Asianet News MalayalamAsianet News Malayalam

'നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ട'; സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

  Pazhayidam Mohanan Namboothiri stoping food making in kerala school youth festivals
Author
First Published Jan 8, 2023, 9:53 AM IST

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.

കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും  കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

അതേസമയം  കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്‍റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു.

Also Read: 'ഒരു ഭക്ഷണത്തിനും എതിരല്ല, അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര', കലോത്സവം അടിമുടി മാറുമെന്ന് ശിവന്‍കുട്ടി

എന്നാൽ, കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർക്ക് വെജിറ്റേറിയൻസ് ആയിരിക്കും. കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമ‍ർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്നും പഴയിടം പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios