Malayalam Short Story: കൊച്ചിക്കോയ, സല്‍മ അസി വാവാട് എഴുതിയ ചെറുകഥ

Published : Aug 09, 2025, 04:57 PM IST
Salma

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സല്‍മ അസി വാവാട് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

മുജീബ്ക്കാന്റെ കടയില്‍ അടുക്കിയും അടുക്കാതെയും കിടക്കുന്ന തകര സ്ലാബിനു മുകളില്‍ തൂക്കിയിട്ടിരിക്കുന്ന കുലകളുടെ ജാതി ചോദിച്ചുകൊണ്ട് ഞാനും കടന്നുചെന്നു. ഉന്നത ജാതിക്കാരാണെന്ന അഹംഭാവം ഉള്ളിലുണ്ടെങ്കിലും പലരെയും പോലെ അനാവശ്യമായ ഒരു വിവാദത്തിന് മുതിരേണ്ടെന്നു കരുതി നേന്ത്രക്കുല തന്റെ ജാതി ഒരു സ്വകാര്യ അഹങ്കാരമായി ഉള്ളിലൊതുക്കി.

ഒരല്പം സൗന്ദര്യവും പദവിയും കൂടുതലുണ്ടെന്നതിനാല്‍ പൂവന്‍ കുല അങ്ങ് വലത്തേയറ്റത്തായിരുന്നു. ഒരു പിഞ്ചുകുഞ്ഞിനെ സ്പര്‍ശിക്കുന്നത് പോലെ മുജീബ്ക്കാ വളരെ കരുതലോടെ പഴങ്ങളെ താങ്ങിപ്പിടിച്ച് മൂര്‍ച്ചയുള്ള ചെറുകത്തികൊണ്ട് പടലയായ് അരിഞ്ഞെടുത്തു. വെയ് മെഷീനിലേക്കു കയറുംമുമ്പ് പൂവന്‍പഴം എന്നെ അടിമുടിയൊന്നു നോക്കി. പലരും പറഞ്ഞു പോയിട്ടുണ്ടങ്കിലും തന്നെ സെലിബ്രിറ്റിയാക്കിയ തലയോലപ്പറമ്പുകാരനായ മഹാത്മാവിനോട് നന്ദി പറഞ്ഞുകൊണ്ട് പൂവന്‍പഴം എന്റെ കൂടെ പോരാന്‍ തന്നെ തീരുമാനിച്ചു.

ചീറിപ്പായുന്ന വാഹനങ്ങളുടെ ഹോണടികള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അത് വകവയ്ക്കാതെ ഞങ്ങള്‍ ഓരം ചേര്‍ന്നു നടന്നു. അപ്പോഴാണ് അന്നുരാത്രി നടക്കാനിരിക്കുന്ന ഒരു വലിയ സൗഹൃദക്കൂട്ടായ്മയെക്കുറിച്ചും അതിനു നേതൃത്വം വഹിക്കുന്ന കൊച്ചിക്കോയയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത്.

മാമുക്കോയയെപ്പോലെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും യൂട്യൂബ് ചാനലുകളിലൂടെയും ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയും അല്പം നെഗളിപ്പോടെ തലകാണിച്ചിട്ടുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും പ്രഗത്ഭനായ കൊച്ചിക്കോയയെ നിങ്ങള്‍ക്കു പരിചയപ്പെടണമെങ്കില്‍ ഒറ്റ വഴിയേയുള്ളൂ അതിനു കൊടുവള്ളിക്കാരന്റെ നാവില്‍ തിരയണം.

'കൊച്ചിക്കോയ 'അത് ഓരോ കൊടുവള്ളിക്കാരന്റെയും നൊസ്റ്റാള്‍ജിക് ഫീല്‍ ആണ്. അതിന് അറുപതുകള്‍, തൊണ്ണൂറുകള്‍, രണ്ടായിരം എന്ന തലമുറവ്യത്യാസം ഇല്ല. തലമുറകള്‍ കൈമാറിവന്ന സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും ഗൃഹാതുരത തുളുമ്പുന്ന മധുരമായ ഒരു അനുഭവം എന്നുതന്നെ പറയാം.

ചേരുവകളായ എല്ലാ അതിഥികളും അടുക്കളയിലെ മേശമേല്‍ നിരന്നു നില്‍ക്കുന്നുണ്ടെങ്കിലും വിശിഷ്ടാതിഥിയായി എന്നോടൊപ്പമെത്തിയ കൊച്ചിക്കോയയ്ക്കു തന്നെയായിരുന്നു ഔദ്യോഗിക സ്വീകരണം. കൊമ്പുമുറത്തില്‍ വാഴയില വിരിച്ച് ഉമ്മ ഓരോ പഴത്തെയും കരുതലോടെ നിരത്തിവെച്ചു.

കൊച്ചിക്കോയ എന്നും ഒരു സ്വതന്ത്രപ്രസ്ഥാനമാണ്. ആരും ക്ഷണിക്കണമെന്നില്ല. കേട്ടറിഞ്ഞു കയറിച്ചെല്ലാം. അപ്രതീക്ഷിതമായി കയറിവരുന്ന അതിഥികളെ കാണുമ്പോള്‍ ചുറ്റുമുള്ള കണ്ണുകളിലൊരു തിളക്കമുണ്ട്. മുഖത്തൊരു പുഞ്ചിരിയുണ്ട്. അതൊരു വര്‍ണനാതീതമായ ലോകം തന്നെയാണ്.

കൊച്ചിക്കോയയുടെ നിര്‍മ്മിതിയില്‍ അടുക്കളയുടെ മേല്‍ക്കോയ്മ കരുത്തരായ പുരുഷപ്രജകള്‍ക്കാണ് (കരുത്തരെന്ന് അവര്‍ സ്വയം കരുതുന്നതു കൊണ്ട്). തേങ്ങാപ്പീര ഞെക്കിപ്പിഴിഞ്ഞും ചെറിയുള്ളി പഞ്ചസാരയും കൂട്ടി ഞമിണ്ടിക്കുഴച്ചും അവര്‍ കരുത്തു തെളിയിക്കാറുണ്ട്. തേങ്ങാ ചിരവലും ചെറിയുള്ളി തൊലികളയലും അവിലു ചേറലുമൊക്കെയായി പെണ്‍തരികള്‍ ഒന്നൊതുങ്ങിക്കൊടുക്കും.

തേങ്ങ വീണു വക്കു കോടിയ കുടുവന്‍ ചെമ്പ് പൂവന്‍പഴത്തിനടുത്തേക്കു നീങ്ങി നിന്നു. പിന്നീടു കണ്ട കാഴ്ചകളൊന്നും എനിക്കത്ര ഭംഗി തോന്നിയില്ല.

യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കൈവെള്ളയിലിട്ട് ഒന്നമര്‍ത്തിയുരുട്ടിയ ശേഷം പൂവന്‍ പഴം തൊലികളഞ്ഞു ചെമ്പിലേക്കിടുമ്പോള്‍ ഓരോ പഴവും തന്റെ ആത്മാഭിമാനത്തിന്റെ തൊലിയുരിഞ്ഞ നിമിഷത്തിന്റെ കീറി മുറിക്കുന്ന വേദന കടിച്ചമര്‍ത്തി ചെമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു.

ശശിയേട്ടന്റെ പാട്ടിന്റെ ഈണം കേട്ടു ചകിരിയില്‍ നിന്നും പുറത്തേക്കുവന്ന തേങ്ങയാവട്ടെ, വെട്ടൊന്ന് തുണ്ടം രണ്ട് എന്നവിധത്തില്‍ മലര്‍ന്നു കിടക്കുന്നു. ശശിയേട്ടനെക്കുറിച്ചു പറയുകയാണെങ്കില്‍ ശശിയേട്ടന്റെ ഇമ്പമാര്‍ന്ന പാട്ടിന്റെ മാധുര്യത്തിലലിഞ്ഞുചേരാതെ ഒരൊറ്റ തേങ്ങ പോലും വാവാട് നിന്നു പുറത്തേക്കു പോയിട്ടില്ല. ചുരുട്ടിക്കെട്ടിയ പ്ലാസ്റ്റിക് ചാക്ക് ഒരു മൂലയ്ക്കുവെച്ച് ഇരുതല മൂര്‍ച്ചയുള്ള പൊളിപ്പാര മണ്ണിലേക്കു തറയ്ക്കുന്നതു മുതല്‍ തുടങ്ങും ഇമ്പമാര്‍ന്ന ഈ സംഗീതവിരുന്ന്. പുറംലോകമറിയാത്ത ആ മഹാപ്രതിഭ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അല്പം ചൂട് വെള്ളംകൂടി ഒഴിച്ച് അവസാനത്തെ തുള്ളി പാലും പിഴിഞ്ഞ് വേസ്റ്റ് ബക്കറ്റിലേക്ക് തട്ടുമ്പോള്‍ തേങ്ങാപ്പീര അവശനിലയിലായിരുന്നു. കുത്തിപ്പിഴിഞ്ഞ ഇഞ്ചിനീരിനും ഞെക്കിപ്പിഴിഞ്ഞ ചെറുനാരങ്ങ നീരിനും എന്തൊക്കെയോ പറയാനുള്ളതുപോലെ തോന്നി. മറ്റുള്ളവരെ കരയിക്കുന്നതില്‍ പഴി കേട്ടിട്ടുണ്ടെങ്കിലും അരിഞ്ഞു വെച്ച ചെറിയുള്ളിയെ പഞ്ചസാരയിട്ട് ഞെരിച്ചമര്‍ത്തുകയായിരുന്നു. ഒന്നിനുമില്ലാത്ത ഏലക്കായ്ക്കു പോലും കിട്ടി ഒരു കുത്ത്.

വീടിനകത്ത് ഒരു ഭാഗത്ത് റീല്‍സിന് വേണ്ടിയുള്ള തകൃതിയായ അഭിനയം നടക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് പൊട്ടിച്ചിരികളും തമാശകളും ആഘോഷമാക്കുന്നുണ്ട്

തലയ്ക്കല്‍ വിടര്‍ന്ന പൂവിന്റെ രൂപവും സൗന്ദര്യവുമുള്ള കടയക്കോല്‍ ക്രൗര്യത്തോടെ ചെമ്പിലേക്കിറങ്ങിച്ചെന്നു. പൂവന്‍പഴവും ചെറിയുള്ളിയും ഇഞ്ചിനീരും ചെറുനാരങ്ങാനീരും ഏലക്കയും തേങ്ങാപ്പാലും പരസ്പരം നോക്കി. അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചാണ് അവരാ ചെമ്പിലേക്കെത്തിയത്.

എന്നിട്ടും...

എല്ലാമറിയാമായിരുന്നിട്ടും കടയക്കോല്‍ നിര്‍ദാക്ഷിണ്യം അവരോടു പെരുമാറിക്കൊണ്ടിരുന്നു. വേദനയില്‍ പരസ്പരം കൈകോര്‍ത്ത് പരാതിയും പരിഭവങ്ങളുമില്ലാതെ അവര്‍ ഒരുമിച്ചു സഹിക്കുകയാണ്. പുറത്തു കാത്തിരിക്കുന്ന അതിഥികളുടെ സന്തോഷമല്ലാതെ ആ നിമിഷം അവര്‍ മറ്റൊന്നും ചിന്തിച്ചില്ല.

വേദനകളുടെ ആഴങ്ങളില്‍ പരതിനോക്കിയപ്പോള്‍ സൈനത്താത്തയും ഉമ്മയും കൊച്ചിക്കോയയും പുറംചട്ടകീറിയ ഒരേ പുസ്തകത്തിലെ താളുകള്‍ പോലെ മറിഞ്ഞുവീണുകൊണ്ടിരുന്നു.

'കുട്ട്യോ ഈ അബിലൊന്ന് ചൂടാക്കിക്കാളി'

സൈനത്താത്ത അവിലിന്റെ ചെമ്പെടുത്ത് ഉമ്മയോട് അവിലൊന്നു ചൂടാക്കാന്‍ പറഞ്ഞു.

അവില്‍ തികഞ്ഞ നിസ്സഹായതയോടെ എന്നെയൊന്നു നോക്കി. അല്ല ഞാന്‍ അവിലിനെയൊന്നു നോക്കി. മണിക്കൂറുകളോളം വെന്തുരുകി ഇടിച്ചമര്‍ത്തി കോലം കെടുത്തിയാണ് ഇന്നീ നിലയിലെത്തിയത്. അവിലിനു മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

പൊട്ടുന്ന ഗ്ലാസ് ബൗളുകളും പൊട്ടിപ്പോകാത്ത സ്റ്റീല്‍ പാത്രങ്ങളും മേശയുടെ ഒരറ്റത്തു അക്ഷമയോടെ കാത്തിരിക്കുന്നു. കൊച്ചിക്കോയയ്ക്ക് അതിഥികളെന്നോ വീട്ടുകാരെന്നോ വേര്‍തിരിവില്ല. താനിരിക്കുന്നിടത്തേക്ക് എല്ലാവരുമെത്തണം അതാണു നിയമം. അതുപോലെ പ്രത്യേകിച്ച് ഇരിപ്പിടങ്ങളൊന്നും ഒരുക്കേണ്ടതുമില്ല.

കൊച്ചിക്കോയയുടെ പഴക്കൂട്ട് വിളമ്പിത്തരാന്‍ മാത്രമേ ആളുണ്ടാവൂ.അതിന് ഓരോരുത്തരും പാത്രമെടുത്ത് ആവശ്യമുള്ള അവിലും കോരിയിട്ട് വിളമ്പുന്ന ആളിനടുത്തേക്കു ചെല്ലണം. കിട്ടുന്ന സ്ഥലത്ത് എവിടെയെങ്കിലും ഇരുന്നോ നിന്നോ നടന്നോ കഴിക്കാം. കൊടുവള്ളിക്കാര്‍ക്ക് ആദ്യമായി 'ബുഫെ' സംവിധാനം ഏര്‍പ്പെടുത്തിയത് ഇദ്ദേഹമാണ്.

കൊച്ചിക്കോയ കഴിക്കുന്നതിനും ഒരു താളവും വേഗവുമുണ്ട്. അവിലു കുതിരാതെ കോഴി ധാന്യമണികള്‍ കൊത്തിതിന്നുന്ന സ്പീഡില്‍ വേണം അതു കഴിക്കാന്‍. എങ്കിലേ യഥാര്‍ത്ഥ രുചി ആസ്വദിക്കാന്‍ കഴിയൂ. ശരിയാണ്, എല്ലാത്തിനും ഒരു താളവും വേഗവുമുണ്ട്. അത് മനസ്സിലാക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ജീവിതത്തില്‍ പലരും പലതും ആസ്വദിക്കാതെ പോയത്.

കുന്നോളം കൂട്ടിവെച്ച എന്റെ അനുഭവങ്ങളും പരാതികളും മൂര്‍ച്ചയോടെ ഞാന്‍ പുറത്തേക്കെടുത്തപ്പോള്‍ കൊച്ചിക്കോയ ഉള്ളുകൊണ്ടൊന്നു ചിരിച്ചു. ഞാനെന്നെത്തന്നെ സൂക്ഷിച്ചൊന്നു നോക്കി. ഭര്‍ത്താവുമായുള്ള ഒരു വലിയ അഭ്യന്തര കലാപത്തിന്റെ പേരില്‍ മോളെയും കൂട്ടി താവളം സ്വന്തം വീട്ടിലേക്കു മാറ്റിയിട്ട് മാസം രണ്ടു തികയാറായി.

നാളേറെയായിട്ടും എന്റെ പരാതിയിന്മേല്‍ ഒരു അന്വേഷണമോ ചര്‍ച്ചയോ നടത്താതെ വാപ്പയും ഉമ്മയും കൂസലില്ലാതെ നടക്കുന്നു. കൂടെപ്പിറപ്പെന്നു പറയുന്ന ഒരേയൊരു ആണ്‍ തരിയാവട്ടെ പത്തിരുപത്തഞ്ചു വയസ്സായെങ്കിലും അഞ്ചു വയസ്സുള്ള മോളെയും കൂട്ടി ഒരേ വൈബായി ഉലകം ചുറ്റുന്നു.

'കുഞ്ഞ്യോനേ ....ഞ്ഞി ന്നെ ആട്ടൊന്ന് എര്‍ക്കിക്കുണ്ടാ...'

എന്നെ അവിടെയൊന്നിറക്കിത്തരാനായി ഞാന്‍ കുഞ്ഞ്യോനോടു പറഞ്ഞു.

'ഏട്ട് ....?'

എങ്ങോട്ടെന്നറിയാതെ അവന്‍ അന്തംവിട്ട് എന്നെയൊന്നു നോക്കി.

'കുന്നംഗല്‍ത്തക്ക്'

കുന്നമംഗലത്തേക്ക് എന്ന് കേട്ടപ്പോള്‍ തന്നെ കുഞ്ഞ്യോന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ വീട് അവിടെയാണ്.

കുഞ്ഞ്യോന്‍ അത്ഭുതത്തോടെ എന്നെ തുറിച്ചു നോക്കി.

'മ്മാ വ്വ്‌ളല്ല്യനോ ഒന്നൊന്നര മാസായിറ്റ് ഞാനെനി അപ്പടി ചൗട്ടൂല്ലാന്നും പറഞ്ങ്ങായ്റ്റ് ബീമ്പെള്‍കി നടന്നേയ്. കൊച്ചിക്കോയ പള്ളേലെത്ത്യപ്പം ഓക്ക് ന്തായ് പറ്റിയേ ...?'

അവന്റെ പരിഹാസമുന തെല്ലൊന്നു ചൊടിപ്പിച്ചെങ്കിലും അവന്‍ പറഞ്ഞതു ശരിയാണ്. മേലില്‍ ആ പടി ചവിട്ടില്ലെന്നു കരുതി തന്നെയായിരുന്നു ഇറങ്ങിപ്പോന്നത്.പക്ഷെ...

കൊച്ചിക്കോയയുടെ നീറുന്ന അനുഭവങ്ങള്‍ക്കും അപാരമായ സഹനശേഷിക്കും മുന്നില്‍ ഞാന്‍ ഒന്നുമല്ലാതായിത്തീരുകയായിരുന്നു.

'പൊന്നാരമോനേ.... ഞ്ഞി അന്റെ തൊള്ളൊന്നടക്ക് .....ഞ്ഞി ഓളേം മോളേം ഒന്ന് ആട്ട് എര്‍ക്കി കൊടുത്താള് ..'

എന്നെയും മോളെയും കൊണ്ടുവിടാന്‍ പറഞ്ഞുകൊണ്ട് ഉമ്മ കുഞ്ഞ്യോന്റെ കളിയാക്കലുകള്‍ക്കു കടിഞ്ഞാണിട്ടു.

ഉമ്മയുടെ ഉള്ളിന്റെയുള്ളില്‍ നിന്നും സന്തോഷം കണ്ണുകളിലൂടെ നനഞ്ഞൊഴുകി.

തൂക്കുപാത്രത്തില്‍ കൊച്ചിക്കോയയുമായി ഞാന്‍ ഉമ്മറത്തെത്തിയപ്പോഴേക്കും മോള്‍ കാറില്‍ കയറിയിരുന്നു കഴിഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത