സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് തിരികെയെത്തുന്നു 'പഴയിടം രുചി'

Published : Nov 02, 2023, 09:23 PM IST
സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് തിരികെയെത്തുന്നു 'പഴയിടം രുചി'

Synopsis

എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും തിരികെ എത്തുന്നത്

കൊച്ചി: നോണ്‍വെജ് വിവാദത്തോടെ സ്കൂള്‍ മേളകളുടെ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും തിരികെ എത്തുന്നത്. എറണാകുളം റവന്യു ജില്ല ശാസ്ത്രമേളയില്‍ പഴയിടത്തിന്‍റെ ട്രേഡ് മാര്‍ക്കായ വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു ഹൈലൈറ്റ്. ഈ മാസം കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യ‌ൽ സ്കൂള്‍ കലോത്സവത്തിനും പഴയിടം ഭക്ഷണമൊരുക്കും. ശാസ്ത്രമേള ഉള്‍പ്പെടെയുള്ള സ്കൂള്‍ മേളകളില്‍ പഴയിടം സദ്യയൊരുക്കിയതിന് പിന്നാലെ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും പഴയിടം രുചിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ കലോത്സവത്തിലെ വിവാദങ്ങളില്‍ മനംമടുത്തായിരുന്നു സ്കൂള്‍ മേളകളിലെ കലവറയില്‍നിന്ന് പിന്‍മാറുകയാണെന്ന് പഴയിടം വ്യക്തമാക്കിയിരുന്നത്. വിവാദത്തിന്‍റെ കയ്പ്പൊന്നും ഭക്ഷണത്തിന്‍റെ രുചിയെ ബാധിച്ചിട്ടില്ലെന്നാണ് സദ്യ കഴിച്ചവരെല്ലാം അഭിപ്രായപ്പെട്ടത്. ശാസ്ത്രമേളക്കെത്തിയവര്‍ക്കെല്ലാം ഉച്ചഭക്ഷണത്തെക്കുറിച്ച് പറയാനുള്ളതും നല്ലതുമാത്രം. പതിവ് പോലെ ചോറും സാമ്പാറും പുളിശേരിയും പച്ചടിയുമെല്ലാം പഴയിടത്തിന്‍റെ സംഘം കുട്ടികള്‍ക്കായി വീണ്ടും ഒരുക്കി നൽകി. എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിലെത്തുന്ന ഏഴായിരം പേരുടെ മനസും വയറുമാണ് ഒരുപോലെ നിറയുന്നത്. ഏഴായിരമെന്നത് പഴയിടത്തിന് ചെറിയ കണക്കായതിനാൽ കൂടെയുള്ള പതിനഞ്ചംഗ സംഘത്തിനാണ് ഇത്തവണ കലവറയുടെ മേൽനോട്ടം.

ആദ്യ ദിവസം പഴയിടം തന്നെയാണ് പാചകപ്പുരയിലെ അടുപ്പിന് തീ തെളിയിച്ചത്. പരിചയസമ്പന്നാരായ സംഘമാണ് പാചകം ചെയ്യുന്നതെന്ന്  പഴയിടം കാറ്ററിംഗ് മാനേജര്‍  ജയന്‍ പറഞ്ഞു. സംഘാടകരുടെ നിര്‍ബന്ധത്തിനും സ്നേഹത്തിനും വഴങ്ങിയാണ് തല്‍ക്കാലം തീരുമാനം മാറ്റിയതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലുയർന്ന വിവാദത്തെതുടർന്നാണ് ഇനി സ്കൂള്‍ മേളകള്‍ക്കില്ലെന്ന് പഴയിടം തീരുമാനിച്ചത്. എന്നാൽ സംഘാടകരുടെ നിർബന്ധത്തിനും സ്നേഹത്തിനും വഴങ്ങിയാണ് ഇപ്പോള്‍ തൽക്കാലം തീരുമാനം മാറ്റിയത്. സ്കൂള്‍ കലോത്സവത്തിന്‍റെ ഊട്ടുപുരയിലേക്ക് മടങ്ങിയെത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പഴയിടം പറഞ്ഞു. 23 വർഷത്തോളമായി സ്കൂള്‍മേളകളിലൂടെ കുട്ടികള്‍ രുചിറഞ്ഞ കൈപ്പുണ്യമാണ് ഊട്ടുപുരയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.

'നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ട'; സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

സ്‌കൂള്‍ കായികോത്സവത്തിൽ രുചി വൈവിധ്യങ്ങളോടെ ഭക്ഷണം; നോണ്‍ വെജും, ഒരുക്കുന്നത് കൊടകര സ്വദേശി അയ്യപ്പദാസ്

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്