
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കലിവണ്ടി
ഇരുളില്‍നിന്നുമിരുളിലേക്ക്
കുതിച്ചുപായുന്ന തീവണ്ടിയുടെ
അവസാനചക്രവും വേദനകേറ്റി-
നെഞ്ചില്‍ നിന്നുമിറങ്ങിയപ്പോള്‍
അവള്‍ മുഖമൊന്നുയര്‍ത്തി!
നീളെ നീളെ വലിഞ്ഞു
കണ്ണില്‍ വെളിച്ചം തെളിഞ്ഞു
ആയിരം ചക്രങ്ങള്‍ അണിഞ്ഞു
അവള്‍ ഒരു തീവണ്ടിയായി!
കാത്തുനില്‍ക്കുന്നവരെ
കയറ്റാതോടിയും
ഇറങ്ങാനൊരുങ്ങുന്നവരെ
സ്റ്റേഷന്‍ മാറ്റിയിറക്കിയും
അവള്‍ തെറ്റിയോടുന്ന
കിറുക്കി വണ്ടിയായി!
സിഗ്‌നലുകളെല്ലാം തുരത്തി
ട്രാക്കുകള്‍ മാറ്റിയോടിച്ചു
ഭീതിനിറഞ്ഞ യാത്രക്കാര്‍
പുറമേയെടുത്തുചാടി
നിലവിളികള്‍ തെന്നി
കാലിയായ വണ്ടി പിന്നെ
നിരത്തിലേക്ക് തിരിഞ്ഞു
ആളുകളും വാഹനങ്ങളും
ഹോണടികളും ആരവങ്ങളും
ചന്തകളും കെട്ടിടങ്ങളും...
പിന്‍വലിഞ്ഞങ്ങുമിങ്ങുമോടി
ലക്കില്ലാവണ്ടിയായവള്‍
പിന്നെയും കുതിച്ചു!
ഒടുവില്‍
കൈലി മടക്കിക്കുത്തിയ
ഒരുവന്‍
എഞ്ചിനുമുന്നില്‍ വന്നു നിന്നു
ഷര്‍ട്ടിലെ കുടുക്കെല്ലാം
വലിച്ചുപൊട്ടിച്ചവന്‍
നെഞ്ചിലെ
ചുരുളന്‍ രോമക്കാട്ടില്‍
ചെറുവിരലിനാല്‍
അവളുടെ പേര്
മൃദുലമായി എഴുതി
ആ കലിവണ്ടി
എന്നേക്കുമാഹൃദയത്തില്‍
തളക്കപ്പെട്ടു !
ആകാശപേടകം
വിമാനയുടലിലേക്ക് പോകവേ
ഭീമപ്പക്ഷിയുടെ ഉദരത്തിലേക്ക്
ഇരയായടിയുന്ന പേടിയാണ്!
സ്വദേശം പിരിയവേ..
സ്വത്വമടരുന്ന നോവാണ്!.
ഉയിരുപൊതിഞ്ഞ പച്ചകള്‍
വരണ്ടശല്‍ക്കങ്ങളായൊട്ടും.
ജന്മനാടൂട്ടിയ ഇനിപ്പുകള്‍
ഉഷ്ണക്കൂടാരമുയര്‍ത്തും .
വെള്ളിമേഘങ്ങള്‍ കനച്ച്
ഉപ്പുപാറയായി നെഞ്ചുടക്കും.
ആരോ കല്‍പിച്ചിടത്തിരിക്കവേ
കളഞ്ഞ നാട്ടുമണങ്ങള്‍
ശ്വാസസഞ്ചിയിലേക്കെത്തും.
സുരക്ഷാപാലനവചനങ്ങള്‍.
നഷ്ടകാലത്തെ വരുത്തി,
ഒന്നാംക്ലാസ്സിലെ ആംഗ്യപ്പാട്ടാവും!
പ്രാര്‍ത്ഥനയുടെ മണിയടിച്ച്
വിമാനം തെന്നിത്തുടങ്ങും.
പിറന്ന മണ്ണകലുമ്പോള്‍..
അന്യയെന്ന നീറ്റല്‍
സീറ്റ് ബെല്‍റ്റ് മുറുക്കില്‍
ബന്ദിയാക്കി തളക്കും.
ജാലകചതുരങ്ങള്‍
വിശാല വാനത്തിലേക്ക്
മാടി വിളിക്കും.
പുറത്ത് അതിരില്ല
പാലാഴിയൊഴുകുന്ന
നിര്‍വികാര ലോകമാണ് !
വിയര്‍ക്കുന്നൂ...
ഉടല്‍ കോടുന്നൂ...
കസേര കുലുങ്ങുന്നു..
യന്ത്രച്ചീവീട് കാറും
അപശ്രുതികള്‍
കാതുടക്കുന്നു .
വായുകീറുന്ന മൂര്‍ച്ചകള്‍
ശ്വാസഭിത്തി കൊത്തുന്നു
ലോഹച്ചിറകുകള്‍
വിമാനയുടലുതെറ്റി,
നിലയറ്റലയുന്നു...
ജീവദാഹമേറുന്നു..
പിടഞ്ഞോടുന്നു.. ഞാന്‍!
ക്രൂസിന്റെ കുടുസുമുറി
തള്ളിത്തുറന്ന നേരം
തിരിഞ്ഞുനില്‍ക്കയാണവര്‍
പിടിച്ചുകുലുക്കി നോക്കവേ..
നിസ്സഹായരാമവര്‍ക്ക്
എന്റെ അതേ ഛായ!
സഹയാത്രികരിലേക്കോടി;
വിറഞ്ഞുനില്‍ക്കുമവരും
എന്റെ പല പതിപ്പുകള്‍
പൈലറ്റ് കാബിനില്‍
രക്ഷയറ്റ ഭാവത്തില്‍
കണ്ടതുമെന്നെയാണ്.
ഞാന്‍ കണ്ണിറുക്കി
വിങ്ങിക്കരഞ്ഞു..
ഓരോ മിഴിത്തുള്ളിയും
കണ്ണാടിച്ചിറകുതുന്നി
കൂട്ടമോടൊത്തിണങ്ങി;
എന്നിലേക്കൊട്ടി നിന്നു.
ചിറകറ്റ കൂടിനകത്ത്
ചിറകുവിരിക്കുന്ന ഞാന്‍
ആകാശത്തിലേക്കുള്ള
കവാടം തിരയുകയാണ് !
സായാഹ്നം
പകലെരിച്ചലിനെ നനക്കാന്‍
കടലിലിലിറങ്ങുന്നു സൂര്യന്‍
മഞ്ഞപ്പുക നിറയുമ്പോള്‍
സായാഹ്നസവാരിക്കാര്‍
സല്ലാപങ്ങളിലൊഴുകുന്നു
മണലില്‍ വരച്ചിടുന്ന ചിത്രങ്ങളില്‍
കുരുന്നുകള്‍ നിറങ്ങളാവുന്നു
നിഴലുകള്‍ നൃത്തം വെക്കുന്നു.
ഇലകള്‍ ഇരുളില്‍ കലരുന്നു
നിരത്തിലെ വാഹനങ്ങള്‍
ധൃതിയുടെ ഹോണടിക്കുന്നു.
ദാസ്യവൃത്തി മടുത്ത പട്ടികള്‍
മനുഷ്യരെ വേട്ടയാടാന്‍
കവലകളില്‍ അലയുന്നു
മാളങ്ങളടഞ്ഞ പാമ്പുകള്‍
ഇരുളിന്റെ ഗര്‍ഭത്തിലേക്ക്
ചുരുണ്ടുമുറുകി മരിക്കുന്നു
ഭംഗിയില്ലാത്ത കാഴ്ചമറക്കാന്‍
പടുതവലിക്കുന്നവരെ
കൊളുത്തുമൂര്‍ച്ചകള്‍
കോറിവലിക്കുന്നു...
ചിന്നിപ്പോയ ചെഞ്ചോരയെ
ഒപ്പാനോടിയെത്തിയ
ചേലത്തുമ്പുകളിലപ്പോള്‍
മിന്നാമിന്നികള്‍ തിളങ്ങി.
വേഗത്തിലോടുന്ന തീവണ്ടികളെ
മറികടക്കാനോടിയ ഓര്‍മ്മകള്‍
ട്രാക്കില്‍ തട്ടിത്തെറിച്ചു
കഷണങ്ങളായി ചിതറി.
ഒരിക്കലും പ്രണയിക്കാതെ
പടവുകള്‍ കയറിയ
വൃദ്ധദമ്പതികള്‍ക്കിടയില്‍
ആദ്യാനുരാഗം മൊട്ടിട്ടു.
ആര്‍ദ്രമായ ചുംബനത്തില്‍
അവര്‍ മുഴുകുമ്പോള്‍
ഇണച്ചുണ്ടുകളില്‍ നിന്നും
ശലഭങ്ങള്‍ പറന്നുചെന്ന്..
കടലിലലിയാന്‍ തുനിയുന്ന
സൂര്യനെ നോക്കി പ്രാര്‍ത്ഥിച്ചു
'ഈ സായാഹ്നം മനോഹരമായ
പുലരിയിലേക്ക് തുറക്കപ്പെടണേ!'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...