
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ലോമ
ഫോണിലൂടെ ഉരഞ്ഞുരഞ്ഞുകേട്ട സതീഷിന്റെ ശബ്ദം കോളനിയിലെ കമ്പോസ്റ്റ് കുഴിയില്‍ കാലിടറിവീണ കുട്ടന്‍ചേട്ടന്റെ നിലവിളിപോലെ അടിവയറ്റിലെ ഭിത്തികള്‍ തകര്‍ത്തുകൊണ്ട് കടന്നുപോയി. വീര്‍പ്പുമുട്ടലില്‍ ഉരുണ്ടുകയറിയ വായു പുറത്തേക്ക് ഊതിക്കളയുവാന്‍ വാ പലതവണ തുറന്നടച്ചു.
'ലോമ...'
'ലോമക്ക് എന്താണ് സംഭവിച്ചത്?'
'ബിനീഷേട്ടന്‍ എന്തിനാണ് തൂങ്ങി മരിച്ചത്?'
ആലോചനകള്‍ തലക്ക് മുകളില്‍ ചുഴിയായി കറങ്ങി. ഞാനറിയാതെ പിന്നിലൊളിച്ചുനിന്ന എന്നിലേക്ക് കണ്ണുകളെറിഞ്ഞു. എന്റെ കണ്ണുകളില്‍ മറ്റൊരു ചുഴിയായി ലോമ കറങ്ങിക്കൊണ്ടിരുന്നു.
2
പ്ലസ്ടു അവസാന പരീക്ഷയും കഴിഞ്ഞ് വഴികളില്‍ നിന്ന് വഴികളിലേക്ക് തൊണ്ട കാറിപ്പിച്ച് തിളച്ചോടിയ സമയം. കോളനിഗ്രൗണ്ടിലെ കലപില കഴിഞ്ഞ് റെയില്‍പ്പാളങ്ങളെ മുറിച്ച് അതിവേഗം ചീറുന്ന വണ്ടികളുടെ നിലവിളികളേക്കാള്‍ അശാന്ത സുന്ദരമായ ആ ഇടിഞ്ഞ് വീഴാറായ പഴയകെട്ടിടത്തില്‍ ഒന്നില്‍ ആത്മാവ് വെടിഞ്ഞ ശരീരത്തോടുകൂടി പ്രതീക്ഷകളില്ലാതെ ഗര്‍ത്തത്തിലേക്ക് തലയിട്ട് നോക്കി. ആള്‍ക്കൂട്ടത്തെ കടല്‍ത്തിരമാലകള്‍പ്പോലെ നീക്കിനിര്‍ത്തി ഒരു വണ്ടി മുന്നോട്ട് വന്നു. വാടാമല്ലി പൂവിന്റെ നിറത്തില്‍ ഒരു ചുരിദാറണിഞ്ഞ് അതിമനോഹരമായ ഒരു സ്ത്രീശരീരം. കറുത്ത് വിടര്‍ന്ന കണ്ണുകളും അതിലേറെ വിടര്‍ന്ന ചിരിയുമായി ലോമ. തലയുയര്‍ത്തിയാണ് അവള്‍ നടന്നിരുന്നത്.
ജീവിതത്തിലാദ്യമായി ഒരു സ്ത്രീയെ കണ്ടതുപോലെ ഞാന്‍ തരിച്ചുനിന്നു.
താഴെ ഇരുമ്പന്‍ ഗോവണികള്‍ വഴി എതിരെയുള്ള ഫ്‌ലാറ്റിലേക്ക് അവള്‍ നടന്നുകയറി. നനഞ്ഞൊഴുകിയ ശരീരത്തില്‍ വിയര്‍പ്പുത്തുള്ളികളാല്‍ രൂപപ്പെട്ട ജലചിത്രങ്ങള്‍ വരണ്ട് ഉപ്പായിമാറി പൊടിഞ്ഞ് വീണിട്ടും കല്ലായി തീര്‍ന്ന എന്റെ ശരീരം സ്വിച്ചിട്ടപോലെ കത്തിനിന്നു.
പിന്നീട് പലതവണ ഞാന്‍ ലോമയെ കണ്ടിരുന്നു. ഓരോ തവണയും അവള്‍ക്ക് ഓരോ മുഖമായിരുന്നു. വൈകാതെ അവളെപ്പറ്റി നാലതിരിലും സംസാരം ഉയര്‍ന്നു. ആദ്യത്തേത് ലോമ ശരീരം വില്‍ക്കുന്നുവെന്നതായിരുന്നു. മറ്റൊന്ന് ചിലര്‍ക്ക് ലോമ സ്ത്രീ തന്നെയാണോ എന്നത് വിശ്വസനീയമല്ല എന്നതായിരുന്നു. പിന്നെയുമുണ്ട് ലോമയെപ്പറ്റിയുള്ള കഥകള്‍. ലോമ മന്ത്രവാദം ചെയ്തിരുന്നു എന്ന് വരെ കഥകള്‍ കേട്ടിരുന്നു. ആ കാര്യങ്ങള്‍ ഒന്നും എന്നെ വീര്‍പ്പുമുട്ടിച്ചിരുന്നില്ല. എന്നാല്‍ ചിലത് എന്നില്‍ ആശ്ചര്യം തോന്നിപ്പിച്ചിരുന്നു.
ഒരിക്കല്‍ അച്ഛന്റെ സിഗരറ്റ് മോഷ്ടിച്ച് പുറത്ത് ഒരു നിലാവുള്ള രാത്രിയില്‍ വീടിനുമുന്നിലെ ബാല്‍ക്കണിയിയില്‍ എരിഞ്ഞിരിക്കുന്ന നേരത്താണ് ലോമ ഗോവണിപ്പടിയിലിരുന്ന് സിഗററ്റ് വലിക്കുന്നത് കണ്ടത്. നീണ്ട വിരലുകള്‍ക്കിടയില്‍ ഒരു തകിട് പോലെ എന്തോ ഒന്ന്. അതിനുള്ളിലാണ് സിഗരറ്റ് വച്ചിരിക്കുന്നത്. നീളന്‍ സിഗരറ്റ്. അത് എത്ര മനോഹരമായാണ് ലോമ വലിക്കുന്നത്.
സത്യത്തില്‍ ജീവിതത്തില്‍ സിനിമയില്‍ പോലും ഇത്രയും മനോഹരമായി സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടില്ല എന്ന കാര്യം പലതവണ ഓര്‍ത്തു.
അതുപോലെ ലോമയുടെ ശബ്ദം. ഒരിക്കല്‍ മാത്രമേ തമ്മില്‍ സംസാരിച്ചുട്ടുള്ളു. മഴ നഗരത്തെ മുഴുവനായി വിഴുങ്ങിയ ഒരു രാത്രി ഏറെ വൈകി വരുന്ന ലോമയെ കണ്ടു. പുറത്ത് വിരിച്ചിട്ട തുണികളില്‍ ഏറെയും മഴയില്‍ കുളിച്ച് മരിച്ചിരുന്നു. അത് പിഴിഞ്ഞ് വീണ്ടും വിരിച്ചിടുന്നതിനിടയില്‍ ഞാന്‍ ലോമയെ പിന്തുടര്‍ന്നു. പാവങ്ങളുടെ സോപ്പുകമ്പനിക്കാര്‍ ചേര്‍ന്നുണ്ടാക്കിയ മത്തുപിടിക്കുന്ന മണമായിരുന്നു അവിടെ മുഴുവന്‍. ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ ചെളിയും മഴവെള്ളവും സോപ്പുപൊടികളും ചേര്‍ന്നുണ്ടായ കൊഴുത്ത മിശ്രിതം അങ്ങിങ്ങായി പരന്നുകിടക്കുന്നുണ്ടായിരുന്നു. ആ കടലില്‍ പ്രണയപൂര്‍വ്വം ഒരു കാമുകന്റെ നാറിയ നാണം ചുണ്ടില്‍ ഒട്ടിച്ചുകൊണ്ട് പതുക്കെ ചോദിച്ചു.
'ലോമ...'
-ഉം.'
'ലോമയുടെ ശരിക്കും പേര് എന്താ?'
ചെറുചിരിയോടെ ലോമ മൗനം തുടര്‍ന്നു.
'ലോമാ. ഞാന്‍ കളിയാക്കിയതല്ല.'
'ശരിക്കുമുള്ള പേര്. എനിക്കും അറിയില്ല. കുറെ പേരുണ്ട് എനിക്ക്. മരിയ, കുവാനി, ദേവി, ആലീസ്, സോണിയ, മുത്തീനി, നിലാ, വേരോണിക്ക, ലോമാ, റിയാന്‍ അങ്ങനെ കുറെ പേരുകള്‍. ഇഷ്ടപ്പെട്ടത് വിളിച്ചോളൂ..
'എനിക്ക് ലോമാ'.
'എന്നാല്‍ എനിക്കും. പിന്നെ ഒരു കാര്യം. ഈ പേരിലൊന്നും ഒരു കാര്യമില്ല. പേരില്ലെങ്കില്‍ ഒരാള്‍ എന്തായി മാറും? ചിന്തിച്ചിട്ടുണ്ടോ?.'
'അറിയില്ല.'
ലോമ ഒരു ചിരിയോടെ എന്നെ നോക്കി നടന്നുപോയി. ആ നോട്ടം എന്റെ കണ്ണുകളില്‍ തറച്ചുകയറിയിരുന്നു. ലോമയില്‍ മറ്റെന്തൊക്കെയോ പ്രത്യേകതകള്‍ മുഴച്ചുനില്‍ക്കുന്നുണ്ടെന്ന് എനിക്ക് തോന്നാന്‍ കാരണവും അതായിരുന്നു. ഡിഗ്രിക്ക് എറണാകുളം മഹാരാജാസില്‍ പോകുമ്പോഴും മനസ്സില്‍ ലോമയുടെ രൂപം നിറഞ്ഞ് നിന്നു.
ബാഗെടുത്ത് ലോമയുടെ മുറിക്ക് താഴെ കടുപ്പത്തില്‍ കാപ്പിയൊഴുക്കി മഴ നീന്തിയ ദിവസം അതിനെ കവച്ചുവച്ച് ഹൈജംബ് ചാടിയ എന്നെ നോക്കി വെറുതെ നില്‍ക്കുന്ന ലോമയെ കണ്ടതും തൊണ്ടയില്‍ തിങ്ങിയവെള്ളം പോലെ ബ്രേക്കിട്ട് നിന്നു. പോയി വരാമെന്നോ? പോവുകയാണ് എന്നോ? എന്തോ വികാരത്തില്‍ ഞാന്‍ ചിരിച്ചു.
3
കോളേജില്‍ 2014 ലെ നാടകോത്സവത്തില്‍ ഒന്നാം സമ്മാനം നേടി സന്തോഷം നെറുകയില്‍ തട്ടി ചുമ്മച്ചപ്പോള്‍ ഒരു പ്രണയം പുറത്തേക്ക് ചാടി. ലോമയുടെ അത്ര ഭംഗിയില്ല എന്ന കാരണത്താല്‍ ആ പ്രണയ നാടകത്തിന് കര്‍ട്ടന്‍ ഇട്ടപ്പോള്‍ 'ലോകത്തില്ലാത്ത ലോമ 'എന്ന് തെറിവിളിച്ച് പങ്കാളികള്‍ കളിയാക്കിയത് ഇന്നും ഓര്‍ക്കുന്നു. പിന്നീട് നാടകകളരിയില്‍ ചിന്തകളെ പൂട്ടിയിട്ട നാളുകളില്‍ ലോമയെ സ്വയം മറന്നു. മനുഷ്യപരിണാമത്തിന്റെ ചക്രത്തില്‍ നാടറിയാതെ കറങ്ങിയ ചിന്തകളെ മരവിപ്പിക്കുന്ന വിധത്തില്‍ ലോമയെക്കുറിച്ച് ഞാന്‍ പിന്നെയും അറിഞ്ഞു.
ലോമയുടെ സുഹൃത്ത് ആശയുടെ കൊലപാതകമായിരുന്നു ആ ഞെട്ടിച്ച സംഭവം. ആശ രാത്രിയില്‍ ബസ്സ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന സമയത്ത് ഓട്ടോയില്‍വന്ന ആളുകള്‍ നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുപോവുകയും ട്രാസ്ജന്‍ഡര്‍കൂടിയായ ആശയെ തല്ലിച്ചതക്കുകയും രഹസ്യഭാഗങ്ങളില്‍ ഇരുമ്പുവടിയും ബിയര്‍ കുപ്പിയും കുത്തികയറ്റി ക്രൂരമായിക്കൊന്ന് ഓടയില്‍ തള്ളുകയുമായിരുന്നു. അന്ന് പെയ്ത മഴയില്‍ നഗരത്തിലെ എല്ലായിടത്തും ഒരേ മണമായിരുന്നതിനാല്‍ ഓടയില്‍ കിടന്ന് അഴുകിയ ശരീരം ആരും ഗൗനിച്ചില്ല. വളരെ വൈകിക്കണ്ടെത്തിയ ശരീരം ചുരുക്കം ചിലര്‍ക്കേ തിരിച്ചറിയാന്‍ സാധിച്ചുള്ളൂ.
ആശയുടെ യഥാര്‍ത്ഥ പേരും വിലാസവും ആര്‍ക്കും അറിയാത്ത കാരണത്താലും മൃതദ്ദേഹം ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കാരണത്താലും ആ ശരീരം ആയിരം ആശമാരുടെ ഇടയില്‍ അനാഥമായി എവിടെയോ ഉറങ്ങി. പരീക്ഷ കഴിഞ്ഞ് ഹോസ്റ്റല്‍ അടച്ച ഓണത്തിന് വീട്ടിലെത്തിയപ്പോള്‍ മുഖം വാടിയ ലോമയെയാണ് കാണാന്‍ സാധിച്ചത്. രാത്രികളില്‍ ലോമ ബാല്‍ക്കണിയില്‍ വന്ന് നിലാവിന്റെ നീല വിഴുങ്ങി നേരം വെളുക്കും വരെ മരിച്ചുനില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഓണാവധിയില്‍ കൂടുതലും വീട്ടില്‍ ഇരുന്ന് തുരുമ്പിച്ചു. ലോമയെ പുറത്തേക്ക് കണ്ടതേയില്ല.
ഒരു ദിവസം ഏറെ വൈകി ക്ഷീണം തളര്‍ത്തിയ കാലുകളുമായി മുറിയിലേക്കുള്ള ഇരുമ്പന്‍ ചവുട്ടുപടികള്‍ പതുക്കെ ചവിട്ടി കയറിപ്പോകുന്നത് കണ്ടു. പിന്നീടൊരിക്കല്‍ ഭൂമി മരിച്ചുവെന്ന് തോന്നിപ്പിച്ച രാത്രിയില്‍ ഒറ്റക്കവള്‍ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് തലയിട്ടുനോക്കുന്നതും കണ്ടതായി ഓര്‍ക്കുന്നു. കുടിവെള്ളത്തിന് ടാങ്കര്‍ ലോറിക്ക് ചുറ്റും കിടന്ന് മരണത്തല്ല് കൂടുന്ന കോളനിയിലെ മനുഷ്യരെ പോലെ കടത്തിന് മേലെ കടം പല നിറമുള്ള കുടങ്ങളില്‍ നിറഞ്ഞ് തുളുമ്പിക്കൊണ്ട് ശ്വാസംമുട്ടിച്ച ഒരു മരണത്തിന്റെ മഞ്ഞനിറമുള്ള പകലില്‍ അച്ഛന്‍ മരിച്ചു. ആ മരവിപ്പില്‍ ചിന്തകള്‍ ചിതയിലിട്ട് എരിഞ്ഞിരിക്കവേയാണ് റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റ മുറിവീടിന്റെ ഒരു ചെറിയ ഹൃദയഭാഗം മുറിച്ചുതരണമെന്നും പറഞ്ഞ് ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ കോളനിക്ക് മുമ്പിലെ വലിയ ഗേറ്റില്‍ വീര്‍ത്തുപൊട്ടാറായ വയറുമായി നിന്നത്.
മുറിച്ചുതരാന്‍ ഇടമില്ലാത്തത് കൊണ്ട് മുറിവേറ്റ് തളരും വരെ ഞങ്ങള്‍ പോരാടി. പോരാട്ടത്തിന്റെ നാലാം നാള്‍ തെരുവില്‍കിടന്ന് തൊണ്ടപഴുപ്പിച്ച്, നിലവിളിച്ച് ഭയത്തിന്റെ വയമ്പ് നാവില്‍ തടവിക്കൊണ്ട് ഞങ്ങള്‍ വീണു. ഒടുവില്‍ എപ്പോള്‍ വേണമെങ്കിലും കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രതീക്ഷയുടെ ചൂണ്ടയെറിഞ്ഞ് ജീവിതം വെറും പുല്‍നാമ്പിന്റെ ബലത്തിലാടിക്കൊണ്ടിരുന്നപ്പോള്‍ ആണ് ദീപക്കേട്ടന്‍ വിസ തന്ന് സഹായിച്ചത്. സൗദിയില്‍ വന്ന് അഞ്ചെട്ട് മാസം കഴിഞ്ഞപ്പോഴാണ് ലോമ കിടപ്പിലായി എന്ന വിവരം അറിയുന്നത്.
രാത്രിയില്‍ ഏതോ കസ്റ്റമര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്ന് ലോമയെ ആക്രമിക്കുകയായിരുന്നു. വലത്കാല്‍ ചവിട്ടിയൊടിച്ചിട്ട് മുഖം കല്ലുകൊണ്ട് അടിച്ചുചതച്ച് മാര്‍ക്കറ്റിന് വെളിയിലെ ഓടയില്‍ തള്ളിയിട്ട് പോകുകയായിരുന്നു. ആരോടും പരാതിയില്ലാതെ ജനറല്‍ ഹോസ്പിറ്റലിലെ നനഞ്ഞ വരാന്തയില്‍ കിടന്നുറങ്ങിയ ലോമയെ ആരും തിരക്കി ചെന്നില്ല. ഞങ്ങളുടെ നഗരത്തില്‍ നീതികിട്ടാതെ ഇഴഞ്ഞിഴഞ്ഞ് മരിക്കുന്ന മനുഷ്യപുഴുക്കളെ കുഴിവെട്ടിമൂടാന്‍ ഒരു ഇടമില്ല എന്ന സത്യം ലോമയും മനസിലാക്കിയിട്ടുണ്ടാവുമെന്ന് വെറുതെ ഞാന്‍ ഓര്‍ത്തു.
'മനസ്സില്‍ ഒരു നീറ്റല്‍'.
4
ഒന്നര വര്‍ഷം കഴിയുന്നതിന് മുന്‍പേ ഞങ്ങള്‍ വാടകവീട്ടിലേക്ക് മാറിയിരുന്നു. വെള്ളനാട് കെ എസ് ആര്‍ ടി സി സ്റ്റാന്റിന് സമീപമായിരുന്നു വാടക വീട്. വാടകവീട്ടില്‍ അമ്മക്ക് സഹായിയായി ജാനു അമ്മ ഉണ്ടായിരുന്നത് കൊണ്ട് സൗദിയിലെ തീയിലും ഞാന്‍ തണുത്ത വായു ശ്വസിച്ചുപോന്നു. ആദ്യത്തെ അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ ശിക്ഷ കഴിഞ്ഞ സന്തോഷമായിരുന്നു. എന്നാല്‍ അത് വൈകാതെ എന്നിലെ തടവുകാരനെ പൂട്ടിയിട്ടു.
'അളിയാ ..പുതിയ ഗവണ്മെന്റ് മ്മടെ കെട്ടിടം പൊളിക്കാതെയുള്ള വികസനമാണ് വിയാരിക്കണത്. എന്തരാണേലും സേഫ് ആണ്.'
'ഇതന്നെ മറ്റവര് പറഞ്ഞത്.'
'കൊറേ കഴിഞ്ഞല്ലേ പറഞ്ഞത്.'
'ഇവരും പറയും. കൊറേ കഴിഞ്ഞോട്ട്. കാണാന്‍ കെടക്കണേ അല്ലേ അണ്ണാ'.
ബിനീഷേട്ടന്റെയും സജേഷേട്ടന്റെയും വിറക് കൂട്ടിയിട്ട് കത്തിച്ച രാഷ്ട്രീയത്തില്‍ ഞാന്‍ സിഗരറ്റ് എടുത്ത് കുത്തിവലിച്ചിട്ട് കസേരയനക്കി ഒരു കീഴ്വായു വിട്ടിരിക്കെയാണ് ലോമയെ അവസാനമായി കണ്ടത്. ഒഴിഞ്ഞ വയറില്‍ വായു വീണ്ടും ഉരുണ്ടുകേറിയതായി തോന്നി. ഒന്നരക്കാല്‍ ഊന്നിവച്ച്, പാതിയടഞ്ഞ കണ്ണുകള്‍ പിടപ്പിച്ച്, ഒരു ഭാഗത്തേക്ക് വലിച്ചിട്ട ഒട്ടിയ സ്റ്റിച്ചിട്ട കവിളുകളുമായി നിലാവിന് മുകളില്‍ അവള്‍ നിന്നു. തല താഴ്ത്തി അവള്‍ എന്നെ നോക്കി. കുറച്ച് സമയത്തേക്ക് ആ കത്തുന്ന നോട്ടം നീണ്ടുനിന്നിരുന്നു.
'ലോമാ...നിന്റെ നോട്ടം എന്തോ...ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു.'
5
രാവിലെ ആണ് സതീഷ് വിളിച്ചത്. ബിനീഷേട്ടന്റെ ആത്മഹത്യയും ലോമയെ കാണാതാവുകയും ചെയ്തത് മൊത്തത്തില്‍ വലിയ പ്രശ്‌നങ്ങള്‍ വരുത്തി വച്ചിരുന്നു. പ്രേതകഥ പോലെ കോളനിയാകെ ആ കഥ പരന്നു. നടന്നതൊന്നും മനസിലാവാതെ വാപൊളിച്ച മനുഷ്യരുടെ ഉള്ളിലേക്ക് ഒരു കൂട്ടം ഈച്ചകള്‍ കയറിയിറങ്ങി.
ലോമയെ അവസാനമായി ഞാന്‍ കണ്ട രാത്രിയില്‍ ഏറെ വൈകി ധൃതിയില്‍ ഇരുമ്പുഗോവണികള്‍ക്ക് മുകളിലൂടെ പറന്ന ലോമയെപ്പറ്റി ബിനീഷേട്ടന്‍ പറഞ്ഞത് ഓര്‍ത്തുപോയി. ലോമയുടെ കാലുകള്‍ നിലം തൊട്ടില്ല എന്ന് വീണ്ടും വീണ്ടും പുലമ്പിയപ്പോള്‍ മദ്യത്തിന്റെ പുറത്ത് നാവാടിയതാണ് എന്നുംപറഞ്ഞ് ഞങ്ങള്‍ ബിനീഷേട്ടനെ കളിയാക്കി ചിരിച്ചു. എന്നാല്‍ ഇവിടെ വന്നപ്പോള്‍ തൊട്ട് ഓരോ ചിന്തകള്‍ എനിക്കുചുറ്റും വലകെട്ടാന്‍ തുടങ്ങിയിരുന്നു. അവസാനമായി ലോമയുടെ മുഖത്ത് ഞാന്‍ കണ്ട ഭാവം? അത് എത്രയളന്നിട്ടും എനിക്ക് മനസിലായില്ല. ചിന്തകള്‍ തലയില്‍ തീയിട്ടപ്പോള്‍ , എന്നില്‍ നിന്നും എരിഞ്ഞുവീണ സിഗരറ്റ് കുറ്റികള്‍ നേരേ ചൊവ്വേ നിക്കാന്‍ കഴിയാത്ത കക്കൂസിനെ നിറച്ചപ്പോള്‍, ഞാന്‍ കണ്ണുകള്‍ കടുപ്പത്തില്‍ ഇറുക്കിയടച്ച് സതീഷിന്റെ നിലവിളി ഒരിക്കല്‍ കൂടി കേട്ടു.
'അവള് മാഞ്ഞുപോയി...അയ്യോ അമ്മേ...അവള് മാഞ്ഞുപോയി.' ബിനീഷേട്ടന്‍ മരണവിളി ഇട്ട് രാത്രിയെ ഓടിച്ചുകൊണ്ട് അലറിക്കരഞ്ഞു. പിറ്റേ ദിവസം മുഴുവനും ബിനീഷേട്ടന്‍ മുറിയില്‍ പുതച്ചുമൂടി കിടന്ന് അത് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരുന്നു. ഇടക്ക് തൊണ്ട പൊട്ടുന്ന വേദനയിലും അയാള്‍ ലോമയെ പേടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളി. ഒടുവില്‍ അന്ന് രാത്രി ലോമയെ കണ്ടുവെന്ന് സംശയിക്കുന്ന സ്ഥലത്ത് തന്നെ ബിനീഷേട്ടന്‍ തൂങ്ങിമരിച്ചു.
പണിസഞ്ചിയില്‍ ആരും കാണാതെ ഒളിപ്പിച്ച സ്വര്‍ണ്ണപ്പൊതിയെടുത്ത് ഒരു ഭാഗം കടിച്ചുതുറന്ന് അല്‍പ്പം എടുത്ത് ഉള്ളംകയ്യില്‍ തിരുമ്മി മോണയില്‍ പൊത്തിവക്കാന്‍ ബിനീഷേട്ടന്‍ പതിവായി ഫ്‌ലാറ്റിന് മുകളില്‍ ചെന്ന് നിക്കുമായിരുന്നു. അന്ന് നീറ്റലുള്ള മോണയ്ക്ക് തണുത്ത ചൂളം വിളിച്ചിരിക്കുമ്പോഴാണ് ലോമ മുന്‍പിലായി കുറച്ചകലെ ഇരുട്ടില്‍ നില്‍ക്കുന്നത് കാണുന്നത്. അവള്‍ക്ക് അനക്കമില്ലായിരുന്നു. അവളുടെ നിശ്ശബ്ദത ഏറെ നീണ്ടപ്പോള്‍ ബിനീഷേട്ടനില്‍ പേടി പിടികൂടി. ലോമ അവളുടെ കൈകള്‍ പയ്യെ ഉയര്‍ത്തി. തലയിലെ മുടി പിഴുതെറിഞ്ഞപോലെ കാണപ്പെട്ടിരുന്നു. അവളത് അഴിച്ചു മാറ്റി. പിന്നീട് തൊലിയോട് ഒട്ടിക്കിടന്ന വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി ലോമ പരിപൂര്‍ണ്ണ നഗ്‌നയായി. ക്ഷീണിച്ചുണങ്ങിയ വലതുകാല്‍ ഒരിക്കല്‍ കൂടി ബലത്തിലൂന്നി അവള്‍ വലിയൊരു ശ്വാസമെടുത്തു. പിന്‍കഴുത്തില്‍ കാണപ്പെട്ട മുറിവില്‍ നീണ്ട നഖം അമര്‍ത്തി പതുക്കെ അവള്‍ തൊലി കീറിയെടുത്തുകൊണ്ടിരുന്നു. രക്തത്തിന്റെ ചുവപ്പ് തൊട്ട് തീണ്ടാത്ത കട്ടിയുള്ള തൊലി പതുക്കെ വലിച്ചുകീറിയെറിഞ്ഞുകൊണ്ട് നില്‍ക്കുന്ന ലോമയെ കണ്ടതും ബിനീഷേട്ടന്‍ നിലത്തുകിടന്ന് നിലവിളിക്കാന്‍ ശ്രമിച്ചു. തൊണ്ടയില്‍ തിങ്ങിയ ശബ്ദം കനത്തില്‍ പുറത്തേക്ക് തെറിച്ചപ്പോഴേക്കും ലോമ മറ്റൊരു രൂപമായി മാറിക്കഴിഞ്ഞിരുന്നു. കടുത്ത പച്ചനിറമുള്ള ശരീരവും നീണ്ടുരുണ്ട കണ്ണുകളും നീളത്തില്‍ വരച്ച ചുണ്ടുകളും നീണ്ട വിരലുകളുമായി ലോമ നിന്നു. തല നിലത്തടിച്ചുകൊണ്ട് ബിനീഷേട്ടന്‍ കണ്ടതെല്ലാം ഉറക്കെ പാടി. ഈ ബഹളം കേട്ട് 83 ലെ ടോണിച്ചേട്ടന്‍ ഉരുണ്ടുരുണ്ട് ബിനീഷേട്ടന്റെ അടുത്ത് എത്തിയപ്പോഴേക്കും ലോമ മാഞ്ഞുപോയിരുന്നു.
'മാഞ്ഞുപോയി.. അവള്...ദേ... അവിടെ. പച്ച നിറത്തില്...പ്രേതം...ഞാന്‍ ക..കണ്ട്.. മാഞ്ഞുപോയി..'
ബിനീഷേട്ടന്‍ ടോണിചേട്ടനോട് വിറച്ചുകൊണ്ട് പറഞ്ഞു. പേടിച്ച് മൂത്രമൊഴുക്കി തറയില്‍ ഒരു കുഞ്ഞിനെപോലെ കിടന്ന് കരയുന്ന ബിനീഷേട്ടനെ കണ്ടകാര്യം പറഞ്ഞപ്പോള്‍ സതീഷിന്റെ ശബ്ദം ഇടറി. അത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ഭൂപടം വരച്ചു. തല തിളച്ചുമറയുന്ന വേദന. ഷവറിനടിയില്‍ തല കൊണ്ട് വച്ചു. തല തോര്‍ത്തി മുഷിഞ്ഞ തലയിണയില്‍ മുഖം പൂഴ്ത്തി വച്ചുകൊണ്ട് ഞാന്‍ കിടന്നു.
'ലോമ..നീ ?.'
ഒരു പോള കണ്ണടയ്ക്കാന്‍ കഴിയാതെ ക്ഷീണം അതിന്റെ പൂര്‍ണഭാരവും പേറിയ കണ്ണുകള്‍ മരണവേദനയില്‍ മുറുക്കിയടച്ച് ആരോടോ എന്നപോലെ ചോദിച്ചു.