Malayalam Poem : അടക്കം, ഗിരിജ ചാത്തുണ്ണി എഴുതിയ രണ്ട് കവിതകള്‍

By Chilla Lit SpaceFirst Published Mar 6, 2024, 2:43 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഗിരിജ ചാത്തുണ്ണി എഴുതിയ  രണ്ട് കവിതകള്‍

  ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

പ്രണയം

ചിരിയുടെ വെയില്‍നാളങ്ങളില്‍
മഴനൂലുകള്‍ കവിതയെഴുതിയപ്പോഴാണ്
നമ്മള്‍ പ്രണയത്തെക്കുറിച്ചു പറഞ്ഞത്

ഈറനുടുത്തൊരില രാപ്പാടിയുടെ 
ഈരടിയിലേക്ക് രാമഴപ്പാട്ടു മൂളിയപ്പോഴാണ്
കൗതുകത്തുണ്ടുപോല്‍ നമ്മള്‍ അക്ഷരങ്ങളെ നുണഞ്ഞത്

നിന്നധരത്തില്‍ നിന്നൂര്‍ന്ന 
ഒറ്റവാക്കിന്‍ മധുരമായിരുന്നു 
നീയെന്ന വൃത്തത്തില്‍   
ഞാന്‍ അക്ഷരങ്ങളായ് പുനര്‍ജ്ജനിച്ചത്

നിന്റെ വാചലതകളായിരുന്നു 
ഗ്രീഷ്മത്തില്‍ പൊട്ടിമുളക്കുന്ന മഴവിത്തുകള്‍ പോലെ
ഹൃദയത്തില്‍ വര്‍ണ്ണങ്ങള്‍ തൂവിയത്

പൂക്കളില്‍ മൃദുവായ്  ചുംബിക്കുന്ന
ശലഭങ്ങളെപോലെ 
നീ കഥകള്‍ മെനഞ്ഞപ്പോഴാണ് 
വസന്തഋതുക്കള്‍ 
നമുക്കിടയിലെന്നും പൂത്തുലഞ്ഞത്

നിശബ്ദ സംഗീതമായ് 
നീയെന്റെയാത്മാവില്‍
നക്ഷത്രതിളക്കമായപ്പോഴാണ്
പ്രണയം എന്നില്‍ മഴവില്ലു നിറച്ചത്!

നീയെന്നില്‍ കവിതയായ്  
പെയ്തിറങ്ങിയപ്പോഴാണ് 
തണല്‍മരങ്ങള്‍ക്ക് കൂട്ടിരുന്ന നിഴലുകള്‍
ഇരുകരകളേയും തഴുകിയൊഴുകിയത്!


കാലമൊരു കൗതുകത്തുണ്ടില്‍ 
കാത്തുവെച്ചൊരമൃതാണ് ഭൂവില്‍ പ്രണയം
സ്‌നേഹമെന്നൊരൊറ്റവാക്കാണ് 
നമുക്കിടയില്‍ പ്രണയം!

 

അടക്കം

മഴയുടെ ആദ്യനൂലിലൂടെ നടന്ന്
അവസാനതുള്ളിയില്‍
പൊള്ളിയടര്‍ന്നപ്പോളാണ് 
നീയെന്‍ മുന്നില്‍ നിറവായത്

മഴനനഞ്ഞയിടവഴികളിലൂടെ 
വിരല്‍കോര്‍ത്തു നടന്നപ്പോഴാണ് 
വെയില്‍ചിരികളെ നാം തൊട്ടെടുത്തത് 

ഗ്രീഷ്മം വാക്കുകള്‍ക്ക് മൗനം പകര്‍ന്നപ്പോള്‍ 
അസ്തമയത്തിന്റെ കാളിമയില്‍
നമ്മള്‍ മുങ്ങാoകുഴിയിട്ടു..

നഷ്ടപ്പെട്ട ഓര്‍മ്മകളെ ഇരുണ്ടതുരുത്തില്‍
നിന്നു കണ്ടെടുത്തപ്പോഴാണ് 
ദാര്‍ശനികതയുടെ വേരുകളായ്
നീയെന്നില്‍ പുനര്‍ജ്ജനിച്ചത്.

നീയെന്ന പരിശുദ്ധിയിലേക്ക് 
മൊഴിമാറ്റപ്പെട്ടപ്പോഴാണ് 
നേരിന്റെ ചില്ലകളില്‍ പൂത്തുനിന്ന വെണ്മേഘങ്ങളെ 
വാക്കുകള്‍ കവിതയായെന്നില്‍ 
അടക്കം ചെയ്തത്
 

click me!