Malayalam Short Story : രുഗ്മിണി, സൂര്യ സരസ്വതി എഴുതിയ ചെറുകഥ

Published : Jun 15, 2026, 01:46 PM IST
soorya saraswathy

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സൂര്യ സരസ്വതി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Soorya Saraswathy

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

 

രുഗ്മിണി

മഴപെയ്തുതോര്‍ന്ന് ഏറെക്കഴിഞ്ഞിരുന്നു. വേലിപ്പടര്‍പ്പിലെ ചെമ്പരത്തിച്ചെടിയില്‍ തങ്ങിനിന്നിരുന്ന അവസാനതുള്ളിയും നിലത്തേക്ക് ഊര്‍ന്നുവീണു. ചുണ്ടിലെരിയുന്ന ബീഡിപ്പുകയില്‍നിന്നും ഉയരുന്ന ചാര നിറമുള്ള പുകകൊണ്ട് മേഘങ്ങളെ ഉണ്ടാക്കുകയായിരുന്നു രുഗ്മിണിയപ്പോള്‍.

ഉമ്മറപ്പടിയില്‍ ചാരി ആസ്വദിച്ച് പുകവലിക്കുന്നതിനിടയില്‍ രുഗ്മിണി പുറത്തേയ്ക്കുനോക്കി. സന്ധ്യ മയങ്ങിക്കഴിഞ്ഞിരിക്കുന്നു. ശ്മശാനത്തില്‍ ഉച്ചയ്ക്ക് ദഹിപ്പിച്ച മൃതദേഹത്തിന്റെ ഗന്ധം ഇനിയും പൂര്‍ണ്ണമായും മാറിയിട്ടില്ല.

'ഇനി അടുത്തത് എപ്പോഴാണാവോ ' രുഗ്മിണി സ്വയം പറഞ്ഞുകൊണ്ട് വീണ്ടും അസ്വസ്ഥതയോടെ പുറത്തേയ്ക്കു നോക്കി. സന്ധ്യയുടെ ചോര വറ്റിക്കറുത്ത മുഖത്ത് അവളുടെ ചുവന്ന മൂക്കുത്തിയുടെ തിളക്കം പ്രകാശം പരത്തി.

വേലി മൂടിക്കിടന്ന ചെമ്പരത്തിക്കാട് വകഞ്ഞുമാറ്റി മുറ്റത്തേയ്ക്ക് നടന്നുവന്ന ആളെക്കണ്ട് രുഗ്മിണിയുടെ മുഖം പ്രസന്നമായി.

'നീയെന്താ കിണ്ണാ ഇത്രയും വൈകിയത്'- അവള്‍ പരിഭവിച്ചു .

'കടേല് നല്ല തിരക്കുണ്ടാരുന്നു രുഗ്മിണിയേച്ചി, മേലെ കാവിലെ ഉത്സവമല്ലേ അടുത്ത ദേശത്തുനിന്നുള്ള കുടിയന്മാരും ഒണ്ടേ'- കിണ്ണന്‍ എന്ന് വിളിപ്പേരുള്ള കൃഷ്ണന്‍ അതും പറഞ്ഞു തെളിഞ്ഞു ചിരിച്ചു. അവന്‍ കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി ഇറയത്തേക്കുവച്ചു

'രുഗ്മിണി ചേച്ചി ഉത്സവത്തിന് പോണില്ലേ'-കൃഷ്ണന്‍ വെറുതെ ലോഹ്യം ചോദിച്ചു.

 

'ഓ'- രുഗ്മിണി അലക്ഷ്യമായി മൂളി. ചുടുകാട്ടില്‍ വരുന്ന ശവങ്ങള്‍ക്ക് കാവല്‍ നില്‍ക്കുക അതിനെ ദഹിപ്പിക്കുക അതില്‍ക്കവിഞ്ഞൊന്നും രുഗ്മിണിയുടെ ജീവിതത്തില്‍ ഇല്ലല്ലോയെന്ന് കൃഷ്ണന്‍ മനസ്സിലോര്‍ത്തു.

രുഗ്മിണി ചാരായക്കുപ്പിയുമെടുത്ത് അകത്തു കയറി വാതിലടച്ചു. വര്‍ഷം പത്തിരുപതായി രുഗ്മിണി ശ്മശാനത്തിലെ പണി തുടങ്ങിയിട്ട്. അതിലും കൂടുതല്‍ക്കാലമായി ചാരായം കുടിച്ചു തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ രുഗ്മിണിയെ കെട്ടിക്കൊണ്ടുവന്ന കാലം മുതല്‍. ആദ്യമൊക്കെ രുഗ്മിണിക്കു മടിയായിരുന്നു. കെട്ടിയോന്റെ നിര്‍ബന്ധം കാരണം കുടി തുടങ്ങി. പിന്നെ അതൊരു ശീലമായി. രുഗ്മിണിയുടെ ഭര്‍ത്താവിന് ശ്മശാനത്തിലെ പണി ആയിരുന്നു. അയാള്‍ മരിച്ചതില്‍പ്പിന്നെയാണ് രുഗ്മിണി ആ തൊഴില്‍ ഏറ്റെടുത്തത്.

രുഗ്മിണിയുടെ കെട്ടിയോന്റത് ഒരു അപമൃത്യ ആയിരുന്നു. ചാരായ ഷാപ്പിലെ വഴക്കിനിടയില്‍ നടന്ന കത്തിക്കുത്തില്‍ അയാള്‍ മരിക്കുമ്പോള്‍ രുഗ്മിണിക്ക് ഇരുപത്തിഞ്ചില്‍ താഴെയും ഏക മകന് നാലും ആയിരുന്നു പ്രായം. നല്ല മെയ്ക്കരുത്തും മനക്കരുത്തമുള്ള രുഗ്മിണിക്കു ഭര്‍ത്താവിന്റെ മരണം അത്ര വലിയ ആഘാതമൊന്നും ഉണ്ടാക്കിയില്ല.

പിന്നീടൊരു തുലാവര്‍ഷപെരുമഴക്കാലത്താണ് രുഗ്മിണിയുടെ പത്തു വയസ്സായ മകനെ പെട്ടന്നൊരു ദിവസം കാണാതായത്. മഴ രൗദ്ര ഭാവത്തില്‍ ആര്‍ത്തലച്ചു പെയ്തതതിനേക്കാള്‍ ഉച്ചത്തില്‍ രുഗ്മിണി അലമുറയിട്ടു. നനച്ചുവിറച്ചു കിടന്ന വഴികളിലൂടെ മകനെ തിരഞ്ഞ് ഭ്രാന്തിയെപ്പോലെ ഓടി നടന്നു. പിന്നെ നനഞ്ഞൊട്ടിയ പഴന്തുണിപോലെ വീടിന്റെ മൂലയില്‍ തളര്‍ന്നു വീണു. തോട്ടുവരമ്പിലൂടെ നടന്നപ്പോള്‍ അവന്‍ കാല്‍ തെറ്റി വെള്ളത്തില്‍ വീണെന്നും കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ അവന്റെ ജഡം കിഴക്കന്‍ മലയോരത്തെവിടെയെങ്കിലും അടിഞ്ഞുകാണുമെന്നും ആളുകള്‍ വിശ്വസിച്ചു.

എങ്കിലും രുഗ്മിണി മകന് വേണ്ടി കാത്തിരുന്നു. നീല നിറത്തില്‍ വലിയ മറുകുള്ള അവന്റെ മുഖം ഓര്‍മ്മയില്‍ വരുമ്പോഴൊക്കെ രുഗ്മിണിയുടെ നെഞ്ചില്‍ തീക്കാറ്റുവീശി. പതിയ പതിയെ രുഗ്മിണി അതിനോടും പൊരുത്തപ്പെട്ടു. മനസ്സ് കുറച്ചുകൂടി കല്ലായി.

പ്രായഭേദമന്യേ ശ്മശാനത്തിലെ ചിതയില്‍ എരിഞ്ഞുതീരുന്ന മൃതദേഹങ്ങളെ രുഗ്മിണി നിര്‍വികാരയായി നോക്കി നിന്നു. ആത്മാവ് സ്വതന്ത്രമായി അവരവരുടെ ഇടങ്ങളിലേക്കു പോകുന്ന ഇടവേളകളില്‍ ചിലര്‍ അവളോട് സംസാരിച്ചു . ചുരുക്കം ചിലര്‍ അവള്‍ക്കൊപ്പം അവളുടെ വീട്ടിലേക്കു പോയി. ചാരായത്തിന്റെ ലഹരി തലയ്ക്കുപിടിച്ച രാത്രികളില്‍ രുഗ്മിണി അവരോട് സംസാരിച്ചു. ഒറ്റപ്പെടലിന്റെ വേദനയില്‍ ആത്മഹത്യ ചെയ്തവര്‍ അതുപറഞ്ഞു കരഞ്ഞപ്പോള്‍ രുഗ്മിണി അവരെ നോക്കി പരിഹസിച്ചു ചിരിച്ചു. സ്വന്തം ജീവിതം അവര്‍ക്കുമുന്നില്‍ തുറന്നു കാട്ടി അവരെ പുച്ഛിച്ചു. ആത്മാക്കള്‍ ലഞ്ജയോടെ തല താഴ്ത്തി. എങ്കിലും ചില രാത്രികളില്‍ രുഗ്മിണി നിയന്ത്രണം വിട്ടുകരഞ്ഞു. വെള്ളമൊഴിച്ചു കെടുത്തിയിട്ടും അണയാത്ത ഒരു കനല്‍ രുഗ്മിണിയുടെ നെഞ്ചില്‍ നീറിപ്പുകഞ്ഞു.

മഴതോര്‍ന്ന് വിളറിയ മഞ്ഞ പ്രകാശം പരന്ന ഒരു വൈകുന്നേരമായിരുന്നു അന്ന്.

ഉച്ചമയക്കത്തില്‍നിന്നുണര്‍ന്ന് ഇളം തിണ്ണയിലുരുന്ന് ആലസ്യത്തോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു രുഗ്മിണി. വേലിക്കലെ ചെമ്പരത്തിച്ചെടികളില്‍ മഴത്തുള്ളികള്‍ മുത്തുകള്‍ പോലെ തിളങ്ങി. വേലിക്കപ്പുറത്തെ ഇടവഴിയില്‍ ചുവന്നു കലങ്ങിയ മഴ വെള്ളത്തില്‍ ഒരു കാക്ക കുളിക്കുന്നു

'രുഗ്മിണി ചേച്ചി ' കിണ്ണന്‍ നീട്ടിവിളിച്ചുകൊണ്ട് വേഗത്തില്‍ നടന്നുവന്ന് കയ്യിലിരുന്ന കുപ്പി തിണ്ണയിലേക്കുവച്ചു. 'വേഗം ചെല്ലൂ രുഗ്മിണിച്ചേച്ചി, ഒരു ശവം കൊണ്ടു വന്നിട്ടുണ്ട്.'

'മനുഷ്യനെ മെനക്കെടുത്താന്‍, നാശം'- രുഗ്മിണി പിറുപിറുത്തുകൊണ്ട് കുപ്പിയുമെടുത്ത് അകത്തേയ്ക്കുനടന്നു.

അകലെനിന്നേ രുഗ്മിണി കണ്ടു ആംബുലന്‍സില്‍ ചാരി നില്‍ക്കുന്ന പൊലീസുകാരെ.

ഏതോ അനാഥപ്രേതം കുഴിച്ചിടാന്‍ വന്നിരുക്കുവാണല്ലോ രുഗ്മിണി മനസ്സിലോര്‍ത്തു. ആംബുലന്‍സില്‍ നിന്നിറക്കിയ ശരീരത്തിന്റെ ശിരസ്സ് മൂടിയിരുന്ന വെള്ളത്തുണി മാറ്റിയപ്പോള്‍ രുഗ്മിണി ഞെട്ടിപ്പോയി.

അവളുടെ മനസ്സില്‍ ഒരു തീമഴ ആര്‍ത്തിരമ്പി.

മുഖത്ത് നീലനിറത്തില്‍ വലിയ മറുകുണ്ടായിരുന്ന ഒരാളിന്റെ ആത്മാവ് പശ്ചാതാപത്തോടെ അന്ന് രുഗ്മിണിയോടൊപ്പം വീട്ടിലേക്കു നടന്നു.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

PREV
Read more Articles on
click me!

Recommended Stories

Malayalam Poem : ഉന്മാദിനി, ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത
'ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും'; ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെ.ആര്‍. മീര