Malayalam Short Story : കാടിനുള്ളില്‍, ഇരുട്ടിന്‍റെ നഗരത്തില്‍... ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Feb 1, 2023, 3:46 PM IST
Highlights


 ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. കാടിനുള്ളില്‍, ഇരുട്ടിന്‍റെ നഗരത്തില്‍... ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ
 

 

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ദേവനഗരത്തില്‍ ഇപ്പോള്‍ പകല്‍വെളിച്ചവും ഇരുട്ടായി മാറിയിരുന്നു. ഇരകളെ മാത്രം സ്‌നേഹിക്കുന്ന പ്രജകള്‍. അതു ലഭിച്ചില്ലെങ്കില്‍ അവര്‍ തന്നെ വേട്ടക്കാരാകുന്നു. ഇരയെ വേട്ടയാടിപ്പിടിക്കുന്നു. കൂട്ടം ചേര്‍ന്നതില്‍ സഹതാപം ചൊരിഞ്ഞാസ്വദിക്കുന്നു. അടയാളങ്ങളായി പട്ടണമദ്ധ്യത്തിലെ മൂന്ന് ശില്‍പങ്ങള്‍. മൂന്നാമന്‍ പുതിയതാണ്. ഇന്നായിരുന്നു പിറവി. പകല്‍ സമയം. കത്തുന്ന വെയില്‍. പ്രതിമയുടെ മുഖംമൂടിയിരുന്ന വെളളപ്പട്ടുതിര്‍ന്നു വീണു. കറുത്തമേഘങ്ങള്‍ സൂര്യനെ മറച്ചു. വെയില്‍ മങ്ങി. അനാച്ഛാദനം കഴിഞ്ഞു. രണ്ടാള്‍പ്പൊക്കത്തില്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍. ഓരോന്നിന്‍റെയും താഴ്ഭാഗത്തായി അവരുടെ മഹിമകള്‍ കൊത്തിവച്ചിരുന്നു.

'അന്ധനായൊരു മനുഷ്യനെ വഴിമുറിച്ച് കടക്കാന്‍ സഹായിച്ച മഹാന്‍.'

'ദാഹിച്ചുവലഞ്ഞു മൃതാവസ്ഥയിലെത്തിയ മനുഷ്യന് കുടിവെള്ളം നല്‍കിയ മഹതി.'

മൂന്നാമനിലും കൊത്തി വച്ചിരുന്നു അയാളുടെ മഹത്വം. രാത്രിക്ക് കനംകൂടി വന്നു. കവലയില്‍ തിരക്കുകളൊഴിഞ്ഞു.

ചാറ്റല്‍മഴ പെയ്യുന്നുണ്ട്.

മൂന്നാമന്‍ ആ പുതുമഴ ആസ്വദിച്ചു.

അയാളുടെ നെറ്റി മുറിഞ്ഞു ചോര ഉണങ്ങി കട്ടപിടിച്ചിരുന്നു.

'നിങ്ങളൊരു ഡോക്ടറല്ലേ! എനിക്കറിയാം. എന്നെ സഹായിക്കാമോ?

അയാള്‍ മഹാനോട് ചോദിച്ചു. ഡോക്ട്ടര്‍ അയാളെ നിരീക്ഷിച്ചു. നീണ്ട തലമുടിയില്‍ നിന്ന് മഴവെള്ളം ഇറ്റിറ്റ് വീഴുന്നു. നെറ്റിയിലെ മുറിവിനെ കഴുകി വരുന്ന ചെമന്ന തുള്ളികള്‍ കവിളുകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്.

ചുവന്നുകലങ്ങി ഉറക്കം തൂങ്ങിയ കണ്ണുകള്‍.

'ഞാനുറങ്ങിയിട്ട് ദിവസങ്ങളായി ഡോക്ടര്‍  ഞാനൊരാളാട് സംസാരിച്ചിട്ട് മാസങ്ങളായി. എനിക്കതിന് കഴിയുന്നില്ല. എനിക്ക് ഭയമാണ്.'

'ഇന്ന് വന്നതല്ലേ? അല്‍പ്പം വിശ്രമിക്കൂ, എന്നിട്ട് പറയൂ. എന്താണ് നിങ്ങളുടെ സങ്കടം?'

'ഡോക്ടര്‍ എനിക്കാരെയും വെറുക്കാന്‍ കഴിയുന്നില്ല.' അയാള്‍ പറഞ്ഞു.

'ആഹാ! അതിനെന്താ നല്ല കാര്യമല്ലേ'

'അല്ല ഡോക്ടര്‍ ഈ സാമൂഹികാവസ്ഥയില്‍ എനിക്കിത് കൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ല. പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എല്ലാവരും എന്നെ ഒരു കൗതുക വസ്തുവിനെപ്പോലെ നോക്കുന്നു.  എല്ലാവരുടെ കണ്ണുകളിലും പുച്ഛമാണ്. അവരുടെ നോട്ടം,  ആള്‍ക്കൂട്ടത്തിന് നടുവില്‍ എന്നെ വിവസ്ത്രനാക്കുന്നു. എന്നെ രക്ഷിക്കണം ഡോക്ടര്‍'

ഡോക്ടര്‍ അയാളെ നോക്കിനിന്നു.

നെറ്റിയില്‍ കട്ടപിടിച്ചിരുന്ന ചോരയൊലിച്ചു പോയിരുന്നു. ഇപ്പോള്‍ മുറിവ് കാണാം. ചന്ദ്രക്കലപോലെ വെട്ട് കൊണ്ടൊരു പാട്. ആഴത്തിലുള്ളതാണ്. ഉള്ളില്‍ ചോരയുടെ കട്ടക്കറുപ്പ് നിറം.

'ഈ മുറിപ്പാടെന്താണ്? ആരാണ് നിങ്ങളെ ഉപദ്രവിച്ചത്?' ഡോക്ടര്‍ ചോദിച്ചു.

'ഡോക്ടര്‍, ഞാന്‍ ചെയ്ത പുണ്യം എന്താണെന്നറിയണ്ടേ? കുറച്ച് ദിവസം മുന്‍പൊരു സംഭവമുണ്ടായി.
എനിക്കുറക്കമില്ലായിരുന്നു. രാത്രിയില്‍ നടക്കാനിറങ്ങി. വഴിയരികിലൊരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ കരയുകയായിരുന്നു. കൈകളില്‍ ഒരു മണ്‍കുടം നിറയെ ജലം. എനിക്ക് വല്ലാതെ ദാഹിച്ചു. ആ മണ്‍കുടം അവള്‍ എനിക്ക് നല്‍കി. ഞാനത് ആര്‍ത്തിയോടെ കുടിച്ചു. മധുരമുള്ള പാനീയം. കരുണയോടെ ഞാനവളെ നോക്കി. അവള്‍ ആ നോട്ടം അവഗണിച്ചു. കരുണയരുതേ എന്ന് ആ കണ്ണുകള്‍ അപേക്ഷിച്ചു. എനിക്കവളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുട്ടുമൂടിയ വനത്തിനുള്ളിലേക്കായിരുന്നു അവളുടെ യാത്ര. ഞാനവളെ തടഞ്ഞു.

എനിക്കറിയാം! ആ വനത്തിനുള്ളില്‍ ഒരു നഗരമുണ്ട്. ഇരുട്ട് അവര്‍ക്ക് ആഘോഷരാവാണ്. വെറുപ്പും, നിര്‍ദ്ദയതയുമാണ് അവരുടെ ആരാധനാമൂര്‍ത്തികള്‍. വേദനകള്‍ കച്ചവടത്തിന് വച്ച് സന്തോഷം വിലയ്ക്ക് നല്‍കുന്നവരാണവര്‍. പഞ്ചേന്ദ്രിയങ്ങളുടെ ശിലാരൂപങ്ങളാവിടെ പ്രതിഷ്ഠ. വനമധ്യത്തിലൂടെ നീണ്ടൊരു പാതയുണ്ട്. അത് ചെന്നവസാനിക്കുന്നത് തുറന്നൊരു പ്രദേശത്താണ്. മുഖവടിവില്‍ അഴകുള്ളൊരു പ്രതലം. കൃത്യമായി പ്രതിഷ്ഠിച്ച പഞ്ചേന്ദ്രിയശിലകള്‍. ചുറ്റിനും ഇരുട്ടുമൂടിയ വനം. മധ്യത്തില്‍ കിരാതമായ ഉത്സവമേളങ്ങള്‍. വികാരങ്ങളെ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ആപണങ്ങള്‍. 'വരൂ വരൂ സന്തോഷത്തിന് നൂറുപണം നൂറ് പണം'-വില്‍പ്പനവസ്തുക്കള്‍ വിളിച്ച് ചൊല്ലുന്ന കച്ചവടക്കാര്‍.

ഒരിടത്തൊരാള്‍ പലകയില്‍ തറച്ച ആണികളില്‍ കിടന്ന് അഭ്യാസം കാണിക്കുന്നു. കുറച്ചാളുകള്‍ അവിടെ കൂടിയിട്ടുണ്ട്. തെരുവോരത്തൊരു പെണ്‍കുട്ടി വാവിട്ടു കരഞ്ഞു തുടങ്ങി. ആള്‍ക്കൂട്ടം മുഴുവന്‍ അവള്‍ക്ക് ചുറ്റും കൂടി. അവള്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു. മുന്നില്‍ വിരിച്ചിരുന്ന കറുത്ത ദുപ്പട്ടയില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വീഴുന്നു. പെട്ടെന്നവള്‍ കരച്ചില്‍ നിര്‍ത്തി. എല്ലാവരെയും നോക്കി പൊട്ടിച്ചിരിച്ചു. ആള്‍ക്കൂട്ടം പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി.

കാഴ്ച്ചക്കാരില്ലാതെ അയാള്‍ അപ്പോഴും ആണിയുടെ മുകളില്‍ കിടന്നു. കുറച്ച് കുട്ടികള്‍ അയാള്‍ക്ക് ചുറ്റും കൂടി. കൈകൊട്ടി അയാളെ പ്രോത്സാഹിപ്പിച്ചു. അയാള്‍ ആണിപ്പുറത്ത് നിന്നെഴുന്നേറ്റു. മുതുകില്‍ നിറയെ ദ്വാരങ്ങള്‍ വീണിരുന്നു. തുള്ളികളായി ചോര ഒലിച്ചിറങ്ങുന്നു. കുട്ടികള്‍ വിരല്‍ കൊണ്ട് ആ മുറിവുകളില്‍ കുത്തി നോക്കി. അയാളുടെ വേദന അവര്‍ക്ക് ഹരമായി മാറി.

'വരണം വരണം നൂറ് പണം. നൂറ് പണം.' മറ്റൊരിടത്ത് ലേലം വിളി ഉയരുന്നു. ആള്‍ക്കൂട്ടം അവിടേക്കോടി.
അവിടെ, നേരത്തെ കണ്ട പെണ്‍കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. നിലത്ത് കുഴിച്ചിട്ടൊരു മരത്തടിയില്‍ കൈകള്‍ പുറകിലേക്ക് പിണച്ചുവച്ച് കെട്ടിയിരുന്നു. മുന്നില്‍ ഒരാള്‍ നിന്ന് വിലപേശുന്നുണ്ട്.

'സന്തോഷം. സന്തോഷം. ആര്‍ക്കും വരാം എന്തും ചെയ്യാം. മുപ്പതുനിമിഷം. നൂറുപണം എന്തും ചെയ്യാം എന്തും ചെയ്യാം.' അയാള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒരാള്‍ മുന്നോട്ടുവന്നു. അയാള്‍ക്ക് നൂറു പണം നല്‍കി. അവള്‍ക്കരികിലെത്തി. അവളെ അടിമുടി നോക്കി. മുഷിഞ്ഞ വേഷമാണ്. വിയര്‍പ്പില്‍ കുതിര്‍ന്ന് അഴിഞ്ഞുലഞ്ഞ തലമുടി. കരഞ്ഞ് ചുവന്ന കണ്ണുകള്‍ കൊണ്ടവള്‍ അയാളെയും നോക്കി. ചുണ്ടുകള്‍ ഒരു വശത്തേക്കു കോട്ടി പുച്ഛത്തോടെ ചിരിച്ചു. അയാള്‍ മുഖം അവളിലേക്കടുപ്പിച്ച് നായയെ പോലെ മണം പിടിച്ചു. അവളുടെ ചുണ്ടുകള്‍ ലക്ഷ്യമാക്കി മുഖം അടുപ്പിച്ചപ്പോള്‍ അവള്‍ തല പുറകിലേക്ക് വലിച്ച് മുന്നിലേക്ക് കാര്‍ക്കിച്ചു തുപ്പി. 'സമയം കഴിഞ്ഞു. സമയം കഴിഞ്ഞു. ഇനി ആരാണ്? നൂറു പണം. മുപ്പത് നിമിഷം. എന്തും ചെയ്യാം.' - ഇടനിലക്കാരന്‍ വീണ്ടും വിളിച്ചു പറഞ്ഞു. മുഖത്ത് വീണ തുപ്പല്‍ തുടച്ചയാള്‍ക്ക് കലി കയറിയിരുന്നു. പണക്കിഴിയില്‍ നിന്ന് ആയിരം പണം എടുത്തയാള്‍ ഇടനിലക്കാരന് നല്‍കി. പദ്ധതി വിജയിച്ച സന്ദേശം ഇടനിലക്കാരനും, അവളും കണ്ണുകളിലൂടെ പങ്കുവച്ചു. അയാള്‍ വീണ്ടും അവളുടെ മുന്നിലെത്തി. ഇരുകവിളുകളിലും മാറി മാറി തല്ലി. ഓരോ അടികൊള്ളുമ്പോഴും അവളുടെ കഴുത്ത് ഇരുവശങ്ങളിലേക്കായൊടിഞ്ഞു.

മുടിയിഴകളില്‍ പിടിച്ചു വലിച്ചു. തലമുടി തലയോട്ടിയില്‍ നിന്ന് പറിഞ്ഞു പോകുന്നത് പോലെ വേദന. അവള്‍ അലറിക്കരഞ്ഞു. കാഴ്ച്ചക്കാര്‍ ആഹ്ലാദത്തോടെ ആര്‍ത്തുവിളിച്ചു. സ്വര്‍ണനാണയങ്ങള്‍ അവള്‍ക്ക് മുന്നില്‍ ചൊരിഞ്ഞു കൊണ്ടിരുന്നു. അവരെല്ലാം സന്തോഷം വിലയ്ക്ക് വാങ്ങി.

ആ തെരുവിലേക്കായിരുന്നു ഡോക്ടര്‍, ആ പെണ്‍കുട്ടിയുടെ യാത്ര. ഞാനവളെ തടഞ്ഞു. അതില്‍ നിന്നു പിന്തിരിപ്പിച്ചു.'

മഹതിയുടെ പ്രതിമയുടെ മിഴികള്‍ നിറഞ്ഞിരുന്നു. കവിളുകളിലൂടത് താഴേക്കൊഴുകി. മഞ്ഞലോഹവും ചൂടേറ്റുരുകിയൊലിച്ചു.

'നിങ്ങളെ ആക്രമിച്ചതാരാണ്?' -ഡോക്ടര്‍ ചോദിച്ചു.

അയാള്‍ സംസാരം തുടര്‍ന്നു.

'അന്ന് രാത്രി ആ പെണ്‍കുട്ടി രക്ഷപ്പെട്ടല്ലോ. പിറ്റേന്ന് മാധ്യമങ്ങളെല്ലാം അത് ആഘോഷമാക്കി. ഇതാ ഇരുട്ടില്‍ സ്‌നേഹത്തിന്‍റെ നാളമായൊരു മനുഷ്യന്‍ അവതരിച്ചിരിക്കുന്നു. ഒരു പെണ്‍കുട്ടിയെ അവന്‍ രക്ഷിച്ചിരിക്കുന്നു. വലിയ വാര്‍ത്തകളായി. എന്നെ ആദരിക്കാന്‍ ഒരു നാടുമുഴുവന്‍ ഒരുങ്ങിയിറങ്ങി. അവാര്‍ഡുകള്‍. സ്വീകരണങ്ങള്‍ സമ്മാനങ്ങള്‍. എന്നെ അവര്‍ ദൈവത്തെപ്പോലെ ആരാധിച്ചു.
ഈ ദിവസം വര്‍ഷാവര്‍ഷം അവര്‍ ഉത്സവമായി പ്രഖ്യാപിച്ചു. സ്വീകരണത്തില്‍ ഹാരങ്ങള്‍ അര്‍പ്പിച്ച് എന്നെ ചുംബിച്ചവര്‍ എന്‍റെ കാതില്‍ മന്ത്രിച്ചത് കേട്ടു ഞാന്‍ സ്തംബ്ധനായി.

'ഇരുട്ടില്‍ നിന്നെ കിട്ടട്ടെ, നിന്‍റെയാ ദീപം നമ്മള്‍ കെടുത്തും.'

പകല്‍ എന്നെ ദൈവമായി കണ്ട അവര്‍ കൂട്ടം ചേര്‍ന്ന് രാത്രിയില്‍ ആക്രമിച്ചു. അവര്‍ ചോദിക്കുന്നത്.,
നീ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അവള്‍ക്കെന്ത് സംഭവിക്കുമെന്നായിരുന്നു. അവള്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുമായിരുന്നു. അത്തരം വാര്‍ത്തകളാണിവിടെ പരിചിതവും, വില്‍പ്പനയ്ക്ക് ആവശ്യവും. നീയതിനെല്ലാം കളങ്കമേല്‍പ്പിച്ചു. അതു പറഞ്ഞവര്‍ എന്നെ പൊതിരെ തല്ലി. എന്‍റെ വസ്ത്രങ്ങള്‍ വലിച്ചുരിഞ്ഞു.  അന്ന് മുതല്‍ ഇരുട്ടുമുറിയില്‍ ഞാന്‍ അടച്ചിരിക്കുവാണ് ഡോക്ടര്‍.'

അയാള്‍ പറഞ്ഞ് നിര്‍ത്തി.

'ഇതെല്ലാം താങ്കളുടെ മിഥ്യയാണ്.'

'അല്ല. ഡോക്ട്ടര്‍ ഇവിടെ കൊത്തിവച്ചിരിക്കുന്നത് കണ്ടോ! ഒരു കാലത്ത് ഇതൊന്നും വാര്‍ത്തകളല്ലായിരുന്നു. വെറും സാധാരണ സംഭവങ്ങള്‍ മാത്രം. ഇന്നതെല്ലാം മനസ്സുകളില്‍ നിന്ന് അന്യമാകുന്നതിന്‍റെ തെളിവുകളല്ലേ ഇത്തരം ഉത്സവങ്ങള്‍. ഈ അടയാളങ്ങള്‍ എന്നും ഓര്‍മ്മപ്പെടുത്തലുകളാണ്. ഇവിടെ ഇതെല്ലാം അപൂര്‍വ്വങ്ങളാണെന്ന മുന്നറിയിപ്പുകള്‍. ഇത് മായണം. ഇരുട്ടുമാറും, വെളിച്ചമാകും. സ്‌നേഹം ഒരു കെടാവിളക്കായി എല്ലാവരുടെ ഉള്ളിലും തെളിയും.'

മൂവരും ഒന്നുചേര്‍ന്നവിടെ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. നിലാവിനെ മറച്ച് കാര്‍മേഘങ്ങള്‍ അവര്‍ക്ക് കൂട്ടുനിന്നു.

മറനീങ്ങി പൗര്‍ണ്ണമിചന്ദ്രന്‍ തെളിഞ്ഞു വന്നു.

പാല്‍നിലാവെങ്ങും പരന്നു. ശില്പങ്ങള്‍ അപ്രത്യക്ഷമായിരുന്നു.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!