Latest Videos

ഉപേക്ഷിക്കപ്പെട്ട താക്കോലുകള്‍, സുജേഷ് പി പി എഴുതിയ കവിത

By Chilla Lit SpaceFirst Published Jun 1, 2023, 6:13 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

എവിടെയാണ് നാം തുറന്നിട്ട
താക്കോലുകളെല്ലാം
ഉപേക്ഷിക്കപ്പെട്ട് പോവുന്നത് ?

വാതില്‍ക്കൊളുത്തില്‍
ജനല്‍പ്പടിയില്‍,
ചുമര്‍ക്കലണ്ടറില്‍ നിന്ന് 
ഒരു പക്ഷെ ആകാശം 
തുറക്കാനെന്നമട്ടില്‍
ശൂന്യതയിലേക്ക് നിശബ്ദം സന്യസിക്കുകയാവാം,
അപ്രത്യക്ഷമാവുന്നതുമാവാം,

അല്ലെങ്കില്‍ രാത്രിയിരുട്ടിന്റെ
നക്ഷത്ര തൊങ്ങലുള്ള
ജനല്‍ വിരികളെ
തുറന്നുവെക്കാന്‍ ഇറങ്ങിത്തിരിച്ചതുമാവാം

എവിടെയാണ് നാം തുറന്നിട്ട
താക്കോലുകളെല്ലാം
ഉപേക്ഷിക്കപ്പെട്ട് പോവുന്നത് ?

മരം അതിന്റെ ഇലകളെ,
ഒറ്റക്കാതുള്ള പൂട്ടിന്റെ മാതൃകളെ, 
തൂക്കിയിടുന്നത് കൊണ്ടാവുമോ
എല്ലാം തുറന്ന് വെക്കുക എന്ന
ബുദ്ധ പാരമ്പര്യത്തെ
പിന്‍പറ്റുന്നത് കൊണ്ടാവുമോ,

നോക്കൂ,
മരം അതിന്റെ ഇലകളെ 
തുറന്നു വെക്കാനെന്നവണ്ണം
താക്കോലുകളെ
ചുമലിലേറ്റിനില്‍പ്പുണ്ട്,
നമുക്കത് കാണാന്‍ 
കഴിയുന്നില്ല എന്നേയുള്ളൂ,

അല്ലെങ്കിലും 
പൂട്ടി വെച്ച് കൊഴിയുന്നതും
കരിയിലയായി പറക്കാതെ
നിശബ്ദമാവുന്നതും
ഏത് മരമാണ് സഹിക്കുക ?
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!