അതെന്റെ മൂന്നാമത്തെ പ്രണയമായിരുന്നു, റീന പി ജി എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jul 06, 2021, 08:13 PM IST
അതെന്റെ മൂന്നാമത്തെ പ്രണയമായിരുന്നു,  റീന പി ജി എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  റീന പി ജി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

അതെ,
അതെന്റെ മൂന്നാമത്തെ പ്രണയമായിരുന്നു.
മൂന്നിനൊരു പ്രത്യേകതയുണ്ട്.
അത് അവസാനിപ്പിക്കാനുള്ളതാണ്.
ഒന്നല്ലെങ്കില്‍ മൂന്ന് എന്ന് കേട്ടിട്ടില്ലേ?
ഒന്നുകില്‍ അത് ആത്മഹത്യ ചെയ്യണം,
അല്ലെങ്കില്‍ കൊല്ലണം.
അതിക്രൂരമായി തന്നെ.
പ്രണയത്തെ ക്രൂരമായി കൊല്ലുന്നത് എന്തൊരു ഹരമാണല്ലേ!


അതെ,
അതെന്റെ മൂന്നാമത്തെ പ്രണയമായിരുന്നു.
ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍
ചോരയുടെ കട്ട ചവര്‍പ്പ്.
ഇടത്തെ മുലയിലെ
വിരല്‍പ്പാടുകളില്‍ ചോരയുടെ വിങ്ങല്‍.
വിറളി പിടിച്ച ഓരോ കോശവും ഭ്രാന്തെടുത്ത് തുള്ളുന്നു.

അതെ,
മൂന്നാമത്തെ പ്രണയത്തിലാണ്
ഞാന്‍ ഉന്മാദിനിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.
അടിവയറ്റിലെ
കടന്നല്‍ കുത്തുന്ന 
വേദനയുടെ ഇടവേളകളിലും 
ഞാന്‍ അലറി ചിരിച്ചത്.
എങ്ങുനിന്നോ പതുങ്ങിവന്ന
ഒരു പൂച്ചമിനുസം
എന്റെ കാലുകള്‍ക്കിടയിലൂടെ
പോയ് മറഞ്ഞത്.
ഉടലിന്റെ പുകച്ചിലുകള്‍ക്കിടയില്‍ 
ഹൃദയത്തിന്റെ പൊട്ടിപ്പൊളിഞ്ഞ 
വക്കുകളിലെവിടെയോ പ്രണയം 
ഒട്ടിക്കിടക്കുന്നുവെന്ന്  ധരിച്ചുവെച്ചത്.
  
മൂന്നാമത്തെ പ്രണയത്തെ കൊന്നുകളയണോയെന്ന്
ചിന്തിച്ചു തുടങ്ങിയതില്‍
പിന്നെയാണ്
ഞാന്‍ നിഗൂഢതയിലൂടെ
അലയാന്‍ തുടങ്ങിയത്.

ഒരു പക്ഷേ 
അത് ആത്മഹത്യ ചെയ്‌തേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
എങ്കില്‍ ഞാന്‍ തോറ്റു പോവില്ലേ?

എനിക്ക് ജയിയ്ക്കണം.
മഞ്ഞരളിക്കായ്കളുടെ മഞ്ഞപ്പില്‍ വായും വയറും 
മഞ്ഞക്കടലായിട്ടും 
പാതിജീവനായ പ്രണയം പൂച്ചപ്പതുങ്ങലോടെ 
വീണ്ടും കാലിലുരസി.

അഴുക്കുചാലില്‍ കിടന്ന് കുത്തിമറിഞ്ഞ് 
വീണ്ടും അതെന്റെ ഉടല്‍ മുഴുവന്‍ അഴുക്കാക്കി.
എനിക്കെന്നെ തന്നെ നാറാന്‍ തുടങ്ങിയിരുന്നു. 
പ്രണയത്തിന്റെ ചീഞ്ഞ ഗന്ധം.
ഒരു ഗംഗാസ്‌നാനത്തിനും കഴുകിക്കളയാന്‍ പറ്റാത്തത്ര നാറ്റം.

എങ്ങനെ വീണാലും
ഞാന്‍ നാലു കാലില്‍ തന്നെയെന്ന്
മൂരി നിവര്‍ത്തി മീശ വിറപ്പിച്ച് 
പ്രണയം വീണ്ടുമെന്നെ 
തുറിച്ച് 
നോക്കിക്കൊണ്ടേയിരുന്നു.

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത