ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത

Published : Mar 27, 2026, 07:34 PM IST
Shuntaro Tanikawa

Synopsis

വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്തമായ ജാപ്പനീസ് കവിതയായ Twenty Billion Light Years of Lonelines സ്വതന്ത്ര വിവര്‍ത്തനം. ജപ്പാനിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരനും വിവര്‍ത്തകനുമായ ഷൂന്‍താരോ താനീകവ എഴുതിയതാണ് ഈ കവിത. മൊഴിമാറ്റം: സന്ന്യാസു 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍

ഈ ഇത്തിരിക്കുഞ്ഞന്‍ ഗോളത്തില്‍
നമ്മള്‍ ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു, പണിയെടുക്കുന്നു,
ചിലപ്പോള്‍ ചൊവ്വാവാസികളുമായി
ചങ്ങാത്തം കൂടാന്‍ കൊതിക്കുന്നു.

അവര്‍ അവരുടെ ചുവന്ന പീക്കിരിഗ്രഹത്തില്‍
എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന്
എനിക്കൊരു അന്തവും കുന്തവുമില്ല
(അവരും ചിലപ്പോള്‍ നമ്മെപ്പോലെയാവാം:

ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു, പണിയെടുക്കുന്നു...)

എങ്കിലും ഇടക്കൊക്കെ അവര്‍ക്ക്
നമ്മോടും ചങ്ങാത്തം കൂടാന്‍
താല്‍പര്യമുണ്ടാവുമെന്നുള്ളത്
എനിക്ക് നല്ല തിട്ടമുള്ള കാര്യമാണ്.

തമ്മില്‍ത്തമ്മില്‍ കൊളുത്തിവലിക്കുന്ന
ഏകാന്തതകളുടെ ചാലകശക്തിയും
ഗുരുത്വാകര്‍ഷണവും ഒന്നു തന്നെയാണ്.

പ്രപഞ്ചം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു,
അതിനാല്‍ നാം ഒരു കൂട്ടമാവാന്‍ ആശിക്കുന്നു.

ഭീകരസത്വമായി വളര്‍ന്നുകൊണ്ടേയിരിക്കുന്ന
ഈ അണ്ഡകടാഹത്തിനുമുന്നില്‍
നാം വെറും കീടങ്ങള്‍മാത്രം.

ഏകാന്തതയുടെ രണ്ടായിരം കോടി
പ്രകാശവര്‍ഷങ്ങളുടെ മരവിപ്പില്‍,
രണ്ടാമതൊന്നാലോചിക്കാതെ
ഞാനൊരു നീര്‍ക്കുമിള കണക്കെ പൊട്ടുന്നു.

……………………………………………………

 

ഷൂന്‍താരോ താനീകവ

രണ്ടാം ലോകമഹായുദ്ധത്തിന്റെ തീയും പുകയുമടങ്ങിയ ടോക്കിയോയിലാണ് കവിയും വിവര്‍ത്തകനുമായ ഷുന്താരോ താനിക്കാവ ജനിച്ചത്. ആ കാലഘട്ടത്തിലെ ജാപ്പനീസ് ബൗദ്ധികാന്തരീക്ഷത്തെ 'അസ്തിത്വപരമായ ശൂന്യത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരമ്പരാഗത കവിതയുടെ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതപ്പെട്ട കാലം. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ശൂന്യമായ ഇടമായിരുന്നു, എന്തിനെ വിശ്വസിക്കണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു,' താനിക്കാവ ഓര്‍ക്കുന്നു. സമകാലികരായ യുവാക്കള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അഭയം തേടിയപ്പോള്‍, കലാലയങ്ങളില്‍ പോകാത്ത താനിക്കാവ ഏകാന്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. പാശ്ചാത്യ സിനിമകളിലെ അതിരുകളില്ലാത്ത ലോകവും മനുഷ്യരുമായിരുന്നു അദ്ദേഹത്തിന് പ്രചോദനം.

അനുഭവങ്ങളോടുള്ള ആത്മീയവും തത്വചിന്താപരവുമായ സമീപനമാണ് താനിക്കാവയുടെ കവിതകളുടെ കാമ്പ്. ഗഹനമായ വിചാരങ്ങളെ ലളിതമായ ഭാഷയില്‍ അദ്ദേഹം പകര്‍ത്തി. 1952-ല്‍ പുറത്തിറങ്ങിയ

'ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍' ആണ് അദ്ദേഹത്തിന്റെ ആദ്യകൃതി. അതൊരു ബെസ്റ്റ് സെല്ലറായിരുന്നു. പിന്നീട് അറുപതിലധികം കവിതാസമാഹാരങ്ങള്‍. ജാപ്പനീസ് സാഹിത്യത്തില്‍ അദ്ദേഹം സ്വന്തം ഇടം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് എഴുത്തുകാരനായ തകാക്കോ ലെന്റോ എഴുതിയത് ഇങ്ങനെയാണ്: ഭാവഗീതങ്ങള്‍, വിശകലനാത്മക ഗദ്യകവിതകള്‍, ഇതിഹാസങ്ങള്‍ എന്നിങ്ങനെ വൈവിധ്യങ്ങളുടെ കലവറയാണത്. ഓരോ പുസ്തകത്തിലും അദ്ദേഹം പുതിയ ശൈലികള്‍ ആവിഷ്‌കരിച്ചു. പുതിയ പരീക്ഷണങ്ങള്‍ നടത്തി. തെളിനീരുപോലെ സുതാര്യമാണ് ആ വരികള്‍, എന്നാല്‍ ആ ലാളിത്യത്തിനുള്ളില്‍ അഗാധമായ അര്‍ത്ഥതലങ്ങളുണ്ട്.'

കുട്ടികള്‍ക്ക് വേണ്ടിയും അദ്ദേഹം എഴുതി. വിവര്‍ത്തന രംഗത്തും ശ്രദ്ധേയനായി. മൗറീസ് സെന്‍ഡാക്, ജോണ്‍ ബര്‍ണിംഗ്ഹാം, ചാള്‍സ് ഷൂള്‍സ് തുടങ്ങിയവരെ അദ്ദേഹം ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റി. ഗാനരചന, പ്രബന്ധങ്ങള്‍ എന്നിവയിലും സജീവമായിരുന്നു. താനിക്കാവയുടെ കവിതകള്‍ മലയാളം ഉള്‍പ്പെടെ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

യോമിയുരി പ്രൈസ്, ആസാഹി പ്രൈസ്, സോങ്കുന്‍ അന്താരാഷ്ട്ര കവിതാ പുരസ്‌കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. നൊബേല്‍ സാഹിത്യ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ കാലങ്ങളായി അദ്ദേഹമുണ്ട്.

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

The Selected Poems of Shuntaro Tanikawa (വിവര്‍ത്തനം: ഹരോള്‍ഡ് റൈറ്റ്, 1983).

Floating the River in Melancholy (വിവര്‍ത്തനം: വില്യം എലിയറ്റ്, കസുവോ കവാമുറ, 1989): ഈ കൃതി പ്രശസ്തമായ 'അമേരിക്കന്‍ ബുക്ക് അവാര്‍ഡ്' കരസ്ഥമാക്കി.

Selected Poems (വിവര്‍ത്തനം: വില്യം ഐ. എലിയറ്റ്, 2001).

The Art of Being Alone: Poems 1952-2009 (വിവര്‍ത്തനം: തകാക്കോ ലെന്റോ, 2011).

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ
മരിച്ചവരുടെ പുസ്തകത്തില്‍ അയാളുടെ പേജ്, ആശ ചുണ്ടാട്ട് എഴുതിയ ചെറുകഥ