
ഇടുക്കി: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താതെ പെരിഞ്ചാംകുട്ടി വനമേഖലയിൽ നിന്നും കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം. പെരിഞ്ചാംകുട്ടിയിൽ തന്നെ ഭൂമി കണ്ടെത്തി പുനഃരധിവാസം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ജില്ല കലക്‌ടർക്ക് നിർദേശം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ല. 2012 ല്‍ ആണ് ഇടുക്കി പെരിഞ്ചാംകുട്ടിയില്‍ നിന്നും 158 ആദിവാസി കുടുംബങ്ങളെ വനം വകുപ്പ് കുടിയിറക്കിയത്.
പെരിഞ്ചാംകുട്ടി പ്രദേശം റവന്യൂ ഭൂമിയാണ് എന്ന സർക്കാർ രേഖകൾ നിലനിൽക്കെയാണ് വന ഭൂമിയാണ് എന്ന് സ്ഥാപിച്ച് ആദിവാസികളെ വനംവകുപ്പ് കുടിയിറക്കിയത്. ഇതോടെ വർഷങ്ങളായി കൃഷി ചെയ്‌ത് ഉപജീവനം നടത്തി വന്നിരുന്ന ഭൂമി ഉപേക്ഷിച്ച് ഇവര്‍ക്ക് കാട് ഇറങ്ങേണ്ടി വന്നു. കിടപ്പാടത്തിനായി ആദിവാസികളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വന്ന ഭൂസമരത്തിനും നിയമ പോരാട്ടത്തിനുമൊടുവില്‍ പെരിഞ്ചാംകുട്ടിയിൽ ഒരു ഏക്കർ വീതം ഭൂമി നൽകാന്‍ ഉത്തരവായി.
തുടർ നടപടികൾക്കായി സംസ്ഥാന സർക്കാർ ജില്ല കലക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല. പുനരധിവാസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ചപ്പോള്‍ പെരിഞ്ചാംകുട്ടിയിൽ 158 കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്.
ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഇവരുടെ ആരോപണം. ഇടുക്കിയിലെ ആദിവാസി ജനത നേരിടുന്ന ഭൂപ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ മണ്ഡലം പ്രസിഡൻ്റ് പി പളനിവേൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പി. പളനിവേൽ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam