എന്തുകൊണ്ടാണ് പുരുഷൻ സ്ത്രീകളെ ശരീരം മാത്രമായി കാണുന്നത്?

By Web TeamFirst Published Oct 6, 2022, 7:29 PM IST
Highlights

ഒരു പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ജീവിച്ചിരിക്കുന്നതുകൊണ്ടുതന്നെ, കാമത്തിന്റെ കണ്ണുകളിലൂടെയാണ് ഇത്തരക്കാർ സ്ത്രീകളെ കാണാറുള്ളത്.

ഒരു സ്ത്രീ തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിലും ജീവിക്കുന്നതിലും മറ്റൊരാൾ പ്രലോഭിതനാകുമ്പോൾ അല്ലെങ്കിൽ പ്രതികരിക്കുമ്പോൾ ശരിക്കും ആരുടെ ഭാഗത്തായിരിക്കും നാമെല്ലാം ന്യായം കണ്ടെത്തുന്നത്?

ഇപ്പോഴും നിങ്ങൾ ആ കുരുപൊട്ടുന്നവർക്കൊപ്പമാണെങ്കിൽ പിന്നെ  വേറൊന്നും പറയാനില്ല. വസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യന്റെ ലൈംഗികതയ്ക്ക്, വികാരങ്ങൾക്ക് ചരിത്രത്തിൽ എവിടെയോവച്ച് രൂപാന്തരം സംഭവിച്ചിട്ടുള്ളതാണ്. അത് രൂപപ്പെട്ടിട്ട് യുഗങ്ങൾ തന്നെ ആയിട്ടുണ്ടാകും. സംസ്കാരത്തിന്റെയും മറ്റും ചുവടുപിടിച്ച് സ്ത്രീകളെയും അവളുടെ ശരീരത്തെയും മറച്ചുപിടിക്കപ്പെടുകയും അവരുടെ ശരീരത്തെ വെറും ലൈംഗിക വസ്തുവായി കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

എന്തുകൊണ്ട് സ്ത്രീശരീരം മാത്രം ഒരു ലെെംഗിക വസ്തുവായി എപ്പോഴും എല്ലായിടത്തും പരിഗണിക്കപ്പെടുന്നത്.
ഒരു പ്രായപരിധിയെത്തിയാൽ അവളെ അവളുടെ ശരീരത്തിന്റെ പേരിൽ ആൺകുട്ടികളിൽനിന്നും പുരുഷന്മാരിൽനിന്നും അകറ്റി നിർത്തുകയും സമൂഹത്തിൽ ഇടപഴകാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. എന്തിനേറെ പറയുന്നു കുട്ടികളെ ഒന്നാം ക്ലാസ്സ്‌ മുതൽ തന്നെ വേർതിരിക്കപ്പെടുന്നു.

ഇതെല്ലാം കൊണ്ടുതന്നെ വളർന്നുവരുന്ന പുരുഷന്മാർക്ക് സ്ത്രീകളെ ലൈംഗിക ബോധത്തോടെ മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ. അവളുടെ ശരീരത്തെയും കാലുകളെയും മറ്റു ശരീര ഭാഗങ്ങളെയും പുരുഷന്മാരിൽ ലൈംഗികത ഉണർത്തുന്നു.

എവിടെയൊക്കെ സ്ത്രീകൾ ഷോർട്സും സ്ലീവ്‍ലെസ്സ് വസ്ത്രങ്ങൾ ഇട്ടുവരുന്നുണ്ടോ, അവിടെയെല്ലാം അനവധി തുറിച്ചുനോക്കലുകൾക്കിടയിലൂടെയാകും അവർക്ക് സഞ്ചരിക്കേണ്ടി വരുന്നത്. നാട്ടുകാരുടെ പരിഹാസങ്ങൾ പോരാത്തതിന് സ്വന്തം വീട്ടുകാർപോലും ഇതിനൊപ്പം ചേരുന്നത് മറ്റൊരു വിരോധാഭാസം.

കഴുത്തിനു താഴെ ഏതു നിമിഷവും പൊട്ടാവുന്ന എന്തോ ഒരു ബോംബുമായിട്ടാണ് ഏതൊരു സ്ത്രീയും സ്വന്തം ശരീരത്തെ കാണുന്നത്. അല്ല. സമൂഹം അവരെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം ശരീരത്തെയും അതിനുണ്ടാകുന്ന മാറ്റങ്ങളും ഏറെ വെറുപ്പോടെയും പേടിയോടുമല്ലാതെ സ്ത്രീകൾക്ക് നോക്കി കാണാൻ കഴിയാറില്ല. ഇതെല്ലാം കൊണ്ടുതന്നെ തന്റെ ജനനം എന്തോ തെറ്റാണെന്നും ഒരു ആണായി ജനിച്ചിരുന്നെങ്കിൽ എന്ന തോന്നലും അവരുടെ മനസ്സിൽ കുത്തിവയ്ക്കപ്പെടുന്നു.

ഒരു പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ജീവിച്ചിരിക്കുന്നതുകൊണ്ടുതന്നെ, കാമത്തിന്റെ കണ്ണുകളിലൂടെയാണ് ഇത്തരക്കാർ സ്ത്രീകളെ കാണാറുള്ളത്. അതുകൂടാതെ ഇവരിലെല്ലാം അക്രമത്തിന്റെ ഒരു ത്വര കൂടി കാണാറുണ്ട്. സാഹചര്യം ലഭിക്കാത്തതുകൊണ്ടുമാത്രം ഒരു ക്രൂരകൃത്യത്തിൽ ഏർപ്പെടാത്തവരാണ് ഇതിൽ പലരും.
അതുകൊണ്ടുതന്നെയാണ് സ്ത്രീകളെ കാണുമ്പോൾ പലരും പ്രലോഭിതരാകുന്നതും ബസ്സിലെ തിരക്കുകളിലും മറ്റും അവരെ കടന്നുപിടിക്കുന്നതും.    

ഇതിന്റെ കാരണമായി എങ്ങനെയാണ് സ്ത്രീകളെയും അവളുടെ വസ്ത്രത്തേയും പഴിചാരുവാൻ കഴിയുന്നത്? പക്ഷേ, ആരും ഇത് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. പുരുഷ ശരീരത്തിന് ഇല്ലാത്ത എന്ത് 'ലെെംഗിക ബാധ്യത'യാണ് സ്ത്രീ ശരീരത്തിന് ഉള്ളത്? നിയമപരമായ ശിക്ഷയിലൂടെ ഇതിനുപരിഹാരമാകുമെന്ന് വിചാരിക്കുന്നത്, കൊതുക് ശല്യത്തിന് അവയെ കൊല്ലുന്ന അത്ര യുക്തി മാത്രമേ ഉള്ളൂ. ഇവിടെ ആദ്യം പരിഹരിക്കേണ്ടത്  കൊതുക് വളരുന്ന മലിനജലം പോലെ സമൂഹത്തിനകത്ത് നിൽക്കുന്ന പിന്തിരിപ്പൻ ആശയങ്ങളും ആൺമേൽക്കോയ്മയും പിന്നെ തെറ്റായ ലൈംഗിക പാഠങ്ങളും എടുത്ത് മാറ്റുകയാണ്.

സ്ത്രീശരീരം കേവലം ലെെംഗികവസ്തു മാത്രമായി പരിഗണിക്കപ്പെടുന്നതിന്റെ സാമൂഹികവും മനശ്ശാസ്ത്രപരവുമായ കാരണങ്ങളെ മനസ്സിലാക്കിയാൽ പരിഹാരവും വളരെ എളുപ്പമാണ്. തുറിച്ചുനോക്കലുകൾക്കിടയിലൂടെയും മറ്റും ജാഗരൂകരായി നടക്കാമെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നതിനുപകരം 'എന്റെ ശരീരത്തിൽ ഞാൻ ഒരു അശ്ലീലവും ഒളിപ്പിച്ചു വച്ചിട്ടില്ല. ഒരു സ്ത്രീയുടെ ശരീരത്തിൽ എന്തൊക്കെയുണ്ടാകുമെന്ന് നിങ്ങൾക്കറിയാം' എന്ന ആത്മവിശ്വാസം നാം നമ്മുടെ പെൺകുട്ടികൾക്ക് നൽകാൻ തയ്യാറാകാം. അതുകൂടാതെ  ആൺകുട്ടികളെ നമുക്ക് നേർവഴിയിൽ, അതായത് വളർന്നു കഴിയുമ്പോൾ സ്ത്രീയെ ഏതു രീതിയിൽ കാണണമെന്നും എങ്ങനെ സമൂഹത്തോട് ഇടപെടണമെന്നും മറ്റും. കാരണം ഒരു മനുഷ്യൻ സമൂഹത്തിൽ ഇടപെടുന്നത് അവന്റെ മനസ്സിൽ ചെറുപ്പം മുതൽ നടക്കുന്ന കാര്യങ്ങളും അവനെ സ്വാധീനിക്കുന്ന പല കാര്യങ്ങളെയും ആശ്രയിച്ചാണ്.

പടിപടിയായുള്ള ഒരു മാറ്റം തീർച്ചയായും സാധ്യമാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിടപഴകി വളരട്ടെ. ശരീരത്തിൽ എവിടെയും അശ്ലീലം ഒളിച്ചു വച്ചിട്ടില്ലെന്ന് അവർ മനസ്സിലാക്കട്ടെ. അടുത്ത തലമുറയിലെങ്കിലും നമുക്ക് പരിവർത്തനം സൃഷ്ടിക്കാം.

click me!