Latest Videos

ഈ കാടിന് പേരിട്ടതാരാ...,സുകുമാരന്‍ ചാലിഗദ്ധയുടെ കവിതകള്‍

By Vaakkulsavam Literary FestFirst Published Feb 12, 2021, 7:36 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് ഗോത്രകവി സുകുമാരന്‍ ചാലിഗദ്ധയുടെ കവിതകള്‍ 

രണ്ട് കരകള്‍ക്കു നടുവില്‍ ഒറ്റയ്ക്ക് പായുന്ന പുഴപോലെയാണ് മറ്റ് പലയിടങ്ങളിലെയും പോലെ കേരളത്തിലെ ആദിവാസികളും. രണ്ടിടങ്ങള്‍ക്കു നടുവിലാണ് സദാ അവരുടെ പൊറുതി. ഒരു വശത്ത് ഗോത്രഭാഷ, മറുവശത്ത് മലയാളം. ഒരിടത്ത് തനത് ഗോത്രസംസ്‌കാരം, അക്കരെ, നാട്ടുസംസ്‌കാരം. വേരുകള്‍ കാട്ടില്‍, ഊരുകള്‍ നാട്ടില്‍. ഇവയ്ക്കിടയില്‍, എങ്ങുമല്ലാത്ത ജീവിതാവസ്ഥകള്‍. വികസന പദ്ധതികളും നാട്ടുമനുഷ്യരുടെ ആര്‍ത്തികളും കൈയേറ്റങ്ങളുമെല്ലാം ചേര്‍ന്ന് അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് രണ്ട് സാദ്ധ്യതകളാണ്. കൂടുതല്‍ കൂടുതല്‍ കാടകങ്ങളിലേക്ക് പുറന്തള്ളപ്പെടുക, സ്വന്തം ഇടങ്ങള്‍ നഷ്ടമായി സര്‍ക്കാര്‍ വിലാസം കോളനികളില്‍ ശിഷ്ടകാലം കഴിക്കുക. നാട്ടുമനുഷ്യര്‍ അവര്‍ക്കായുണ്ടാക്കിയ വിദ്യാഭ്യാസവും സംസ്‌കാരവും ഭാഷയുമെല്ലാം അടിച്ചേല്‍പ്പിക്കുന്ന സ്വത്വപ്രതിസന്ധികളുടെ ആഴം കൂട്ടുന്നത് സങ്കീര്‍ണ്ണമായ ഈ ജീവിതാവസ്ഥകളാണ്. നാട്ടില്‍നിന്നുവരുന്നവര്‍ കൊണ്ടുവരുന്ന രാഷ്ട്രീയവും വിപ്ലവസ്വപ്‌നങ്ങളും സാംസ്‌കാരിക ഔദാര്യപ്രകടനങ്ങളും സഹായപദ്ധതികളുമൊന്നും സത്യത്തില്‍ ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതേയില്ല. അതിനാലാവണം, സ്വന്തം വഴിയിലൂടെ മുന്നോട്ടുപോവാന്‍ ഗോത്രജനതയിലെ പുതുതലമുറ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നത്. ഗോത്രഭാഷയും മലയാളവും ഒന്നിച്ചു ചേര്‍ത്തുവെച്ച്, ഭാഷയുടെയും സാഹിത്യത്തിന്റെയും അപരിചിത ദേശങ്ങളിലേക്ക് പുറപ്പെട്ടുപോവുന്നത്. 

മലയാള കവിതയുടെ പുതിയ ഊര്‍ജ സ്രോതസ്സാണിപ്പോള്‍ ഈ ഗോത്രവഴികള്‍. വിവിധ ഗോത്രവര്‍ഗങ്ങളില്‍നിന്നായി നിരവധി ചെറുപ്പക്കാരാണ്, സാമ്പ്രദായിക സാഹിത്യത്തിന് അത്ര പരിചിതമല്ലാത്ത ഭാവുകത്വവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും തീക്ഷ്ണമായ ചിന്തകളുമായി കടന്നുവരുന്നത്. ഭാഷ കൊണ്ടും സാഹിത്യം കൊണ്ടും ഈ കെട്ട കാലത്തെ മാറ്റിമറിക്കുകയും അതിജീവിക്കുകയുമാണ് ഇവര്‍. വയനാട്ടിലെ കുറുവ ദ്വീപിനടുത്തുള്ള ചാലിഗദ്ധ ഗ്രാമത്തില്‍നിന്നുള്ള സുകുമാരന്‍ ചാലിഗദ്ധ എന്ന ബേത്തിമാരന്‍ ആ കൂട്ടത്തിലെ വ്യത്യസ്തമായ ഒരു ധാരയെയാണ് പ്രതിനിധീകരിക്കുന്നത്. മലയാള കവിത കൗതുകക്കണ്ണോടെ ചേര്‍ത്തുവെയ്ക്കുന്ന 'കാട്്' എന്ന സങ്കല്‍പ്പം, സുകുമാരന്റെ കവിതയിലെത്തുമ്പോള്‍ മഴക്കാടിന്റെ ഗന്ധം പേറുന്ന ജൈവികമായ ഒരനുഭവമാകുന്നു. കാട്ടിലിടമില്ലാതെ നാട്ടിലേക്കു പായുന്ന മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ (Human–wildlife conflict) കാലത്ത്, സുകുമാരന്റെ കവിത പുതിയ ആവാസവ്യവസ്ഥകള്‍ ഗോത്രഭാഷയായ റാവുളയിലും മലയാളത്തിലുമായി സ്വാഭാവികതയുടെ കാടനുഭവങ്ങള്‍ അടയാളപ്പെടുത്തുന്നു. റാവുള ഗോത്രത്തിന്റെ പാട്ടുപാരമ്പര്യവും കാവ്യ പാരമ്പര്യവും പുതു കാലത്തിന് ചേരുംവിധം സ്വാംശീകരിച്ച്, തികച്ചും വ്യത്യസ്തമായ അനുഭവരാശികള്‍ സൃഷ്ടിക്കുന്നു. പ്രകൃതിയാണ് അതിന്റെ ഏറ്റവും പച്ചയായ അര്‍ത്ഥത്തില്‍ അതില്‍ തുളുമ്പുന്നത്. കാടും നാടും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വരികള്‍ക്കിടയില്‍ പുകയുന്നത്. ഇടം നഷ്ടപ്പെടുന്ന  മൃഗങ്ങളുടെയും മനുഷ്യരുടെയും പരിസ്ഥിതിയുടെയും നിസ്സഹായതയാണ് അവിടെ മുഴങ്ങുന്നത്. ഏതോ ഏറുമാടത്തിലിരുന്ന് പുതിയ കാലത്തെ നോക്കിക്കാണുന്ന കവിതയുടെ ഏകാന്തതയാണ് സുകുമാരന്‍ പകര്‍ത്തുന്നത്.  

 

 

 

ഏറുകൊണ്ട കാട്ടുപന്നി

...ഠോ...

ഏറുകൊണ്ട കാട്ടുപന്നിയെ പേടിച്ച്
ഏണിചാരിവെച്ച മരത്തിലെ ഇലകള്‍
ഏണിയിറങ്ങിയോടിയ വഴികളില്‍
പൊതിഞ്ഞുകെട്ടിയ കുരു തെറിച്ചുവീണു

കൂവല്‍ വിളികളും ഉച്ചവെയിലിന്റെ
ചൂടും വിയര്‍പ്പും പൊടിയാട്ടയോട്ടത്തിന്
കണ്ണും മൂക്കുമില്ലാതെ പായുന്ന കാട്ടുപന്നി.
നിവര്‍ന്നു നിന്ന പുല്‍ച്ചെടികള്‍പോലും
നടുകുനിച്ചാവഴി നീട്ടി കാണിച്ചു

മുന്നിലൊരു തടിയുണ്ടേ
നേരെയൊരു കല്ലുണ്ടേ
വേരുകള്‍പ്പോയ മരക്കുറ്റിയാടുന്നു
ശൂ ശ്ശൂന്ന് ....
ഒറ്റച്ചാട്ടം ദാ കിടക്കുന്നു മരക്കുറ്റി

ഇതെങ്ങോട്ടാണ് ഓടണത്
ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ
യന്ത്രത്തോക്ക് പോലെ തുരുതുരാ -
ഉന്നം വെയ്ക്കുന്ന തേറ്റ
പക്ഷേ ?... ഉണ്ടയില്ല മുന്നിലാളുമില്ല.

കുതിരക്കൊളുമ്പൂര്‍ജ്ജംകണക്കെ
പന്നിക്കാലുകള്‍ സകല ദൂരങ്ങളും
ഓടിയോടി തീര്‍ത്തിരിക്കുന്നു
അവസാനമായി ഒരു ഒറ്റതുരുത്ത്

കയറിയാല്‍ കാണില്ല

രണ്ടു കണ്ണുകളും മുനമ്പ് മൂര്‍ച്ചയാക്കി
മൂക്കുകള്‍ ശരീരവേഗം തലവേഗം
ഒറ്റ കുതിപ്പിന് ആ തുരുത്തിനെ പുതച്ചു.

അനക്കമില്ല

സമയങ്ങള്‍ നീണ്ടിരിക്കുന്നു
ഒരു പരുന്ത് വട്ടംകറങ്ങി തിരയുന്നു
കുറച്ചുനേരം കഴിഞ്ഞ്
അധികം പക്ഷികളുടെ കലപില

ഞാന്‍ പതിയെ പതിയെ നോക്കി
പന്നിയുടെ തല ചിതറിയിരിക്കുന്നു
ചേനയ്ക്കും ചേമ്പിനും ഒരു തല പൊട്ടി.
കണ്ണുകള്‍ ആ പറമ്പില്‍ തന്നെ വീണിട്ടുണ്ടാവാം,
വായയും കവിളുകളും, പല്ലും നാവും
വന്നവഴിക്ക് വീണുകാണും

തലച്ചോറ് വിതച്ച് വിതച്ച്
അവസാന പിടച്ചിലില്‍
പൊടിമണ്ണ്പാറ്റി ദേഹത്ത് സ്വയം മണ്ണിട്ടു.
മിച്ചംവന്ന ശ്വാസം വയറീന്ന് പോവാന്‍
ഇനി കുറച്ച് നിമിഷങ്ങള്‍മാത്രം.

കഷ്ടാട്ടോ ....ഠോ...

 

.......................

Read more: നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
.......................

 

ഈ കാടിന് പേരിട്ടതാരാ

വരുമെടി ചൂളകാക്ക,
മണ്‍മടകളില്‍ അടവെച്ച
മുട്ട വിരിയാറായി...

ചുടുവെയിലേറ്റ മണലില്‍
അരിയുറുമ്പുകള്‍ അരി വറുക്കുന്നുണ്ട്
ചൂട്ട് തെളിയിച്ച് മിന്നാമിനുങ്ങും
വിരുന്നിനു വരുന്നുണ്ട്...

മൂളിപ്പാട്ടുമായ് കരിവണ്ട് കുപ്പായം 
- തുന്നുന്നു, പല്ലികള്‍ സത്യം പറയുന്നു
ആ മുട്ട വിരിയും
വേലിത്തത്ത കുഞ്ഞുങ്ങള്‍ പറന്നാടും
മയില്‍ ചിറകുകള്‍ പോലെ നിലാവിടും..

ഈ കാടിന് പേരിട്ടതാരാ ....

നീല വള്ളികള്‍  സ്വയം -
ചരടുകള്‍ കെട്ടുന്നു,
സൂര്യനിത്തിരി നിറവും നല്‍കി.
അരഞ്ഞാണം മുക്കിയ പുലര്‍കാലവെള്ളത്തില്‍
വെള്ളിയും പൊന്നും തിളങ്ങുന്നു.

മഞ്ഞിന്റെ ആവിയൂട്ട് കഴിയട്ടെ
ഈ അരഞ്ഞാണം കെട്ടണം...

വേലിത്തത്ത ആകാശ മുത്തമിട്ട്
നടത്തം പഠിച്ചു ...
മണ്‍മട തനിച്ചായി
ഈ കാടിന് പേരിട്ടതാരാ..

 

............................

Read more: ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
............................

 

തീവണ്ടിപാമ്പ്

നഗരങ്ങള്‍ തീരുന്നു
തിരിഞ്ഞോടിയാല്‍
കണ്ണെത്താ ദൂരം

കുറച്ച് പച്ച പുഴയുണ്ട്
കറുത്ത വെളുത്ത ഗ്രാമങ്ങളുണ്ട്

ചുടുവെയിലേറ്റ്
സ്വയം പൊട്ടിത്തെറിക്കുന്ന
ധാന്യമണികളും,
ഇടയ്ക്കിടയ്ക്ക്
തുണി മാറ്റുന്ന മരങ്ങളും

തീവണ്ടിപാമ്പെന്നെ
അടിവയറ്റില്‍ കുത്തി
ഞാന്‍ ഇടയ്ക്ക് ചിരിക്കുന്നു ചവിട്ടുന്നു..

ഈ തീവണ്ടി പാമ്പെന്നെ
കേരള വേലിക്കപ്പുറം പെറ്റിടും

ഞാന്‍ കുറച്ച് ഉല്ലാസത്തിലും....

 

..........................

Read more: കടൽകാക്ക: ഡി. അനിൽകുമാറിന്റെ കവിതകൾ
..........................

 

പുതിയ കാട് പൂക്കണം

പിന്നെയും പുതിയ കാട് തളിര്‍ക്കണം

എന്റെ പിറകില്‍ ഒരു വാല്
വെട്ടിമുറിച്ചിട്ടും കൊത്തി മുറിച്ചിട്ടും
കുടഞ്ഞിട്ടും വീണില്ല

എന്റെ തലയില്‍ ഒരു പൂവ് തൂങ്ങിക്കിടപ്പുണ്ട്
നുള്ളി പറിച്ചിട്ടും മാന്തി പറിച്ചിട്ടും അറ്റുവീണില്ല

പുതിയ കാട് പൂക്കണം
പുതിയ കാട് ചിരിക്കണം

തലമുടി കൊടിപോലെ കെട്ടിപിടിച്ച
സ്വന്തബന്ധങ്ങള്‍ അടികള്‍ തിന്നു '
കാടോടിക്കടന്ന വഴികളെല്ലാം
മുറിച്ച് വേലിക്കെട്ടിയടച്ചു

അവള്‍പെറ്റ കാട്ടുമരക്കുഞ്ഞിന്റെ
വീട് വൃത്തിയാക്കിയില്ല

മരക്കുഞ്ഞിന്റെ ചോര വീണ സ്ഥലം
കഴുകിയില്ല കണ്ടതുമില്ലാ

പുതിയ കാട് പൂക്കണം

കരച്ചില്‍ വരുന്നു, എന്റെ കാടിന്റെ
ചന്തം കാണുവാന്‍ ആശിച്ചുപോയി

തൊട്ടമരങ്ങളെല്ലാമെ വെട്ടിയ കുറ്റികളാക്കി
അവിടെ ആടുകള്‍ മേയുന്നു

പുതിയ കാട് പൂക്കണം...

 

..............................

Read more: പുഴമീന്‍, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍
..............................

 

കല്ല്യാണച്ചോറ്

ഒരു മരത്തിന്റെ കല്ല്യാണത്തിനു പോയിട്ട്
ആനയോടിച്ചു
അവിടെ ഒടിക്കുന്നുണ്ട് കരയുന്നുണ്ട്
കരിയിലകള്‍ ചറപ്പറ ചറപ്പറ
കൊട്ടി പാടുന്നുണ്ട്

എനിക്കോടാനുള്ള ചെറു വഴികള്‍ക്ക്
നീളം കൂട്ടിയതാരാ.
ചിന്നം വിളികള്‍ അരികെ തൊടുമ്പോലെ

ഞാന്‍ മരമറവിലൊളിച്ചു
കല്ല്യാണപുടവ അരച്ചുറ്റിവലിച്ചവള്‍
മുകള്‍ കൊമ്പില്‍ കവച്ചിരിക്കേ
വഴി മറച്ചാന കണക്കെടുത്തു

അവര്‍ക്ക് ഞാവല്‍
ഇവന് ഞാറ
ഇവള്‍ക്ക് ചെത്തിക്കായ
നിന്നവന് നിന്ന് കൊടുക്കാം
ഒളിച്ചവന് ഒളിച്ചു കൊടുക്കാം
ഓടിയവന് ഓടിക്കൊടുക്കാം
കുത്തിയവന് കുത്തിക്കൊടുക്കാം
വരാത്തവന് വന്നിട്ട് കൊടുക്കാം
വന്നവന് വെട്ടിക്കൊടുക്കാം

അയ്യോ . ..
ഞാന്‍ ഒച്ചവെച്ചില്ല, മനസ്സില്‍ പേടിച്ചതാ

തിന്നാത്തവന് കൊട്ട നിറച്ചും കൊട്ടക്കായ
കുത്തിയരച്ച് തീറ്റി കൊടുക്കാം

ആന പറയുന്നതാ?

വിറച്ച് വിറച്ച് വിയര്‍ത്ത് ഉപ്പുക്കുട്ടി,
വളഞ്ഞ് വളഞ്ഞ് ഓടിയ ഓട്ടത്തില്‍
ഓരോ വളവുകളും എന്നെ ഒളിപ്പിച്ചിരുന്നു

ചെന്ന് പെട്ടത് പുഴയോരത്ത്.

കല്ല്യാണച്ചോറിന് ഉപ്പു കൂടിയെന്നു തോന്നുന്നു...
പുഴ നീന്തിയാല്‍ കരകയറാം
കരനീന്തിയാല്‍ , വേണ്ട
ചിലപ്പോള്‍ ആന വീണ്ടും വരും.

 

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!