
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മധുശാല
മദ്യശാലക്ക് പേരില്ലായിരുന്നു. ബോര്‍ഡില്‍ നിന്ന് അക്ഷരങ്ങള്‍ അടര്‍ന്നുപോകുന്നതിനും, വര്‍ഷങ്ങളായി പെയിന്റ് നേര്‍ത്തുവരുന്നതിനും മുമ്പ് അതിനൊരു പേരുണ്ടായിരുന്നിരിക്കണം. കല്ലുപാകിയ രണ്ട് തെരുവുകളുടെ അറ്റത്ത്, മറന്നുപോയൊരു അവശിഷ്ടം പോലെ ആ ബില്‍ഡിങ്ങ് അവിടെയിരുന്നു. രാവിലെ പതിനൊന്നു മണിക്ക് തുറന്ന്, കൃത്യം രാത്രി പന്ത്രണ്ടിന് അവിടം ഷട്ടര്‍ ഇട്ടു പോന്നു.
പക്ഷേ, ആ മനുഷ്യന്‍ വളരെക്കാലമായി മണിക്കൂറുകളെ ശ്രദ്ധിക്കുന്ന തന്റെ ശീലം അവസാനിപ്പിച്ച് അവി2െ എത്തിയിരുന്നു. കൗണ്ടറിന്റെ ഏറ്റവും അറ്റത്താണ് അയാള്‍ എപ്പോഴും ഇരുന്നിരുന്നത്. അവിടെ നിഴലുകള്‍ നന്നായി വീഴുകയും, പൊടിപിടിച്ച നിലവിളക്കില്‍ നിന്നുള്ള വെളിച്ചം ഒരിക്കലും കൃത്യമായി എത്താതിരിക്കുകയും ചെയ്തു.
അയാള്‍ ആദ്യമായി ആ മദ്യശാലയിലേക്ക് കടന്നു വന്നതെന്നാണെന്ന് ആര്‍ക്കും ഓര്‍മ്മയില്ല.
നരച്ച കൃഷ്ണമണികളുടെ ചുറ്റും നീല വളയം അണിഞ്ഞ വൃദ്ധന്‍ ബാര്‍ടെന്‍ഡര്‍, എന്നും ഒരേ പാനീയം അയാളുടെ ഗ്ലാസ്സിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. ഒരു വിസ്‌കി. ഐസ് ഇല്ല. വെള്ളമില്ല.
ആ മനുഷ്യന്‍ എന്നും വരുമായിരുന്നു. ഗ്ലാസ്സില്‍ വിരലുകള്‍ ചുറ്റിപ്പിടിച്ച് ഇറക്കാന്‍ കഴിയാത്ത ഭാരങ്ങള്‍ ഇറക്കാന്‍ വേണ്ടിയെന്ന പോലെ മദ്യം സേവിക്കും.
അയാള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ.
''ജീവിതത്തിനു അര്‍ത്ഥമുണ്ടെന്നു കരുതുന്നുണ്ടോ'', അയാള്‍ ഒരിക്കല്‍ ചോദിച്ചു. ''അതോ നമ്മളായി കൊടുക്കുന്ന അര്‍ത്ഥങ്ങളാണോ?''
ബാര്‍ടെന്‍ഡറാകട്ടെ അതിനൊരുത്തരവും നല്‍കിയില്ല. ആ ചോദ്യം അവിടുത്തെ ചുമരുകള്‍ക്കോ കുപ്പികള്‍ക്കോ ബാറിന് പിന്നിലെ പൊട്ടിയ കണ്ണാടിക്കോ വേണ്ടിയുള്ളതായിരിക്കാം. മദ്യപിച്ചവര്‍ ഒഴികെ മറ്റാരും ആ ചോദ്യത്തെ ശ്രദ്ധിച്ചില്ല, എന്നാലും രാവിലെ അവര്‍ പോലും അത് മറന്നുപോയി.
മറ്റൊരു രാത്രി. അയാള്‍ വീണ്ടും കൈയിലെ വിസ്‌കി നുണഞ്ഞു കൊണ്ടിരുന്നു.
''ഒരിക്കല്‍ ഒരു മനുഷ്യന്‍ മരിക്കുന്നത് ഞാന്‍ കണ്ടു''. അയാള്‍ പിറുപിറുത്തു.
''അയാളെന്നോട് വെള്ളം ചോദിച്ചു. ഞാനാണെങ്കില്‍ ഒന്നും കൊടുത്തില്ല. ആ മനുഷ്യന്റെ ചുണ്ടുകള്‍ ഉണങ്ങിയ മണ്ണ് പോലെ വിണ്ടുവരളുന്നത് ഞാന്‍ കണ്ടു. എന്നിട്ടും, ഞാന്‍ ഒന്നും ചെയ്തില്ല.''
ബാര്‍ടെന്‍ഡര്‍ ആ മനുഷ്യനെ ഒന്ന് നോക്കുക മാത്രം ചെയ്തു. പിന്നെ, ഒരു ഗ്ലാസ് പോളിഷ് ചെയ്യാന്‍ തുടങ്ങി. അയാള്‍ മറ്റൊന്നും പറഞ്ഞില്ല, വിധിച്ചില്ല. അതായിരുന്നു ആ സ്ഥലത്തിന്റെ അലിഖിതനിയമം. വിധിക്കില്ല, രക്ഷിക്കില്ല, പക്ഷേ, മറവി വരദാനമായി നല്‍കും, അതും മണിക്കൂറുകള്‍ക്ക് മാത്രം. ഉറക്കം സംഭാവന നല്‍കും, അതും ഉണരുന്നത് വരെ.
അതിനാല്‍ ആ ബില്‍ഡിംഗ് ആളുകളെ കൈ കാട്ടി വിളിച്ചു കൊണ്ടിരുന്നു. അത് അവരെ നോക്കി സംസാരിച്ചുകൊണ്ടിരുന്നു.
''വരൂ, വരൂ, കുടിക്കൂ, കുടിക്കൂ.''
ആ മനുഷ്യന്‍ കരഞ്ഞില്ല. അയാള്‍ ഒരിക്കലും കരഞ്ഞിട്ടില്ല. എന്നാല്‍ ചിലപ്പോളെല്ലാം, ചുമര്‍ തുറന്ന് എന്തെങ്കിലും വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതുപോലെ അയാള്‍ ദൂരേക്ക് നോക്കുമായിരുന്നു. ചിലര്‍ പലപ്പോഴായി വന്നു പോയികൊണ്ടിരുന്നു. വിപ്ലവങ്ങളെയും ആദര്‍ശങ്ങളെയും കുറിച്ച് സംസാരിച്ച, തീ തുപ്പുന്ന യുവാക്കള്‍. അവര്‍ ഭരണകൂടത്തെക്കുറിച്ചും, സത്യത്തെക്കുറിച്ചും, സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉച്ചത്തില്‍ വാദിച്ചു. അവര്‍ ഒരിക്കലും അയാളെ ശ്രദ്ധിച്ചില്ല. പക്ഷേ, ആ മനുഷ്യന്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു, അവരിലൂടെ തന്നെത്തന്നെ ഓര്‍മ്മിക്കുന്നതുപോലെ.
ഒരു രാത്രി, ഇരുപത് വയസ്സ് തികയാത്ത ഒരു ആണ്‍കുട്ടി ആ മനുഷ്യന്റെ സീറ്റിനടുത്ത് വീണു കിടന്നു, ഇടതൂര്‍ന്ന ദുഃഖത്തിന്റെ വിള്ളലുകള്‍ക്കിടയില്‍ പൊരുത്തമില്ലാത്ത വാക്കുകള്‍ പിറുപിറുത്തു കൊണ്ടിരുന്നു.
''ഞാന്‍ അവളോട് സത്യം പറഞ്ഞു, അവള്‍ പോയി. അവര്‍ക്ക് സത്യം വേണം. സത്യം അറിഞ്ഞു കഴിഞ്ഞാലോ, ഉടനെ ഇറങ്ങിപ്പോക്ക്. ഞാന്‍ എന്തുചെയ്യണമായിരുന്നു? നിങ്ങള്‍ പറയു.'' ആ പയ്യന്‍ അയാളോട് ചോദിച്ചു.
''നുണ. നുണ പറയണം പ്രത്യേകിച്ചു സ്ത്രീകളോട്!'' ആ മനുഷ്യന്‍ ലളിതമായി പറഞ്ഞു ചിരിച്ചു.
സൂര്യോദയത്തിന് മുന്‍പ് ആണ്‍കുട്ടി പോയി. മിക്കവരും പോയി. ആ മനുഷ്യന്‍ മാത്രം കുടി പിന്നെയും തുടര്‍ന്നു. സമയം കാലങ്ങളിലൂടെ ഓടി പോയി. മഞ്ഞ് വീണു. ജനാലയില്‍ മഴ പെയ്തു. തെരുവുകള്‍ ശൂന്യമായി, വീണ്ടും നിറഞ്ഞു, വീണ്ടും ശൂന്യമായി.
ഒരു വൈകുന്നേരം, വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു നീണ്ട രാത്രിക്ക് ശേഷം, ആ മനുഷ്യന്‍ എഴുന്നേറ്റു. ബാര്‍ ശൂന്യമായിരുന്നു. ബാര്‍ടെന്‍ഡര്‍ നേരിയ അത്ഭുതത്തോടെ അയാളെ നോക്കി.
''ഞാന്‍ വളരെക്കാലം കാത്തിരുന്നുവെന്ന് തോന്നുന്നു. അല്ലേ?'' ആ മനുഷ്യന്‍ ചോദിച്ചു.
''എന്തിനുവേണ്ടി?'' ആയിരം രാത്രികളുടെ ചലനമില്ലായ്മയെ ഭേദിച്ചുകൊണ്ട് വൃദ്ധന്‍ ബാര്‍ടെന്‍ഡര്‍ ചോദിച്ചു. ആ മനുഷ്യന്‍, ചുണ്ടില്‍ ഒരു നേരിയ പുഞ്ചിരി വരുത്തി എന്നിട്ട് തുടര്‍ന്നു.
''ക്ഷമിക്കാന്‍, എന്നോട് ക്ഷമിക്കാന്‍''.
''ആര് ക്ഷമിക്കാന്‍?''
''ഞാന്‍ തന്നെ''!
അയാള്‍ കൗണ്ടറില്‍ ഒരു നാണയം വച്ചിറങ്ങി. അത് പഴയതായിരുന്നു. പഴകി തേഞ്ഞത്. വിലയില്ലാത്തത്. പുറത്തേക്ക് പോകുമ്പോള്‍ ബാര്‍ടെന്‍ഡര്‍ അയാളെ തടഞ്ഞില്ല. ചിലര്‍ പോയി. ചിലര്‍ അവിടെ തന്നെ തുടര്‍ന്നു. മിക്കവരും തിരിച്ചു വന്നു.
മദ്യശാലയുടെ കൗണ്ടറിന്റെ അറ്റത്ത് പുതിയൊരാള്‍ നിഴലില്‍ പൊതിഞ്ഞ് ഇരുന്നു. ബാര്‍ടെന്‍ഡര്‍ ചോദിക്കാതെ തന്നെ ഒരു പാനീയം അയാളുടെ ഗ്ലാസ്സിലേക്ക് പകര്‍ന്നു. പുതിയ അതിഥി.
വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇനി ഇയാള്‍ ഇവിടം വിടൂ. മനുഷ്യര്‍ എപ്പോഴും എന്തെങ്കിലും തേടി അവിടം വന്നു കൊണ്ടിരുന്നു. സമാധാനം, ശിക്ഷ അല്ലെങ്കില്‍ ഒരോര്‍മ്മ!