Malayalam Poems: മരണസന്ധി, വിശാഖ് കടമ്പാട്ട് എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Dec 18, 2023, 6:05 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിശാഖ് കടമ്പാട്ട് എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

മരണസന്ധി

മെടഞ്ഞു മിനുക്കിയ 
പിരിയന്‍ ചകിരി 
കാല്‍വെള്ളയിലെ
പകലുകളെ കഴുകിയിറക്കുമ്പോള്‍
അടുക്കളപ്പുറത്ത് ചൂട്ട് തെളിച്ച്
അവളൊരു മണ്‍കലം മോറി വെളുപ്പിക്കും.
പാറി തുടങ്ങിയ ഇയ്യാമ്പാറ്റകളെ
വിറകിന്‍ തുമ്പില്‍ തിളങ്ങി നിന്ന്
ഒരു ചെറിയ തീനാളം കൈയ്യാട്ടി വിളിക്കും.

തീയില്‍ പുകച്ചെടുത്ത
മരണപ്പെട്ടൊരുണക്കമീന്‍ 
ഇന്നലെകളില്‍ മാത്രം 
കഞ്ഞിവെള്ളത്തിന് മുകളില്‍
ജീവന്റെ കുമിളകള്‍ ഉപേക്ഷിച്ച് 
ദൂരെയെവിടേക്കോ നീന്തിപ്പോകും.
ആ കുമിളകള്‍ക്ക് മുകളില്‍
വിശപ്പിന്റെ കണ്ണുകള്‍ 
മൊട്ടുസൂചികൊണ്ടൊരു 
ആഴക്കടല്‍ പണിയും.

എണ്ണിപ്പെറുക്കിയ മുത്തുകള്‍ കൂട്ടി
ഒരു ജപമാല കോര്‍ക്കുമ്പോള്‍
തള്ളവിരല്‍ കൊണ്ടവള്‍ 
ഉറങ്ങാന്‍ കിടന്നവര്‍ക്ക് 
രണ്ട് മരക്കുരിശുകള്‍
വരച്ചു കൊടുത്തു.

ഒന്ന് നെറ്റിയിലും, മറ്റൊന്ന് ഓര്‍മ്മയിലും.

ചുവരില്‍ തൂങ്ങിയ 
ദൈവത്തിന്റെ കയ്യിലെ ആണിയൂരി 
നിലച്ചു പോയ ഒരു പൊട്ടിയ ക്ലോക്ക് 
തൂക്കിയിടുമ്പോള്‍ 
തുറിച്ച് നോക്കിയ കൊമ്പന്‍ സൂചികള്‍
തല കീഴായി അനങ്ങി തുടങ്ങും.

അപ്പോള്‍ ഞങ്ങള്‍ രണ്ടാളും
സ്തുതി ചൊല്ലി ഉറങ്ങാന്‍ കിടക്കും.

ഞാന്‍ കട്ടിലിലേക്കും, അവള്‍ കല്ലറയിലേക്കും.

 

മൂക്കുത്തി വെട്ടം

ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ക്കിടയിലൂടെ
ദിശ തെറ്റിയലയുന്ന നേരത്തവിടേക്ക്
പരന്നൊഴുകിയെത്തി വെള്ളി വെളിച്ചം.

കൂടെ നിന്നവര്‍ പോയിക്കഴിഞ്ഞിട്ടും
എഴുതിയൊരുക്കിയ കണ്ണുകള്‍
ഒറ്റയ്‌ക്കൊരുവനെ പിടിച്ചു നിര്‍ത്തി,
വരിഞ്ഞു മുറുക്കുന്ന പെരുമ്പാമ്പിന്റെ
ഇരയായി മാറാന്‍ പാട്ട് മൂളിയ നത്ത്
അവനെ കൂട്ടിന് വിളിച്ചു.

തട്ടിത്തെറിപ്പിച്ച അക്ഷരക്കുഞ്ഞുങ്ങളെ
പെറുക്കിയടുക്കുന്ന നീളന്‍ വിരലുകള്‍
ദൂരെയുള്ള കാട്ടിലേക്ക് ചൂണ്ടി.

കൂര്‍ത്ത നഖങ്ങളാല്‍ 
മിനുക്കിയൊരുക്കിയ വിരലുകളില്‍ 
വിഷം പുരട്ടിയ നേരത്ത്
മുന്‍പേ പോയവര്‍ ഓടിയൊളിച്ചു.
ഇരമ്പിയെത്തുന്ന കടല്‍ വെള്ളത്തില്‍
നഞ്ച് കലര്‍ത്തി വേവിച്ചെടുത്ത
ചെന്നായക്കൂട്ടം 
വെളിച്ചത്തിന് ചുറ്റും വലയം തീര്‍ത്ത് 
മന്ത്രങ്ങള്‍ മൊഴിഞ്ഞു.

താളത്തില്‍ ചൊല്ലിക്കേട്ട മന്ത്രത്തിന്റെ
ചൂടില്‍ ഉരുകിയൊലിച്ച 
യാത്രികന് നേര്‍ക്ക് 
മഞ്ഞുകാലം വരുമെന്ന്
അവര്‍ പറഞ്ഞു കൊടുത്തു.

രമ്യമായ തുരുത്ത് തേടിപ്പോയവരൊക്കെ
മുള്‍വേലികളാല്‍ തീര്‍ത്ത വലയത്തിലകപ്പെട്ടു.
വരയിട്ട കണ്ണുകളില്‍ വെട്ടിയൊരുക്കിയ
പൊട്ടക്കിണര്‍ വാ പൊളിച്ചു നിന്ന്
ക്ഷണക്കത്ത് നല്‍കി.

വഴി തെറ്റി നടന്നവന്‍ 
കിണറിന്‍ വക്കത്തെ 
ചേര് മരത്തില്‍ 
നൂലൂഞ്ഞാല്‍ തീര്‍ത്തു.

ചൊറിഞ്ഞു പൊട്ടിയ ദേഹത്ത്
ഉമ്മ വയ്ക്കുന്ന കണ്ണീച്ചകള്‍ 
സ്വപ്നങ്ങളില്‍
പൂമ്പാറ്റകളുടെ വസ്ത്രം ധരിക്കാറുണ്ട്.

പിഴുതു പോയ നാവ് പെറ്റു കൂട്ടിയ
വാക്കുകള്‍ ചാറ്റല്‍ മഴയില്‍
മണ്‍കട്ടകളോടൊപ്പം ജീവനൊടുക്കി.

തെറ്റിച്ച് വരച്ചു കൊടുത്ത വഴിയിലൂടെ
നടന്നവന് വഴിയില്‍ കണ്ടവര്‍
ഒറ്റക്കണ്ണുള്ള കുന്നിക്കുരുകള്‍ സമ്മാനിച്ചു.

പ്രേതം പാടിക്കൊടുത്ത പാട്ടില്‍
ഉറങ്ങാന്‍ കിടന്നവര്‍ പിന്നീട് ഉണര്‍ന്നില്ല.

വഴി മറന്നവന്റെ കഥകള്‍
ആദ്യം കണ്ട നിഴലിനോട് നിരന്തരം
പുലമ്പുന്ന കൃഷ്ണമണികള്‍
കടന്നലുകളെപ്പോല്‍ മുറിവേല്‍പ്പിക്കാറുണ്ട്.

ചുവന്ന നിറമുള്ള കാട്ടില്‍
പറ്റിപ്പിടിച്ചിരിക്കുന്ന ഓന്തുകള്‍ക്ക്
നിറം നല്‍കാന്‍ കൂര്‍ത്ത നഖമുള്ള
വിരലുകളെ ചട്ടം കെട്ടിയവര്‍ ദൂരെയാണ്.

കൂടം മുറിക്കാത്ത കാട്ടു പാറയില്‍
സൂചി കൊണ്ട് കുത്തി തിളക്കമുള്ള
മൂക്കുത്തി ഇട്ടു കൊടുത്തു.
കൈവെള്ള പൊള്ളിയടര്‍ത്തുന്ന
കനലില്‍ തീര്‍ത്ത മൂക്കുത്തി.
ഒറ്റച്ചക്രത്തിന്റെ തേരില്‍ വരുന്നവരാരെങ്കിലും
അത് ഊരിയെടുത്തേക്കാം.

തല പൊന്തിയ പാറയില്‍ മയങ്ങുന്ന
മൂക്കുത്തി ചിലപ്പോള്‍ വെളിച്ചം കാട്ടും.
ചെന്നായ്ക്കള്‍ വീട് തീര്‍ത്ത കാട്ടില്‍
ഒറ്റയ്ക്ക് അക്ഷരം പെറുക്കാന്‍
പോകുന്നവര്‍ക്ക് വഴിയൊരുക്കി
പൊട്ടക്കിണറിലേക്ക് എത്തിക്കും.
ചേരില്‍ തീര്‍ത്ത ഊഞ്ഞാല്‍ പൊട്ടിയിട്ടില്ല.
കിണറില്‍ വീഴാതെ ആടുന്നവര്‍ക്ക്
മാത്രം അക്കരെയ്ക്ക് എത്താം.
ചിലപ്പോള്‍ മാത്രം കോമ്പല്ല്
നീട്ടിയ കിണര്‍ ഇരയെ വിഴുങ്ങും.
ചുരണ്ടു കിടന്നവര്‍ കണ്ണു തുറന്നു.
ചുവരില്‍ കുത്തിയ തീപ്പന്തം
അണഞ്ഞു പോയെങ്കിലും
ദൂരെ എവിടെയോ ഒരു
മൂക്കുത്തിയോളം വരുന്ന സൂര്യന്‍
അപ്പോഴും തിളങ്ങി നില്‍ക്കും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!