Malayalam Poem: ഇരുട്ടിറക്കം, അംബി ബാല എഴുതിയ മൂന്ന് കവിതകള്‍

Published : Jun 03, 2025, 05:05 PM IST
Malayalam Poem: ഇരുട്ടിറക്കം, അംബി ബാല എഴുതിയ മൂന്ന് കവിതകള്‍

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അംബി ബാല എഴുതിയ മൂന്ന് കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇരുട്ടിറക്കം

ചിലപ്പോഴൊക്കെ ഞാന്‍ രാത്രിയാകാറുണ്ട് 

പെട്ടെന്നകലുന്ന വെളിച്ചത്തിലേക്ക് 
ഓടിയിറങ്ങും
കടലുടുപ്പഴിച്ചാകാശം
നിറങ്ങളെയൊക്കെ വാരിക്കൂട്ടും.

വിടവിലൂടെ അരിച്ചിറങ്ങുന്ന 
ചുമപ്പും മഞ്ഞയും,
കറുത്ത മേഘക്കൂട്ടങ്ങളില്‍ 
ഒരു ഭൂമിതന്നെ വിളക്കിചേര്‍ക്കും.

ഇരുട്ട് തന്റെ മാന്ത്രിക വിരല്‍തൊട്ട് 
വെളുപ്പിലേക്കൊഴുകും.

കനക്കുന്ന തണുപ്പിലേക്കു 
ചൂടിറങ്ങിപോകും 

അസഹ്യമായ ഇരുട്ടിന്റെ തോട് പൊട്ടിച്ച് 
ഇരുട്ടിലേക്കിറങ്ങുമ്പോള്‍ 
എത്രയെത്ര നക്ഷത്രങ്ങളാണ് 
കത്തിജ്വലിക്കുന്നത്?

ഇരുട്ടില്‍ നിന്നും 
ഇരുട്ടിലേക്കിറങ്ങുമ്പോള്‍ മാത്രം 
കണ്ണിലെത്തുന്ന പ്രകാശഗോപുരങ്ങള്‍

 

കരുതിവയ്പ്പ്

വെയിലെത്ര  കൈനീട്ടിയിട്ടും 
എത്തിപ്പിടിക്കാന്‍ കഴിയാത്ത 
ഇലമറവുകളില്‍
പൂവ് 
കരുതിവയ്ക്കുന്നുണ്ടൊരു 
കുന്നോളം കാടുകളെ.

തൂവിപ്പോയ ചാറ്റല്‍മഴയുടെ
തുമ്പുകൊണ്ടു പോറിയ 
പാടുകളിലൊക്കെ 
നിറയ്ക്കുകയാണ് കരിമേഘം 
നീരെന്ന ജീവനെ.

എന്റെ കാടേ, എന്റെ വീടേ,
പൂത്തും കൊഴിഞ്ഞും, 
നനഞ്ഞുമുണങ്ങിയും 
കോച്ചും തണുപ്പില്‍
തപസ്സില്‍ ലയിച്ചും
പിന്നെയും പിന്നെയും
ഉയിര്‍കൊണ്ട്  ഭൂമിയെ
ചേര്‍ത്തുനിര്‍ത്തുന്നത് നീയേ

വീഴാതെ താങ്ങി നിര്‍ത്തുന്നത് നീയേ


പനി

കളിച്ചുകൊണ്ട് നടക്കുമ്പോഴാവും
പനിപറയുക
അവിടെയൊന്നിരിക്കൂ എന്ന്.

ഇരുന്നുകഴിഞ്ഞാല്‍ 
തണുപ്പില്‍ പൊതിഞ്ഞെടുത്ത് 
കട്ടിലില്‍കിടത്തും.

തേയില നുള്ളി വരണ്ടുപൊട്ടിയ 
വിരലുകള്‍ കൊണ്ടമ്മ തടവും.

ഉണരുമ്പോഴൊക്കെ 
കൊഴിഞ്ഞുപോയ അമ്മയുടെ 
കയ്ച്ചൂടിലേക്ക് 
കണ്ണുനീര്‍ തെറുപ്പിക്കും.

ഇട്ടിരിക്കുന്ന അതേ ഉടുപ്പില്‍ 
ഏഴുമണിയുടെ കൊമ്പൂതുമ്പോള്‍ 
എന്നെയും വലിച്ച് അമ്മ ഓടും
ഓടി ഓടി കിതച്ചു കിതച്ചും
മൂക്കൊലിക്കുന്നത് ഉടുപ്പില്‍ തേച്ചും 
നിലവിളിയോടെ 
അമ്മയ്ക്കൊത്തിരി പുറകെ 
കുത്തിയിറക്കുന്ന സൂചിയുടെ വേദന 
ഓര്‍ത്തോര്‍ത്താനുഭവിച്ച് ഞാനുമോടും.

'റോഡിനുമുകളില്‍ ആശൂത്രി'

എന്റെ വേഗം
വീട്ടിലേക്ക് കുതിക്കും
കൈത്തണ്ടയില്‍ പിടിമുറുകും
ചിരിയോടെ അറ്റെന്‍ഡര്‍ കുശലം പറയും.

ചുട്ടുപൊള്ളുന്നപനിക്ക്
ഉയരമുള്ള ഡോക്ടര്‍ 
ഒരൊറ്റ ഇന്‍ജെക്ഷന്‍ തരും
അതൊരു വേദനയുള്ള മാജിക് തന്നെ!

ഒറ്റ ദിവസം കൊണ്ട് 
പൊള്ളിച്ച പനിയെ പുറത്താക്കുന്ന മാജിക്.

ഇന്നെന്റെ കുട്ടിക്ക് പനിപിടിച്ചു
ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍
മൂന്നുദിവസമെടുത്ത 
ഇന്‍ജെക്ഷന്‍ പോരത്രേ

മരുന്ന് മാറണം 
ഇനിയും വേണമത്രേ 
പത്ത് ഇന്‍ജെക്ഷന്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത