Latest Videos

Malayalam Short Story: ജലമുദ്ര, അജയന്‍ വലിയപുരയ്ക്കല്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 17, 2024, 3:32 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അജയന്‍ വലിയപുരയ്ക്കല്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

കത്തുന്ന വെയിലില്‍ ചുറ്റിക്കറങ്ങിയിരുന്ന പൊടിക്കാറ്റ് ദേവാലയത്തിനകത്തേക്കും കടന്നുവരുമെന്നു പേടിച്ച് പ്രധാന വാതില്‍ ചാരിയിട്ടിരുന്നു.

'ഞങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അച്ചോ. ചുറ്റും കാണുന്ന കട്ട വിണ്ട കണ്ടങ്ങളും തുരുമ്പിച്ച കലപ്പകളുംതന്നെയാണ് രാത്രികളില്‍ ഞങ്ങള്‍. കുട്ടികള്‍ ഉണ്ടാകുന്നില്ല. ഉണ്ടാകുന്നവര്‍ വൃദ്ധരേക്കാള്‍ വേഗത്തില്‍ മരിച്ചുപോകുന്നു. ഇവിടെ ഇല്ലാത്തവരേയും ചേര്‍ത്താല്‍ നൂറില്‍ താഴെയായിരിക്കുന്നു ഇപ്പോള്‍ ഞങ്ങളുടെ എണ്ണം. മഴ പെയ്യാന്‍ പ്രാര്‍ഥിക്കൂ അച്ചോ. മറ്റൊന്നും വേണ്ട.'

പള്ളിക്കകത്ത് കൂടിനില്‍ക്കുന്നവരില്‍, ഏറ്റവും മുതിര്‍ന്നവനല്ലെങ്കിലും താരതമ്യേന കുറവ് നിരാശ ബാധിച്ച ഒരുവന്‍ എന്ന നിലയ്ക്ക് അയാള്‍ പറഞ്ഞു.

അതിനു മറുപടിയായി അച്ചന്‍, മലര്‍ത്തിയ കൈകള്‍ കണ്ണാടി നോക്കുംവിധം ഉയര്‍ത്തി കണ്ണുകള്‍ കൂമ്പിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു.

'മകനേ, ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെയാണ് അവന്‍ കൂടുതല്‍ പരീക്ഷിക്കുക.'

അപ്പോള്‍, കീഴ്ചുണ്ടില്‍ പറ്റിയിരുന്ന വീഞ്ഞിന്റെ അവസാന തുള്ളി അദ്ദേഹം നാവുകൊണ്ട് വടിച്ചെടുക്കുന്നത് അയാള്‍ കാണുകയും ഒരു മണിശബ്ദം അകലെനിന്ന് അലച്ച് വരുന്നത് കേള്‍ക്കുകയും ചെയ്തു. അയാള്‍, ഉടന്‍ തിരിഞ്ഞ് എല്ലാവരോടുമായി പറഞ്ഞു.

'വെള്ളംവണ്ടി വരുന്ന മണിയൊച്ച കേള്‍ക്കുന്നുണ്ട്. വേഗം വാ. അടുത്ത ഞായറാഴ്ചയും ഇത് കേള്‍ക്കാന്‍ അത് നമുക്ക് അത്യാവശ്യമുണ്ട്.'

അച്ചന്‍ കൈപ്പടങ്ങള്‍ സാവധാനം താഴ്ത്തി കണ്ണുകള്‍ തുറന്നപ്പോഴേക്കും മുന്നില്‍ കുറേ പൊടി മാത്രമാണുണ്ടായിരുന്നത്. പൊടിയകന്നപ്പോള്‍ അകലെ, തങ്ങളുടെ നാഥനെ കണ്ടെന്നവിധം ആളുകള്‍ പാഞ്ഞുപോകുന്നത് കണ്ടു.

കലക്കവെള്ളമാണ് തരുന്നതെങ്കിലും വെള്ളംവണ്ടിക്കാരന്‍ ഒരു മൂശേട്ടയാണ്. സമയത്തിനു സ്ഥലത്ത് ആളുകളെ കണ്ടില്ലെങ്കില്‍ അയാള്‍ തിരിച്ചുപോകാനും മതി.

അവരങ്ങനെ ധൃതിയില്‍ പോകുമ്പോള്‍ അമ്പലക്കുളത്തിലേക്ക് (അതിപ്പോള്‍ അമ്പലക്കുഴിയാണ്.) കുറേപ്പേര്‍ ഉറ്റുനോക്കി നില്‍ക്കുന്നത് കണ്ടു. അയാള്‍ കാര്യം തിരക്കി. ആരോ ഏതോ ഒരു ഭാഗത്ത് ഒരു ഉറവ കണ്ടെത്രേ. അവിടെനിന്നും വെള്ളം ചാടുമ്പോള്‍ അതിന് 'മുഖ്' എന്ന പേരിടണം/വേണ്ട എന്ന ചര്‍ച്ചയുമായി നില്‍ക്കുകയാണ് അവര്‍. അപ്പോഴേക്കും മണിയൊച്ച കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി.

'വാ സുഹൃത്തുക്കളേ, അതാണ് നമ്മുക്ക് മുന്നിലിപ്പോഴുള്ള ഏക ഉറവ.'

കുളത്തിനടിയിലെ മരുഭൂമിയെ അവിടെത്തന്നെ ഉപേക്ഷിച്ച് എല്ലാവരും ഉപ്പുരയുന്ന സന്ധികളോടെ വണ്ടി വരുന്ന വഴിയിലേക്ക് പാഞ്ഞെത്തി. അവരുടെ പാത്രങ്ങള്‍ കുറച്ചപ്പുറത്ത് നിരത്തി വെച്ചിരുന്നു. അവരുടെ അണ്ണാക്കുകളെപ്പോലെത്തന്നെ അവയിലും വെള്ളം വീണാല്‍ ആവി ഉയരുമായിരുന്നു. നീലജ്വാല തിളങ്ങുന്ന ആകാശത്തിനടിയിലെ നരച്ച വിശാലതയിലെ മരീചികയ്ക്കപ്പുറത്തുനിന്നും പൊടിയുടെ ഒരു വന്‍തിര അടുത്തുവരുന്നത് നോക്കി ആഹ്‌ളാദത്തോടെ അവര്‍ നിന്നു.

എന്നാല്‍ വണ്ടി അടുത്തെത്തിയപ്പോള്‍ അവരുടെ നെറ്റികള്‍ ചുളിഞ്ഞു. ചെളിവെള്ളമെങ്കില്‍ അത്, ഇന്നില്ലേ? എന്ന ആശങ്കയോടെ  പരസ്പരം നോക്കി. കാരണം, അതുവരെ വന്നിരുന്ന വണ്ടിയായിരുന്നില്ല അത്. മാത്രമല്ല, അതിനു പുറകില്‍ ടാങ്കും ഇല്ലായിരുന്നു. പക്ഷെ, വണ്ടിക്കാരന്‍ അതുതന്നെയായിരുന്നു. അയാള്‍ തല പുറത്തേക്കിട്ട് ചിരിച്ച് കൈവീശുന്നുണ്ടായിരുന്നു. അയാളുടെ ചിരിച്ച മുഖം അവരെല്ലാം ആദ്യമായായിരുന്നു കാണുന്നത്.

ആശയക്കുഴപ്പത്തില്‍ നിന്നിരുന്ന അവര്‍ക്കരികില്‍ വണ്ടി വന്നുനിന്നു. അതൊരു പിക്കപ് വാനായിരുന്നു. എല്ലാവരും വണ്ടിയ്ക്കുപിന്നിലേക്ക് എത്തിനോക്കി. അതില്‍ നിറയെ വലുതും ഉരുണ്ടതുമായ, വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളായിരുന്നു. അവര്‍ ആദ്യമായാണ് അങ്ങനൊന്ന് കാണുന്നത്.

വണ്ടിക്കാരന്‍ ചിരിച്ചുകൊണ്ടുതന്നെ ചാടിയിറങ്ങി പറഞ്ഞു.

'സംശയിക്കേണ്ട. ഇത് വെള്ളംതന്നെയാണ്.'

അത് കേട്ട നിമിഷം അവര്‍ക്കുള്ളില്‍നിന്നും പുറത്തുവന്ന ആശ്വാസനിശ്വാസങ്ങള്‍ ഒന്നായ്‌ചേര്‍ന്ന് ഒരു കുളിര്‍കാറ്റായ് അവിടെ അലയടിച്ചു.

'ഇതൊക്കെ നിങ്ങള്‍ക്കുള്ളതാണ്. അതിനുമുമ്പ് ഞാന്‍ പറയുന്നതുപോലെ ചെയ്യണം.'
വണ്ടിക്കാരന്‍ മുന്നോട്ടു വന്ന് പറഞ്ഞു.

'ആദ്യം തന്നെ നിങ്ങള്‍ നിരത്തിവെച്ചിരിക്കുന്ന ഈ പിച്ചപ്പാട്ടകളൊക്കെ എടുത്ത് ദൂരെ മാറ്റിവെയ്ക്കുക. എന്നിട്ട് ഓരോ കുപ്പിയും എടുത്ത് ഇങ്ങനെ വെയ്ക്കണം.'

വണ്ടിക്കാരന്‍ ഒരു കുപ്പിയെടുത്ത് അയാള്‍ക്കുമുന്നില്‍ കൊണ്ടുവന്ന് ഒരു നിശ്ചിതരീതിയില്‍ തിരിച്ചുവെച്ചു. അതോടെ, എല്ലാവരും അവരുടെ പാത്രങ്ങള്‍ നീക്കിവെച്ച് സന്തോഷത്തോടെ നിന്നു.

വണ്ടിക്കാരന്‍ തുടര്‍ന്നു.

'ഇനി ഓരോരുത്തരും വണ്ടിയില്‍നിന്നും ഓരോ കുപ്പിവീതം എടുത്ത് ഈ രീതിയില്‍ മുന്നില്‍ വെച്ച് നിരയായി നില്‍ക്കുക.'

നിമിഷങ്ങള്‍ക്കകം, അത് അക്ഷരംപ്രതി അനുസരിക്കപ്പെട്ടു. വണ്ടിക്കാരന്‍ ഓരോരുത്തരുടെയും അടുത്തെത്തി കുപ്പി അയാള്‍ ഉദ്ദേശിച്ച രീതിയിലല്ലേ എന്ന് പരിശോധിക്കുകയും ചിലത് തിരിച്ച് ശരിയാക്കുകയും ചെയ്തു. ശേഷം, ഫോട്ടോ എടുക്കാന്‍ തുടങ്ങി. കുപ്പികളും സന്തുഷ്ടമുഖങ്ങളും ചേര്‍ന്ന വീഡിയോയും നിശ്ചലചിത്രങ്ങളും ആവോളം പകര്‍ത്തിയതിനുശേഷം പറഞ്ഞു.

'ശരി, ഇതെങ്ങിനെയാണ് തുറക്കുക എന്ന് മനസ്സിലായല്ലോ. ഇനി പൊയ്‌ക്കോളൂ. ഈ കുപ്പികള്‍ കേടാകാതെ വൃത്തിയായി സൂക്ഷിക്കണം. ഇനിയങ്ങോട്ട് ഇതിലാണ് നിങ്ങള്‍ക്ക് വെള്ളം തരിക. ങാ,.. പിന്നൊരു കാര്യം. ഇത്രയും നല്ല വെള്ളം തന്നതിന് നിങ്ങളെന്നെ ഒന്ന് കാണേണ്ടതാണ്. ഉം..'

വണ്ടിക്കാരന്‍ കണ്ണിറുക്കികൊണ്ട് അങ്ങനെ പറഞ്ഞു.

'...ഞങ്ങളെന്ത് തരാനാണ്..'

വണ്ടിക്കാരന്‍ പൊട്ടിച്ചിരിച്ച് വണ്ടിയില്‍ കയറി. വണ്ടി തിരിച്ച്, മരീചികയിളകുന്ന, അറ്റം കാണാത്ത വിജനതയിലേക്ക് ഓടിച്ചുപോയി.

ഓരോരുത്തരും അവരവരുടെ കുപ്പിയും താങ്ങി തിളയ്ക്കുന്ന വെയിലില്‍ എങ്ങിവലിഞ്ഞ് നടക്കാന്‍ തുടങ്ങി. അയാളപ്പോള്‍, അതുവരെ തടുത്തുനിറുത്തിയിരുന്ന ആകാംക്ഷയുടെ മൂടി തുറന്ന് കുപ്പിയുടെ അപ്പുറത്ത് എന്താണെന്ന് നോക്കി.

അവിടെ, aj-01.jpg എന്നു കണ്ടു. 

വലിയ അത്ഭുതങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു പൂവിന്റെ ലളിതമായ ചിത്രമായിരുന്നു അത് !

അതിന്റെ പേരെന്തെന്നോ അതെന്ത് പൂവാണെന്നോ അയാള്‍ക്ക് അറിയാമായിരുന്നില്ല. ചെറുപ്പകാലത്തോമറ്റോ, ചെളിയില്‍ അങ്ങനെയൊന്ന് കണ്ടതായ ഒരു നേര്‍ത്ത ഓര്‍മ്മാശകലം മനസ്സില്‍ മിന്നിമറയുകമാത്രം ചെയ്തു. 

യാതൊന്നും മനസ്സിലായില്ലെങ്കിലും കുപ്പിയെടുത്ത് തോളത്തുവെച്ച് നടക്കുമ്പോള്‍, തങ്ങള്‍ അനുഭവിച്ചുവരുന്നരുന്നതിനേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ഏതോ അപകടത്തെ സൂചിപ്പിക്കുന്ന ഗഹനമായ ഒരു നിശ്ചലത പ്രകൃതിയെ ബാധിച്ചിരിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!