Latest Videos

അവളവന്‍, സബിത രാജ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jul 5, 2023, 1:05 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സബിത രാജ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

1. അവന്‍ 

ലോഡ്ജ് മുറിയുടെ മങ്ങിയ വെട്ടത്തില്‍ ബാഗില്‍ നിന്നും ഒരു കവര്‍ എടുത്ത് പുറത്ത് വെയ്ക്കുമ്പോള്‍ രോഹന്റെ മനസ്സ് സന്തോഷം കൊണ്ട്  നിറഞ്ഞിരുന്നു.

കവര്‍ തുറന്ന് അവനത് പുറത്തേയ്ക്ക് എടുത്തു. 

ഇളം വയലറ്റ് ഷിഫോണ്‍  സാരിയും വെള്ള ഹക്കോബാ ബ്ലൗസും. 

കൂട്ടത്തിലൊരു കുഞ്ഞു പൊതി വളരെ സൂക്ഷ്മതയോടെ അവന്‍ പുറത്തെടുത്തു. 

നിറയെ  മണികള്‍ പിടിപ്പിച്ച പാദസരം.

അവനത് കയ്യിലെടുത്ത് രണ്ടു തട്ട്...

ചില്‍ എന്ന ശബ്ദം കാതുകളെ വല്ലാതെ മോഹിപ്പിക്കുന്നു. 

അത് കാലിലണിഞ്ഞ് നടക്കുമ്പോള്‍, ആ ശബ്ദം പെണ്ണെന്ന് തന്നെ അടയാളപ്പെടുത്തും ഉറപ്പ്.

അവനതില്‍ ചുണ്ടു ചേര്‍ത്തു.

കറുത്ത കുപ്പിവളകളും വെള്ളി മുത്തുകള്‍ തൂക്കിയ ജിമിക്കയും ചുവന്ന വലിയ വട്ടപ്പൊട്ടും കണ്മഷിയും ലിപ്സ്റ്റിക്കും നോക്കി അവന്റെ കണ്ണുകള്‍ വിടര്‍ന്നു.

എന്തൊരു ഭംഗിയാണ്...

ഇതൊക്കെ ഇട്ട് അണിഞ്ഞൊരുങ്ങി തന്നിലെ പെണ്ണിനെ പുറത്തെടുക്കാന്‍ കൊതിയായിട്ട് വയ്യ.

ബാഗില്‍ നിന്നും ടവ്വലും എടുത്ത് രോഹന്‍ കുളിമുറിയിലേക്ക് പോയി.

ഷേവിങ് ക്രീം മുഖത്ത് തടവി അവന്‍ താടി രോമങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു. ശേഷം കൈകളിലെ നീളന്‍ രോമങ്ങളും.

പുരുഷനെന്ന് ഓര്‍മ്മിപ്പിക്കുന്ന ആ നീളന്‍ രോമങ്ങള്‍ തന്റെ ഉള്ളിലെ പെണ്ണിന്റെ മാറ്റു കുറയ്ക്കണ്ട.

കൈകള്‍ എത്ര മൃദുവായിരിക്കുന്നു! ശരിക്കും പെണ്ണിന്റേത് പോലെ തന്നെ...

മുഖം സോപ്പ് ഉപയോഗിച്ച് കഴുകുമ്പോള്‍ ആകെ ഒരു നീറ്റല്‍.

കുളിച്ച് കയറി വന്ന് കയ്യിലുണ്ടായിരുന്ന ലോഷന്‍ പുരട്ടുമ്പോള്‍ അവന്റെ ശരീരം നന്നേ തണുത്തിരുന്നു. 

ബാഗില്‍ നിന്നെടുത്ത ഷേയ്പ് വിയര്‍ ഇട്ട്, പാഡഡ് ബ്രാ ഇട്ട് അവന്‍ കണ്ണാടിയില്‍ നോക്കി.

ശരീരം ഒരു സ്ത്രീയായി മാറുന്നത് അവന്‍ തന്റെ കണ്ണുകള്‍ കൊണ്ട് നന്നേ ആസ്വദിക്കുന്നതായി തോന്നി.

ബ്ലൗസിട്ട് സാരി ഞൊറിഞ്ഞുടുത്ത് അവന്‍ ഒരുവളായി എത്ര പെട്ടെന്നാണ് പരിണമിച്ചത്.

മനസ്സ് പെണ്ണായി പണ്ടേ പാകപ്പെട്ടതിനാലാവാം ശരീരം എത്രവേഗമാണ് അവനിലെ അവളെ ഉള്‍ക്കൊണ്ടത്.

കണ്ണാടിയ്ക്കു മുന്നില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ അവളുടെ ശരീരവടിവുകളെ ആസ്വദിക്കുകയായിരുന്നു. 


2. അവള്‍

അവളെ ഇനി നമുക്ക് വേദ എന്ന് വിളിക്കാം. സാരിത്തലപ്പ് അല്പം അയച്ചിട്ട് ഇടുപ്പിലെ സാരിമുറുക്കി കുത്തി അവള്‍ തന്റെ ശരീരത്തെ കൊതിയോടെ നോക്കി.

എന്ത് സുന്ദരിയാണ് ഞാന്‍...ടൈ ചെയ്ത വെച്ചിരുന്ന നീളന്‍ കോലന്‍ മുടി അഴിച്ചിട്ട് അതില്‍ കൈ കൊണ്ട് കോതി അവള്‍ തന്റെ മുടിയിഴകളെ കാറ്റില്‍  പറത്തി.

കണ്ണെഴുതി, ചുവന്ന പൊട്ട് തൊട്ട്, പാദസരമിട്ട്, ചുണ്ടില്‍ ഇളം ചുവപ്പ് ലിപ്സ്റ്റിക്ക് തേച്ച്, കരിവളയും കമ്മലും അണിഞ്ഞ്  അവള്‍ കണ്ണാടിയില്‍ നോക്കി.

എത്ര കണ്ടിട്ടും കൊതി തീരുന്നില്ല. എത്ര ആസ്വദിച്ചിട്ടും മതിവരാതെ അവള്‍ നിന്നു.

നീളന്‍ കഴുത്ത് ഒഴിഞ്ഞ് കിടന്നു. ഉന്തി നിന്ന എല്ലുകള്‍ കഴുത്തിനു ഭംഗി കൂട്ടിയതുപോലെ. ഒരു കാമുകനുണ്ടായിരുന്നെങ്കില്‍...

അവള്‍ കൊതിച്ചു. 

നാണം കൊണ്ടു ചുവക്കുന്ന കവിളിണകളെ ചുംബിക്കാന്‍, നിന്റെ ശരീരം മൃദുവാണെന്ന് പറഞ്ഞ് തലോടാന്‍...  

പെണ്‍കുട്ടികള്‍ ചുംബനം കൊതിക്കുന്നത് പിന്‍കഴുത്തിലാണെന്ന് കേട്ടിട്ടുണ്ട്. അവള്‍ തന്റെ പിന്‍കഴുത്തില്‍ മറ്റാരോ ചുംബിക്കുന്നതായി സ്വപ്നം കണ്ടു.

ശരീരം ഒരു മനുഷ്യനായി കൊതിക്കുന്നു! 

മുഖത്ത് മിന്നിമാഞ്ഞ നാണം, ശരിക്കും താന്‍ പെണ്ണായത് പോലെ...

അണിഞ്ഞൊരുങ്ങി കൈയ്യിലുണ്ടായിരുന്ന ചുവപ്പ് നെയില്‍ പോളിഷ് നഖങ്ങളില്‍ തേച്ച് അവന്‍ തന്റെ നീളന്‍ വിരലുകളെ ചുംബിച്ചു. മൊബൈലെടുത്ത്പല പോസ് ഫോട്ടോസ് പകര്‍ത്തി.

എന്തൊരു ഭംഗിയാണ്...! 

കുറച്ചു സമയം അവള്‍ സ്വയം നോക്കിയിരുന്നു. കൈയ്യിലുണ്ടായിരുന്ന സാധനമെല്ലാം മുറിയില്‍ വെച്ച് പിന്നെ  മുറി പൂട്ടിയിറങ്ങി.

തിരക്കുള്ള തെരുവ് നോക്കി നില്‍ക്കുന്നതായി തോന്നി. തിരക്കുകള്‍ കൂടി വന്നു കൊണ്ടിരുന്നു. അലക്ഷ്യമായി നടന്നുപോകുന്ന തന്നെ നോക്കി ചെറുപ്പക്കാര്‍ കമന്റു പറയുന്നതും, വടിവൊത്ത ശരീരത്തിലേക്ക് നോട്ടമെറിയുന്നതും അവള്‍ അറിഞ്ഞു.

തന്നെയൊരു പെണ്ണായി ആളുകള്‍  അംഗീകരിക്കുന്നുവെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.

മനസ്സ് നിറഞ്ഞു നിന്നു. 

തിരക്കുകള്‍ കൂടി വന്നു.

ഒഴിഞ്ഞ ഒരറ്റം കൂടി നില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലേക്ക്  അവള്‍ നടന്നടുത്തു. മനോഹരങ്ങളായ സാരികളും, ആഭരണങ്ങളും വില്‍ക്കുന്നിടം.

ഓരോന്നും എടുത്ത് നോക്കി അവള്‍ വില ചോദിച്ചു. ഇഷ്ടപ്പെട്ടതെല്ലാം വാങ്ങി അടുത്ത കടയിലേക്ക് കയറുമ്പോള്‍ അവിടെ മെഹന്തി  ഇടാന്‍ ആളുകള്‍ തയ്യാറായി നില്‍ക്കുന്നു. ഒന്നുമാലോചിക്കാതെ അവര്‍ക്ക് മുന്നില്‍ െകെനീട്ടിയിരുന്നു കൊടുത്തു.

കൈനിറയെ മെഹന്തി ഇടാന്‍ എത്ര കൊതിച്ചതാണ്.

നിറം കടുത്ത് വരും മുന്നേ അത് കഴുകി കളയുമ്പോള്‍ മനസ്സ് വല്ലാതെ പിടഞ്ഞു.

ഒരാളും തിരിച്ചറിയാതെ അപരിചിതര്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കുമ്പോള്‍ അവന്‍ പൂര്‍ണ്ണമായും അവളിലേക്ക് ചേക്കേറി കഴിഞ്ഞിരുന്നു.

തട്ടുകടയ്ക്ക് മുന്നിലിരുന്ന് ചൂട് ദോശയും ചട്‌നിയും കഴിച്ച് ചൂട് ചായ ഊതി കുടിച്ച് അവള്‍ തന്നിലെ സ്ത്രീത്വത്തെ മുഴുവനായി ആസ്വദിച്ചു. പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് ഒരുപക്ഷെ അസൂയ തോന്നിയേക്കാം. 

കാരണം കാഴ്ച്ചയില്‍ അവള്‍ അത്ര സുന്ദരിയും സന്തോഷവതിയുമായിരുന്നു.

നേരം സന്ധ്യയോടടുത്തു...

അവള്‍ നേരെ കടല്‍ത്തീരം ലക്ഷ്യമാക്കി നടന്നു. അവധി ദിവസമാണ്. നല്ല തിരക്കുണ്ട്. തിരമാലകള്‍ കാലുകളില്‍ വന്നു തട്ടുമ്പോള്‍ തന്റെ പാദസരം തിളങ്ങുന്നത് നോക്കി അവള്‍ പുഞ്ചിരിച്ചു.

സൂര്യന്‍ കടലിലേക്ക് താണു പോകുന്നതും നോക്കി അവള്‍ നിന്നു. സൂര്യന്റെ അവസാന രശ്മികളും അവളെ ചുംബിച്ച് പകലിനോട് യാത്ര പറഞ്ഞ് പോയി.ആ സന്ധ്യ സൂര്യനസ്തമിക്കാതിരിക്കാന്‍ അവളേറെ കൊതിച്ചിരുന്നു. ഇരുട്ട് വീണു തുടങ്ങി.

ആളുകള്‍ കൊഴിഞ്ഞ് പൊയിക്കോണ്ടിരുന്നു. നഗരം വിജനമായിതീര്‍ന്നു.

തനിച്ച് രാത്രിയുടെ സൗന്ദര്യം കൂടി ആസ്വദിക്കാന്‍  മനസ്സ് പറയുന്നു- വേദ നഗരത്തില്‍ വട്ടം ചുറ്റി.

പലരും അവിടവിടെയായി നിന്ന് ഉറ്റുനോക്കുന്നുണ്ട്. അടുത്ത് വന്ന് രൂക്ഷമായി നോക്കി പോകുന്ന ചിലര്‍.

അപ്പോഴാണ് രാത്രികള്‍ക്കു മറ്റൊരു മുഖമുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞത്. എതിരെ പാഞ്ഞുവന്നൊരു ബൈക്ക് തൊട്ടടുത്ത് ബ്രേക്ക് ചവിട്ടി.

അതിലുണ്ടായിരുന്ന മനുഷ്യന്‍ അവളെ അടിമുടിയൊന്ന് നോക്കിയ ശേഷം ബൈക്ക് വിട്ടുപോയി.

രാത്രികള്‍ ശരീരം കാര്‍ന്നു തിന്നുന്ന കഴുകന്മാരുടെ കൂടിയാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.

ലോഡ്ജിലെത്തി മുറി തുറന്ന് അകത്ത് കയറുമ്പോള്‍ അവളാകെ തളര്‍ന്നിരുന്നു.

കണ്ണാടിയില്‍ നോക്കി. തളര്‍ന്ന കണ്ണുകളും പാറിപറന്ന മുടിയിഴകളും  അയഞ്ഞ സാരിയും.  എന്നിട്ടും എത്ര സുന്ദരി. അവള്‍ തന്റെ കവിളില്‍ തലോടി.

അവരവരുടെ സൗന്ദര്യം സ്വന്തം കണ്ണിലൂടെ മാത്രമല്ല മനസ്സിലൂടെയും കാണാന്‍ ശ്രമിക്കണം. അവിടെയഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ തുടങ്ങുമെന്ന് അവള്‍ ഓര്‍മ്മപ്പെടുത്തുന്നു.

മനസ്സില്ലാമനസ്സോടെ സാരി അഴിച്ചു വെച്ച് അവള്‍ പൊടുന്നനെ അവനായി, രോഹനായി.

 

3. അവളവന്‍

കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു എത്ര സുന്ദരമായ നിമിഷങ്ങളാണ് അവള്‍ അവനു സമ്മാനിച്ചത്.

അവള്‍ ഓര്‍മ്മകളായി മാറിയിരിക്കുന്നു.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് അയാള്‍ കതകു തുറന്നത്. 

താഴെ റിസപ്ഷനില്‍  ഇരിക്കുന്ന പയ്യനാണ്. 

'എന്താണ്?'

'ഒരു സ്ത്രീ ഇതുവഴി വന്നോ?'

'ഇല്ല.'


'പണിക്ക് വന്ന ചെറുക്കന്‍ പറഞ്ഞു, ആരെയോ ഇവിടെ കണ്ടൂന്ന്...മുറി തുറന്ന് കയറിയത് ഒരു പെണ്ണാണെന്ന്. പഴയ കാലം ഒന്നുമല്ല സാറേ,  ഡീറ്റെയില്‍സ് തരാതെ ആരെയും ഒപ്പം താമസിപ്പിക്കാന്‍ കഴിയില്ല.'


'ഇവിടെ ആരും ഇല്ല. നിങ്ങള്‍ അകത്ത് കയറി നോക്കൂ. ആ ചെക്കന്‍ കണ്ടത് എന്നെ തന്നെയാണ്.'

അന്തം വിട്ടു നിന്ന പയ്യന്‍ അടിമുടി രോഹനെ നോക്കി.

വിരലുകളിലെ നെയില്‍ പെയിന്റ് കണ്ട് പയ്യന്‍ തലയാട്ടി ചിരിച്ചു. എന്നിട്ടും അവനിലെന്തോ സംശയങ്ങള്‍ ഉടലെടുത്തിരിക്കണം.

'ശരി സാര്‍ ..'

മുറിയില്‍ കയറി വാതിലടയ്ക്കുമ്പോള്‍ രോഹന്‍ ഒരുപാട് ചിരിച്ചു. മൊബൈലെടുത്ത് രാവിലെ പകര്‍ത്തിയ ഫോട്ടോസില്‍ ഒന്നുകൂടി കണ്ണോടിച്ച് നോക്കി അവന്‍ കിടന്നു.

ആരും തിരിച്ചറിയാത്ത ഇടങ്ങളില്‍ അവള്‍ക്കെന്ത് ഭംഗിയാണ്! 


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!