്. എന്നാല്‍ നെന്റെ അപ്പന് അവസാനകാലത്ത് സാത്താന്‍ കൂടി. ചിന്തിക്കാന്‍ പോലും പാടില്ലാത്ത ഒരു പാപം അവന്‍ മനസ്സില്‍ കൊണ്ടുനടന്നു. പാപത്തിന്റെ ശമ്പളം മരണമാണെന്ന് അച്ഛന്‍ പ്രസംഗിക്കുന്നത് നീ കേട്ടിട്ടില്ലേ മോനെ.'
ദീര്‍ഘമായ ഒരു മൗനത്തിന്റെ അകമ്പടിയില്‍ ആകാശത്തിന്റെ കിഴക്കേ അതിരില്‍ പ്രകാശത്തിന്റെ കണികകള്‍ വിടുന്നുണ്ടോ എന്ന് നോക്കിനിന്ന് ദേവസി ചോദിച്ചു.
വേട്ടയാടി കിട്ടുന്ന മൃഗത്തിന്റെ തോല് ഉരിച്ച് ഇറച്ചി കീറിയെടുക്കാന്‍ മണിയന്‍ കൊല്ലന്റെ ആലയില്‍ പ്രത്യേകമുണ്ടാക്കിയ അറ്റം വളഞ്ഞ വാക്കത്തിയാണ് കാട് കയറുമ്പോള്‍ ദേവസി കൂടെ കരുതുക . ലെതര്‍ ബെല്‍റ്റിന്റെ ഇടതുഭാഗത്ത് ആ കത്തി തൂക്കിയിടാന്‍ ഒരു പ്രത്യേക കൊളുത്തും തുന്നി ചേര്‍ത്തിട്ടുണ്ട്. പണ്ട് കൊച്ചുവറീത് വെടിവെച്ചിട്ട കലമാന്റെ കൊമ്പു കൊണ്ടാണ് അതിന് പിടിയിട്ടിരിക്കുന്നത്. അരയില്‍ നിന്നും അത് ഊരി ഇരട്ടക്കുഴല്‍ തോക്കിനോടൊപ്പം പാറപ്പുറത്ത് വച്ച് ദേവസി വിദൂരതയിലേക്ക് നോക്കി നിന്നു.
'ദേവസിപ്പാപ്പാ....'
ഒരു അലര്‍ച്ച കേട്ടാണ് ദേവസി തിരിഞ്ഞു നോക്കിയത്.
'എന്റെ അപ്പന്‍ പുഴുത്ത പട്ടി ഒന്നുമല്ല. ചത്താല്‍ പകരം ചോദിക്കാന്‍ രണ്ട് ആണ്‍മക്കളെ ഉണ്ടാക്കിയാണ് അതിയാന്‍ പോയത്. ഇതിന് പകരം ഞാന്‍ ചോദിച്ചില്ലെങ്കില്‍ ചത്തു മോളില്‍ ചെല്ലുമ്പോള്‍ അപ്പന്റെ മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ടിവരും എനിക്ക്.'
ഭ്രാന്തനെപ്പോലെ ഇരട്ടക്കുഴല്‍ തോക്കും കൈയ്യിലെടുത്ത് ഓനച്ചന്‍ അലറിവിളിച്ചു.
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ദേവസി പകച്ചുനിന്നു.
ക്ഷണ നേരം കൊണ്ട് ഓനച്ചന്റെ കൈയ്യില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങി ഇടത്തെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിക്കാന്‍ ഇത്രയും കാലം കാടുകയറിയ പരിചയം മാത്രം മതിയായിരുന്നു ദേവസിക്ക്.
'നിന്റെ തള്ളയെ പുഴുത്ത നാക്കുകൊണ്ട് വിഷം തുപ്പിയവനാണ് നിന്റെ തന്ത. അത് നീ കേട്ടിരുന്നേല്‍ ഈ തോക്ക് നീ അവന്റെ നേര്‍ക്ക് ചൂണ്ടിയേനെ. കുടിച്ചാലും കുന്തംമറിഞ്ഞാലും ദേവസിക്ക് അമ്മയെയും പെങ്ങളെയും മാറി പോകില്ല.'
അടക്കാന്‍ കഴിയാത്ത ഒരു കിതപ്പോടു കൂടി ദേവസി പറഞ്ഞു.
ഓനച്ചന്‍ ശബ്ദം താഴ്ത്തി വിതുമ്പിക്കരഞ്ഞു. ആ കാഴ്ച കണ്ടു നില്‍ക്കാനുള്ള ശേഷി ദവസിക്കുണ്ടായിരുന്നില്ല.
കടവായില്‍ നിന്നും ചോരയൊലിക്കുന്ന ഓനച്ചനെ ദേവസി ചേര്‍ത്തു പിടിച്ചു.ചോര ഉടുമുണ്ടുകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു.
'പോട്ടെടാ. ഓരോന്നോര്‍ത്ത് മനസില്‍ വിഷം കയറ്റേണ്ട. ശരീരത്തില്‍ വിഷം കയറുന്നത് പോലെ ആകില്ല അത്. പൂര്‍ണ്ണമായും വിഷം കേറിയ ശേഷമേ നമ്മള്‍ പോലും തിരിച്ചറിയൂ. പിന്നീട് ഒരു ഓനി വൈദ്യനും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല.'
കത്തിപ്പടര്‍ന്നിരുന്ന ഓനച്ചന്‍ ആറിത്തണുത്ത പോലെ പാറയില്‍ കുന്തിച്ചിരുന്നു.
കിഴക്ക് വെളിച്ചത്തിന്റെ ആരംഭം തുടങ്ങിയിരുന്നു. ഓനച്ചന്റെ ചോരപുരണ്ട മുണ്ടു മടക്കിക്കുത്തി ചുണ്ടില്‍ ബീഡിയും കത്തിച്ച് ദേവസി കിഴക്കോട്ട് തന്നെ നോക്കിയിരുന്നു.
എന്നെങ്കിലും ഒരിക്കല്‍ ഈ സംഭാഷണം ഉണ്ടാകും എന്ന് ദേവസിക്ക് ഉറപ്പായിരുന്നു. അന്ന് അതിനെ നേരിടാന്‍ ആയിരം ഉത്തരങ്ങള്‍ കണ്ടു വച്ചതുമാണ്. പക്ഷേ ഒന്നും വേണ്ടിവന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്. അത് മലവെള്ളം പോലെയാണ്. സകലതും തകര്‍ത്തു കുത്തിയൊലിച്ച് വരും. സര്‍വ്വതും മായ്ച്ച് കടന്നു പോകും.
പെട്ടെന്ന്.
വലത്തെ കുതികാലില്‍ അറ്റം വളഞ്ഞ, കലമാന്റെ കൊമ്പ് പിടിയിട്ട അരിവാള് വന്ന് പതിച്ചു. ചോര ചീറ്റി തെറിച്ചു.
തിരിഞ്ഞു നോക്കിയപ്പോള്‍ ഓനച്ചന്‍ തിരിഞ്ഞു നോക്കാതെ കത്തിയും ഇരട്ടക്കുഴല്‍ തോക്കുമായി ഓടുന്നതുകണ്ടു.
'നായിന്റെ മോനെ' എന്ന അലര്‍ച്ച ദേവസിയില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ പുറകെ പോയിട്ട് കാര്യമില്ല എന്ന് ദേവസിക്ക് അറിയാമായിരുന്നു. കുതികാലില്‍ വെട്ടുകൊണ്ടാല്‍ 20 മിനിറ്റാണ് കണക്ക്. ചോര വാര്‍ന്നുകൊണ്ടിരിക്കും. മറ്റു ഭാഗങ്ങളില്‍ മുറിവേറ്റത് പോലെയല്ല. മുറിവ് കെട്ടിയാലും ചോര നില്‍ക്കില്ല. നടക്കുംതോറും ചോര കൂടുതല്‍ നഷ്ടപ്പെടും. എത്രത്തോളം നടക്കുന്നോ അത്രയും വേഗത്തില്‍ മരിക്കും.
നായാട്ടിലെ രണ്ടാമത്തെ നിയമമാണിത്. വെടികൊണ്ട് വീണ മൃഗം ജീവന്‍ പോകാതെ ഓടുകയാണെങ്കില്‍ അതിന്റെ കുതികാല്‍ വെട്ടിവിടണം. അപ്പോള്‍ അതിന് അധികം ദൂരം പോകാന്‍ കഴിയില്ല. ചോരപ്പാട് നോക്കി പിന്തുടരാന്‍ കഴിയും. കണ്ടെത്തിയാല്‍ ആദ്യം തല വെട്ടി മാറ്റണം.
ഓനച്ചന് കാടിന്റെ നിയമങ്ങള്‍ പഠിപ്പിച്ച ഗുരുനാഥന്‍ താനാണല്ലോ എന്ന് ദേവസി ഓര്‍ത്തു.
സൂര്യന്‍ തലയ്ക്കു മുകളില്‍ ഉദിച്ചുയരുന്ന കാഴ്ച കാണാന്‍ അന്ന് ദേവസിക്ക് ഭാഗ്യമുണ്ടായില്ല. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ കൊച്ചുവറീതും സാറയും മേരിയും ഓനച്ചനും പ്രാഞ്ചിയും അയാളുടെ ഉള്ളില്‍ മാറിമാറി തെളിഞ്ഞു.
ആ നാട്ടില്‍ ആദ്യമായി ജയിലില്‍ പോയത് ഓനച്ചനായിരുന്നു. ആറരകൊല്ലം ജയില്‍വാസം. തിരിച്ചെത്തിയ ഓനച്ചന്‍ തന്നെക്കാള്‍ മൂന്നര വയസ്സ് മൂത്ത ലിസിയെ ആണ് വിവാഹം കഴിച്ചത്. അവളോട് വിവാഹത്തിന് സമ്മതമാണോ എന്ന് പോലും ചോദിച്ചിരുന്നില്ല. സാറയുടെയും മേരിയുടെയും ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്തതിനു ശേഷം സ്വാഭാവികമായി ലിസിയെ കല്യാണം കഴിക്കുകയായിരുന്നു.
'നെനക്ക് എന്നോട് ദേഷ്യം ഉണ്ടോ?'-കല്യാണം കഴിഞ്ഞ് നാളുകളിലൊന്നില്‍ ഓനച്ചന്‍ ലിസിയോട് ചോദിച്ചിരുന്നു.
'എന്നെങ്കിലുമൊരിക്കല്‍ തിന്നുന്ന ചോറ്റില്‍ ഞാന്‍ വിഷം കലക്കി തരും'-എന്നായിരുന്നു അവളുടെ മറുപടി.
എങ്കിലും ഒരിക്കല്‍പ്പോലും അവള്‍ വിളമ്പി കൊടുക്കുമ്പോള്‍ അവന്‍ ശങ്കിച്ചില്ല.
82 -ാമത്തെ വയസ്സില്‍ പനിയും ഛര്‍ദ്ദിയും ബാധിച്ച് ഓനച്ചന്‍ മരിക്കുമ്പോള്‍ സംസ്‌കാരത്തിനു പോലും കാത്തുനില്‍ക്കാതെ ലിസിയും ഏക മകന്‍ അന്ത്രോസും മരുമകള്‍ കൊച്ചന്നവും പേരക്കുട്ടി ഗീവര്‍ഗീസും
മലയിറങ്ങി ഏതോ നാട്ടിലേക്ക് അപ്രത്യക്ഷരായിരുന്നു. ചോര ചര്‍ദ്ദിച്ച് ബോധം മറയുന്ന നേരത്തും അന്ത്യകൂദാശ നല്‍കാന്‍ പുതിയ പള്ളിയിലെ വികാരി വന്നപ്പോഴും അവസാനം തിന്ന കഞ്ഞിയില്‍ എലിമരുന്നിന്റെ ചുവ ഉണ്ടായിരുന്നെന്ന് ഓനച്ചന്‍ ആരോടും പറഞ്ഞില്ല.
ബോധത്തിന്റെ അവസാന നിമിഷം ദേവസി പാപ്പന്‍ പറഞ്ഞുകൊടുത്ത നായാട്ടിന്റെ മൂന്നാമത്തെ നിയമം ഓനച്ചന്‍ ഓര്‍ത്തു.
'കൊല്ലാന്‍ വന്നാല്‍ കൊല്ലണം. തിന്നാന്‍ വേണ്ടി അല്ലെങ്കിലും കൊല്ലണം.'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


