
കൊച്ചി: ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് നാല് കാപ്സ്യൂളുകളാക്കി സ്വർണം കൊണ്ടുവന്നത്.
കഴിഞ്ഞമാസം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്‍റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വർണം കണ്ടെടുത്തത്. വേർതിരിച്ചെടുത്തപ്പോൾ 965.09 ഗ്രാം സ്വർണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത സ്വർണത്തിന് അൻപത്തിയേഴരലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് അസിസ്റ്റന്‍റ് കമ്മിഷണർ എ എം നന്ദകുമാർ, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാർ, ഗീതാ സന്തോഷ്, ഇൻസ്പെക്ടർമാരായ ടൈറ്റിൽ മാത്യു, ഹെഡ് ഹവിൽദാർമാരായ ബാബുരാജ്, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ വൻ തോതിൽ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഒരു കിലോയിൽ അധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. 62 ലക്ഷം രൂപ വരുന്ന 1041 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നും കസ്റ്റംസ് വിവരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും അടുത്തിടെ കസ്റ്റംസ് സ്വര്‍ണ വേട്ട നടത്തിയിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടിയത് മൂന്ന് പേരിൽ നിന്നായാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വർണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് ഇത്രയും സ്വർണ്ണം പിടിച്ചെടുത്തത്.