Malayalam Poem : പ്രണയസമാധി, സെമിന സാറാ ഹുസൈന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published May 4, 2022, 4:18 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സെമിന സാറാ ഹുസൈന്‍ എഴുതിയ കവിത

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഞാന്‍ കണ്ടതാ.
ആരും കാണാത്തൊരു പ്രണയം.
പ്രണയി, 
നീണ്ടുറച്ച മേലും 
മിന്നുന്ന വായ്ത്തലയുമുള്ള 
ഇടിവെട്ട് 'കൈക്കോട്ട്'

പ്രണയിനി,
വെള്ളിത്തിളക്കമുള്ള തൊലിയും
കൊഴുത്തുരുണ്ട മേനിയുമുള്ള
കിടുക്കാച്ചി 'കുടം'

ഞാന്‍ കണ്ടതാ..
വിതയ്ക്കാനൊരുക്കിയ വയലില്‍
തുളുമ്പിയ നിറകുടം നിര്‍ത്താതെ പെയ്യുന്നത്.
മെലിഞ്ഞ മാറില്‍ ചാരിക്കിടന്നവള്‍
പയ്യാരം പറയുന്നത്,
തേങ്ങി കരയുന്നത്.

പൊതിക്കെട്ടഴിച്ചവര്‍
പലഹാരം പങ്കിടുന്നത് 
പൊട്ടിച്ചിരിക്കുന്നത്.
മടിക്കുത്തില്‍ നിന്ന് മുറുക്കാനെടുക്കുന്നത്,
നീട്ടിതുപ്പുന്നത്.
രണ്ടാളും കൂടുമ്പോള്‍
കൈതപ്പൂ വിടരുന്നത്, 
കോടമഞ്ഞിറങ്ങുന്നത്.

കുണുങ്ങി നടക്കുന്നവളെ കൊതിയോടെ നോക്കുന്നത്, കണ്ണിറുക്കുന്നത്.
മുങ്ങി നിവരുന്നവളോടെന്തു  ചന്തമെന്നോതുന്നത്, മുടിയില്‍ തഴുകുന്നത്.
ഉച്ചവെയില്‍ ചായുമ്പോള്‍ കിന്നാരം പറയുന്നത്, കവിളില്‍ നുള്ളുന്നത്.

പിന്നെ
ഒരു കൊച്ചു ഭൂമികുലുക്കം,
വലിയ കോലാഹലം.
കുടത്തിന്റെ ഉടമയെത്തി,
കൈക്കോട്ടിന്റെയും.

ഞാന്‍ കണ്ടതാ..
വക്കു പൊട്ടിയ കുടം വടക്കോട്ടുരുണ്ടത്
പൂളൂരിയ കൈക്കോട്ട്  പടിഞ്ഞാട്ടു പാഞ്ഞത്.
പൊന്നും കുടത്തെ
അടിച്ചു ഞെളുക്കി
അട്ടത്തു കേറ്റിയത്.

അട്ടത്തിരുന്നവളാ മിന്നുന്ന വായ്ത്തലയോര്‍ത്തു  തുളുമ്പി തൂവിയത്.
കൈക്കോട്ട് നേരെ കോലായില്‍ കേറിയത്
മണ്ണുകാണാതെ മഞ്ഞറിയാതെ തുരുമ്പിച്ചരിപ്പയായത്.

ഞാന്‍ കണ്ടതാ
കത്തിയടര്‍ന്ന പ്രണയത്തിന്റെ മുറിവോര്‍മ്മയില്‍ നിന്ന്
നിലക്കാതെയിറ്റുന്ന ചുവന്ന ഭ്രാന്തന്‍ പൂക്കള്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!