
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ശമനം
'വൈദ്യരേ....'
വിളി മുറ്റത്തുനിന്നാണ്.
തലയണക്കടിയില്‍ നിന്ന് വൈദ്യര്‍ തീപ്പെട്ടി തപ്പിയെടുത്തു.വിളക്ക് തെളിഞ്ഞു.
വൈദ്യര്‍ ഉമ്മറവാതിലിന്റെ സാക്ഷ വലിച്ചു. തത്രപ്പാടിനിടയില്‍ ഊരിവീഴാന്‍ തുടങ്ങിയ ഒറ്റമുണ്ട്.
ധൃതയില്‍ വാരിച്ചുറ്റി. ലാട്ടവിളക്കുയര്‍ത്തി അയാള്‍ മുറ്റത്തെ ഇരുട്ടിലേക്കു നോക്കി.
'ആരാ...?'
അരണ്ട വെളിച്ചത്തില്‍ നിന്ന് ആഗതന്റെ ഉത്തരം വന്നു.
'ഞാള് മൂവരും തീയൂരുനിന്നാ... വൈദ്യര് ഞങ്ങളോടൊപ്പം വരണം.'
ചോദ്യോത്തരങ്ങളുടെ ശബ്ദതാളങ്ങളില്‍ നിന്നുതന്നെ വൈദ്യര്‍ ദുരന്തം മണത്തു. വീടിന്റെ ഉത്തരത്തിലെവിടെ നിന്നോ അപ്പോള്‍ ഒര ുപല്ലി ചിലച്ചു. മൂക്കിന്‍പാലത്തിനുമേല്‍ ചൂണ്ടുവിരല്‍ വെച്ച് വൈദ്യര്‍ ചെറുതായി ശ്വാസം വിട്ടു. ശ്വാസഗതിയും വിപരീതം.
വിഷവൈദ്യത്തിലെ ആദ്യ നിമിത്തങ്ങളില്‍ തന്നെ വൈദ്യര്‍ പരാജയം മുന്നില്‍ കണ്ടു. എങ്കിലും വൈദ്യര്‍ ആപത്ശങ്ക പുറത്തു കാട്ടിയില്ല.
'എല്ലാം പറയാമെടോ..ഒര് ബീഡിയെട്...'
കിടക്കും മുന്‍പ് ഒരു ബീഡി വലിക്കാന്‍ മുട്ടിയതാണ്. കീശയില്‍ നോക്കുമ്പോള്‍ ഒറ്റ ബീഡിയില്ല.
ആഗതരിലൊരാളുടെ നേര്‍ക്ക് വൈദ്യര്‍ കൈ നീട്ടി. ഇതുവരെ കണ്ണിലും മുഖത്തും കാണാത്തവര്‍. തത്രപ്പെട്ട് അവരിലൊരാള്‍ കീശയില്‍ തപ്പി. രണ്ട് തത്ത മാര്‍ക്ക് ബീഡി വൈദ്യര്‍ക്കു നീട്ടി. ഒന്നെടുത്ത് വൈദ്യര്‍ ചുണ്ടില്‍ വെച്ചു. ആരോ തീപ്പെട്ടി ഉരച്ചു. നിമിഷമാത്രയില്‍ എല്ലാമുഖങ്ങളും വെളിച്ചത്തില്‍ കുളിച്ചു.
തെല്ലിട ആലോചിച്ചുനിന്ന വൈദ്യര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
'തീയ്യൂരില്‍ ഒരു വിഷഹാരി ഉണ്ടല്ലോ...? അദ്ദേഹമിരിക്കെ ഞാന്‍ അവിടെ വരുന്നത് ഉചിതമാവ്വോ...?'
'അങ്ങിനെ പറയരുത് വൈദ്യരേ...'മൂവരും ഒരേ സ്വരത്തിലായിരുന്നു.
അപ്പോള്‍ വൈദ്യര്‍ക്കു അത് തുറന്നു പറയേണ്ടി വന്നു.
'ദൂതലക്ഷണങ്ങള്‍ അനുകൂലമല്ല...'
മുണ്ടയാടന്‍കണ്ടി കുഞ്ഞിരാമന്‍ വൈദ്യര്‍ക്ക് ത്രികാല സമസ്യകള്‍ തിരിച്ചറിയാനാവും. ഗ്രന്ഥങ്ങളില്‍ കാണാത്ത എത്രയോ തത്വങ്ങള്‍. ഗുരുമുഖത്തുനിന്നും സ്വായത്തമാക്കിയ മഹാമന്ത്രങ്ങളുടെ ഉള്‍പ്പൊ രുളുകള്‍.
വന്നവര്‍ക്കിടയില്‍ ഒരു മധ്യവയസ്‌കനുണ്ടായിരുന്നു. ദൂത ലക്ഷണങ്ങളെക്കുറിച്ച് പറയുന്നത് കേട്ട് അയാള്‍ പരിക്ഷീണനായി നിലത്തിരുന്നുപോയി.
വൈദ്യര്‍ ഇറയുടെ കഴുക്കോലില്‍ പിടിച്ച് തലതാഴ്ത്തി നിന്നുകൊണ്ട് ചിന്താധീനനായി.
മനസ്സ് വഴിമുട്ടുകയാണ്.
പോകണമോ? വേണ്ടയോ...?
പോയിട്ട്കാര്യമില്ലെന്നറിയാം.
വൈദ്യരുടെ പേരമകന്‍ അപ്പോള്‍ അയാളുടെ അടുത്തേക്ക് വന്നു. വിഷവൈദ്യത്തിന്റെ ബാലപാഠങ്ങളിലൂടെ മുത്തച്ഛന്റെ കാലടികള്‍ പിന്തുടരുന്നവന്‍. എല്ലാ സംഭാഷണങ്ങളും അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
'മുത്തച്ഛന്‍ പോകാതിരിക്കരുത്...'
അവന്റെ അപേക്ഷയില്‍ ദയനീയത നിഴലിട്ടിരുന്നു.
അവനെ കണ്ടമാത്രയില്‍ മധ്യവയസ്‌ക്കന്‍ മുറ്റത്തുനിന്നും തട്ടിപ്പിടഞ്ഞെഴുന്നേറ്റു. അവന്റെ നേരെ വിരല്‍ചൂണ്ടി വേദനയോടെ അയാള്‍ പറഞ്ഞു.
'വൈദ്യരേ... എന്റെ മോന് ഇവന്റെ പ്രായം വരും..'
അപ്പോള്‍ മാത്രമാണ് വൈദ്യര്‍ അറിയുന്നത്.. വന്നവര്‍ക്കിടയില്‍ ദംശനമേറ്റ കുഞ്ഞിന്റെ പിതാവുണ്ടെന്ന്!
അപ്പോള്‍ നേരത്തെ പറഞ്ഞു പോയത് ഒന്നും തന്നെ പറയേണ്ടിയിരുന്നില്ലെന്നു അയാള്‍ക്ക് തോന്നി.
അര്‍ദ്ധരാത്രിയിലേക്ക് കുതിക്കുകയാണ് സമയക്കുളമ്പടി.
'ഇനിയും വൈകണ്ടാ.. എല്ലാവരും ഇറങ്ങിക്കോളൂ...'
കഞ്ഞിമുക്കി അലക്കിയ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് തലയില്‍ വേഷ്ടിയും കെട്ടി വൈദ്യര്‍ പെട്ടെന്ന് തയ്യാറായി.
ഉതിരവും കുറുന്തോട്ടിയും പൂക്കുന്ന കാലം. രക്തമണ്ഡലികള്‍ മാളം വിട്ട് പുറത്തിറങ്ങുന്ന നേരം.
വഴികളില്‍ ഉടനീളം വേന്തിരന്മാര്‍ ഉണ്ടാകും. രാജിലങ്ങളുണ്ടാവും...
വൈദ്യര്‍ അകത്തളത്തിലേക്കു നോക്കി വിളിച്ചുപറഞ്ഞു.'രാമുണ്യേയ്... നാല് ചൂട്ടുകള്‍ കരുതണം..'
അപ്പോഴേക്കും കുറ്റിയേരത്തില്‍ തലചായ്ച്ചിരുന്ന രാമുണ്ണി കുടുമ കുടഞ്ഞുകെട്ടി വേഗം ഓലച്ചൂട്ടുകളുമായി മുറ്റത്ത് എത്തിക്കഴിഞ്ഞിരുന്നു.
ചൂട്ട് മരണത്തിന്റെ തീക്കണ്ണ് കാട്ടി. ഇടക്കൊരാളിക്കത്തല്‍!
അവര്‍ നടന്ന് മറയുകയാണ്. ആരും ഒന്നും ഉരിയാടുന്നില്ല. ചെമ്മണ്ണു പുതഞ്ഞ നിരത്തുകളിലൂടെ, വയല്‍ വരമ്പുകളിലൂടെ, ഇടവഴികള്‍ താണ്ടി ഒരു പടയോട്ടം പോലെ. മഞ്ഞ വെട്ടത്തില്‍ അഞ്ചു നിഴലുകളുടെ ഊഞ്ഞാലാട്ടം.
സ്വര്‍ണ നിറമുള്ള പഴുത്ത വെള്ളരിക്കകള്‍ ഓലവളയങ്ങളില്‍ കെട്ടി ഞാത്തിയിട്ട തെക്കേമുറി. അതൊരു കര്‍ഷക ഗൃഹമായിരുന്നു.
നിലത്ത് പുല്ലുപായില്‍ അവന്‍ കിടക്കുകയാണ്. ചുറ്റും വൈദ്യരുടെ വരവും കാത്തിരിക്കുന്ന ബന്ധുജനങ്ങള്‍. നാട്ടുകാര്‍.
തലയില്‍ കെട്ടിയ വേഷ്ടി അഴിച്ച് വൈദ്യര്‍ ചുമലിലിട്ടു. അപ്പോഴേക്കും വൈദ്യര്‍ക്ക് മുന്‍പില്‍ ഭസ്മത്തട്ടും, കരിനൊച്ചില്‍കറ്റയും, ഓട്ടുകിണ്ടിയില്‍ ഉദകവുമെത്തി. രോഗിക്ക് മുന്‍പില്‍ വൈദ്യര്‍ ചമ്രം പടിഞ്ഞിരുന്നു.
മുരിക്കില നീരും, വയമ്പും, കായവും, മുളകും കൂട്ടിയരച്ച മിശ്രിതം വൈദ്യര്‍ കടിവായില്‍ തേച്ചു.
എരിക്കിന്‍വേരും, കുമ്മാട്ടിത്തോലും, കുപ്പമഞ്ഞളും, ഈശ്വരമുല്ലയും തേടി നാട്ടുകാര്‍ പരക്കം പാഞ്ഞു.
എന്തിനും തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാര്‍.
തൊടിയിലും കാവിന്‍പറമ്പിലും ടോര്‍ച്ചുകള്‍ മിന്നി.
വീടിന്റെ അകത്തളത്തില്‍ മന്ത്രമര്‍മ്മരങ്ങള്‍.
അറ്റകൈക്ക് രോഗിയുടെ തലയിലേറ്റേണ്ടുന്ന തീച്ചട്ടിയില്‍ കനലിടുന്ന തിരക്കിലാണ് കാര്യക്കാരന്‍ രാമുണ്ണി.
ഉന്മാദിയെപ്പോലെ അവന്‍ പുളയുകയാണ്. നോക്കി നോക്കി നില്‍ക്കവേ ആ ചെറു ചുണ്ടുകള്‍ മലര്‍ന്നു. കടവായിലൂടെ കട്ടച്ചോര ഒലിച്ചിറങ്ങി.
അപ്പോള്‍ തെക്കേ മുറിയുടെ ജാലകപ്പഴുത്തിലൂടെ ഒരു മിന്നാമിനുങ്ങ് വഴിതെറ്റി വന്നു. ആരെയോ ഒപ്പംകൂട്ടി അനന്തതയിലേക്ക് മുങ്ങാനായി കച്ചകെട്ടിവന്ന മരണത്തിന്റെ തുറിച്ച ഒറ്റക്കണ്ണ്?
ദേഹിയെ വിട്ട് അപരിമേയതയിലേക്ക് പറക്കുവാന്‍ വെമ്പുന്ന ആത്മാവുകണക്കെ മുറിയിലാകമാനം അത് ചുറ്റിപ്പറന്നു. തീവ്ര മന്ത്രങ്ങള്‍ ഉരുക്കഴിഞ്ഞു. വൈദ്യര്‍ അവസാന ശ്രമം തുടരുകയാണ്.
പെട്ടെന്ന് വീടിന്റെ ഉള്‍തളങ്ങളില്‍ ഗദ്ഗദങ്ങള്‍ ഉയര്‍ന്നു. പൊട്ടിയൊഴുകിയ നിലവിളികള്‍. കൂട്ടക്കരച്ചിലുകള്‍.
'ഹെന്റെ.. പൊന്നുമോനേ..'
കനത്ത ദുഃഖം തളം കെട്ടി നില്‍ക്കുന്ന വീട്. ഉള്‍ത്തളങ്ങങ്ങളില്‍ പാതിര പകലായി. വാവിട്ടു കരയുകയാണ് അവന്റെ പിതാവ്.
ലക്ഷം തവണ ഗരുഡ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു തഴമ്പിച്ച നാവ്. തീവ്രവ്രതങ്ങളിലൂടെ സ്ഫുടം കൊണ്ട മനസ്സ്.
അവസാന ശ്രമമെന്ന നിലയില്‍ വൈദ്യര്‍ മനസ്സില്‍ ധ്യാനിച്ചു. ഒരിക്കല്‍ക്കൂടി കടിവായില്‍ മരുന്ന് വെച്ചു. ആകാശവും ഭൂമിയും തഴുകിക്കൊണ്ട് ഒരു കാറ്റുവീശി. പക്ഷെ... വിളക്കണഞ്ഞില്ല. തെല്ലിട ഉലഞ്ഞും ഇടക്ക് മുനിഞ്ഞും അത് കത്തിനിന്നു.
അത്ഭുതമെന്നേ പറയേണ്ടൂ. അല്പസമയത്തിനുശേഷം കുട്ടി കണ്ണ് തുറന്നു. ഇമകളില്‍ ജീവന്റെ തുടിപ്പ്. മരണത്തിന്റെ കാലൊച്ചകള്‍ അകന്നകന്ന് പോവുന്നു.
മനസ്സുകളില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍. ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍.
വൈദ്യര്‍ തിരിച്ചു വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ ആറര. ടയര്‍ ചെരുപ്പ് കോലായിലേക്ക് കയറുന്ന ഒതുക്കുകല്ലിനു താഴെ അഴിച്ചുവെച്ച് ഓട്ടുകിണ്ടിയിലെ വെള്ളം കൊണ്ട് അയാള്‍ കാല്‍ കഴുകി.
ചെമ്മണ്ണിന്‍ നിറമാര്‍ന്ന വെള്ളത്തിന്റെ മൂന്ന് നാല് ചാലുകള്‍ ചായ്ച്ചു ചാണകം മെഴുകിയ മുറ്റത്തുകൂടി മെല്ലെ ഇഴഞ്ഞുനീങ്ങി.
വെള്ളത്തിന്റെ ആ ചെറു ചാലുകള്‍ ഇണ ചേരുന്ന വിഷപ്പാമ്പുകളെപ്പോലെ തോന്നിച്ചു. കുറച്ച് മാത്രം ഒഴുകി അവസാനം പത്തിവിടര്‍ത്തി വരണ്ടമുറ്റത്ത് അത് ചലനമറ്റു.
വേഷ്ട്ടികൊണ്ട് മുഖം തുടച്ച് വൈദ്യര്‍ അകത്തേക്ക് കയറിയതേയുള്ളൂ, നേരെ മുന്നില്‍ പേരമകന്‍.
'മുത്തച്ഛാ.. ഞാനിതുവരെയും പ്രാര്‍ത്ഥിക്കാരുന്നു. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അവന് വേണ്ടി, ഉറങ്ങാതെ...കരഞ്ഞ് കരഞ്ഞ്...'
വൈദ്യര്‍ അതിനുത്തരം പറഞ്ഞില്ല.
ഒരുവേള പറന്നു പോയ ജീവന്‍. അതെങ്ങിനെ തിരിച്ചുവന്നു എന്നറിയാതെ അയാള്‍ മൗനത്തിന്റെ മഹാ മേരുവിനു മുകളില്‍ ആയിരുന്നു അപ്പോള്‍.
മുത്തച്ഛന്റെ കൈകളില്‍ കയറി പ്പിടിച്ച് അവന്‍ വീണ്ടും വീണ്ടും ചോദിച്ചു:
'അവന് സുഖായോ മുത്തച്ഛാ.. അവന്... സുഖായോ...?'
വൈദ്യരുടെ മുഖഭാവം പെട്ടെന്ന് പ്രസന്നമായി. ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.