Latest Videos

Malayalam Poem : വായന, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

By Chilla Lit SpaceFirst Published Jun 17, 2023, 2:14 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

രാത്രിയില്‍ ഒറ്റയ്ക്ക്, 
ഓര്‍മ്മകള്‍ 
വേര്‍പ്പെടുത്തി
ഒരു പുസ്തകത്തിലെ 
പേജുകള്‍ പോലെ, 
ഞാന്‍ അത് വായിക്കുന്നു

അക്ഷരങ്ങള്‍ മാഞ്ഞു
തുടങ്ങിയിരുന്നു,
സ്‌കൂളിലേക്കുള്ള 
ആദ്യ യാത്രയിലെ
കരച്ചില്‍നനവുണങ്ങാത്ത
പേജില്‍
ആദ്യ മഴയില്‍ നനഞ്ഞ
ഉടുപ്പിന്റെ പശിമയും
ഇല്ലം കടത്തിയ
പൂച്ചക്കുട്ടികളുടെ
ഈച്ചയാര്‍ക്കുന്ന 
അഴുകിയ ഉടല്‍ മണക്കുന്ന
തീപ്പെട്ടി കമ്പനിയുടെ 
മുന്‍പിലെ ഇടവഴിയും

നനഞ്ഞ ജലച്ചായ ചിത്രം പോലെ
ആദ്യപേജുകളില്‍ നിറം മങ്ങി
 
ഇപ്പോഴും 
കടുത്ത നിറങ്ങളാണ്
ഓളിയകത്തെ ഇരുട്ടില്‍,
ആദ്യചുംബനത്തിന്റെ
പിടച്ചില്‍  വരഞ്ഞിട്ട പുറത്തിന്
നഖമുനകളുടെ
തിണര്‍ത്തുചുവന്ന പാടുകള്‍
നിറഞ്ഞൊരുടല്‍

ഭാനുമതി ടീച്ചറുടെ 
വള്ളിച്ചൂരലിന്റെ പുളച്ചിലില്‍ 
നീറുന്ന ഇടംകൈ,
സ്‌കൂളിന്റെ ഇടനാഴിയില്‍ 
ഒരു മാത്ര നെഞ്ചിലമര്‍ന്നു 
അടര്‍ന്നു മാറിയ കൂട്ടുകാരി,
അക്ഷത്തെറ്റുകളുടെ
ഒരു കോപ്പി പുസ്തകം
ഭംഗിയുള്ള കൈപ്പട.

ചിതലരിച്ച 
അക്ഷരങ്ങളില്‍ നിന്ന്
ദ്രവിച്ച ജീവിതത്തിന്റെ ഏടുകള്‍
ഊഹിച്ചെടുക്കാന്‍ വയ്യ,
ജീര്‍ണിച്ച ഓര്‍മ്മകളും.

ഇടിമുഴക്കങ്ങള്‍ കാതോര്‍ത്തിരുന്ന്
പുകഞ്ഞു തീര്‍ന്ന രാത്രികള്‍
വിരക്തിയും സ്‌നേഹനിരാസവും 
കെട്ടുപിണഞ്ഞ
ഓര്‍മ്മ ഞരമ്പുകള്‍,
നിരസിക്കപ്പെട്ട പ്രണയത്തിന്റെ
ഒറ്റയടിപ്പാതകള്‍, ഇടവഴികള്‍.

പേജുകള്‍ക്കിടയില്‍
ഉണങ്ങിയ ഓര്‍മ്മകളുടെ
സുഗന്ധമില്ലാത്ത ശേഷിപ്പുകള്‍,
ഒറ്റുകൊടുക്കപ്പെട്ട ചങ്ങാതി
ജീവിതം പാതിയില്‍
ഉപേക്ഷിച്ചുപോയ രാത്രിക്ക്
ഇപ്പോഴും 
ഉണങ്ങാത്ത ചോരയുടെ കുരുതി മണം.

വെളുത്ത പേജില്‍
ചുവപ്പ് നിറത്തില്‍
ചിതറിപ്പോയഒരു ജീവന്റെ
അബ്‌സ്ട്രാക്ട് പെയിന്റിംഗ്.

നാടുകടത്തപ്പെട്ട്
മണല്‍ നഗരത്തിലെ
ഉഷ്ണദിനങ്ങളില്‍
അലഞ്ഞു നടന്നവന്റെ
ഓര്‍മകള്‍ക്കും
ഉഷ്ണത്തീയില്‍
പൊള്ളിയടര്‍ന്ന ഉടല്‍മണം;
രാത്രിയില്‍ നിലാവുദിക്കുന്ന
മണല്‍ക്കുന്നുകളുടെ മൗനം. 

ചില പുറങ്ങളില്‍
സ്ഖലിച്ചു പോയ ഓര്‍മ്മകളുടെ മഞ്ഞനിറം,
പാതി നിര്‍ത്തിയ ഡയറിക്കുറിപ്പുകള്‍ പോലെ
അനാഥമായ പ്രണയങ്ങള്‍;
ഉടല്‍ കൊത്തിയെടുത്തു പറന്ന രാത്രികളുടെ
കൊഴുത്ത മണം നിറഞ്ഞ പേജുകള്‍,
പ്രലോഭനങ്ങളുടെ കന്യാരാവുകള്‍!

ഉപേക്ഷിക്കപ്പെട്ടവന്റെ രാത്രി പോലെ
അടരുകള്‍ വിട്ട,
ആരും വായിക്കാനെടുക്കാത്ത
പുസ്തകം പോലെ
ഓര്‍മ്മകള്‍!

കടലെടുത്ത വീട് പോലെ
ഓരോ തിരയിലും അലിഞ്ഞില്ലാതാവുന്നു,
ജീവിതം

രാത്രിയില്‍ ഒറ്റയ്ക്ക്
അക്ഷരങ്ങള്‍ മാഞ്ഞുപോയ പുസ്തകം
ഞാന്‍ ജീവിതം പോലെ
വായിക്കുന്നു

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!