Malayalam Poem: തെരുവ്, അഥവാ ഒരു മനുഷ്യന്‍, ഷഹനാ ജാസ്മിന്‍ എഴുതിയ കവിത

Published : Apr 25, 2024, 04:40 PM IST
Malayalam Poem:  തെരുവ്, അഥവാ ഒരു മനുഷ്യന്‍, ഷഹനാ ജാസ്മിന്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷഹനാ ജാസ്മിന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 


അടയാളങ്ങളിടാതെ മരിച്ച മനുഷ്യരുടെ സ്വപ്നങ്ങളിലേക്ക് എന്നെങ്കിലും എത്തിനോക്കിയിട്ടുണ്ടോ...?

പൊടിപിടിച്ച് വിറങ്ങലിച്ച്, സ്വപ്നങ്ങളുടെ ഛായയുള്ള മുടിയിഴകളില്‍ ഒരു തെരുവിന്റെ മുഴുവന്‍ കനവുമുണ്ടാവും

കടന്നോടിയ നോട്ടങ്ങളില്‍ സഹതാപത്തിന്റെ ചൂടേറ്റ് തഴമ്പിച്ച പകലുകള്‍.

കരുതിവെക്കലുകള്‍ക്കിടം ചേര്‍ത്ത ഓട്ടവീണ കീശയില്‍ അയാള്‍ മുഴുവന്‍ കനവും പെറുക്കിയിടുന്നു. നഗരത്തിന്റെ നാനാ രുചിനൂലുകളും പറന്നുവന്ന് കോര്‍ക്കപ്പെടുന്നത് അയാളുടെ മൂക്കിന്റെ മുനകളിലാണ്.

ചവിട്ടിത്തേഞ്ഞു ബലം വെച്ച കാലുകള്‍ക്ക് ചെരുപ്പുകള്‍ അനാവശ്യമെന്നു തോന്നും. മോതിരം കുരുങ്ങി വീര്‍ത്ത വിരല്‍ കൊള്ളികളില്‍ അയാളുടെ മുഴുവന്‍ ജീവിതവും വീങ്ങിയിരിപ്പുണ്ട്...

അയാളുടെ മുറിവില്‍ നിന്ന് ചലംചിന്തിയാണ്, ഓരോ വൈകുന്നേരങ്ങളും മഞ്ഞച്ചിരിക്കുന്നത്. പിന്നെയത്, ചോത്ത ചോരപ്പാടുകളോ അന്തി പോലെ കറുത്ത കലകളോ ആകുന്നു

ചെപ്പിയടച്ച കാതുകളില്‍ അയാള്‍ എല്ലാ പാട്ടുകളും തടഞ്ഞു വയ്ക്കുന്നു. എന്നിട്ടും തെരുവിന്റെ പാട്ടുകളിലൊന്ന്, അയാളുടെ മുടിയീര്‍പ്പകള്‍ക്ക് സമാനമായ് ശബ്ദതരംഗങ്ങളുടെ രേഖാചിത്രം പോലെ കാതുകളില്‍ വന്നുരുമ്മി നോക്കുന്നു. 

കുടിയില്ലാത്തോനേ... കുടിയില്ലാത്തോനേ...' എന്നാരോ ഓരിയിടുമ്പോലെ...

പള്ളയെരിഞ്ഞെരിഞ്ഞ് കത്തുമ്പോഴാണ് ഒരാള്‍ക്ക് ഏറ്റവും മനോഹരമായി പാടാനാവുക എന്നോര്‍മിപ്പിച്ചുകൊണ്ട്... അതുമല്ലെങ്കില്‍ ഉള്ളു നിറഞ്ഞ ഏതോ രാത്രികളിലൊന്ന്...

അപ്പോള്‍ അയാളുടെ കുഴിയിലുറങ്ങുന്ന കൃഷ്ണമണികള്‍ക്കു ചുറ്റും പ്രണയത്തിന്റെ നീലനീല വലയങ്ങള്‍!

കാക്കാത്തിയുടെ കാല്‍ചുള്ളികളില്‍ നിന്ന് മൂക്കുത്തിയോളം അരിച്ചു കയറുന്നു, അതിന്റെ പ്രേമപ്പൊട്ടുകള്‍... തെരുവു നക്കുന്ന ഉടലില്‍ നിന്ന് ആകാശത്തോളം പറന്നെത്തുന്നു, നക്ഷത്രം കുരുക്കിയിട്ടൊരു നൂല്.

പക്ഷേ പള്ള നിറയാത്ത മനുഷ്യന്, പാട്ടുകളില്ല! 

പാലത്തിനടിയില്‍ നിന്ന് വിറങ്ങലിച്ച് വ്രണം വന്ന കാലുകളില്‍ ഈച്ചകള്‍ തുപ്പിനോക്കും വരെ, അയാള്‍ക്ക് ഭൂതകാലങ്ങളില്ല.കാക്കാത്തിയോ മൂക്കുത്തിയോ ഇല്ല. 

പിന്നെ എന്താണ്...? 

പതിയെപ്പതിയെയാണ് അയാള്‍ തന്റെ സ്വപ്നങ്ങള്‍ ഉരുഞ്ഞിടുക. ലോകത്തിന്റെ മുഴുവന്‍ വിശപ്പുകളുടെയും കനം പേറി..,ചോരചിന്തി...,ചര്‍ദിച്ച്.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത