Malayalam Poem : ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ നീ, സാബു എസ് പടയണിവെട്ടം എഴുതിയ കവിത

Published : Apr 11, 2022, 02:47 PM IST
Malayalam Poem :  ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ നീ, സാബു എസ് പടയണിവെട്ടം എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സാബു എസ് പടയണിവെട്ടം എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

മരിച്ചുകിടക്കുമ്പോള്‍ 
നീ
എന്നെ വന്നിങ്ങനെ 
മണത്ത് നോക്കരുത്.
നിനക്കതിന്‍പേര്
അന്ത്യചുംബനമെന്നാകിലും, 
എനിക്കത് സ്വര്‍ഗ്ഗനരക കവാടങ്ങളിലേക്കുളള
വഴിതെററിക്കലാണ്.

മരിച്ചുകിടക്കുമ്പോള്‍ 
നീ
എന്നെ വന്നിങ്ങനെ
ഇറുകെ പുണരരുത്.
നിനക്കതെന്നോട്
പ്രാണനിലുളള പ്രേമമാണെങ്കിലും, 
എനിക്കത്
ദേഹത്തെ വെടിഞ്ഞുകഴിഞ്ഞ
ദേഹിയെ ബന്ധിക്കുന്നതിന് തുല്യമാണ്.

മരിച്ചുകിടക്കുമ്പോള്‍
നീ
എന്റെ കാതുകളില്‍
കരച്ചിലായ് ആര്‍ത്തലയ്ക്കരുത്
നിനക്കത്,
ഞാന്‍ ഉണര്‍ന്നിടാനുളള അവസാന
പിടിവളളിയാകാം.
എനിക്കത്, 
മൃതമസ്തിഷകത്തില്‍
ഒരിക്കലും കേള്‍ക്കാനിടവരാത്ത
മരവിച്ച സംഗീതമാണ്.

മരിച്ച്കിടക്കുമ്പോള്‍ 
നീ
എന്റെ കരങ്ങള്‍ 
ചേര്‍ത്ത് പിടിക്കരുത്
നിനക്കത്,
മരച്ച വിരലുകള്‍ക്കിടയിലെ
ചൂട് വറ്റാത്ത സാന്ത്വനം തിരയലാവാം.
എനിക്കത്,
പരത്തിലേക്ക് സൂക്ഷിച്ചെടുത്തുവെച്ച
അവസാനശ്വാസത്തിന്‍ 
മുറുകെപ്പിടിക്കലുകളാണ്.

മരിച്ച്കിടക്കുമ്പോള്‍ 
നീ
എന്റെ തലയ്ക്കല്‍ 
തിരികൊളുത്തിവെയ്ക്കരുത്.
നിനക്കത്
ഞാനെന്ന സാന്നിദ്ധ്യത്തിന്റെ
ഇരുള്‍നീക്കലാവാം.
എനിക്കത്,
എരിയുന്ന പട്ടടയിലേക്ക് 
നേരത്തേയുളള വഴിദീപമാണ്.

മരിച്ച്കിടക്കുമ്പോള്‍ 
നീ
എന്നെ കുളിപ്പിക്കാന്‍ കൊടുക്കരുത്
നിനക്കത്,
എന്റെ ആത്മാവിനെ 
കഴുകി വെടിപ്പാക്കലാകാം.
എനിക്കത്,
എരിതീയിലെ പൊളളലുകളില്‍ 
മുന്‍കൂറായ് നീറ്റലുകളിററിക്കുന്ന
അണുക്കളിഴയുന്ന വിഷദ്രവമാണ്

എരിയാന്‍ കിടത്തുമ്പോള്‍ 
നീ
എന്റെ മുഖംമറച്ച്
ഒരു മരത്തുണ്ട് പോലും വെയ്ക്കരുത്
നിനക്കത് 
എന്റെ മുഖമുരുകുന്ന കാഴ്ച
താങ്ങാന്‍പററാത്തതിനാലാവാം.
എനിക്കത്,
അവസാനമായുളള ആകാശക്കാഴ്ചയുടെ
മറയ്ക്കലാണ്.

ഇടുപ്പെല്ല് കത്തിയമരുമ്പോള്‍ 
നീ
തിരിഞ്ഞ് നോക്കാതെ നടന്ന് മറയരുത്.
ഇടയ്‌ക്കൊന്ന് പൊട്ടിച്ചിതറുമ്പോള്‍
എന്‍ തലച്ചോറിനടുത്തായി
ഇരിക്കുവാന്‍ നീ മാത്രമാവാം.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത