Malayalam Poem: മ്യാവൂ, സന്ന്യാസു എഴുതിയ കവിത

Published : Aug 20, 2025, 04:56 PM IST
Sannyasu

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്ന്യാസു എഴുതിയ കവിത

 

മ്യാവൂ

ഏകാന്തത
ഒരു പനിനീര്‍ച്ചെടിയാണ്.
അതിന്റെ കൂര്‍ത്ത മുള്ളുകള്‍
എന്റെ ഉടലാകെ
കുത്തിമുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

പാതിരാനിശ്ചലതയില്‍
പൂമീനുകളുടെ നീണ്ട നിരപോലെ
നിലാവിന്റെ നേര്‍ത്തൊരു വെള്ളിനൂല്
മേല്‍ക്കൂരവിടവിലൂടെ
എന്റെ കണ്ണുകളിലേക്ക് ചാലിട്ടൊഴുകി.

പൊടുന്നനെ, ഒരു പൂച്ചഞരക്കം
എന്റെ ചെവിവാതിലില്‍
നഖങ്ങളാല്‍ പോറി.

മടിയോടെ
തിരിഞ്ഞുമറിഞ്ഞു കിടന്നെങ്കിലും
ഉറക്കം തൊടാത്ത ഞാന്‍
മേശവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍
കിടക്കക്കടിയിലും
ജനാലവിരിപ്പിനു പിന്നിലും
കുപ്പായക്കീശയിലും അതിനെ പരതി.

ആരോടെങ്കിലും മിണ്ടിപ്പറഞ്ഞിരിക്കാന്‍
കൊതിക്കുന്ന മറ്റൊരു ജീവി,
എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു!

പാഴ് വസ്തുക്കളുപേക്ഷിച്ച
ഒരു പഴയ കടലാസുപെട്ടിയില്‍
പൂച്ചമുഖമുള്ളൊരു മരപ്പാവയെ
ഒടുക്കം ഞാന്‍ കണ്ടെത്തി.

ആ നിമിഷം പെറ്റുവീണ
ചോരക്കുഞ്ഞിനെപ്പോല്‍
കയ്യില്‍ കോരിയെടുത്തു

ഞാനതിനോടു ചോദിച്ചു: മ്യാവൂ?

അതു മറുപടി തന്നു: മ്യാവൂ...

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത