ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സജറ സമീര്‍ എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sajara Sameer

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

റൂഹാനി

മഴ പെയ്യുമ്പോള്‍ പള്ളിക്കാട്ടില്‍
പൊതിഞ്ഞു കെട്ടിയ വെള്ളത്തുണികളില്‍
ഒരു തുള്ളിവെള്ളം പോലും ഇറ്റിയിട്ടുണ്ടാവില്ല!

കണ്ണീരു കൊണ്ട് പ്രളയം തീര്‍ത്ത
ഖബറിടങ്ങളില്‍ പേമാരിയെത്ര
ആര്‍ത്തലച്ചു പെയ്തിട്ടും
കാര്യമില്ലെന്നൊരു കൂട്ടം റൂഹാനികള്‍!

ഇഹലോകത്തേക്കൊരു
തിരിച്ചുപോക്കിനൊരുങ്ങുന്ന
ആത്മാവുകള്‍
മഴയിലിറങ്ങിയങ്ങു നടക്കും!

ഉറ്റവരെ ഓര്‍ത്ത് നീറിപ്പുകയാന്‍
ഹൃദയമില്ലാത്ത അവരില്‍
ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റ്
കയറിയിറങ്ങാന്‍ മടിക്കും!

അന്നേരം,
ആശിച്ചു മോഹിച്ചു പടുത്തുയര്‍ത്തിയ
സൗധങ്ങളില്‍ കുന്തിരിക്കത്തിന്റെ മണമടിക്കും,
ചന്ദനത്തിരികളുടെ ചാരം വീണുകിടക്കും!

തൊണ്ടയില്‍ കുരുങ്ങിയ നിലവിളികള്‍
പുറത്തു ചാടാന്‍ നിഷ്ഫലമാമൊരു
ശ്രമം നടത്തും!

കണ്ണീരുവറ്റിയ ഉറ്റവരോട് കുശലം പറയാന്‍
വരണ്ട ചുണ്ടുകള്‍ കൊതിക്കും!

തണുത്ത വിരലുകളാല്‍ അവരെയൊന്നു തലോടും.

ഏതോ പുകമറ തങ്ങളില്‍ തീര്‍ക്കുന്ന
അതിരുകളില്‍ പീരങ്കികള്‍ പായിക്കും!

എന്നിട്ടും തോറ്റു മടങ്ങും,
മണ്ണു കൊണ്ട് തനിക്കായ് തീര്‍ത്ത
ഇരുളാര്‍ന്ന ഖബറിടങ്ങളിലേക്കായ്!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...