പുതു മലയാള കവിതയിലെ ഏറ്റവും വ്യത്യസ്തമായ അടരുകളിലൊന്നാണ് എം പി പ്രതീഷിന്റെ കവിതകള്‍. പ്രകൃതിയെ, ഭൂമിയെ, ആവാസവ്യവസ്ഥകളെ കവിതയുടെ സൂക്ഷ്മദര്‍ശിനികളിലൂടെ തിരയുകയാണ് ആ കവിതകള്‍. പുതിയ കാലത്തിന്റെ ആരവങ്ങളല്ല, ജീവിതാഘോഷങ്ങള്‍ക്കിടയില്‍ ആരുടെയും കണ്ണുപതിയാതെ പോവുന്ന ഇടങ്ങളും അനുഭവങ്ങളുമാണ് പ്രതീഷിന്റെ കവിതകള്‍ വിനിമയം ചെയ്യുന്നത്. ശാന്തമായ, സൗമ്യമായ കവിതയ്ക്കു മാത്രം ചെന്നെത്താനാവുന്ന ആഴമേറിയ ഒരനുഭവമാണത്. വായനക്കാരുടെ ശ്രദ്ധയെ ആവോളം ആവശ്യപ്പെടുന്ന, ആവാഹിക്കുന്ന കവിതയുടെ വേറിട്ട ഇടം. സൂക്ഷ്മനിരീക്ഷണങ്ങള്‍, അസാദ്ധ്യമായ ആംഗിളുകളില്‍നിന്നുള്ള നോട്ടങ്ങള്‍, ആഖ്യാനത്തിന്റെ ഉപരിതലത്തിലേക്ക്  ജീവിതത്തെ ഇഞ്ചിഞ്ചായി വിളിച്ചുവരുത്തുന്ന രചനാതന്ത്രങ്ങള്‍. പ്രതീഷിന്റെ കവിതകള്‍ ശ്രദ്ധേയമാവുന്നത് ഈ വഴിക്കാണ്. 
ഞാന്‍ കണ്ടു 

.........................

ധൃതിയില്‍ ഉടുപ്പിട്ട് ചെരിപ്പു ധരിച്ച് കിതപ്പോടെക്കോണിയിറങ്ങി പുറത്തെവിടെയോ മറഞ്ഞു


വിരിപ്പിനുള്ളില്‍

വിയര്‍പ്പിന്‍ മണത്തിനുള്ളില്‍

മയങ്ങുമ്പോള്‍


നിരത്തിലൂടെപ്പോകുന്ന

അവന്റെ ഉള്‍ച്ചുണ്ടില്‍ത്തടഞ്ഞു നില്‍ക്കുന്ന

എന്റെ അടിയുടല്‍ മുടിനാര് ഞാന്‍ കണ്ടു


2


കടുന്നിറമുള്ള ഒരില

നിരത്തുകളും വണ്ടികളും

ഇവിടെ അവസാനിച്ചു

മനുഷ്യര്‍ മടങ്ങിപ്പോയി

ഇല തിന്നുന്ന ഒരു ചെറിയ പുഴു

അതിന്റെ ദീര്‍ഘമായ

ഉറക്കത്തിലേക്കിഴഞ്ഞു


3


സൂര്യനെച്ചിറകിന്റെ തലപ്പു കൊണ്ട്

മറച്ചു പിടിക്കുന്ന ഒരു തുമ്പിയെ ഞാന്‍ കണ്ടു


ഭൂമിയുടെ ഒരു പാതി

ഇരുട്ടില്‍ നിന്നതും

 

വാക്കുല്‍സവത്തില്‍
.....

ബന്ദര്‍: കെ എന്‍ പ്രശാന്ത് എഴുതിയ കഥ