Malayalam Short Story : ജുംക്ക, രവീന്ദ്രന്‍ എന്‍ പി എഴുതിയ ചെറുകഥ

Published : Jan 31, 2026, 06:28 PM IST
Short story by raveendran np

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് രവീന്ദ്രന്‍ എന്‍ പി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Raveendran NP 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

 

ജുംക്ക

ചിനക്കത്തൂര്‍ പൂരത്തിന്റെ പിറ്റേന്ന് റോഡരികില്‍ ഉള്ള ചായക്കടയില്‍ ഇരിക്കുമ്പോഴാണ് ഏറെ നേരമായി, ആരവങ്ങളൊഴിഞ്ഞ പൂരപ്പറമ്പില്‍ എന്തോ തിരയുന്ന ആളെ ഞാന്‍ ശ്രദ്ധിച്ചത്.

'അതാരാ ചെട്ട്യാരേ പൂരപ്പറമ്പ് അരിച്ചു പെറുക്കുന്നത്?'

ഞാന്‍ ചായക്കടക്കാരനോട് ചോദിച്ചു.

തലയുയര്‍ത്തി നോക്കി ചെട്ട്യാര് പറഞ്ഞു, 'ബംഗാളിയാണ്, മണിമണി പോലെ മലയാളം പറയുന്ന വാര്‍ക്കപ്പ ണിക്കാരന്‍. ഇപ്പോ ബംഗാളികളല്ലേ കേരളം കൊണ്ട് നടത്തുന്നത്'

'അങ്ങനെ പറയരുത് ചെട്ട്യാരേ, ഒരു കാലത്ത് അഭയാര്‍ത്ഥികളായി വന്നവരല്ലേ ഇന്ന് അമേരിക്കയെ ഈ നിലയിലാക്കിയത്. നമ്മള്‍ മലയാളികള്‍ ഒട്ടുമിക്ക രാജ്യങ്ങളിലും പോയില്ലേ. അവിടെ സ്വീകാര്യത ലഭിച്ചില്ലേ. ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്നവരെ ചേര്‍ത്ത് നിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണ് , ഇതൊരു കടം വീട്ടലാണ്'-ഇതായിരുന്നു എന്റെ ചിന്ത.

അവിടന്നിറങ്ങി ഞാന്‍ അപ്പോഴും പറമ്പില്‍ തിരഞ്ഞുകൊണ്ടിരുന്ന അവന്റെ അടുത്തെത്തി.

'എന്താണ് ഭായീ തിരയുന്നത്' - ഞാന്‍ ചോദിച്ചു.

'ഇന്നലെ ഇവിടെ ഉണ്ടായിരുന്ന സ്റ്റാളില്‍ നിന്ന് എന്റെ പ്രണയിനിക്കായി വാങ്ങിയ ജുംക്ക ഇവിടെയെവിടെയോ വീണുപോയി, അതാണ് തിരയുന്നത്.'

പഴയൊരു ഹിന്ദി സിനിമ ഗാനം ഓര്‍ത്ത് ഒരു കുസൃതിക്കായി, 'അത് ബറേലിയിലെ ബസാറില്‍ അല്ലേ വീണ് പോയത്' എന്ന് ഞാന്‍.

'അത് അറുപത് കൊല്ലങ്ങള്‍ക്ക് മുന്‍പല്ലേ എന്നവന്‍'

ജുംക്കയുടെ ഫോട്ടോ മൊബൈലില്‍ അയച്ചത്, അവള്‍ക്കിഷ്ടമായി. ഇനി ജുംക്കയില്ലാതെ നാട്ടില്‍ ചെന്നാല്‍ പ്രണയബന്ധം അറ്റ് പോകാന്‍ വരെ സാധ്യതയുണ്ട്, അതുകൊണ്ടാണ് മുക്കുപണ്ടം ആണെങ്കിലും ഒരു ദിവസത്തെ കൂലി കളഞ്ഞ് തിരയാന്‍ ഇറങ്ങിയത്. '-അവന്‍ ഒന്നു നിര്‍ത്തി എന്നിട്ടു തുടര്‍ന്നു. 'വരുംവരായ്കളെക്കുറിച്ചോര്‍ത്ത് ഇന്നലെ ഒട്ടും ഉറങ്ങിയില്ല'

'സാരമില്ല, ഒരു മാസം കഴിഞ്ഞാല്‍ അടുത്തുള്ള ആര്യങ്കാവില്‍ പൂരമാണ്. അവിടെ ധാരാളം മുക്കുപണ്ടം സ്റ്റാളുകള്‍ ഉണ്ടാകും, വേറൊരെണ്ണം വാങ്ങിക്കോ' ഞാന്‍ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

എന്ന വാക്കുകള്‍ കേട്ട് പ്രത്യാശയോടെ കേട്ട അവന്‍ ഒരു അപേക്ഷ മുന്നോട്ടുവെച്ചു. 'ബാബുജീ, എന്നെ അവിടെ കൊണ്ടുപോകുമോ?'

അവസരം മുതലെടുത്ത്, കാടുപിടിച്ച് കിടക്കുന്ന തൊടിയും വീടും വൃത്തിയാക്കി വെയ്ക്കാന്‍ ഒരു ദിവസം വരാമോ എന്ന എന്റെ ആവശ്യത്തിന് അവന്‍ സമ്മതം പറഞ്ഞു.

അടുത്ത ഞായറാഴ്ച അവന്‍ വന്നു. ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുന്നതിനിടയില്‍ അവന്‍ കാമുകി, കുടുംബം , ബംഗാളിലെ തൊഴിലില്ലായ്മ, രാഷ്ട്രീയം, അങ്ങനെ പലതിനെക്കുറിച്ചും വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. കൂട്ടത്തില്‍, ബാബുജി ഈ വീട്ടില്‍ ഒറ്റയ്ക്കാണോ എന്ന ചോദ്യവും വന്നു.

കുടുംബവീടാണെന്നും, അച്ഛനും അമ്മയും അടുത്തിടെ മരിച്ചു പോയി എന്നുമുള്ള എന്റെ മറുപടി കേട്ട്, വൈയക്തിക ജീവിതത്തില്‍ ഇടപെട്ടതിന് അവന്‍ ക്ഷമ ചോദിച്ചു. പിന്നെ വിഷയം മാറ്റാന്‍, സ്വന്തം മൊബൈല്‍ നമ്പര്‍ തന്ന്, പൂരത്തിന് പോകുമ്പോള്‍ വിളിക്കണമെന്ന് ഓര്‍മിപ്പിച്ചു.

പൂരത്തലേന്ന് കൃത്യമായി അവന്റെ വിളി വന്നു, അങ്ങനെ ഞങ്ങള്‍ പൂരപ്പറമ്പിലെ എല്ലാ മുക്കുപണ്ടം സ്റ്റാളുകളിലും കയറി ഇറങ്ങി. മൊബൈലിലെ ഫോട്ടോ കാണിച്ച് ജുംക്ക തേടി. അവസാനം ഏതാണ്ട് സമാനമായ ഒരെണ്ണം കണ്ടെത്തി. അത് വിലപേശി വാങ്ങി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പൊരി കടലയും കൊറിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അവന്‍ പറയാന്‍ തുടങ്ങി.

'എന്നെ ഭായി എന്ന് വിളിക്കരുത്, പേര് റൊബി ഘോഷ് എന്നാണ്. ഗുരുദേവ് ടാഗോറിന്റെ പേര്. റൊബി എന്ന് വിളിച്ചാല്‍ മതി'

ഞാന്‍ സമ്മതിച്ചു്

'ഗുരുദേവിന്റെ പ്രസിദ്ധമായ ഒരു ഗീതമുണ്ട്, 'മായാബൊനോ ബിഹാരിണീ ഹൊരിണീ' സ്വപ്നത്തിന്റെ മായാവനങ്ങളില്‍ വിഹരിക്കുന്ന പേടമാനാണ് കാമുകി. ഇത്രയും ദൂരെയിരുന്ന് പ്രണയപാശത്താല്‍ ഞാനവളെ ബന്ധിച്ചു. കിഷോര്‍ദാ പാടിയ ഈ ഗീതമാണ് ഞങ്ങളുടെ പ്രണയത്തിന്റെ പൊരുള്‍. ആ പാട്ട് ബാബുവിന് കേള്‍ക്കണോ?'

വഴിയരികിലെ കലുങ്കിലിരുന്ന്, ഇരുളിന്റെ നിശബ്ദതയെ കീറിമുറിച്ച കിഷോര്‍ദായുടെ മാസ്മരിക സ്വരം മൊബൈലില്‍ നിന്നും ഒഴുകി. ആത്മാവില്‍ തൊടുന്ന മുരളീനാദം. എന്തിനാണ് വിരഹിണിയായ അവളെ അകാരണമായി ബന്ധിക്കുന്നത് എന്ന വരികളുടെ അര്‍ത്ഥം അവന്‍ പറഞ്ഞു.

'താങ്കളെ ഇനി മുതല്‍ ദാദമോനീ എന്ന് വിളിക്കാം. അറിയാമോ കിഷോര്‍ദായും, അനൂപ്ദായും അവരുടെ ജ്യേഷ്ഠസസഹോദരന്‍, നടന്‍ അശോക് കുമാറിനെ ദാദമോനീ എന്നാണ് വിളിച്ചിരുന്നത്.'-അതും പറഞ്ഞ് അവന്‍ പാട്ട് എന്റെ മൊബൈലിലേക്ക് പകര്‍ത്തി.

ഞാനാ പാട്ടുമായി വീട്ടിലേക്ക് മടങ്ങി. പിന്നീട് വീട്ടിലെ ഏകാന്തതയിലിരുന്ന് പലവുരു കേള്‍ക്കുമ്പോള്‍, ഇല്ലാതെ പോയ പ്രണയം, നടക്കാതെ പോയ വിവാഹം തുടങ്ങിയ ആകുലതകള്‍ എന്നെ പൊതിഞ്ഞു. തൃഷ്ണകള്‍ അറ്റ് ഒറ്റക്കുറുക്കനായി ജീവിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് റൊബിയോട് വാത്സല്യം തോന്നി.

ഞാനവന് ബാബുക്കയുടെ 'മണിമാരന്‍ തന്നത്'  അയച്ചുകൊടുത്തു. അതവള്‍ക്കിഷ്ടമായെന്ന അവന്റെ സന്ദേശത്തിനൊപ്പം, 'മഴക്കാലം വരവായി, പണി കുറയും, അപ്പോള്‍ രണ്ടു മൂന്ന് മാസത്തേക്ക് നാട്ടില്‍ പോകും, നൂല് പോലെ മെലിഞ്ഞ അവളെക്കാണാന്‍' എന്നും ചേര്‍ത്തിരുന്നു.

ഗുരുദേവിന്റെ, ബാബുക്കയുടെ പാട്ടിന്റെ വഴികളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. പിന്നെ ഒരു നീണ്ട മൗനത്തില്‍, ഞാന്‍ റൊബിയെ മറന്നേ പോയി. അപ്പോഴാണ് അവന്റെ സന്ദേശം വരുന്നത്. രണ്ടു മാസമായി ഹൗറയിലായിരുന്നു. കൊടുത്ത ജുംക്ക ഫോട്ടോയിലേതല്ലെന്ന് അവള്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായി. അത് മോഷണം പോയി എന്ന് കള്ളം പറഞ്ഞ് ഒരു ഊന്നിനായി 'എന്റമ്മേടെ ജിമിക്കി കമ്മല്‍' എന്ന പാട്ട് അവളെ കേള്‍പ്പിച്ച് അര്‍ത്ഥം പറഞ്ഞു. പുതിയ ജുംക്കയും, പാട്ടും ഇഷ്ടമായി എന്നവള്‍ പറഞ്ഞു. ഇപ്പോള്‍ ആനന്ദത്തിന്റെ ദിവസങ്ങളാണ്. രബീന്ദ്ര സംഗീതത്തിന്റെ മുത്തായ 'ആനന്ദോ ധാരാ ബൊഹിച്ചേ ഭുഭനേ' ഇന്ദ്രാണി സെന്‍ പാടിയത് അയക്കുന്നു. ആസ്വദിച്ചു കേള്‍ക്കൂ.'

ലോകമാകെ പടരുന്ന ആനന്ദധാരയുടെ ആന്തോളനങ്ങളില്‍ മുഴുകി ഏറെ നേരം ഞാനിരുന്നു. നെറ്റില്‍ നിന്നും വരികളുടെ അര്‍ത്ഥം കണ്ടെത്തി. ചുറ്റുംനോക്കി, ദുരിതങ്ങളെ മറന്ന് സങ്കടക്കടല്‍ താണ്ടി നിരര്‍ത്ഥമായ ജീവിതം സ്‌നേഹം കൊണ്ട് നിറക്കുക എന്ന വരികള്‍.

ദിവസങ്ങള്‍ക്കകം റൊബിയുടെ അടുത്ത സന്ദേശം. കൈയ്യിലെ പൈസ തീരാറായി, അതുകൊണ്ട് തിരിച്ചു വരുന്നു. ദാദമോനീ, എന്റെ പേടമാനിനും ഒപ്പം വരണമെന്ന് പിടിവാശി. ഗുരുദേവിന്റെ വിരഹോത്ഖണ്ഠിതയുടെ ആശാപാശങ്ങളില്‍ നിന്ന് മോചിതയായി, മധുരക്കിനാവിന്റെ കരിമ്പിന്‍ തോട്ടത്തില്‍ പുല്ലാണിപ്പുരകെട്ടി താമസിക്കാന്‍ കേരളത്തിലേക്ക് അവള്‍ക്കും വരണം. ഞങ്ങള്‍ ഹൗറയില്‍നിന്നും ഗുരുദേവ് എക്‌സ്പ്രസ് കയറി. മറ്റന്നാള്‍ അവിടെ എത്തും ഒരപേക്ഷയുണ്ട്, കുറച്ചു ദിവസം ദാദമോനിയുടെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണം. നിവൃത്തിയില്ലാത്തതുകൊണ്ടാണ്. എത്രയും പെട്ടെന്ന് താമസസ്ഥലം കണ്ടെത്തി ഞങ്ങള്‍ മാറാം.'

അറുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് ബാബുക്ക  സംഗീതം നല്‍കിയ പാട്ടിലെ പുല്ലാണിപ്പുര ഈ മണിമാരന് അവള്‍ക്ക് നല്‍കാനാകില്ലല്ലോ. ബറേലിബസാറില്‍ കളഞ്ഞു പോയ കടുക്കന്‍ പോലെ.

മറ്റൊന്നും ചെയ്യാനില്ല എന്നറിഞ്ഞ് ഞാന്‍ പെട്ടി തുറന്ന് അമ്മ മരുമകള്‍ക്കായി കരുതിയ അഷ്ടമംഗല്യത്തട്ട് പുറത്തെടുത്തു. പിന്നെ ഓരോന്നായി ഭസ്മം തേച്ച് മിനുക്കി; നവദമ്പതികളെ വരവേല്‍ക്കാന്‍.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

PREV
Read more Articles on
click me!

Recommended Stories

Malayalam Poem: അതങ്ങനെയാണ്, ഷംല ജഹ്ഫര്‍ എഴുതിയ കവിതകള്‍
Malayalam Poem : ഇരുള്‍പുതപ്പ്, സുജാത അപ്പോഴത്ത് എഴുതിയ രണ്ട് കവിതകള്‍