Latest Videos

Malayalam Short Story : അപരാഹ്‌നം, ദീപ ഭദ്ര എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published May 7, 2024, 5:39 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദീപ ഭദ്ര എഴുതിയ ചെറുകഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

 

എത്രയും പ്രിയപ്പെട്ട എന്നോട്...

ഇങ്ങനെ എഴുതുമ്പോള്‍ എനിക്കതില്‍ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍, ഞാനെഴുതിയത് വായിക്കുമ്പോള്‍, പ്രിയപ്പെട്ട വായനക്കാരാ, നിങ്ങള്‍ക്ക് അതങ്ങനെ തോന്നണമെന്നില്ല. ഒരുവള്‍ അവള്‍ക്കു തന്നെ എഴുതുന്ന കത്ത്. ഒരുവള്‍ അവളോട് തന്നെ പറയുന്ന ആത്മഗതം. അതെങ്ങനെ ശരിയാവും എന്ന് ആരായാലും ആലോചിച്ചേക്കാം. ഒരുവള്‍ അവളുടെ ഉള്ളിനുള്ളിലെ നദിയില്‍ മുഖം നോക്കി സ്വയം പ്രണയിക്കുന്നതുപോലെ അവിശ്വസനീയതയുടെ ഒരധിക മാനമുണ്ട് അതിനെന്ന് കരുതിയേക്കാം. 

പക്ഷേ, അവളവളോട് മാത്രം പറയാനാവുന്ന കുറേ കാര്യങ്ങളുണ്ട് ഓരോ ജീവിതത്തിലുമെന്ന് ഒന്ന് ഉള്ളിലേക്കുറ്റു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവും. മറ്റാര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങള്‍. മറ്റാരോട് പറഞ്ഞാലും ശരിയാവാത്ത കാര്യങ്ങള്‍. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒന്നാണ് ഈ കത്ത്. എനിക്കു തന്നെയുള്ള കത്ത്. എന്നോടു തന്നെ ഞാന്‍ പറയുന്നു സ്വപ്‌നം. 

അതെ, സ്വകാര്യതയുടെ ആ മുനമ്പിലിരുന്നു കൊണ്ടാണ്, എന്റെ മാത്രം ഉള്ളിനുള്ളിലേക്ക് കണ്ണുനട്ടാണ്, വിചിത്രമെന്നോ ഉന്‍മാദമെന്നോ നട്ടപ്രാന്തെന്നോ മറ്റാര്‍ക്കും തോന്നാവുന്ന ഈ തോന്നലിന് ഞാന്‍ കെട്ടഴിക്കുന്നത്. കെട്ടുകള്‍ അഴിയുമ്പോള്‍ നോക്കൂ, അമ്പതുകളിലെ എന്നെ എനിക്കു കാണാനാവുന്നു. അമ്പതുകളില്‍ എങ്ങനെയായിരിക്കും ഞാനുണ്ടാവുക? എങ്ങനെയാവും എന്റെ ഗാര്‍ഹികാന്തരീക്ഷം? എങ്ങനെയാവും എന്റെ പ്രിയപ്പെട്ടവരുടെ ജീവിതം? എന്റെ ഹൃദയത്തിന്റെ ഉള്‍ച്ചൂട്രതയും അറിയുന്നൊരാള്‍ എന്റെ കൂടെ ജീവിച്ചുപോന്ന അനേകം വര്‍ഷങ്ങളുടെ ഇളംകാറ്റു കൂടിയുണ്ട്, ആലോചിക്കുമ്പോള്‍ മനോഹരമായി തോന്നുന്ന ആ സ്വപ്‌നത്തിന്. 

ആ സ്വപ്‌നത്തിന്റെ ഇളവെയിലില്‍ ചന്ദനവും കര്‍പ്പൂരവും മുറ്റി നില്‍ക്കുന്ന ഇല്ലം. പുലര്‍കാലം അരിച്ചിറങ്ങുന്ന നാലുകെട്ട്. സൂര്യനൊപ്പം എഴുന്നേല്‍ക്കാന്‍ വാശിപിടിക്കുന്ന ഞാന്‍. 

പിന്നെ, അവന്‍. രാവിലെ എഴുന്നേല്‍ക്കാന്‍ മടി ആണെങ്കിലും ഞാന്‍ വിളിച്ചാല്‍ വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ടാവണം ഇന്നും അവന്‍ എഴുന്നേറ്റു. എന്റെ മുടിയില്‍ അനുവാദമില്ലാതെ പ്രവേശിച്ച നരകളോട് പോലും അസൂയപ്പെടുന്ന അവന്‍. ആരാധനയോടെ അതിലേറെ ആഗ്രഹത്തോടെ ഇന്നും ഞങ്ങള്‍ ഇരുപതുകളിലാണ് എന്ന് സങ്കോചമില്ലാതെ പറയുന്നവൻ. സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ ചിറകിനടിയിലേക്ക് നൂണ് കയറുന്ന, എന്നെ നോക്കിയിരിക്കാനും എനിക്ക് നോക്കിയിരിക്കാനും ഇഷ്ടമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്‍.

പല്ലുതേച്ചെന്നു വരുത്തി, ഉമ്മറത്ത് ഉറക്കച്ചവടോടെ തൊട്ടപ്പുറത്തുള്ള ആലയിലേക്ക് നോക്കി സുന്ദരിപ്പശുവായി ജനിച്ചിരുന്നെങ്കില്‍ കുറേകൂടി ഉറങ്ങാമായിരുന്നുവെന്നു നെടുവീര്‍പ്പിടുന്ന അവന്‍. എന്റേത് മാത്രമായ അവന്റെ അടുത്തേയ്ക്ക് ചൂട് ചായയും കൊണ്ട് നടക്കുന്ന ഞാന്‍. ഞങ്ങളുടെ ഒരു ദിവസം ആരംഭിക്കുകയായി.

പൂമുഖം കഴിഞ്ഞ് അങ്കണം. ഇരു വശങ്ങളിലും എന്റെയും അവന്റെയും വ്യത്യസ്തങ്ങളായ അഭിരുചികള്‍. 
മുല്ലയും തെച്ചിയും  മന്ദാരവും ജമന്തിയും റോസും ഒരു വശത്ത്. ഓര്‍ക്കിഡുകള്‍ മറുവശത്ത്. ചേനയും ചേമ്പും തക്കാളിയും വഴുതിനയും വെണ്ടയ്ക്കയും എന്നുവേണ്ട സകല പച്ചക്കറി vs ഇലക്കറികള്‍ ഞാനോ നീയോ എന്നപോലെ മറുവശത്തു തലയെടുപ്പോടെ.

പിന്നെ, മാന്തോപ്പ്.  അവിടെ, ഉപ്പിലിടാനുള്ള പുളിയന്‍ മാങ്ങ മാത്രം കായ്ക്കുന്ന മാവും, ഒളമാവും, പതിനെട്ടു തികഞ്ഞ പെണ്ണിന്റെ ഭാവത്തില്‍ ഹൈമാവതിയും പിന്നീടങ്ങോട്ട് നിറഞ്ഞു നില്‍ക്കുന്ന മരക്കാഴ്ചകള്‍. പ്ലാവുകള്‍, മുരിങ്ങമരം, സപ്പോര്‍ട്ട, അച്ഛന്റെ പ്രിയപ്പെട്ട റംബൂട്ടാന്‍, അമ്മയുടെ പ്രിയ പേര, മധുരമോ ഏറെ പുളിയോ ഏറെ എന്ന് വേര്‍തിരിക്കാത്ത മധുരപുളി. ഇടയില്‍ പ്രായം കൊണ്ടും തടി കൊണ്ടും ഞാനാടാ വല്യത് എന്ന് പറഞ്ഞുകൊണ്ട് പ്രൗഢിയോടെ അരയാലുമുത്തശ്ശി. വാഴത്തോപ്പ്. 


സൂര്യന്റെ ചെറു ചൂടേറ്റ് പുല്‍നാമ്പുകളില്‍നിന്നും മണ്ണിന്റെ മാറിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളില്‍ തൊട്ട് നഗ്‌നപാദരായി ഒരു ചെറു നടത്തവും ധ്യാനവും. യോഗയില്‍ ഞങ്ങളുടെ ഇഷ്ടപ്രകാരം ചിട്ടപ്പെടുത്തിയ ആസനങ്ങള്‍ കഴിഞ്ഞു തിരിച്ചു സോപാന പടികളില്‍ ഇരിക്കുമ്പോഴേയ്ക്ക് ബിജുമോന്‍ പത്രക്കെട്ടും കൊണ്ട് പടിപ്പുരയ്ക്ക് അപ്പുറത്തുനിന്നും കൂവി വിളിക്കുന്നത് കേള്‍ക്കാം..

പത്രം എടുത്തു കൊണ്ട് കൊടുത്താല്‍ മൂപ്പര്‍ക്ക് കുശാലായി. അതിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി വായിച്ചു തീരും വരെ എനിക്ക് അടുക്കളപ്പുറത്തു പണിയെടുക്കാം. വാഴയില ചൂടാക്കി ഇഡലി തട്ടില്‍ വെച്ച് തലേന്ന് അരച്ചുവെച്ച മാവൊഴിച്ചു അടച്ചു വെക്കും. അപ്പോ വെട്ടിയ തേങ്ങയുടെ വെള്ളം ഇത്തിരി ഉമ്മറത്തേക്ക് കൂടി, ആ ചുണ്ട് മധുരം നനഞ്ഞാല്‍ പൂക്കുന്നത് എന്റെ ഹൃദയമാണല്ലോ.

തേങ്ങ ചിരകി, പകുതിയേ ചിരകാവൂ, ബാക്കി  തേങ്ങ ചിരട്ടയോടുകൂടി മലര്‍ത്തി വെക്കണം, അതിന്റെ അവകാശി അണ്ണാറക്കണ്ണന്‍ ആണ്, അവന്റെ പതിവ് പങ്കു കൈപ്പറ്റാന്‍ സമയം ആകുമ്പോള്‍ കക്ഷി എത്തും.

ചമ്മന്തി അരച്ച് കടുകും മുളകും കറിവേപ്പിലയും ഇട്ടു താളിച്ചു അടച്ചു വെച്ചാല്‍ അടുത്ത അങ്കത്തിനുള്ള പുറപ്പാട് ആയി. 

നാലുകെട്ട് പൂട്ടി, പത്രവായന കഴിഞ്ഞു ഉത്തേജകം കുടിച്ച കാല്‍പ്പന്തു കളിക്കാരന്റെ ഉഷാറോടെ എന്നെ നോക്കിയിരിക്കുന്ന ആളുടെ കൂടെ പതിവ് പ്രഭാത സവാരി. തൊടിയിലെ പൂക്കളെയും പൂമ്പാറ്റകളെയും തൊട്ട് ഉണര്‍ത്തികൊണ്ട്.

നടത്തത്തിന്റെ പ്രധാന ഉദ്ദേശം വഴിയില്‍ കാണുന്ന പരിചയക്കാര്‍ക്ക് പുഞ്ചിരിയും പതിവ് പരിചയം പുതുക്കലും. പട്ടിയും പൂച്ചയും കാക്കയും.. വയലിലെ പേക്രോം തവളകളും.

നടത്തവും കഴിഞ്ഞു വരുമ്പോഴേയ്ക്ക് സുന്ദരി ആലയില്‍ നിന്നും അമറുന്നുണ്ടാവും, ഈ യുവ മിഥുനങ്ങള്‍ എന്നെ ഇവിടെ കെട്ടിയിട്ട് ഹണി മൂണിന് പോയോ ആവോ എന്നാവും അവളുടെ പേടി.


ഇല്ല മോളെ, നീയില്ലാതെ ഞങ്ങള്‍ക്കെന്ത് രസം, സുന്ദരീടെ മോന് അവകാശപ്പെട്ടതില്‍ നിന്നും ഞങ്ങള്‍ക്കുള്ള ഇത്തിരി പാല് കറന്നെടുത്തു, അവളെയും മകനെയും അഴിച്ചു കെട്ടി വയ്‌ക്കോലും വെള്ളവും വെച്ചാല്‍ ഞാന്‍ ഫ്രീ ആയി, പിന്നെ മൂപ്പരുടെ ഡ്യൂട്ടിയാണ്.

തൊപ്പുറത്ത് വീരനായകന്‍ അപ്പു കിടക്കുന്നുണ്ട്, സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നമ്മുടെ നായക്കുട്ടി. അവനും മൂപ്പരും കൂടി പന്ത് തട്ടി കളിക്കുന്നത് കാണുമ്പോള്‍ ഇതിലിപ്പോ ഏതാ ചെറിയ കുട്ടി എന്ന് ആരും സംശയിച്ചുപോവും.


കുളിയും കഴിഞ്ഞു വന്നു ഒന്നിച്ചിരുന്ന് ഭക്ഷണം. കാലാകാലങ്ങളായി മുറ തെറ്റാത്തൊരു ശീലം. 

പിന്നെയും ഉണ്ട് ഞങ്ങള്‍ക്കിരുവര്‍ക്കും ഏറെ പ്രിയതരമായ ചിട്ട വട്ടങ്ങള്‍.

ഉച്ചയൂണിനുള്ള അരിയും അടുപ്പത്തിട്ട്, കറിക്കുള്ളത് അരിഞ്ഞു വെച്ച്, പണ്ട് അമ്മയുടെ സഹായി ആയിരുന്ന ഇന്ന് എന്റെ ഇടം കൈ എന്ന് അങ്ങേര് ഇടയ്ക്ക് കളിയാക്കുന്ന നാണിയമ്മ വന്നാല്‍ ചേമ്പോ, താളോ പറിക്കാന്‍ പറഞ്ഞു വിട്ട്, 
നടുമുറ്റത്തിനു വശത്തുള്ള തെക്കിനിയിലെ ആട്ടു തൊട്ടിലില്‍ കിടന്നും ഇരുന്നും നാട്ടുവര്‍ത്തമാനവും കൊച്ചു കൊച്ചു പരിഭവങ്ങളും പിന്നെ ഞങ്ങളുടേതായ ഇണക്കത്തിന്റെ ഭാഷയും. 

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിനെക്കാള്‍ കുസൃതിയാണ് നാണിയമ്മയ്ക്ക്, പുള്ളിക്കാരി നേരത്തെ വന്നു ഞങ്ങളുടെ സൈ്വര്യ സ്വകാര്യ ചിത്രങ്ങള്‍ പഴേയ വിന്റേജ് ക്യാമെറയില്‍ എന്നപോലെ ഒപ്പിയെടുത്തു, ശേഷം ചെറു ചിരിയോടെ അടുക്കളപ്പുറത്തു ഉപ്പേരിക്ക് അരിയുന്നുണ്ടാവും. ഞാന്‍ അങ്ങോട്ട് ചെല്ലേണ്ട താമസേ ഉള്ളൂ..  നാണിയമ്മ, നാണം വന്നു നാണുവമ്മ ആകും..

പല്ല് കൊഴിഞ്ഞ മോണ കാട്ടി കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ വെളുക്കെച്ചിരിക്കും. 

അവര്‍ അവരുടെ മണ്‍മറഞ്ഞുപോയ കോരപ്പനെ ഓര്‍ത്തുകാണുമോ ആവോ

ഊണു കാലായി. കുത്തരി ചോറും, പുളിശ്ശേരിയും, താളിന്‍തണ്ട് ഉപ്പേരിയും, കഴിഞ്ഞ കൊല്ലം ഉപ്പിലിട്ട കണ്ണിക്കടുമാങ്ങയും, പപ്പടവും, രണ്ട് വടകും കൂട്ടിയൊരു നാടന്‍ ഊണ്.

പുറത്തെ വെയിലിനു കാഠിന്യം ഏറി വരുമ്പോഴും അകത്തെ തണുപ്പിനു കുളിര്‍മയേകാന്‍ ഒരായിരം പുസ്തക കൂട്ടുകാരുണ്ട്. അക്ഷരങ്ങളോടുള്ള അടങ്ങാത്ത കൊതി ആവാം പണ്ടേ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്..

കുറച്ചു നേരം വായിച്ചാല്‍ ഉറക്കം എങ്ങാണ്ടുന്നെങ്ങാണ്ടുന്നു വരും. മൂപ്പര്‍ക്ക് ചാരു കസേരയില്‍ ഇരുന്നും കാലുനീട്ടി കിടന്നും അസ്സലായി ഉറങ്ങാം. എന്നാല്‍ എന്റെ കാര്യം അതല്ലല്ലോ. 'അങ്ങിനെയിപ്പോ ഒറ്റയ്ക്ക് ഇവിടെ ഇരിക്കേണ്ട' എന്നും പറഞ്ഞ്, പാതി ഉറങ്ങിയ,  അങ്ങേരേം കൂട്ടി ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഒരു തിരനോട്ടം. പേരിനൊരു കൊച്ചു പകലുറക്കം.

വൈകീട്ട് വേനല്‍ മഴ ഉണ്ടാവാന്‍ പ്രാത്ഥിച്ചുകൊണ്ട്  എഴുന്നേറ്റു, ചൂട് ചായയും, ഉള്ളിവടയും ഉണ്ടാക്കിവെച്ചു, മണം അകത്തെ മുറിയിലേക്ക് ചെല്ലേണ്ട താമസേ ഉള്ളൂ, എന്നും രാവിലെ മതിയാകാത്ത ഉറക്കം വൈകീട്ട് സ്വയം മതിയാക്കി  ചായയ്ക്ക് മുന്നില്‍ മൂപ്പര് ഹാജര്‍ വെക്കും..

എന്റെ ഭഗവാനേ, ഈ കണ്ണുകളില്‍ ഒളിപ്പിച്ച പ്രണയം. അത് എന്നും എനിക്കൊരു ബലഹീനതയാവുകയാണല്ലോ. അന്നും ഇന്നും ആ കണ്ണുകള്‍ക്ക് തിളക്കവും കുസൃതിയും കാന്തികതയും കൂടിയിട്ടേ ഉള്ളൂ.. കണ്ണുകളാല്‍ കഥ പറയുന്ന, മണ്ണിനേയും മനുഷ്യനെയും ഭൂമിയിലെ സകല ചരാചരങ്ങളെയും  സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ച ഈ മനുഷ്യനില്‍ നിന്നും എനിക്കൊരു മോചനം വേണ്ടാ.


'ഉള്ളിവട എങ്ങനേണ്ട്?'

ഇപ്പോഴും കുക്കിംഗില്‍ ഞാന്‍ എന്തോ സംഭവാണ് എന്ന ഭാവത്തോടെ ഞാനൊരു ചോദ്യം കാച്ചി.

'ഉള്ളിവട പോലെ ഉണ്ട്' എന്ന് ഉടന്‍ മറുപടി വന്നു..

സന്തോഷായി. കൊല്ലം പത്തിരുപതായിട്ടും ഈ മറുപടി അതേപടി തുടരുന്നല്ലോ. 


എനിക്കിഷ്ടമുള്ള പരിപ്പുവടയുടെ ഓര്‍മ്മകള്‍ അങ്ങേരുടെ പ്രിയപ്പെട്ട  ഉള്ളിവടയ്ക്ക് മുന്നില്‍ ഒറ്റ വോട്ടിനു തോറ്റ സ്ഥാനാര്‍ഥിയെ പോലെ നിന്ന് തലകുനിച്ചു. 

ചായകുടി കഴിഞ്ഞാല്‍ തൊടിയിലേക്ക് ഇറങ്ങും, മൂത്ത വാഴക്കുലയും, ഇലയും ചെത്തി, കാമ്പും കൂമ്പും എന്നുവേണ്ട വാഴയുടെ സകലതും നമുക്ക് പാചക വഹയാണ്. വാചക കസര്‍ത്തും കഴിഞ്ഞ്, കയ്യും കാലും വീശി വീശി നടപ്പും, ഇടയ്ക്ക് ഞാന്‍ പിറകില്‍ ഇല്ലേ എന്നൊരു തിരിഞ്ഞു നോക്കലും, അങ്ങേരുടെ ഈ ഗോഷ്ഠി കാണാനാണു ഞാന്‍ കൂടെ ഇറങ്ങിയതെന്നു എന്നെ കൂടെകൂടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.

 

അരയാല്‍ മുത്തശ്ശിക്കരികിലാണ് വിശ്രമ വേള. നേരത്തോട് നേരം തുറന്നുവിടുന്ന സ്പ്രിംഗ്ലര്‍ തന്റെ കൃത്യ നിര്‍വഹണത്തില്‍ വല്ല കൃത്രിമവും കാട്ടിയോ എന്നറിയാന്‍ ആവും, മൂപ്പര് ഓരോ മരത്തിനു ചുവടെയും വെള്ളം എത്തിയില്ലേ എന്ന് കൈകൊണ്ട് മണ്ണ് മാന്തി നോക്കുന്നുണ്ട്.

'വാട്ടം ഇണ്ട് ഭദ്രേ, മ്മക്ക് പൂവാ'

കേള്‍ക്കേണ്ട താമസേ ഉള്ളൂ, കുളത്തിലെ മോട്ടോര്‍ ഓണ്‍ ആക്കാന്‍ അങ്ങോട്ട് നടക്കും.

ഒരാള്‍ ഓണ്‍ ആക്കിയാല്‍ ഓണ്‍ ആവില്ലേ എന്നൊരു സംശയം?  ആവും, പക്ഷെ മൂപ്പരുടെ കൂടെ നടക്കാനും കൂട്ടിരിക്കാനും പണ്ടുതൊട്ടുള്ള കൊതി ഇന്നും തെല്ലു കുറയാതെ എന്നിലുണ്ട്..

കൈ കോര്‍ത്തു പിടിച്ചുകൊണ്ടു കുളപ്പടവിലെ തെളിനീരില്‍ ഒന്ന് ഇറങ്ങണം.

ആഹ്!

കാലിലൂടെ തണുപ്പ് അരിച്ചു കയറും.

കാല്‍ മാത്രം ആക്കേണ്ട, കയ്യും മുഖവും അങ്ങിനെ മിനി കുളിതന്നെ പാസാക്കും ഞാന്‍..

'വെള്ളം കണ്ടാല്‍ പെണ്ണിന് ഹാലിളകും' എന്ന് പിറകില്‍ നിന്നൊരു അശരീരി കേട്ടത് കൂട്ടാക്കാതെ ആയപ്പോള്‍ കയ്യിലൊരു പിടുത്തം വീണു..

'അടുത്ത ആഴ്ച കടല് കാണാന്‍ കൊണ്ട് പോവാം കുട്ട്യേ, ഇപ്പൊ കേറി വാ..'

ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം കൊണ്ട് തന്ന ആളെ ഇടം കണ്ണിട്ടൊന്നു നോക്കി. എന്നാല്‍ പിന്നെ അങ്ങിനെന്നെ..

വാക്ക് പറഞ്ഞാല്‍ വാക്കാണ്. അങ്ങേര് കൊണ്ടോവും.

സ്‌നേഹം തരുന്നൊരാള്‍ വേറൊന്നും തരേണ്ട.. സ്‌നേഹം തന്നെയാണ് ധൈര്യം.

തിരികെ എത്തിയാല്‍ പിടിപ്പത് പണിയാണ്, നായക്കുട്ട്യേ കുളിപ്പിച്ചു കുട്ടപ്പനാക്കി, സുന്ദരിപശുവിനു വൈകീട്ടത്തെ വെള്ളം കൊടുത്തു വന്നു, കൈകാല്‍ മുഖം കഴുകി വിളക്ക് കൊളുത്തി, ജപിച്ചു, ഇടയ്‌ക്കൊന്നു അമ്പലം വരെ ഓട്ട പ്രദക്ഷിണവും വെക്കാറുണ്ട്.. 

ഞാന്‍ എന്ന വിശ്വാസിയെ മാത്രം ഈ ലോകത്തു വിശ്വസിക്കുന്ന ഒരാളാണ് എന്റെ കൂടെയുള്ളത്.. അങ്ങേര്‍ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന ഞാനും. 

ഞാന്‍ ഇതൊക്കെ ചെയ്തു വരുമ്പോള്‍, ആത്മകഥ എഴുത്തില്‍ വ്യാപൃതന്‍ ആയ ഒരാളെ, ഓര്‍മകളുടെ ഓരത്തു നിന്നും മുക്തനാക്കി തിരിച്ചു നാലുകെട്ടില്‍ എത്തിക്കണം. വല്യ കര്‍ത്തവ്യമാണ്. ആത്മകഥ എഴുതുമ്പോള്‍ അധികവും ഞാന്‍ കൂടെ ഇരിക്കണം, സംശയങ്ങള്‍ അന്നും ഇന്നും ലേശം കൂടുതലാണ് മൂപ്പര്‍ക്ക്.

അവസാനവാക്ക് എന്നോണം എന്നോട് പറഞ്ഞു, നിന്റെ മൂളലും തല ആട്ടലും ഒത്താലേ തൃപ്തി ആവൂ..


രാത്രിയിലെ പതിവ് എന്നൊന്നും ഇല്ല, കയ്യില്‍ തടയുന്നതാണ് അന്നത്തെ അത്താഴം. കാമ്പും മുതിരയും ഉപ്പേരിയും, കഞ്ഞിയും, ചുട്ട പപ്പടവും, വാട്ടിയ മുളകും, ദിനവും കഴിച്ചാല്‍ ചപ്പാത്തി മടുക്കും എങ്കിലും കഞ്ഞി എന്നും ഹീറോ തന്നെ.

പ്രിയപ്പെട്ടവരോടുള്ള ഫോണ്‍ സംഭാഷണങ്ങളും കഴിഞ്ഞ്, ആട്ടുതൊട്ടിലില്‍ ആടിക്കൊണ്ട് ഇന്നത്തെ വാര്‍ത്തയും, ആദ്യമാദ്യം കാല്‍ തടവിക്കൊണ്ടും, പിന്നീട് മൂപ്പരുടെ മുടിയിലൂടെ വിരലുകളോടിച്ചു താളം പിടിച്ചും, നിദ്രാദേവിയുടെ വരവിനായി കാത്തിരിപ്പാണ്.

നിദ്ര കടാക്ഷിക്കാത്ത രാത്രികള്‍ തമാശകളും യക്ഷിക്കഥകളും പാട്ടുകളും ഇടം പിടിക്കും.

പണ്ടൊരു മരുഭൂമിയിലൊരു മഴ പെയ്തു. ആ മഴ പിന്നെയൊരു പുഴയായി ഒഴുകി. ഇന്നും ആ പുഴ ഒഴുകുകയാണ്. 

സ്‌നേഹമെന്ന മാന്ത്രികതയിലൂടെന്നെ സ്വന്തമാക്കിയവന്. എന്നിലെ നിത്യവസന്തത്തിന്.

സ്‌നേഹപൂര്‍വ്വം

ഭദ്ര
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!