Malayalam Poem : ഒരു പകലുറക്കത്തിലെ അവളുടെ സ്വപ്നങ്ങള്‍, സഞ്ജയ് നാഥ് എഴുതിയ കവിത

Published : Apr 11, 2023, 06:12 PM IST
Malayalam Poem : ഒരു പകലുറക്കത്തിലെ  അവളുടെ സ്വപ്നങ്ങള്‍, സഞ്ജയ് നാഥ് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സഞ്ജയ് നാഥ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

വീടുറങ്ങിയതിന് ശേഷം
വീടിനോടൊപ്പം 
സ്വപ്നം
കാണുകയായിരുന്നു അവള്‍.

രാവിലെയുണര്‍ന്ന് അടുക്കളയെ
ഉണര്‍ത്തി, ചായ തിളപ്പിച്ച്
ഇളംവെയിലൊനൊപ്പം ഉലാത്തി
കണ്ണ് ചിമ്മാതെ സൂര്യനെ നോക്കി
പാവാട മുട്ടോളം ചുരുട്ടി
മഞ്ഞ് വീണ മണ്ണില്‍ ചവുട്ടി
ലതാമങ്കേഷ്‌ക്കറെ കേട്ട്
നൃത്തം ചവിട്ടുന്നത്.

നഗരത്തിന്റെ തിരക്കിലൂടെ
പാഞ്ഞുപോകുന്ന വാഹനത്തിലെ
തിരക്കില്‍ കൈ കൊട്ടിപാടുന്നത്,
പ്രണയം നിറഞ്ഞ കണ്ണുകളോടെ
കാമുകനെ നോക്കുന്നത്,
നിറഞ്ഞ ക്ലാസ്മുറിയിലെ
തമാശകളില്‍ അലറിച്ചിരിയ്ക്കുന്നത്,
പെരുമഴയില്‍ നനയുന്ന വീടിനെ
ചേര്‍ത്ത് പിടിച്ച് ഒപ്പം നനയുന്നത്,
മീനച്ചൂടിനൊപ്പം ഉരുകുന്ന വീടിന്
തണലാവുന്നത്.

ആകാശച്ചരുവിലെ പട്ടത്തെ
കാറ്റിനൊപ്പം അയച്ച് വിട്ട്
അതിനൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നത്.

ഒറ്റയ്ക്കാകുന്ന വൈകുന്നേരങ്ങളില്‍
വീടിനൊപ്പം ഒളിച്ച് കളിയ്ക്കുന്നത്.

പുല്‍ച്ചാടിയ്‌ക്കൊപ്പം ചാടുന്നത്.
വീടുണര്‍ന്ന് അവളെയുണര്‍ത്തുന്നത്.

പകലിന്റെ തിരക്കുകളിലേക്ക്
അലച്ചു വീഴുമ്പോഴൊക്കെ
കൂട്ടിനാരുമില്ലാതെയാവുന്ന
അവളുടെ ദിനസരികളിലേക്ക്
ഉറക്കച്ചടവോടെയെത്തുന്ന
വീട് അവളെ സാന്ത്വനിപ്പിക്കാറുണ്ട്.
സ്വപ്നം കണ്ട് കണ്ട് തീര്‍ക്കുന്ന
അവളുടെ ദിവസങ്ങളെ
ഒരിയ്ക്കല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന്
വാക്ക് നല്കാറുണ്ട്.

വീടിനെ പ്രണയിച്ചവള്‍
വീടായിമാറിയൊരു
പുതിയ കഥ എഴുതുന്നുണ്ട്.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത