Latest Videos

Malayalam Poems: സൂര്യകാന്തി, മീര കെ. എസ് എഴുതിയ കവിതകള്‍

By Vaakkulsavam Literary FestFirst Published May 4, 2024, 5:41 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് മീര കെ. എസ് എഴുതിയ മൂന്ന് കവിതകള്‍
 

ഇപ്പകല്‍ക്കാറ്റില്‍ പറന്നുയരുമ്പോഴും,
എത്രയോ ദൂരം നമുക്കു പരസ്പരം 

-മീര കെ. എസ് എഴുതിയ കവിതകള്‍

 

 

സൂര്യകാന്തി

വല്ലാതെ പൊള്ളുന്നു സൂര്യാ, അതാണു നിന്‍ -
സല്ലാപമേല്‍ക്കുവാന്‍ പേടിയാകുന്നതും;
ഇച്ചിതല്‍പ്പുറ്റിന്നിരുണ്ട മൗനത്തിലായ്,
ഇത്രമേലെന്നെയൊളിപ്പിച്ചു വെച്ചതും.

കത്തുന്ന കാട്ടില്‍ ചിറകു കരിയ്ക്കുന്ന -
ചക്രവാകത്തിന്റെയോര്‍മ്മപ്പിടച്ചിലില്‍,
ഇത്തിരി നൂലിഴ വെച്ചു കടന്നുപോം -
പട്ടുപുഴുവിന്‍ കറുത്ത സ്വപ്നങ്ങളില്‍,
എത്രയോ നാളായ് തനിച്ചൊഴുകീടുന്ന -
ഒറ്റവഴിയില്‍ക്കുരുങ്ങും അരുവിയില്‍,
പെയ്യുവാനാകാതെ നിന്നെക്കുറിച്ചോര്‍ത്ത് -
വിങ്ങി മുറിഞ്ഞു തളര്‍ന്ന മേഘങ്ങളില്‍,
ഇപ്പോഴും രക്തം ചുവപ്പിച്ച പൂക്കളില്‍ -
ചിത്രശലഭച്ചിറകൊച്ചയായി ഞാന്‍;
ഇപ്പകല്‍ക്കാറ്റില്‍ പറന്നുയരുമ്പോഴും,
എത്രയോ ദൂരം നമുക്കു പരസ്പരം 

......................

Also Read: സ്വാഭിനയ സിനിമകള്‍, ലാല്‍മോഹന്‍ എഴുതിയ കവിതകള്‍

Also Read:  മഴത്താളം, ഷിബി നിലാമുറ്റം എഴുതിയ കവിത

......................

 

മുറിവ്

ഊറിപ്പിടിയ്ക്കരുത്,
ഒളിഞ്ഞു മായരുത്
ഉടല്‍ പെയ്യുമ്പോള്‍-
ചെമന്നിരിയ്ക്കണം;
ഒച്ചയില്ലാശ്വാസത്താല്‍ -
ചിറകടിയ്ക്കണം;
ഋതുവിലാപത്തില്‍ -
ധ്യാനമാകണം;
നിന്നില്‍ നിന്നൊരുതുള്ളി -
വിതുമ്പിയൊഴുകണം;
ഏറ്റവും മൃദുവായ് -
തുറന്നിരിയ്ക്കൂ;
പൂവിനുള്ളിലേയ്ക്കീറന്‍കാറ്റ് -
മരിച്ചു മായുംവരെ.

...................

Also Read: ഹാജ്യാരുടെ ലോകകപ്പ്, രശ്മി കിട്ടപ്പ എഴുതിയ രണ്ട് കവിതകള്‍

Also Read: കുന്നേപ്പള്ളിയും കുത്തിത്തിരിപ്പുകാരും, സജിന്‍ പി. ജെ എഴുതിയ കവിത

...................

 

ശവപ്പെട്ടികള്‍ വില്‍ക്കുന്നിടം

പതഞ്ഞലിഞ്ഞൊഴുകുന്നൂ
ഇളംമഞ്ഞവെയില്‍പ്പുഴ;
പാടകെട്ടിത്തുടങ്ങിയ -
പ്രാണനൂറും പകല്‍പ്പാത്രം;
കനമേറും, കനിവില്ലാക്കിനാവില്ലാ-
ക്കുരുന്നില;ഭയത്താല്‍ -
നിശ്ശബ്ദമായിപ്പതിയ്ക്കുന്ന,
ചതുപ്പുകള്‍!

നിദ്ര മാത്രം നിറയ്ക്കാനായ് -
ഉടല്‍ പാകപ്പെടുത്തീടും ,
ശവപ്പെട്ടിയ്ക്കരികിലായ് -
ചിരിയൂറുന്നൊരാള്‍ മാത്രം;
ഇതള്‍കൂമ്പും പൂ വരച്ചും,
കൂടൊതുങ്ങും കിളി നിറച്ചും,
പണിതീരാത്തുടല്‍മൂടി -
തിളക്കത്താല്‍ ജ്വലിപ്പിച്ചും,
വെളിച്ചത്തിന്‍ പിണരുകള്‍ -
ചിരിക്കണ്ണില്‍ വിരിച്ചിട്ടും,
ശവപ്പെട്ടിയ്ക്കരികിലായ് -
തെളിയുന്നൊരുടല്‍ മാത്രം.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!