വീട്ടുവാടക, കൊച്ചു മക്കളുടെ പഠനം; 101 വയസിലും സ്വർണപ്പണിയെടുത്ത് കുടുംബം പോറ്റി രാഘവൻ

By Web TeamFirst Published Jul 7, 2019, 11:24 AM IST
Highlights

101-ാം വയസ്സിലും ചെയ്യുന്ന പണിയിലോ ചിട്ടയായ ജീവിതചര്യയിലോ യാതൊരു മാറ്റവുമില്ല. ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ല

തൃശൂർ: നൂറ്റിയൊന്നാം വയസ്സിലും സ്വര്‍ണപ്പണി ചെയ്ത് ജീവിക്കുന്ന കഠിനാധ്വാനിയായ ഒരു മനുഷ്യൻ. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി രാഘവന് ഏറ്റവും ലഘുവാക്കി പറയാവുന്ന നിർവചനമാണിത്. സ്വർണം ഉരുക്കി ആഭരണമാക്കുന്നതും കടകളില്‍ കൊണ്ട് കൊടുക്കുന്നതുമെല്ലാം രാഘവൻ ഒറ്റയ്ക്കാണ്. മൂന്ന് മാസം മുമ്പ് മരിച്ച മകന്‍റെ കുടുംബത്തിന്‍റെ ചുമതലയും ഈ വയോധികന്‍റെ ചുമലിലാണ്. 

രാഘവൻ നെരിപ്പോട് കത്തിച്ച് ഊതിക്കാച്ചി പൊന്നുരുക്കാൻ തുടങ്ങിയത് 20 വയസ് മുതലാണ്. കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 35 വര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ ആഭരണശാലകളില്‍ നിന്നുളള ഓര്‍ഡര്‍ അനുസരിച്ച് വീട്ടിലിരുന്നാണ് പണിയെടുക്കുന്നത്. 101-ാം വയസ്സിലും ചെയ്യുന്ന പണിയിലോ ചിട്ടയായ ജീവിതചര്യയിലോ യാതൊരു മാറ്റവുമില്ല. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ല.

20 വര്‍ഷമായി വാടക വീട്ടിലാണ് ഇദ്ദേഹത്തിന്‍റെ താമസം. മുൻകാലങ്ങളിലെ പോലെ ആവശ്യത്തിന് ഓര്‍ഡർ കിട്ടാതായതോടെ ജീവിതം തള്ളി നീക്കാൻ ബുദ്ധിമുട്ടാണ്. 3 മാസം മുമ്പ് മകൻ മരിച്ചു. മകന്‍റെ ഭാര്യയും രണ്ടു പെണ്‍മക്കളും രാഘവനെ ആശ്രയിച്ചാണ് കഴിയുന്നത്. പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് തന്നെ നല്ല ചെലവ് വരും.

പരാധീനതകളും ദുരിതങ്ങളും ഏറെയുണ്ട് രാഘവന്. എന്നാല്‍, ആരോടും പരാതിയില്ലാതെ പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലതയോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് രാഘവൻ. കാലത്തിന് ഈ ആത്മവിശ്വാസത്തിന് മുന്നിൽ തോൽക്കാതെ മറ്റു വഴിയില്ല.
\

click me!