
കോട്ടക്കൽ: ഡ്രൈവർ വേണ്ട, മൊബൈൽ ഫോണിലെ നിർദേശങ്ങൾ അനുസരിച്ച് കുതിച്ച് പായുന്ന കാർ. ജെയിംസ് ബോണ്ട് ചിത്രങ്ങളിലും മറ്റ് കണ്ടിട്ടുള്ള ഡ്രൈവറില്ലാ കാറ് പരിചയപ്പെടണമെങ്കിൽ നേരെ മലപ്പുറത്തെ കോട്ടയ്ക്കലിലേക്ക് വിട്ടോളൂ. കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലെ ഫസൽ റബീഹും യു. ഷാനിബുമാണ് ഈ ഡ്രൈവറില്ലാ കാറിന്റെ സൃഷ്ടാക്കൾ. പത്താം തരം വിദ്യാർഥികളായ ഇവർ സ്കൂളിൽ നടന്ന ഡിജിറ്റൽ ഫെസ്റ്റിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാർ നിർമിച്ചത്.
പതിനാറോളം വോയ്സ് കമാന്റുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനം മുന്നോട്ടും പിന്നോട്ടും ഓടിക്കാനും ലൈറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കാനും വോയ്സ്കമാന്റ് മാത്രം മതി. മുന്നോട്ടെടുക്കുമ്പോഴും പിന്നോട്ടെടുക്കുമ്പോഴും ആളുകളുണ്ടെങ്കിൽ സെൻസർ സംവിധാനവുമുണ്ട്. വാഹനം ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. ഫെബ്രുവരി 10ന് യു.എ.ഇയിൽ നടക്കുന്ന ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ഇരുവരും. മൂന്നേകാൽ ലക്ഷം രൂപയാണ് ഇതിനായി ഇവർക്ക് ചെലവ് വന്നത്. ഈസ്റ്റ് കോഡൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ കെ.ടി. റബീഹുല്ലയുടെ മകനാണ് ഫസൽ റബീഹ്. സഹപാഠിയും അയൽവാസിയുമായ യു. ഇബ്രാഹീമിന്റെ മകനാണ് ഷാനിബ്.
കാറിന്റെ പ്രവർത്തനം കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ കീഴിലുള്ള ജില്ല ഇന്നവേഷൻ കൗൺസിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ടി. ജുൽഫർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷത വഹിച്ചു. അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. കബീർ, സൈബർ സ്ക്വയർ പ്രതിനിധി ഹരികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ എസ്. സ്മിത, എച്ച്.എം.കെ. പ്രദീപ്, സ്കുൾ ഐ.ടി വിഭാഗം മേധാവി ടി. ഹസ്ന, ഷമീമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം