
ആലപ്പുഴ: രണ്ടര വയസു മാത്രമാണ് പ്രായമെങ്കിലും, മിഖൈവ് എന്ന ഈ കുഞ്ഞു മിടുക്കൻ നേടിയെടുത്തത് ഇന്ത്യാബുക്ക് റെക്കോഡ്സ് എന്ന വലിയ ബഹുമതിയാണ്. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ, പ്രയാർ നോർത്ത്, ബാല്യാ ഭവനിൽ ബാല്യ, മിഥുൻ ദമ്പതികളുടെ ഏകമകനായ മിഖൈവ് എം ദാസ് എന്ന രണ്ടര വയസ്സുകാരൻ തന്റെ കുഞ്ഞു സൈക്കിൾ ചവിട്ടിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്.
ആകാശത്ത് ചിറക് വിരിച്ച് വേഗതയിൽ പറക്കുന്ന ഒരു പക്ഷിയെ പോലെയാണ് മൂന്നുചക്ര സൈക്കിളിൽ കുഞ്ഞ് മിഖൈവ് പായുന്നത്. മുതിർന്നവർ കാട്ടുന്ന വിദ്യകൾ പലതും സൈക്കിളിൽ കുഞ്ഞു മിഖൈവ് കാട്ടിത്തരുന്നത് വിസ്മയത്തോടെയാണ് നാട്ടുകാർ കാണുന്നത്. ഒരു വയസു മുതൽക്കേ സൈക്കിളിനോട് വലിയ താൽപ്പര്യമായിരുന്നു മഖൈവിനെന്ന് മാതാവ് ബാല്യ പറയുന്നു.
കളിപ്പാട്ടങ്ങൾ ഏറെയുണ്ടെങ്കിലും, മിഖൈവിന് താൽപ്പര്യം മൂന്ന് ചക്ര സൈക്കിൾ മാത്രമാണ്. പിറന്നാളിന് സമ്മാനമായി മാതാപിതാക്കൾ വാങ്ങി നൽകിയ മൂന്ന് ചക്ര സൈക്കിൾ ചവിട്ടിയാണ് ഈ മിടുക്കൻ അവാർഡ് കരസ്ഥമാക്കിയത്. കുഞ്ഞിന്റെ സൈക്കിളിനോടുള്ള ഭ്രമം കാരണം ഏറെ നേരം വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിന് സമയം ചിലവഴിക്കുമായിരുന്നു.
കാലുകളുടെ നീള കൂടുതൽ മകന് സൈക്കിളുകളിൽ വളരെ വേഗതയിൽ ചവിട്ടുന്നതിന് സഹായിക്കുന്നതായും രക്ഷിതാക്കൾ പറയുന്നു. മകനെ കായികരംഗത്തെ മികച്ച താരമാക്കുന്നതിനാണ് രക്ഷിതാക്കളുടെ താല്പര്യം. മെയ് ആദ്യവാരം അവാർഡിനായി സൈക്കിൾ ചവിട്ടുന്ന വീഡിയോ അധികൃതർക്ക് അയച്ചുകൊടുത്തു. മാതാവ് ബാല്യയുടെ അനിയത്തിയായ അഭിരാമിയാണ് മിഖൈവിന്റെ പറക്കും പ്രകടനം അതിസാഹസികമായി സ്കൂട്ടറിന്റെ പിന്നിലിരുന്ന് മൊബൈലിൽ ഷൂട്ട് ചെയ്തത്. ജൂൺ ഒന്നിന് അവാർഡ് ലഭിച്ചു. സൈക്കിളിൽ ജിപിഎസ് ഘടിപ്പിച്ചാണ് സമയം കൃത്യമായി രേഖപ്പെടുത്തിയത്.
Read more: അനധികൃതമായി കടത്തിയ 350 കുപ്പി വിദേശ മദ്യം പിടികൂടി, സംഭവം ചാലക്കുടി കോടതി ജംങ്ഷനിൽ
അവാർഡിനൊപ്പം ഇന്ത്യാബുക്ക് ഓഫ് റെക്കോഡ്സിന്റെ 2022 ഇതുവരെ ബഹുമതിക്ക് അർഹരായവരുടെ വിവരങ്ങൾ, പേന, ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ്, രണ്ട് കാർ സ്റ്റിക്കറുകൾ, നെയിംബോർഡ്, ബാഡ്ജ് എന്നിവയാണ് ഉള്ളത്. മകന്റെ ഈ കഴിവിന് ലഭിച്ച അവാർഡിൽ ഏറെ ആഹ്ലാദത്തിലാണ് കുടുംബം ഒന്നടങ്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam