Malayalam Short Story : നര വീണ പ്രണയം, നീതു വി ആര്‍ എഴുതിയ ചെറുകഥ

Published : Nov 09, 2022, 03:12 PM IST
Malayalam Short Story :   നര വീണ പ്രണയം,  നീതു വി ആര്‍ എഴുതിയ ചെറുകഥ

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നീതു വി ആര്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

കടലിനഭിമുഖമായി തിരകളുടെ തിരക്കിട്ട ഓട്ടപ്പാച്ചില്‍ നോക്കി അവര്‍ മൗനമായിരുന്നു. ഒടുവില്‍ അയാളാണ് മൗനത്തിന് തിരശ്ശീലയിട്ടത്.

'എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്ന് പോയത്, ഈ വന്നുപോകുന്ന തിരകളെപ്പോലെ..'-അവള്‍ ചിരിച്ചു.

'തിരകള്‍ക്ക് പക്ഷേ മാറ്റമൊന്നുമില്ല. ചിലപ്പോള്‍ ശക്തി ഏറിയും മറ്റുചിലപ്പോള്‍ കുറഞ്ഞും തീരത്തെ തഴുകി അത് മടങ്ങുന്നു. നമ്മളോ? നമ്മളിന്നെത്ര മാറിയിരിക്കുന്നു! നമ്മള്‍ മാത്രമോ? നമ്മുടെ ജീവിതവും..'

'ഊം' അയാള്‍ വെറുതെ മൂളി. മണല്‍ത്തരികളില്‍ കൂടി കൈവിരലാല്‍ എന്തൊക്കെയോ കോറിവരച്ചു.

അയാളും അവളും അറുപതു വര്‍ഷങ്ങള്‍ ഭൂമിയില്‍ തികച്ചവര്‍, ഒരിക്കല്‍ സ്വയം മറന്നു പരസ്പരം പ്രണയിച്ചവര്‍, ഇന്ന് മറ്റെന്തൊക്കെയോ ബന്ധ-ബന്ധനങ്ങളില്‍ കുരുങ്ങിയവര്‍. തമ്മില്‍ മിണ്ടാന്‍ വിഷയങ്ങള്‍ തിരയുന്നു, ഒരിക്കല്‍ വാതോരാതെ സംസാരിച്ചിരുന്നവര്‍...

അയാള്‍ക്ക് പക്ഷേ പ്രായം അന്‍പതിലധികം പറയില്ല. തിളങ്ങുന്ന കറുത്ത മുടിനാരുകള്‍ സായാഹ്നസൂര്യന്റെ രശ്മികളേറ്റ് കൂടുതല്‍ തിളങ്ങി. തുടുത്ത കവിളുകളും ഉറച്ച ശരീരവും അതിനൊത്ത വസ്ത്രധാരണവും അയാളെ അവിടെ അപ്പോഴുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കി.

അവളാട്ടെ കാഴ്ചയില്‍ അറുപത്തിയഞ്ചെങ്കിലും തോന്നിച്ചു. മുടികള്‍ കറുപ്പുള്ളതിനേക്കാള്‍ കൂടുതല്‍ വെളുത്തതായിരുന്നു, തൊലി പ്രായത്തിലും അധികമായി ചുളിഞ്ഞിരുന്നു.

'അന്ന് നീ പോവുമ്പോള്‍ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്.'- അവള്‍ മെല്ലെ പറഞ്ഞു.

അയാള്‍ തല ചെരിച്ചു -'ആരെയും കാണാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. പകയായിരുന്നു മനസ്സില്‍. ഒന്നിനും കൊള്ളാത്തവനെന്ന് മുദ്ര കുത്തി ആട്ടിപ്പായിച്ചതിന്റെ പ്രതികാരം.'

അവള്‍ മിണ്ടിയില്ല.

അയാള്‍ തുടര്‍ന്നു. 'ഭൂമിയില്‍ ഞാന്‍ അവസാനമായി സ്‌നേഹിച്ച മനുഷ്യന്‍ നീയാണ്. പിന്നീടൊരു മനുഷ്യനെയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല, വിശ്വസിച്ചിട്ടില്ല. അതിനെനിക്ക് കഴിഞ്ഞിട്ടില്ല.'

അവള്‍ വിശ്വസിക്കാന്‍ കഴിയാത്ത ഒരങ്കലാപ്പില്‍ അയാളെ തന്നെ നോക്കി -'അപ്പൊ പറഞ്ഞു വരുന്നത് ഇതുവരെ കല്യാണം ...'

അയാള്‍ പയ്യെ എണീറ്റു അവള്‍ക്കുനേരെ കൈനീട്ടി. 'അതേ ഇപ്പോഴും ഞാന്‍ ബാച്ചിലര്‍ ആണ്..'

അയാള്‍ നീട്ടിയ കയ്യില്‍ പിടിച്ച് അവള്‍ കുറച്ചൊരായാസത്തോടെ എണീറ്റു.

'നിനക്ക് ശരിക്കും വയസ്സായല്ലേ?'- അയാളുടെ സ്വരത്തില്‍ അല്‍പം നിരാശപോലെ തോന്നി അവള്‍ക്ക്.

'പിന്നെ, എല്ലാ കാലവും ഒരുപോലിരിക്കുമോ?'- അവള്‍ പുഞ്ചിരിച്ചു.

അയാള്‍ മുന്‍പോട്ട് നടന്നു ഒപ്പം അവളും.

'ഒരു പോലിരിക്കുമായിരുന്നു, മനസ്സില്‍. ഇനിയതിന് സാധിക്കുമോന്നറിയില്ല. ഉയരങ്ങള്‍ കീഴടക്കുമ്പോഴും പരാജയങ്ങള്‍ മുഖാമുഖം വന്നുനോക്കുമ്പോഴും ആ ഒരു മുഖമായിരുന്നു  മുന്‍പോട്ട് കുതിക്കാന്‍ എന്നെ പ്രചോദിപ്പിച്ചത്. നാല്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സില്‍ കയറിക്കൂടിയ ആ മുഖം. ഇത് അവളാണോന്ന് തന്നെ എനിക്ക് സംശയം തോന്നിപ്പോകുന്നു. നമുക്ക് തമ്മില്‍ കാണണ്ടായിരുന്നു. പഴയ ആ രൂപം അതങ്ങനെ നിന്നാല്‍ മതിയാരുന്നു.'

അവള്‍ക്ക് ചെറുതായി ദേഷ്യം വന്നു.

'ആരും ചിരഞ്ജീവി ഒന്നുമല്ലല്ലോ..'- അവള്‍ ഉള്ളില്‍ ചെറുതായി കത്താന്‍ തുടങ്ങിയ രോഷം അടക്കിവച്ചു പറഞ്ഞു.

'എനിക്ക് ഒന്ന് കണ്ട് സംസാരിക്കണം എന്നേ ഉള്ളായിരുന്നു. എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തണം. പ്രായമേറി വരികയല്ലേ. മരിക്കുന്നതിന് മുന്‍പ് ഒന്ന് കാണണമെന്നുണ്ടായിരുന്നു. അത് സാധിച്ചു. ഞാന്‍ പോട്ടെ..'

കടലിലേക്ക് കണ്ണും നട്ട് നില്‍ക്കുന്ന അയാളെ നോക്കി അവള്‍.

'ഊം' അയാള്‍ എന്തിനെന്നില്ലാതെ മൂളി.

അവള്‍ തിരിഞ്ഞു നടന്നു. മരച്ചുവട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നു അകത്തേക്കിരുന്നു.

'ആ ഇത്ര വേഗം എത്തിയോ?'- ജീവന്‍ പുഞ്ചിരിച്ചു. വളരെ പെട്ടെന്ന് തന്നെ ആ പുഞ്ചിരി മായുകയും ചെയ്തു.

' എന്തുപറ്റിയെടോ ഒരു വല്ലായ്മ പോലെ.'- അവളെ തന്നോട് ചേര്‍ത്തുപിടിച്ചു അയാള്‍ ചോദിച്ചു.

'ഞാന്‍ ശരിക്കും ഒരു കിളവിയായല്ലേ?'- വിഷമത്തോടെ അവള്‍ കണ്ണാടി നോക്കി.

അയാള്‍ പൊട്ടിച്ചിരിച്ചു. -'വാര്‍ദ്ധക്യം അതൊരു സത്യം ആണ്. മനുഷ്യന്‍ തനിക്ക് വന്നെത്തുന്നത് വരെ തനിക്ക് മാത്രം ബാധിക്കില്ലെന്ന് കരുതുന്ന പേടിപ്പിക്കുന്ന സത്യം.'


'അയാള്‍.. അയാള്‍ക്കീ രൂപമൊന്നും അംഗീകരിക്കാന്‍ പറ്റുന്നില്ലത്രേ. ഒന്നു  മനസ് തുറന്നു സംസാരിച്ചു ക്ഷമ ചോദിക്കണംന്ന് വിചാരിച്ചാണ് കഷ്ടപ്പെട്ട് അയാളെ കണ്ടെത്തിയത്. അതിനു  പോലും പറ്റീല്ല'

ജീവന്‍ അവളുടെ നെറ്റിയില്‍ ഒരു നനുത്ത മുത്തം നല്‍കി. -'നിന്റെ ഈ രൂപമോ, എത്ര സുന്ദരിയാണ് നീ. നാല്‍പതു വര്‍ഷങ്ങള്‍ പോയത് പോലും ഞാനറിഞ്ഞില്ല, നീ കൂടെ ഉള്ളതിനാല്‍. ഞാന്‍ ഇന്നലെകളില്‍ മാത്രം മുഖം പൂഴ്ത്തിവെക്കുന്നവനല്ല. ഓരോ നിമിഷവും നിന്നെയാണ് എനിക്ക് ഇഷ്ടം..'

അവന്‍ പതിയെ അവളുടെ കാതോരം മന്ത്രിച്ചു - 'മനുഷ്യനേ നരവീഴൂ, പ്രണയത്തിനല്ല'.

തന്നെ ചേര്‍ത്തുപിടിച്ച ആ കൈകളില്‍ കൈചേര്‍ത്ത് അവള്‍ ഇരുന്നു.

തന്നെ മനസ്സിലാക്കുന്ന ഒരു പങ്കാളിയോളം വലുത് മറ്റെന്തുണ്ട്.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത