Malayalam Short Story : മഴയിലകള്‍, വിലീന പി വിനയന്‍ എഴുതിയ ചെറുകഥ

Published : Jun 29, 2026, 02:29 PM IST
Vileena P Vinayan

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് വിലീന പി വിനയന്‍ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Vileena P Vinayan 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മഴ തോര്‍ന്നിട്ട് അധികനേരമായില്ല. നനഞ്ഞ മണ്ണിന്റെ മണമേറ്റ് ചീവീടുകള്‍ പാട്ട് പാടി. കാലവര്‍ഷത്തിന്റെ തുടക്കമായതുകൊണ്ട് കാറ്റില്‍ ഒരു നേര്‍ത്ത തണുപ്പുണ്ടായിരുന്നു. കാവിലെ വന്‍മരങ്ങളുടെ ഇലകളില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഇടവിട്ട് താഴേക്ക് വീണുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും കാവിനകത്തുകൂടി പതുക്കെ നടന്നു.

''ഇതാണ് കാവ്. ഞങ്ങള്‍ പണ്ടൊക്കെ ഇവിടെയായിരുന്നു, സ്ഥിരം. ഇപ്പോള്‍ ആരും വരാറൊന്നും ഇല്ല, നീ ഇവിടമെല്ലാം കാണണമെന്ന് പറഞ്ഞു വാശി പിടിച്ചപ്പോള്‍, നിന്നേം കൂട്ടി വന്നെന്നേയുള്ളൂ''- അരവിന്ദന്‍ പറഞ്ഞു.

വൃന്ദ ചുറ്റും നോക്കി. മഴയില്‍ കഴുകിയ ഇലകള്‍ക്ക് പച്ചയും മഞ്ഞയും കലര്‍ന്ന നിറം. അവള്‍ പതിയെ ചിരിച്ചു. ഒരു അപ്പൂപ്പന്‍ താടി മരം, അവളെ നോക്കി നിന്നു.

''കാവില്‍ അപ്പൂപ്പന്‍താടി മരമൊക്കെ കാണുമോ?'' അവള്‍ ഓര്‍ത്തു.

അവര്‍ പിന്നെയും നടന്നു.

''എനിക്ക് ഈ മുണ്ട് മടക്കി കുത്തി വെക്കാം. ഈ നീളം കൂടിയ സാരിയൊക്കെ പുതച്ചു ആരെങ്കിലും ഈ ചളിയില്‍ ഇറങ്ങുവോ? നിന്റെ കാലു നോക്കിയേ, അയ്യേ...മുഴുവന്‍ ചളിയാണ്.''

അവന്‍ അവളെ കളിയാക്കി, അവളും കൂടെ ചിരിച്ചു.

'' പണ്ടൊക്കെ, സ്‌കൂള്‍ അടച്ചാല്‍, എന്താ സന്തോഷം. വിലസല്‍ ആണ് പിന്നെ. അച്ഛനും അമ്മയ്ക്കും ഒരുപാട് സഹോദരന്മാരും സഹോദരിമാരും ഉള്ളതിന്റെ ഗുണം ഞങ്ങള്‍ പിള്ളേര്‍ക്കായിരുന്നു.''

''നിന്റെ ഭാഗ്യമാണ്.''വൃന്ദ നടത്തം മതിയാക്കി അവനെ നോക്കി പറഞ്ഞു.

അരവിന്ദന്‍ നെറ്റിചുളിച്ചു.

''ങേ, എന്ത്?''

''ഓര്‍മ്മകള്‍.''

''അതില്‍ എന്തിത്ര ഭാഗ്യമിരിക്കുന്നു?''

''നല്ലയോര്‍മ്മകള്‍ ഉണ്ടാവുകയെന്നത് പിന്നെ ഭാഗ്യമല്ലേ? നീ തന്നെ ഇപ്പോള്‍ ഈ പഴയ കഥകളെല്ലാം എത്ര സന്തോഷത്തോടെയാണ് ഞാനുമായി പങ്കുവെച്ചത്?''

അവന്‍ ചിരിച്ചു.

''അത് വെറുതെ, എന്തോ പറയുന്ന കൂട്ടത്തില്‍ പറഞ്ഞെന്നേയുള്ളൂ. അതൊക്കെയൊരു ഭാഗ്യമാണോ? ഞാനിപ്പോള്‍ ആരെയും കാണാറില്ല. അത് കൊണ്ട് മിണ്ടാനും കഴിയാറില്ല''.

''അതിപ്പോള്‍ പ്രായമായി, ജോലിയായി, ഓരോരുത്തരും ഓരോ വഴിക്ക് പോയാല്‍ കോണ്‍ടാക്ട് കുറയും. അതെല്ലാം സ്വാഭാവികം. എങ്കിലും ഓര്‍ക്കാന്‍ നിനക്കെന്തെങ്കിലും ഉണ്ടല്ലോ?''

അരവിന്ദന്‍ കൈയിലിരുന്ന സിഗരറ്റില്‍ നിന്നൊരെണ്ണം എടുത്തു വലിച്ചു.

''ഉണ്ടായിട്ടെന്താ കാര്യം? എനിക്ക് നീ മതി.''

വൃന്ദ അവനെ നോക്കി. ആ ചിരിയില്‍ സന്തോഷത്തേക്കാള്‍ കൂടുതല്‍ സങ്കടമായിരുന്നു.

''ഞാന്‍ ഓര്‍മ്മയല്ലല്ലോ. ഞാന്‍ ഇപ്പോള്‍ ഈ നിമിഷം നിന്റെ കൂടെ തന്നെയുണ്ട്. നിന്റെ വാര്‍ത്തമാനകാലമല്ലേ, ഞാന്‍? സ്വസ്ഥമായി ഒരിടത്തു കുത്തിയിരിക്കുമ്പോള്‍ ആരോടും അനുവാദം ചോദിക്കാതെ കടന്നു ചെല്ലാന്‍ പാകത്തിന് നല്ലൊരു ബാല്യകാലം നിനക്കുണ്ട്. എനിക്കങ്ങനെ ഒന്നുമില്ല. നിന്റെ ചേട്ടന്മാരും ചേച്ചിമാരും, ഈ കാവും, മഴക്കാലങ്ങളും... അതൊക്കെ നിനക്കുണ്ട്! എനിക്കങ്ങനെ ഒന്നുമില്ല.... ഞാന്‍ കണ്ണടച്ചിരുന്നാല്‍ എന്റെ മനസ്സിലേക്ക് കയറി വരുന്നത് വീട്ടില്‍ പാത്രങ്ങള്‍ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദങ്ങളും, ശകാരങ്ങളും മാത്രമാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്... നീ ഭാഗ്യവാനാണെന്ന്.''

അവള്‍ അതും പറഞ്ഞ് ചെറുതായി ചിരിച്ചു. പിന്നെ കാവിനപ്പുറത്തുള്ള നനഞ്ഞ മലകളിലേക്ക് കണ്ണോടിച്ചു നിന്നു.

അരവിന്ദന്‍ ഒന്നും പറഞ്ഞില്ല. എന്താണ് പറയേണ്ടതെന്ന് അവനറിയില്ലായിരുന്നു.

കൈയിലുണ്ടായിരുന്ന സിഗരറ്റ് അവന്‍ താഴെയിട്ടു. മഴയില്‍ നനഞ്ഞ മണ്ണില്‍ അത് പതിഞ്ഞു, അലിഞ്ഞളിഞ്ഞു. ചെരിപ്പുകൊണ്ട് പതിയെ ചവിട്ടിക്കൊടുത്തപ്പോള്‍ ഒരു നേര്‍ത്ത പുകച്ചുരുള്‍ അവിടെ ഉയര്‍ന്നു, ഉടനെ അപ്രത്യക്ഷമായി.

തണുത്ത കാറ്റ് വീണ്ടും വീശി, അവരിരുവരെയും ഉമ്മവെച്ചു കടന്നു പോയി. ഇലകളില്‍ നിന്ന് രണ്ട് വെള്ളത്തുള്ളികള്‍ ഒരേസമയം താഴെ വീണു.

ആ നിശ്ശബ്ദതയില്‍ അവന്‍ വൃന്ദയെ മാത്രം നോക്കി നിന്നു.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : രുഗ്മിണി, സൂര്യ സരസ്വതി എഴുതിയ ചെറുകഥ
Malayalam Poem : ഉന്മാദിനി, ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത