Malayalam Short Story : മേഘായുധം, നൗഫിയ എസ് എഴുതിയ കഥ

By Chilla Lit SpaceFirst Published Jan 1, 2022, 5:01 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നൗഫിയ എസ് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

പെട്ടെന്നായിരുന്നു മഴ പെയ്തത്. എല്ലാവരുടെയും മുഖത്ത് അത്ഭുതം മാത്രമായിരുന്നു. കാലങ്ങളായി അവര്‍ക്ക് ഏപ്രില്‍ മെയ് മാസങ്ങള്‍ വരള്‍ച്ചയുടേത് മാത്രമായിരുന്നു. രണ്ട് മാസത്തെ വരള്‍ച്ചയ്ക്ക് ശേഷം ജൂണില്‍ കടന്നു വന്ന മഴയെ അവരെല്ലാം ആവോളം ആസ്വദിച്ചിരുന്നു.

എന്നാല്‍, കാലം തെറ്റിപ്പെയ്ത ഈ മഴ!

'നന്ദിനീ.... കുട്ടികളെല്ലാം അകത്തുണ്ടോ?'

നൂറോളം വരുന്ന ആട്ടിന്‍പറ്റത്തെ മഴനയാതെ കൂട്ടിലാക്കിയശേഷം ദേവപ്രകാശ് ഭാര്യ നന്ദിനിയോട് ചോദിച്ചു. അതേയെന്ന അര്‍ഥത്തില്‍ അവള്‍ തലയാട്ടി.

'എന്തോ അപകടം വരുന്നുണ്ട്.....'

കട്ടിലില്‍ ചുരുണ്ടുകൂടിക്കൊണ്ട് നന്ദിനിയുടെ അമ്മ പിറുപിറുത്തു.

പുറത്ത് അന്നേരവും ശക്തമായി മഴ പെയ്തുകൊണ്ടേയിരുന്നു.

'എന്തോ ശാപം.... ആരുടെയോ ശാപം....' വൃദ്ധ അപ്പോഴും പിറുപിറുത്തു.

മറ്റൊരിടത്ത് കുറച്ചുപേര്‍ അവരുടെ പരീക്ഷണം വിജയം കണ്ടതില്‍ ആഹ്ലാദിക്കുകയായിരുന്നു.
നാലുദിവസത്തിനുള്ളില്‍ നടക്കുന്ന ബ്രിട്ടീഷ് രാജകുമാരിയുടെ വിവാഹചടങ്ങ് അലങ്കോലമാക്കാന്‍ കെല്‍പ്പുള്ള മഴമേഘങ്ങള്‍ ആകാശത്ത് കാത്തിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞര്‍  മഴമേഘങ്ങളെ വഴിതിരിച്ചു വിടാനുള്ള ആശയം മുന്നോട്ട് വെച്ചു. പല രാജ്യങ്ങളും ഇത് പരീക്ഷിച്ച് വിജയം കണ്ടിരുന്നു. പ്രത്യേകതരം ഇലക്ട്രിക്കല്‍ ഡിസ്ചാര്‍ജ് ഉപയോഗിച്ച് അവര്‍ കാര്‍മേഘങ്ങളെ വഴിമാറ്റി വിട്ടു. 

പെയ്യാനായി കാത്തിരുന്ന മഴമേഘങ്ങളെ പല രാജ്യങ്ങളും പറഞ്ഞുവിട്ടു. ഒടുവില്‍ അതിന് പെയ്‌തൊഴിയാനായി ഇൗയൊരിടം തന്നെ വേണ്ടിവന്നു.

ഒരാഴ്ച്ച നീണ്ടുനിന്ന മഴ തോര്‍ന്നപ്പോള്‍ പല കെട്ടിടങ്ങളും മനുഷ്യരും മരങ്ങളും ജീവികളുമെല്ലാം ചിലരുടെയൊക്കെ ഓര്‍മ്മകള്‍ മാത്രമായ് മാറി. ദുരിതാശ്വാസക്യാമ്പുകള്‍ രാജ്യത്തിന്റെ പലഭാഗത്തായി തുറന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ നടന്നു.

അന്നേരം ലോകത്തിന്റെ മറ്റിടങ്ങളില്‍ പലപല ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.

'നിലനില്‍പ്പിനായി നമുക്ക് ഇതുമായി മുന്നോട്ട് പോയേ പറ്റുള്ളൂ.'  

'എട്ടു പ്രാവശ്യമാണ് നമ്മള്‍ ഇതേ പരീക്ഷണം നടത്തി പരാജയപ്പെട്ടിട്ടുള്ളത്. കൂടാതെ പ്രകൃതിയില്‍ ഇത്രത്തോളം ഒരു കൈകടത്തല്‍ വേണമോ എന്നുള്ളത് നമുക്ക് ഒന്നുകൂടെ ചര്‍ച്ച ചെയ്യാവുന്നതാണ്.'  

അന്തരീക്ഷത്തില്‍ താപനില വളരെ കൂടുന്ന അവസ്ഥയില്‍ പരിഹാരമായി കൃത്രിമമായി മഴപെയ്യിക്കണമോ വേണ്ടയോ എന്ന ചര്‍ച്ചയില്‍  ഓരോരുത്തരും അഭിപ്രായങ്ങള്‍ പറഞ്ഞു. ഒടുവില്‍ കൃത്രിമമായി മഴ  പെയ്യിക്കുക എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.

ഡ്രോണുകള്‍ ഉപയോഗിച്ച് മഴമേഘങ്ങളെ  പെയ്യിക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഒളിമ്പിക്‌സ് നടക്കുന്ന വേദിയില്‍ നിന്നും മഴമേഘങ്ങളെ ചിലര്‍ പറഞ്ഞുവിട്ടു. ചിലര്‍  തുടരേത്തുടരേ ശത്രു രാജ്യങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനായി മഴമേഘങ്ങളെ വഴിതിരിച്ചു വിട്ടു. ചിലര്‍ ദാഹജലത്തിനായും, ചൂടുകുറയ്ക്കാനായും മഴമേഘത്തെ പെയ്യിച്ചു.

അവര്‍ക്കെല്ലാമായി പ്രകൃതി ഒരു 'സമ്മാനം' ഒരുക്കുന്നുണ്ടായിരുന്നു, അത് മനുഷ്യന്റെ ഊഹങ്ങള്‍ക്കും അപ്പുറമായിരുന്നു.

click me!