MalayalamPoem : ചിറകുകള്‍ അടരുമ്പോള്‍, മനോജ് ചോല എഴുതിയ കവിതകള്‍

Published : Oct 24, 2022, 04:20 PM IST
MalayalamPoem : ചിറകുകള്‍ അടരുമ്പോള്‍,   മനോജ് ചോല എഴുതിയ കവിതകള്‍

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  മനോജ് ചോല എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ചിറകുകള്‍ അടരുമ്പോള്‍

നിങ്ങളൊരിക്കലെങ്കിലും
ചിറകടര്‍ന്നു പോയ
ചിത്രശലഭത്തിന്റെ
മനസ്സിലേക്ക്
പറന്നെത്തിനോക്കിയിട്ടുണ്ടോ.

ഒഴുക്ക് നിലച്ചു പോയ
ഒരു അരുവിയുടെ
നിസ്സഹായത പോലെ
തണുത്തുറഞ്ഞ മനസ്സിലെ
നിലച്ചുപോയ ഓളങ്ങള്‍
നിങ്ങളെ
വരവേല്‍ക്കും.

പറന്നകന്നു പോയ
കാലത്തിന്റെ
ഓര്‍മ്മകളുടെ നക്ഷത്രം
അവയുടെ
വിതുമ്പുന്ന
കണ്ണുകളുടെ ദളങ്ങളില്‍ 
അപ്പോഴും തിളങ്ങുന്നത്
നിങ്ങള്‍ക്ക്
ഒപ്പിയെടുക്കാനാവും.

അവസാനമായി
എന്നോ പൂത്ത 
ചില്ലകളുടെ വീണുപോയ 
വസന്തത്തില്‍
നുണഞ്ഞ കഥകളുടെ
കെട്ടഴിച്ചു വിടുമ്പോള്‍
നിങ്ങളില്‍ നിന്ന്
ഒരു തുള്ളി കണ്ണുനീരെങ്കിലും 
വറ്റിപ്പോയ
കണ്ണുകള്‍ക്കായ്
അവ
കടം ചോദിക്കുന്നുണ്ടായിരിക്കും. 


കൂണുകള്‍

വെളുത്ത വസ്ത്രം ധരിച്ചു
മാവേലിയെ പോലെ
ആണ്ടിലൊരിക്കല്‍
നമ്മളെ തേടി വരുന്നവരാണ് 
കൂണുകള്‍.

വിട പറയാതെ പോയവരുടെയോ 
അടര്‍ന്നു വീണതിന്റെയോ 
കൊഴിഞ്ഞു പോയതിന്റെയോ 
വാടി തളര്‍ന്നു പോയതിന്റെയോ 
ജീര്‍ണ്ണാസ്ഥികള്‍
മറവിയുടെ പാറക്കുടുമ്പുകളില്‍ നിന്നും
ഓര്‍മ്മയുടെ നനുത്ത മണ്ണിലേക്ക് 
മുള പൊട്ടുന്നതാണ്
ഓരോ കൂണുകളും. 

ഹൃദയശിഖരങ്ങളില്‍
എന്നോ കൂടു കൂട്ടി
പാറി പറന്നു പോയ
പക്ഷികളുടെ
കൊഴിഞ്ഞുപോയ വെളുത്ത
തൂവലുകളായിരിക്കാം അത്.

ഓര്‍മ്മകളുടെ
അറിയാക്കയങ്ങളിലേക്ക്
നുഴഞ്ഞിറങ്ങി
പടര്‍ന്നു പന്തലിച്ച
വേരുകളില്‍ പൂത്ത
മുകുളങ്ങളായിരിക്കാം.

ജീവിതത്തിന്റെ ഉപ്പിനാല്‍
കുതിര്‍ന്നുപോയ വാക്കുകളില്‍
നുരഞ്ഞു പൊന്തിയ
ഒറ്റ വരി കവിതയാവാം.

കാലം കൊണ്ട് പുതപ്പിച്ചു
മണ്ണിലന്തിയുറങ്ങുന്ന സ്മൃതികള്‍
എത്ര ജീര്‍ണ്ണിച്ചാലും
എത്ര മണ്ണിലടിഞ്ഞാലും
മറവികള്‍ക്കപ്പുറം
ഒരു നാള്‍
മുളച്ചു പൊന്തുമെന്ന
ഓര്‍മ്മച്ചീന്തുകള്‍ കൂടിയും ആവാം.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത