Malayalam Translation : എന്റെ രാപ്പാടി, റോസ് ഓസ്‌ലാന്‍ഡര്‍ എഴുതിയ കവിത

Published : Jun 29, 2026, 02:37 PM IST
Sanyasu

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് 'My Nightingale' എന്ന ജര്‍മന്‍ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. മൊഴിമാറ്റം: സന്ന്യാസു.  Asianet News Chilla Literary Space. Malayalam Translation | Poem by Rose Oslander | Sanyasu | 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

എന്റെ രാപ്പാടി

എന്റെയമ്മ ഒരിക്കലൊരു മാന്‍പേടയായിരുന്നു.

ഇന്നും തിളങ്ങി നില്‍ക്കുന്ന
പൊന്‍-പിംഗലവര്‍ണ്ണമാര്‍ന്ന കണ്ണുകളും
ഈ സൗകുമാര്യവും
മാന്‍പേടജീവിതത്തിന്റെ തുടക്കംതൊട്ടേ
ഒപ്പമുണ്ടായിരുന്നതാണ്.

പാതി ദേവതയും
പാതി മനുഷ്യസ്ത്രീയുമായിരുന്നു,
ഇടയിലായ് അമ്മയും.

ജീവിതാഭിലാഷമെന്താണെന്നു
ചോദിക്കുന്ന നിമിഷം
അമ്മയ്ക്ക് ഉത്തരം തയ്യാര്‍:

'എനിക്കൊരു രാപ്പാടിയാവണം'.

അമ്മ ഇപ്പോഴൊരു രാപ്പാടി.
ഉറക്കം കെടുത്തുന്ന
മനോരാജ്യങ്ങളുടെ ഉദ്യാനത്തില്‍
ഞാനവളെ രാവുതോറും കേള്‍ക്കാറുണ്ട്.

അവള്‍ പാടുന്നു,
നമ്മുടെ പൂര്‍വ്വികരുടെ സ്വര്‍ഗ്ഗരാജ്യത്തപ്പറ്റി,
പണ്ടത്തെ ഓസ്ട്രിയയെപ്പറ്റി.

ബ്യൂക്കോവീനയിലെ ഉങ്ങുവനങ്ങളെപ്പറ്റിയും
മലനിരകളെപ്പറ്റിയുമവള്‍ പാടുന്നു.

ഉറക്കം കെടുത്തുന്ന
എന്റെ മനോരാജ്യങ്ങളുടെ ഉദ്യാനത്തില്‍
രാവുതോറും എന്റെ രാപ്പാടി
എനിക്കായ് പാടുന്നു, താരാട്ടുകള്‍.

 

 

റോസ് ഓസ്‌ലാന്‍ഡര്‍

ഇരുപതാം നൂറ്റാണ്ടിന്റെ ജര്‍മ്മന്‍ സാഹിത്യത്തിലെ ഏറ്റവും ദീപ്തസ്വരങ്ങളില്‍ ഒന്നാണ് റോസ് ഓസ്‌ലാന്‍ഡര്‍. നാസിഭരണത്തിന്റെ ക്രൂരതകളും സ്വന്തം ആവാസവ്യവസ്ഥകളുടെ തകര്‍ച്ചയുമാണ് ആ കവിതകളുടെ അടിനൂല്‍. ഏകാന്തത, പ്രവാസം, അതിജീവനം എന്നിങ്ങനെ ഭിന്നഭാവങ്ങളില്‍ തഴച്ചുവളര്‍ന്നതാണ് ആ കവിതകള്‍.

1901 മെയ് 11-ന് ഓസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചെര്‍ണോവിറ്റ്‌സില്‍ (ഇന്ന് ഉക്രെയ്‌നിലെ ചെര്‍ണിവ്റ്റ്‌സി) ഒരു യഹൂദ കുടുംബത്തിലാണ് റോസ് റൂത്ത് ഷെര്‍സര്‍ ജനിച്ചത്. സാഹിത്യത്തിലും തത്ത്വചിന്തയിലും ചെറുപ്പത്തിലേ തല്‍പ്പര. വിയന്നയിലും ചെര്‍ണോവിറ്റ്‌സിലുമായി ഉപരിപഠനം. 1921-ല്‍ അമേരിക്കയിലേക്ക് കുടിയേറി. കാനഡയിലും അമേരിക്കയിലുമായി വിവിധ ജോലികള്‍ ചെയ്ത അവര്‍, 1930-കളില്‍ രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി വീണ്ടും ജന്മനാട്ടിലേക്ക് മടങ്ങിയെത്തി.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പട ചെര്‍ണോവിറ്റ്‌സ് കൈക്കലാക്കി. ഇതോടെ റോസിന്റെ ജീവിതം ദുരന്തപൂര്‍ണ്ണമായി. വര്‍ഷങ്ങളോളം അവര്‍ക്ക് നാസി ആധിപത്യത്തിനു കീഴില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. അസഹ്യമായ പീഡാനുഭവങ്ങള്‍ക്കിടയിലും അവര്‍ കവിതകള്‍ എഴുതിക്കൊണ്ടിരുന്നു. മരണത്തോടുള്ള പോരാട്ടത്തിന് അവര്‍ സ്വയമണിഞ്ഞ കവചമായിരുന്നു എഴുത്ത്. യുദ്ധാനന്തരം, വീണ്ടും അമേരിക്കയിലേക്ക് പോയ അവര്‍, 1960-കളില്‍ ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍ സ്ഥിരതാമസമാക്കി. വാര്‍ദ്ധക്യം കിടപ്പിലാക്കിയിട്ടും അവര്‍ എഴുത്ത് ഉപേക്ഷിച്ചില്ല. 1988 ജനുവരി 3-ന് ഡസല്‍ഡോര്‍ഫില്‍ വെച്ച് വിടപറഞ്ഞു.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : മഴയിലകള്‍, വിലീന പി വിനയന്‍ എഴുതിയ ചെറുകഥ
Malayalam Short Story : രുഗ്മിണി, സൂര്യ സരസ്വതി എഴുതിയ ചെറുകഥ